ട്രംപ് ഇന്ത്യയിലെത്തുമ്പോള്‍

ട്രംപ് ഇന്ത്യയിലെത്തുമ്പോള്‍

ദ്വിദിന സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയിലെത്തുകയാണ്. തീരുവയുദ്ധത്തിന്റെ കാലത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതിയ വഴിത്തിരിവുണ്ടാക്കാന്‍ സന്ദര്‍ശനം വഴിവെക്കട്ടെ

ഫെബ്രുവരി 24,25 തിയതികളിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുന്നതിന് ട്രംപിന്റെ വരവ് കാരണമാകുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അതിന് പുതിയ തലങ്ങളും മാനങ്ങളും കൈവരുമോയെന്നത് കാണേണ്ടതുണ്ട്. പ്രതിരോധ, ബഹിരാകാശ രംഗങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുന്നതിനാകും സന്ദര്‍ശനം വഴിവെക്കുക. അതേസമയം അമേരിക്കയും ഇന്ത്യയും തമ്മില്‍ ഒരു വ്യാപാര കരാര്‍ ഒപ്പുവെക്കാനുള്ള സാധ്യതകള്‍ വളരെ കുറവാണ്.

ട്രംപിന് ഇക്കാര്യത്തില്‍ കുറച്ച് കടുംപിടുത്തമുണ്ടെന്നത് വിസ്മരിച്ചുകൂട. ശരിയായ തരത്തിലുള്ള കരാര്‍ ആണെങ്കില്‍ മാത്രമേ വ്യാപാര ഡീലില്‍ ഒപ്പുവെക്കുകയുളളൂവെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. അതിനാല്‍ തന്നെ സമഗ്രമായ ഒരു വ്യാപാര കരാര്‍ ഈ സന്ദര്‍ശനത്തില്‍ പ്രതീക്ഷിക്കേണ്ടതില്ല. തീരുവ രാജാവെന്നാണ് ഇന്ത്യയെ നേരത്തെ ട്രംപ് വിശേഷിപ്പിച്ചത്. അമേരിക്കന്‍ ഇറക്കുമതിക്ക് ഇന്ത്യ വന്‍തോതിലുള്ള നികുതി ചുമത്തുന്നതായാണ് ട്രംപിന്റെ ആരോപണം. മുന്‍ഗണന വ്യാപാര പങ്കാളിയെന്ന ഇന്ത്യയുടെ പദവി അമേരിക്ക എടുത്തുകളയുകയും ചെയ്തിരുന്നു.

സമഗ്രമായ വായു പ്രതിരോധ ആയുധ സംവിധാനവുമായി ബന്ധപ്പെട്ട കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കാന്‍ സാധ്യതയുണ്ട്. ഏകദേശം 1.86 ബില്യണ്‍ ഡോളറിന്റെ ഇടപാടാകും ഇതെന്നാണ് സൂചന. ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ലോക്ക്ഹീഡ് മാര്‍ട്ടിനുമായുള്ള സൈനിക ഹെലികോപ്റ്റര്‍ കരാറിലും ഇന്ത്യ ഒപ്പുവെക്കാന്‍ തയാറെടുത്തിരിക്കയാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. 2.6 ബില്യണ്‍ ഡോളറിന്റെ വമ്പന്‍ ഇടപാടാണിത്. 2007ന് ശേഷം അമേരിക്കയില്‍ നിന്ന് ഏകദേശം 17 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ ഉപകരണങ്ങളാണ് ഇന്ത്യ വാങ്ങിച്ചിരിക്കുന്നത്. ഈ ബന്ധം ഇനിയും ശക്തിപ്പെടുത്താനുള്ള സാധ്യതകളുണ്ട് താനും. അതേസമയം ട്രംപിന്റെ അപ്രവചനീയ സ്വഭാവം പ്രതിരോധമുള്‍പ്പടെയുള്ള രംഗങ്ങളിലെ വ്യാപാര കരാറുകള്‍ക്ക് മേല്‍ ഭാവിയില്‍ കരിനിഴല്‍ വീഴ്ത്തുമോയെന്ന ആശങ്കയും ചിലര്‍ പങ്കുവെക്കുന്നു.

സ്ഥിരതയില്ലാത്ത ട്രംപ് നയങ്ങള്‍ കാരണം ഇന്ത്യ യുഎസ് വ്യാപാര ബന്ധത്തില്‍ ചെറുതല്ലാത്ത വിള്ളലുകള്‍ വീണിട്ടുണ്ട്. അതിന് പുറമെയാണ് കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്നുള്ള ട്രംപിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍. കശ്മീര്‍ വിഷയത്തിലെ ട്രംപിന്റെ നിലപാട് നരേന്ദ്ര മോദി സര്‍ക്കാരിന് കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വരുന്ന അമേരിക്കന്‍ ഇലക്ഷനില്‍ ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതകള്‍ ഇന്ത്യ തള്ളിക്കളയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇത് മുന്‍കൂട്ടിക്കണ്ട് ട്രംപിനോട് തന്ത്രപരമായ സമീപനമായിരിക്കും മോദി സര്‍ക്കാര്‍ സ്വീകരിക്കുക. ഇത്തരമൊരു സമീപനത്തില്‍ എത്രമാത്രം വിജയിക്കാന്‍ സാധിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യ-അമേരിക്ക ബന്ധത്തിലെ അടുത്ത ഘട്ട വളര്‍ച്ച. ഡെമോക്രാറ്റ് പ്രസിഡന്റാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം കുറച്ചുകൂടി നല്ലതെന്നുണ്ടെങ്കിലും കശ്മീര്‍ പോലുള്ള വിഷയങ്ങളില്‍ അവരുടെ പല നേതാക്കളുടെയും നിലപാട് ഇന്ത്യാ വിരുദ്ധമാണ്. അതിനാല്‍ തന്നെ യുഎസുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യയെ സംബന്ധിച്ച് വരുംകാലത്ത് കടുത്ത വെല്ലുവിളികള്‍ നിറഞ്ഞതാകാനാണ് സാധ്യത.

Categories: Editorial, Slider