നിക്ഷേപ പരിധിയില്ലാത്ത സോവറിന്‍ ബോണ്ടുകള്‍ ഇറക്കാനൊരുങ്ങി കേന്ദ്രം

നിക്ഷേപ പരിധിയില്ലാത്ത സോവറിന്‍ ബോണ്ടുകള്‍ ഇറക്കാനൊരുങ്ങി കേന്ദ്രം

ഇന്ത്യന്‍ രൂപയിലിറക്കുന്ന ബോണ്ടുകള്‍ വിദേശികള്‍ക്ക് തടസമില്ലാതെ വാങ്ങാനും വില്‍ക്കാനും സാധിക്കും

ആഗോള ബോണ്ട് സൂചികകളില്‍ ഇന്ത്യന്‍ ബോണ്ടുകള്‍ സ്ഥാനം പിടിക്കുന്നതോടെ വലിയ സ്രോതസുകളില്‍ നിന്ന് ഖജനാവിലേക്ക് പണമെത്തിക്കാന്‍ അവസരം ലഭിക്കും

-സഞ്ജീവ് സന്യാല്‍

ന്യൂഡെല്‍ഹി: ബജറ്റില്‍ ധന മന്ത്രി പ്രഖ്യാപിച്ച പ്രകാരം വിദേശ മൂലധന പരിധികള്‍ ബാധകമല്ലാത്ത, നിക്ഷേപകര്‍ക്ക് എളുപ്പം വാങ്ങാനും വില്‍ക്കാനും സാധിക്കുന്ന പ്രത്യേക സോവറിന്‍ ബോണ്ടുകള്‍ ഇറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു. സര്‍ക്കാരിന്റെ പ്രധാന സാമ്പത്തിക ഉപദേഷ്ടാവായ സഞ്ജീവ് സന്യാലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ആഗോള സൂചികകളില്‍ ഉള്‍പ്പെടുത്തുന്നതിനായി എല്ലാ നിക്ഷേപ പരിധികളും, ബോണ്ട് ഇറക്കുന്ന രാജ്യം എടുത്ത് കളയുകയാണ് പതിവ്. എന്നാല്‍ വിപണിക്ക് മേലുള്ള 6% പരിധി നീക്കാതെ, അത്തരം പരിധി ബാധകമല്ലാത്ത പുതിയ ഇനം ബോണ്ടുകള്‍ ഇറക്കുകയാണ് ഇന്ത്യന്‍ ഗവണ്‍മെന്റ് ചെയ്യുന്നത്’ സന്യാല്‍ വ്യക്തമാക്കി. ഇന്ത്യന്‍ രൂപയിലുള്ള ഈ ബോണ്ടുകള്‍ വിദേശികള്‍ക്ക് തടസമില്ലാതെ വാങ്ങാനും വില്‍ക്കാനും സാധിക്കും. ഇത് കാരണം ഈ ജി-സെക്കുകള്‍ (ഗവണ്‍മെന്റ് സെക്യൂരിറ്റീസ്) പല ബോണ്ട് സൂചികകളില്‍ ഉള്‍പ്പെടുത്താന്‍ യോഗ്യമാവുകയും ചെയ്യും.

അസ്ഥിരത ഉണ്ടാവുമെന്ന കാരണത്താല്‍ ഇന്ത്യന്‍ ബോണ്ട് വിപണിയില്‍ നിന്ന് നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കാന്‍ സാധിക്കില്ല. ഇന്ത്യന്‍ സര്‍ക്കാരിനും, കോര്‍പ്പറേറ്റുകള്‍ക്കും ഇപ്പോള്‍ ലഭ്യമല്ലാത്ത വലിയ രീതിയിലുള്ള ഫണ്ടുകള്‍ സ്വന്തമാക്കാന്‍ ആഗോള സൂചികകള്‍ അവസരം നല്‍കും. ചില സൂചികകളില്‍ 2-3 ലക്ഷം കോടി ഡോളര്‍ വരെ ലഭ്യമാണ്.

ഇന്ത്യന്‍ ബോണ്ട് വിപണി സമൂലമായ മാറ്റങ്ങള്‍ക്കായി ഒരുങ്ങുകയാണെന്നും സന്യാല്‍ പറയുന്നു. നെറ്റിംഗ് നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ബോണ്ടുകളെ ഇന്‍ഷൂര്‍ ചെയ്ത് സുരക്ഷിതമാക്കുന്ന ക്രെഡിറ്റ് ഡിഫോള്‍ട്ട് സ്വാപ്പ് (സിഡിഎസ്) വിപണി സൃഷ്ടിക്കാന്‍ രാജ്യത്തിനാവും. ഇത് കോര്‍പ്പറേറ്റ് ബോണ്ടുകളെ സംബന്ധിച്ച് സുപ്രധാനമാണ്. ഇതോടെ ഇന്ത്യന്‍ കമ്പനികള്‍ക്ക് പുത്തന്‍ ധനാഗമന മാര്‍ഗം ലഭ്യമാവും. ആഗോള ബോണ്ട് സൂചികകളില്‍ ഇന്ത്യന്‍ ബോണ്ടുകള്‍ സ്ഥാനം പിടിക്കുന്നതോടെ വലിയ സ്രോതസുകളില്‍ നിന്ന് ഖജനാവിലേക്ക് പണമെത്തിക്കാന്‍ അവസരം ലഭിക്കുമെന്നും സന്യാല്‍ വ്യക്തമാക്കി. ഇതോടൊപ്പം വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ക്ക് (എഫ്പിഐ) കോര്‍പ്പറേറ്റ് ബോണ്ടുകളില്‍ നിക്ഷേപിക്കാനുള്ള പരിധി ഒന്‍പത് ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്താനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

Categories: FK News, Slider