അഫ്ഗാനിലേക്ക് സൈന്യത്തെ അയക്കുന്നത് തന്നെ ദേശീയ താല്‍പ്പര്യം

അഫ്ഗാനിലേക്ക് സൈന്യത്തെ അയക്കുന്നത് തന്നെ ദേശീയ താല്‍പ്പര്യം

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുഎസിന്റെ പിന്‍മാറ്റം അധികം വൈകാതെ സംഭവിക്കുമെന്നും മറ്റ് രാജ്യങ്ങളിലെ സൈന്യങ്ങളും പിന്നാലെ സ്വന്തം നാടുകളിലേക്ക് മടങ്ങുമെന്നും ഉറപ്പായിരിക്കുന്നു. ദുര്‍ബലമായ സര്‍ക്കാരിനെ അട്ടിമറിച്ച് കാബൂളില്‍ താലിബാന്‍ അധികാരം പിടിച്ചേക്കുമെന്ന ആശങ്ക സജീവമായിട്ടുണ്ട്. ഇതോടെ പോറ്റി വളര്‍ത്തുന്ന ഭീകരരെ അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്ന് കശ്മീരിലേക്ക് വിന്യസിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കും. ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും മോശം സാഹചര്യമായിരിക്കും ഇത്

അഫ്ഗാനിസ്ഥാന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മൊഹീബ് കഴിഞ്ഞ മാസം ന്യൂഡെല്‍ഹി സന്ദര്‍ശിച്ചപ്പോള്‍ ഏറെ പ്രാധാന്യമുള്ള, അതേസമയം സങ്കീര്‍ണമായ ഒരു ആവശ്യം മുന്നോട്ടു വെച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ ഒരു ബ്രിഗേഡ്, അതുമല്ലെങ്കില്‍ ഒരു ഡിവിഷനെങ്കിലും അഫ്ഗാനിസ്ഥാനില്‍ വിന്യസിക്കണമെന്നതായിരുന്നു അത്. താലിബാനുമായുള്ള സമാധാന ഉടമ്പടി സാധ്യമാകുന്നതോടെ യുഎസ് സൈന്യത്തിന്റെയും പിന്‍വാങ്ങല്‍ സുനിശ്ചിതമാണ്. ഈ സാഹചര്യത്തിലാണ് ഏറ്റവും അടുത്ത സൃഹൃത്തായ ഇന്ത്യയുടെ സൈനികമായുള്ള പിന്തുണ കാബൂള്‍ തേടുന്നത്.

തന്ത്രപരമായ സ്തംഭനാവസ്ഥയിലാണ് നിലവില്‍ അഫ്ഗാനിസ്ഥാന്‍. യുഎസ് നയിക്കുന്ന അന്താരാഷ്ട്ര സുരക്ഷാ സഹായ സേനയുടെ (ഐഎസ്എഎഫ്) പിന്തുണയുള്ള അഫ്ഗാന്‍ ദേശീയ സൈന്യം (എഎന്‍എ) പോരാട്ടത്തില്‍ പരാജയപ്പെട്ടിട്ടില്ല. എന്നാല്‍, ഉയിര്‍ത്തെണീറ്റ താലിബാന്‍, ഇപ്പോള്‍ രാജ്യത്തില്‍ മൂന്നിലൊന്ന് ഭാഗം മുതല്‍ പാതി വരെയുള്ള മേഖലകളുടെ നിയന്ത്രണം കൈവശപ്പെടുത്തിയിരിക്കുന്നു. പ്രധാന നഗരങ്ങളെല്ലാം എഎന്‍എയുടെ നിയന്ത്രണത്തിലാണെങ്കിലും വിദൂര ഗ്രാമങ്ങളുടെ കാര്യം അങ്ങനെയല്ല. നഗരങ്ങളില്‍ തന്നെ നേരം ഇരുട്ടിയാല്‍ താലിബാന്റെ നിയമ സംഹിതയാണ് നടപ്പിലാകുന്നത്. രണ്ട് പതിറ്റാണ്ടായി തുടരുന്ന ആഭ്യന്തര കലഹം വരുത്തിയിരിക്കുന്ന വിനാശം ചിന്തിക്കാവുന്നതിലും അപ്പുറമാണ്. നേരിട്ടുള്ള യുദ്ധത്തില്‍ തന്നെ 1,11,000 ആളുകള്‍ കൊല്ലപ്പെട്ടെന്നും 1,16,000 ആളുകള്‍ക്ക് പരിക്കേറ്റെന്നുമാണ് ഔദ്യോഗിക കണക്ക്.

ദക്ഷിണേഷ്യന്‍ തന്ത്രത്തിന്റെ ഭാഗമായി 2017 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാനിലെ പ്രശ്‌നങ്ങളുടെ നിവൃത്തിക്കായുള്ള നയ പദ്ധതിയും യുഎസ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നല്‍കിയ, അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യത്തെ തിരികെ വിളിക്കുമെന്ന വാഗ്ദാനത്തില്‍ നിന്ന് അദ്ദേഹം പിന്നോട്ടുപോയി. അഫ്ഗാനില്‍ സമാധാനവും സ്ഥിരതയും രാഷ്ട്രീയ അനുരഞ്ജനവും യാഥാര്‍ഥ്യമാക്കാന്‍ നയതന്ത്ര, സൈനിക, സാമ്പത്തിക സഹായം തുടരുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് അല്‍-ക്വയ്ദയേയും താലിബാനെയും ശ്രമങ്ങള്‍ യുഎസ് തുടരുമെന്നും ട്രംപ് പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ എത്ര സൈനികരെ നിലനിര്‍ത്തണമെന്നത് സംബന്ധിച്ചുള്ള തീരുമാനം അന്നത്തെ പ്രതിരോധ സെക്രട്ടറി, ജനറല്‍ ജയിംസ് മാറ്റിസിന് ട്രംപ് വിട്ടുകൊടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ, അഫ്ഗാനിലുള്ള 9,800 യുഎസ് സൈനികരെ പിന്തുണയ്ക്കാന്‍ നാലായിരം സൈനികരെ കൂടി മാറ്റിസ് അങ്ങോട്ടേക്ക് അയച്ചു.

ഒബാമ ഭരണകൂടത്തിന്റെ നയങ്ങളെ പൊളിച്ചെഴുതിയ ട്രംപ്, അഫ്ഗാനിസ്ഥാനിലെ പ്രശ്‌ന പരിഹാരത്തിനായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയെ ക്ഷണിച്ചു. ഇന്ത്യയെ ‘യുഎസിന്റെ സുപ്രധാന സുരക്ഷാ, സാമ്പത്തിക പങ്കാളി’യായി വിശേഷിപ്പിച്ച അദ്ദേഹം, ഇന്ത്യയുമായുള്ള തന്ത്രപരമായ കൂട്ടുകെട്ട് ‘അമേരിക്കയുടെ ദക്ഷിണേഷ്യന്‍ തന്ത്രത്തിന്റെ നിര്‍ണായക ഭാഗം’ ആണെന്നും ചൂണ്ടിക്കാട്ടി.

പാകിസ്ഥാനൊഴിച്ച് മേഖലയിലെ രാജ്യങ്ങളെല്ലാം ഈ പുതിയ തന്ത്രത്തെ സ്വാഗതം ചെയ്തു. വ്യാപകമായി പ്രതീക്ഷിച്ചത് പോലെ അയല്‍ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താന്‍ ഭീകരസംഘങ്ങളെ പോറ്റിവളര്‍ത്തുന്ന പാകിസ്ഥാന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഭീകരവാദികളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്നത് തുടര്‍ന്നാല്‍ ഏറെ നഷ്ടപ്പെടാനുണ്ടെന്നും യുഎസ് പ്രസിഡന്റ് ഓര്‍മിപ്പിച്ചു. അമേരിക്കയുടെ ഈ സമ്മര്‍ദ്ദത്തിന് ശേഷവും താലിബാന്റെ വിവിധ ഗ്രൂപ്പുകള്‍ക്ക് പിന്തുണയും അഭയവും നല്‍കുന്നത് പാക് ചാര സംഘടനയായ ഐഎസ്‌ഐ തുടര്‍ന്നുപോന്നു.

അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ എങ്ങും എത്തിയില്ല. മുന്‍ യുഎസ് നയതന്ത്ര പ്രതിനിധി സല്‍മേ ഖാലിസാദും താലിബാന്‍ പ്രതിനിധികളും തമ്മില്‍ ഖത്തറില്‍ വെച്ച് നടന്ന ചര്‍ച്ചകള്‍ തുടക്കത്തില്‍ പുരോഗതി കാട്ടിയെങ്കിലും പിന്നീട് മുന്നോട്ട് നീങ്ങിയില്ല. ‘മോസ്‌കോ ഫോര്‍മാറ്റ്’ എന്ന പേരില്‍ റഷ്യ നടത്തിയ സമാന ചര്‍ച്ചകള്‍ താലിബാന്‍, അഫ്ഗാന്‍ നേതാക്കളെ ഒരേ മേശയ്്ക്ക് ചുറ്റുമെത്തിക്കാന്‍ വിജയിച്ചെങ്കിലും പിന്നീട് കാര്യമായ പുരോഗതി കാട്ടിയില്ല.

അഫ്ഗാനിലെ സാഹചര്യങ്ങള്‍ സുസ്ഥിരമാക്കാനുദ്ദേശിച്ചുള്ളതായിരുന്നു ചര്‍ച്ചകളെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയം വാര്‍ത്താരക്കുറിപ്പില്‍ വ്യക്തമാക്കി. അഫ്ഗാനിസ്ഥാന്റെ നേതൃത്വത്തിലും അധികാര പരിധിയിലുമായിരിക്കണം ചര്‍ച്ചകള്‍ നടക്കേണ്ടതെന്ന പൊതുധാരണ ഉരുത്തിരിഞ്ഞിട്ടുണ്ടെങ്കിലും അഫ്ഗാന്‍ ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്താന്‍ ഇതുവരെ താലിബാന്‍ തയാറായിട്ടില്ല.

സര്‍ക്കാര്‍ സൈന്യത്തെ ലക്ഷ്യം വെക്കുന്നതും വേട്ടയാടുന്നതും താലിബാന്‍ തുടരുകയാണ്. മനുഷ്യ ബോംബുകളും ഭീകരാക്രമണങ്ങളും കാര്‍ ബോംബുകളും വിദൂര നിയന്ത്രിത സ്‌ഫോടനങ്ങളുമെല്ലാം സാധാരണമായിരിക്കുന്നു. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയുടെ പ്രാദേശിക ഘടകമായ ഐഎസ് ഖൊറാസാന്‍, രാജ്യത്തെ ഷിയാകളെ ആക്രമിച്ചുകൊണ്ട് ആഭ്യന്തര സംഘര്‍ഷം രൂക്ഷമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഭരണകൂടവും അതിന്റെ പ്രവര്‍ത്തനങ്ങളും അങ്ങേയറ്റം ബലഹീനമാണ്. അഴിമതിയും നികുതി വെട്ടിക്കലും വ്യാപകവും അതിക്രമങ്ങള്‍ സര്‍വ സാധാരണവുമാണ്. 2019 ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജൂലൈ മാസത്തിലേക്കാണ് മാറ്റിവെക്കേണ്ടി വന്നിരുന്നത്.

സൈന്യത്തെ പിന്‍വലിക്കാനുള്ള ട്രംപിന്റെ ഉത്തരവ് അഫ്ഗാന്‍ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുകയും താലിബാനെ കൂടുതല്‍ കരുത്തുറ്റതാക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തെ ഏറ്റവും കരുത്തുറ്റ രാഷ്ട്രത്തെ പരാജയപ്പെടുത്തിയെന്ന അവകാശവാദം താലിബാന്‍ ഇപ്പോള്‍ ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. ഇനി സമാധാന ചര്‍ച്ചകള്‍ നടത്തുന്നതിന് മുമ്പായി എല്ലാ വിദേശ സൈനികരും അഫ്ഗാനില്‍ നിന്ന് പുറത്തു പോകണമെന്ന ആവശ്യം അവര്‍ ഉന്നയിച്ചേക്കാം.

മധ്യേഷ്യയിലേക്കും പശ്ചിമേഷ്യയിലേക്കുമുള്ള വാതിലെന്ന നിലയില്‍ സമാധാനവും സുസ്ഥിരതയും കളിയാടുന്ന അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ ഉത്തമ ദേശീയ താല്‍പ്പര്യം. നിര്‍ണായക ദേശീയ താല്‍പ്പര്യത്തിന്റെ സംരക്ഷണത്തിന് ആവശ്യമെങ്കില്‍ സൈനിക ശക്തിയും പ്രയോഗിക്കണമെന്നാണ് തത്വം. അഫ്ഗാനിലെ അന്താരാഷ്ട്ര സമാധാന സേനയുടെ ഭാഗമാകാന്‍ ഇതുവരെ ഇന്ത്യക്ക് ക്ഷണം ലഭിച്ചിട്ടില്ല. പാകിസ്ഥാന്റെ താല്‍പ്പര്യം കൂടി പരിഗണിച്ചാണ് ആദ്യം ജോര്‍ജ് ബുഷ് സര്‍ക്കാരും പിന്നീട് ഒബാമ ഭരണകൂടവും ഇന്ത്യയെ അഫ്ഗാനില്‍ നിന്ന് അകറ്റി നിര്‍ത്തിയത്. ഇതിന് കടകവിരുദ്ധമായ നയമാണ് ട്രംപിന്റേതെന്ന് നിസംശയം പറയാം.

അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മിതിക്കായി മൂന്ന് ബില്യണ്‍ ഡോളറിലേറെ തുകയാണ് ഇന്ത്യ മുടക്കിയിക്കുന്നത്. നാല് എംഐ-25 ആക്രമണ ഹെലികോപ്റ്ററുകളും ദാനമായി നല്‍കി. അഫ്ഗാന്‍ സൈനികര്‍ക്കും പൈലറ്റുമാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഇന്ത്യ പരിശീലനം നല്‍കുന്നുണ്ട്. മരുന്നുകളും മറ്റ് മനുഷ്യത്വപരമായ സഹായങ്ങളും തുടര്‍ച്ചയായി നല്‍കി വരുന്നുണ്ട്. ഏറെ തിരിച്ചടികളും ഇന്ത്യക്ക് നാളിതുവരെ നേരിടേണ്ടി വന്നിട്ടുണ്ട്. കാബൂളിലെ ഇന്ത്യന്‍ എംബസി, ഇന്ത്യണ്‍ കോണ്‍സുലേറ്റ്, ഐടിബിപിയുടെ റോഡ് നിര്‍മാണ സംഘം എന്നിവയുടെ നേരം ഭീകരരുടെ ആക്രമണമുണ്ടായി.

യുഎസിന്റെ പിന്‍മാറ്റം അധികം വൈകാതെ സംഭവിക്കുമെന്നും മറ്റ് രാജ്യങ്ങളിലെ സൈന്യങ്ങളും പിന്നാലെ സ്വന്തം നാടുകളിലേക്ക് മടങ്ങുമെന്നും ഉറപ്പായ സാഹചര്യത്തില്‍, ‘ഘടികാരങ്ങള്‍ വനിങ്ങളുടെ പക്കലാണെങ്കിലും സമയം ഞങ്ങളുടെ കൈയിലാണ്’ എന്ന കുപ്രസിദ്ധമായ താലിബാന്‍ ചൊല്ല് അന്തരീക്ഷത്തില്‍ മുഴങ്ങാനാരംഭിച്ചിട്ടുണ്ട്. കാബൂളില്‍ താലിബാന്‍ അധികാരം പിടിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും മോശം സാഹചര്യമായിരിക്കും. ഇതോടെ തങ്ങള്‍ പോറ്റി വളര്‍ത്തുന്ന ഭീകരരെ അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്ന് കശ്മീരിലേക്ക് വിന്യസിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കും.

താലിബാന്‍ ഭരണനിയന്ത്രണം കൈവശപ്പെടുത്തുന്നത് തടയാന്‍ അഫ്ഗാന്‍ സര്‍ക്കാരുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നതാവും ഇന്ത്യയുടെ ദേശീയ താല്‍പ്പര്യം. ക്ഷണം ലഭിച്ചാല്‍ അഫ്ഗാന്റെ മണ്ണില്‍ ഇന്ത്യന്‍ സൈനികരുടെ ബൂട്ടുകള്‍ പതിക്കുന്ന ശബ്ദം മുഴങ്ങണം.

Categories: FK Special, Slider
Tags: Afghan-us