ഇത് ചേര്‍ത്തലക്കാരന്റെ ബീറ്റില്‍ ; ചെലവ് 40000 രൂപ

ഇത് ചേര്‍ത്തലക്കാരന്റെ ബീറ്റില്‍ ; ചെലവ് 40000 രൂപ

ജര്‍മന്‍ കാര്‍നിര്‍മാതാവായ ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ ഐതിഹാസിക ബ്രാന്‍ഡായ ബീറ്റില്‍ കാര്‍ ഉല്‍പ്പാദനം നിര്‍ത്തുന്നു എന്ന് പ്രഖ്യാപിച്ചത് 2018 ലാണ്. ഉല്‍പാദനച്ചെലവും വിറ്റുവരവും തമ്മില്‍ കൂട്ടിമുട്ടിക്കാന്‍ കഴിയാത്തതിനാലായിരുന്നു ഇത്തരത്തില്‍ ഒരു തീരുമാനം. എന്നാല്‍ ഈ തീരുമാനം ബീറ്റിലിന്റെ ആരാധകരെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. വാഹനം വാങ്ങാന്‍ ആഗ്രഹിച്ചവര്‍ പൊന്നും വിലകൊടുത്ത് സെക്കന്‍ഡ് ഹാന്‍ഡ് ബീറ്റില്‍ സ്വന്തമാക്കി.എന്നാല്‍ അതിനും കഴിയാതെ വന്നാലോ? അത്തരത്തില്‍ ഒരു ബീറ്റില്‍ പ്രേമിയായാണ് ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ രാകേഷ് ബാബു. ലക്ഷങ്ങള്‍ മുടക്കിയൊരു ബീറ്റില്‍ വാങ്ങാനുള്ള ശേഷി തല്‍ക്കാലം തനിക്കില്ലെന്ന് മനസിലാക്കിയ രാകേഷ് സ്വന്തമായൊരു ബീറ്റില്‍ അങ്ങ് നിര്‍മിച്ചു.ബൈക്കിന്റെ എന്‍ജിന്‍, ഓട്ടോയുടെ ടയര്‍, ജിഐ ഷീറ്റ് ഇവയെല്ലാം ചേര്‍ത്ത് രാകേഷ് അച്ഛന്റെ വര്‍ക്ഷോപ്പില്‍ നിര്‍മിച്ചെടുത്ത മഞ്ഞ നിറത്തിലുള്ള ഈ കുഞ്ഞന്‍ ബീറ്റില്‍ ഇന്ന് ആലപ്പുഴക്കാര്‍ക്ക് മാത്രമല്ല നാടൊട്ടുള്ള വാഹനപ്രേമികള്‍ക്കും ഒരു അത്ഭുതമാണ്.

ആരാധന കൂടിപ്പോയാല്‍ ഇങ്ങനെയും ചില പ്രശ്‌നങ്ങളുണ്ട്, ആഗ്രഹിച്ചത് സ്വന്തമാക്കാന്‍ ഏതറ്റം വരെയും പോകും. ഇത്തരത്തില്‍ സ്വന്തമായൊരു കാര്‍ എന്ന മോഹത്തിന് പിന്നാലെ ഇറങ്ങിത്തിരിച്ചതാണ് ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ രാകേഷ് ബാബു. സ്വന്തം കാര്‍ എന്ന് പറയുമ്പോള്‍ ഒരൊറ്റ നിര്‍ബന്ധമേയുള്ളൂ, അതൊരു ബീറ്റില്‍ കാര്‍ തന്നെയാവണം. കാരണം ചെറിയ പ്രായം മുതല്‍ക്ക് തന്നെ മനസ്സില്‍ കയറിക്കൂടിയ വലിയൊരു സ്വപ്നമാണ് ബീറ്റില്‍ കാര്‍. 1930കളില്‍ ജര്‍മനിയെ വന്‍ സാമ്പത്തിക ശക്തിയാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട നാസി നേതാവ് ഹിറ്റ്‌ലറുടെ ശ്രമഫലമായാണ് ബീറ്റില്‍ കാര്‍ രൂപം കൊള്ളുന്നത്. ‘പീപ്പിള്‍സ് കാര്‍’ എന്ന സങ്കല്‍പ്പമാണ് ഹിറ്റ്‌ലര്‍ക്കുണ്ടായിരുന്നത്. ഇടത്തരക്കാര്‍ക്ക് വാങ്ങാന്‍ കഴിയുന്ന ചെറുകാര്‍. ഇത് സാമ്പത്തികവ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ഉതകുമെന്ന് ഹിറ്റ്‌ലര്‍ മുന്നില്‍ക്കണ്ടു. ഇങ്ങനെ പുറത്തിറങ്ങിയ ബീറ്റില്‍ ജര്‍മനിയില്‍ ഒരു വന്‍ ബ്രാന്‍ഡായി മാറി.എന്നാല്‍ ബ്രാന്‍ഡ് വലുതായതോടെ വിലയും വര്‍ധിക്കാന്‍ തുടങ്ങി. ഒടുവില്‍ 2018 ആയപ്പോഴേക്കും ഈ ഇത്തിരിക്കുഞ്ഞന്റെ വില 32 ലക്ഷത്തിനടുത്തായി.

വിപണിയില്‍ പുത്തന്‍ ബ്രാന്‍ഡുകള്‍ വന്നതോടെ ബീറ്റിലിന്റെ വില്‍പന കുറഞ്ഞു. ഉല്‍പ്പാദനച്ചെലവ് കുറയ്ക്കാന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും ഫലവത്തായില്ല. ഈയവസരത്തില്‍ ഇങ്ങു കിഴക്കിന്റെ വെനീസില്‍ ഇരുന്നു ഒരാള്‍ ബീറ്റില്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചാലോ? ലക്ഷങ്ങളുടെ മുടക്കുമുതല്‍ ഇല്ലാത്തതിനാല്‍ തന്നെ ആ ആഗ്രഹം യാഥാര്‍ത്ഥ്യമാകാനും പോകുന്നില്ല. വാങ്ങാന്‍ കഴിയില്ലെങ്കില്‍ പിന്നെ ഒരെണ്ണം അങ്ങ് നിര്‍മിച്ചാലോ? ഒരു രസത്തിന്റെ പേരിലാണ് രാകേഷ് ബാബു അത്തരത്തില്‍ ചിന്തിച്ചു തുടങ്ങിയതെങ്കിലും അത് നാല് മാസത്തെ പ്രയത്‌നത്തിനൊടുവില്‍ യാഥാര്‍ത്ഥ്യമാകുകയായിരുന്നു.

മാലിന്യങ്ങളില്‍ നിന്നും പണിതെടുത്ത ബീറ്റില്‍

ബീറ്റില്‍ കാര്‍, അല്ലെങ്കില്‍ ഫോക്‌സ്‌വാഗണ്‍ ബീറ്റിലിനോട് രൂപ സാദൃശ്യമുള്ള ഒരു കാര്‍ നിര്‍മിച്ചെടുത്തു എന്ന് പറയുമ്പോള്‍ അതിനായി വിദേശത്ത് നിന്നും ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്‌തെന്നും ലക്ഷങ്ങളുടെ ചെലവ് വന്നെന്നും ആരും കരുതണ്ട. രാകേഷിന്റെ അച്ഛന് സ്വന്തമായുള്ള വെല്‍ഡിംഗ് വര്‍ക്ക്‌ഷോപ്പില്‍ ലഭ്യമായ ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിച്ചാണ് കാറിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. അതായത് 80 ശതമാനം ഉല്‍പ്പന്നങ്ങളും വേസ്റ്റ് മെറ്റിരിയല്‍ ആണെന്ന് ചുരുക്കം. ബൈക്കിന്റെ എന്‍ജിന്‍, ഓട്ടോയുടെ ടയര്‍, ജിഐ ഷീറ്റ് ഇതായിരുന്നു പ്രധാന വസ്തുക്കള്‍. ആകെ ചെലവാകട്ടെ 40000 രൂപയും.

എന്നാലും ഇങ്ങനെയൊക്കെ ഒരു കാര്‍ ഉണ്ടാക്കാന്‍ പറ്റുമോ എന്ന് ചോദിക്കുന്നവര്‍, രാകേഷിനെ ശരിക്കൊന്ന് അറിയണം. വാഹനങ്ങളോട് ചെറുപ്പം മുതലേ കമ്പമുണ്ടായിരുന്ന രാകേഷിന് പക്ഷേ സാമ്പത്തിക ബുദ്ധിമുട്ടുകള്‍കൊണ്ട് ഓട്ടോ മൊബീല്‍ എന്‍ജിനീയറിംഗ് എന്ന കോഴ്‌സ് തെരഞ്ഞെടുത്ത് പഠിക്കാനായില്ല. ടെക്‌സറ് ബുക്ക് വിദ്യാഭ്യാസം കൊണ്ട് മാത്രമേ ഒരു വ്യക്തി പൂര്‍ണനാകൂ എന്ന വിശ്വാസം ഇല്ലാത്തതിനാല്‍ അച്ഛന്റെ വര്‍ക്ക്‌ഷോപ്പില്‍ കൂടെ നിന്ന് കാര്യങ്ങള്‍ മനസിലാക്കി. ഇതിനിടയില്‍ ഐഐടിയില്‍ പഠിച്ച് മെക്കാനിക്കല്‍ ഫിറ്ററായ രാകേഷ് ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്ക് കയറി. എന്നാല്‍ ഒരു ജോലിയുടെ സൗകര്യത്തില്‍ ഒതുങ്ങിക്കൂടാതെ വാഹന ലോകത്ത് സജീവമാകാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. അതിനാലാണ് അച്ഛന്റെ വെല്‍ഡിംഗ് വര്‍ക്ക്‌ഷോപ്പില്‍ അദ്ദേഹം സ്ഥിരം സാന്നിധ്യമായത്.

ബീറ്റില്‍ പൂര്‍ത്തിയാക്കിയത് നാല് മാസം കൊണ്ട്

വര്‍ക്ക്‌ഷോപ്പില്‍ ഇരിക്കുന്നതിനിടയില്‍ മനസ്സില്‍ തട്ടിയുണ്ടായ ആഗ്രഹത്തിന്റെ ഫലമായാണ് ബീറ്റില്‍ കാര്‍ നിര്‍മാണം ആരംഭിക്കുന്നത്.ഒരു മോട്ടോര്‍സൈക്കിള്‍ എന്‍ജിനും ഓട്ടോറിക്ഷയുടെ ടയറുകളും കുറച്ച് ജി.ഐ ഷീറ്റുകളും ഉപയാഗിച്ചായിരുന്നു കാര്‍ നിര്‍മാണത്തിന്റെ തുടക്കം. ഫോക്‌സ് വാഗണ്‍ ബീറ്റിലിന്റെ മിനി പതിപ്പാണ് രാകേഷ്ഇ നിര്‍മിച്ചത്. ബമ്പര്‍ നിര്‍മാണം വിചാരിച്ചത്ര എളുപ്പമായിരുന്നില്ല. നാല് മാസമെടുത്താണ് കാറിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കണ്ടപ്പോള്‍ ആദ്യം നാട്ടുകാര്‍ക്ക് അത്ഭുതമായിരുന്നു. കാഴ്ചയില്‍ ഇത്തിരിക്കുഞ്ഞന്‍ ആണെങ്കിലും മുപ്പത് കിലോമീറ്ററോളം മൈലേജ് ലഭിക്കുന്ന കാറില്‍ രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്നതാണ്. വണ്ടിയോടുള്ള ഇഷ്ടം മൂത്ത് സ്വന്തമായി നിര്‍മ്മിച്ച് ഈ കാറിന് പിന്നില്‍ രാകേഷിന്റെ നിശ്ചയദാര്‍ഢ്യവും ഇശ്ചാശക്തിയും മാത്രമാണ്.

” കാര്‍ നിര്‍മിക്കണം എന്ന ആഗ്രഹം മനസ്സില്‍ തോന്നുമ്പോള്‍ ബീറ്റില്‍ കാര്‍ നേരില്‍ കണ്ട പരിചയം പോലും ഉണ്ടായിരുന്നില്ല. പല ആംഗിളില്‍ നിന്നും കാര്‍ വരച്ചു നോക്കി. തുടക്കത്തില്‍ അളവുകള്‍ തെറ്റി. പലപ്പോഴും മാറ്റി ചെയ്യേണ്ടി വന്നു. റിവേഴ്‌സ് ഗിയര്‍ ഉണ്ടായിരുന്നില്ല ആദ്യം. ബൈക്കിന്റെ ഗിയര്‍ ബോക്‌സ് ആണ് ഉപയോഗിച്ചത്. പലവട്ടം ഉപയോഗിച്ച് നോക്കിയ ശേഷമാണ് ശരിയയായത്. ബൈക്ക് , ഓട്ടോ എന്നിവയുടെ പാര്‍ട്ട്‌സ് ആണ് പ്രധാനമായും ഉപയോഗഹിച്ചിരിക്കുന്നത്.പെട്രോള്‍ ടാങ്ക് ജിഐ ഷീറ്റില്‍ തന്നെയാണ് ചെയ്തിരിക്കുന്നത്.സുസുക്കി സാമുറായിയുടെ എന്‍ജിന്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഡോര്‍ ഡിസൈന്‍ ചെയ്‌തെടുത്തതാണ്. ലൈറ്റുകള്‍ ആപ്പേയുടെ ലൈറ്റ് ആണ്.തണ്ടര്‍ ബേര്‍ഡിന്റെ മീറ്റര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ” രാകേഷ് പറയുന്നു.

ഇത്തരത്തില്‍ ഒരാഗ്രഹം മനസ്സില്‍ തോന്നിയപ്പോള്‍ തുണനായത് അച്ഛന്റെ വെല്‍ഡിംഗ് വര്‍ക്ക്‌ഷോപ്പ് ആണ്. കാര്‍ നിര്‍മാണത്തിന് വേണ്ട കൈ സഹായം മാത്രമല്ല സമ്പത്തിക സഹായവും പിന്തുണയും നല്‍കിയത് അച്ഛനും കുടുംബാംഗങ്ങളുമാണ്. ബൈക്കിന്റെ മോട്ടര്‍ ആളാണ് ഉപയോഗിച്ചിരിക്കുന്നത് .സ്വന്തമായി കാര്‍ നിര്‍മ്മിച്ചത് കൊണ്ടായില്ല. അത് റോഡിലിറക്കണമെങ്കില്‍ ഇനിയും നിരവധി കടമ്പകളുണ്ട്. തന്റെ കാറ് നിരത്തിലിറക്കാന്‍ വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് രാകേഷ്.കാറിന് അനുമതി ലഭിക്കാന്‍ പഞ്ചായത്തില്‍ നിന്നും നാട്ടുകാരില്‍ നിന്നും എല്ലാ സഹായങ്ങളും ലഭിക്കുന്നുണ്ടെന്നു രാകേഷ് പറയുന്നു .കുറഞ്ഞ ചിലവില്‍ ഇതിനു മുന്‍പും ഇരുപത്തി ഒന്‍പതുകാരനായ രാകേഷ് പല വാഹനങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. ആവശ്യകതയാണ് സൃഷ്ടിയുടെ മാതാവെന്ന് പറയാറുന്നത് യാഥാര്‍ത്ഥ്യമാണ് എന്ന് തെളിയിക്കുകയാണ് രാകേഷിന്റെ ബീറ്റില്‍ പ്രേമം .

അടുത്തതായി ലംബോര്‍ഗ്‌നിയുടെ മിനിയേച്ചര്‍ ഉണ്ടാക്കാകണം എന്നാണ് രാകേഷിന്റെ ആഗ്രഹം. താല്‍പര്യമുള്ളവര്‍ ആവശ്യപ്പെട്ടാല്‍ ഇനിയും ബീറ്റില്‍ കാറുകളുടെ മിനിയേച്ചര്‍ നിര്‍മിക്കാന്‍ തന്‍ തയ്യാറാണെന്ന് രാകേഷ് പറയുന്നു.

Categories: FK Special, Slider