ജീവനക്കാരെ പിരിച്ചുവിടുന്നതിലൂടെ എഡിബിഐ ലക്ഷ്യമിടുന്നത് 136 മില്യണ്‍ ഡോളര്‍

ജീവനക്കാരെ പിരിച്ചുവിടുന്നതിലൂടെ എഡിബിഐ ലക്ഷ്യമിടുന്നത് 136 മില്യണ്‍ ഡോളര്‍

സ്വദേശത്തും വിദേശത്തുമുള്ള ചില ബാങ്ക് ശാഖകളും അടച്ചുപൂട്ടും

അബുദാബി: ചിലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുന്നതിലൂടെയും ശാഖകള്‍ അടച്ചുപൂട്ടുന്നതിലൂടെയും അബുദാബി ഇസ്ലാമിക് ബാങ്ക് ലക്ഷ്യമിടുന്നത് 136 മില്യണ്‍ ഡോളര്‍. സാമ്പത്തിക വളര്‍ച്ചാ രംഗത്തെ മുരടിപ്പ് ധനകാര്യ മേഖലയെ സമ്മര്‍ദ്ദത്തിലാക്കിയതോടെയാണ് യുഎഇയിലെ ബാങ്കുകള്‍ വ്യാപകമായ ചിലവ് ചുരുക്കല്‍ നടപടികളിലേക്ക് കടന്നത്.

സ്വദേശത്തും വിദേശത്തുമുള്ള ചില ശാഖകള്‍ അടച്ചുപൂട്ടാനാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എഡിബിഐ പദ്ധതിയിടുന്നത്. യുഎഇക്ക് പുറമേ, ഈജിപ്ത്, ഇറാഖ്, സൗദി അറേബ്യ, യുകെ എന്നിവിടങ്ങളിലാണ് എഡിബിഐ പ്രവര്‍ത്തിക്കുന്നത്.

സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നുള്ള വെല്ലുവിളികള്‍ നേരിടുന്നതിന്റെ ഭാഗമായി ഫസ്റ്റ് അബുദാബി ബാങ്കും എമിറേറ്റ്‌സ് എന്‍ബിഡിയും നേരത്തെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. രാജ്യത്തെ ചില വന്‍കിട ബാങ്കുകള്‍ തമ്മില്‍ ലയിച്ചതിലൂടെയും ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പ്രാദേശിക രാഷ്ട്രീയ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് ഇടിഞ്ഞതോടെയാണ് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തത്.

2019ല്‍ എഡിബിഐയുടെ ലാഭം നാല് ശതമാനം വര്‍ധിച്ച് 2.6 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നിരുന്നു. ഇതേകാലയളവില്‍ വരുമാനം 2.5 ശതമാനം വര്‍ധിച്ച് 5.9 ബില്യണ്‍ ദിര്‍ഹമാകുകയും ചെയ്തു.

Comments

comments

Categories: Arabia
Tags: ADIB