നൂറ്റാണ്ടിന്റെ ‘ ഇന്റലിജന്‍സ് അട്ടിമറി ‘

നൂറ്റാണ്ടിന്റെ ‘ ഇന്റലിജന്‍സ് അട്ടിമറി ‘

ഒരു എന്‍ക്രിപ്ഷന്‍ കമ്പനിയെ രഹസ്യമായി നിയന്ത്രിച്ചു കൊണ്ട് യുഎസിന്റെയും ജര്‍മനിയുടെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ പതിറ്റാണ്ടുകളോളം നിരവധി രാജ്യങ്ങളുടെ ആശയവിനിമയങ്ങളും വിവരങ്ങളും ശേഖരിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് യുഎസ് മാധ്യമമായ വാഷിംഗ്ടണ്‍ പോസറ്റ്.

സ്വിറ്റ്‌സര്‍ലാന്‍ഡിലെ സുഗ് ആസ്ഥാനമായുള്ള ഒരു ആഗോള എന്‍ക്രിപ്ഷന്‍ കമ്പനിയുടെ ഉടമസ്ഥത വഹിച്ചതും, നിയന്ത്രിച്ചിരുന്നതും യുഎസിന്റെയും, ജര്‍മനിയുടെയും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ചേര്‍ന്നായിരുന്നെന്ന വെളിപ്പെടുത്തല്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് എന്‍ക്രിപ്ഷന്‍ കമ്പനിയെ കുറിച്ച് അന്വേഷിക്കാന്‍ സ്വിസ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്. യുഎസ് മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റും, ജര്‍മന്‍ മാധ്യമമായ ഇസഡ്ടിഇയും, സ്വിസ് മാധ്യമമായ എസ്ആര്‍എഫുമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

നമ്മള്‍ക്ക് അറിയാം ഡാറ്റയും (വിവരങ്ങള്‍), ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളിലൂടെയുള്ള അവയുടെ കൈമാറ്റവും അഥവാ ആശയവിനിമയങ്ങളെയും സുരക്ഷിതമാക്കുന്നുണ്ട് എന്‍ക്രിപ്ഷന്‍. വാട്‌സ് ആപ്പ് സന്ദേശം എന്‍ക്രിപ്റ്റഡാണ്. അതായത്, സന്ദേശം അയയ്ക്കുന്നയാള്‍ക്കും അത് സ്വീകരിക്കുന്നയാള്‍ക്കും അല്ലാതെ മൂന്നാമത് ഒരാള്‍ക്ക് (സര്‍വീസ് പ്രൊവൈഡര്‍) അവ വായിക്കുവാനോ കാണുവാനോ സാധിക്കില്ലെന്നു ചുരുക്കം. പക്ഷേ, ഇത്തരത്തില്‍ സുരക്ഷിതമെന്നു നമ്മള്‍ കരുതുന്ന എന്‍ക്രിപ്റ്റഡ് സന്ദേശം ചില ഘട്ടങ്ങളില്‍ സര്‍വീസ് പ്രൊവൈഡര്‍ക്കോ അതുമല്ലെങ്കില്‍ ഒരു വൈദഗ്ധ്യം നേടിയ ഹാക്കര്‍ക്കോ ഡീക്രിപ്റ്റ് ചെയ്യുവാന്‍ സാധിക്കും. അതിലൂടെ രണ്ട് പേര്‍ തമ്മില്‍ നടത്തിയ ആശയവിനിമയങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുവാനും സാധിക്കും. ക്രിപ്‌റ്റോ എജി (Crypto AG) സുഗ് ആസ്ഥാനമായുള്ള എന്‍ക്രിപ്ഷന്‍ കമ്പനിയാണെന്നു നേരത്തേ സൂചിപ്പിച്ചുവല്ലോ. ഇവര്‍ രണ്ടാം ലോകമഹായുദ്ധ കാലത്ത് യുഎസ് ട്രൂപ്പിനു വേണ്ടി കോഡ്-മേക്കിംഗ് മെഷീനുകള്‍ (code-making machines) നിര്‍മിച്ചിരുന്നു. പില്‍ക്കാലത്ത് ഈ കമ്പനി എന്‍ക്രിപ്ഷന്‍ ഡിവൈസ് നിര്‍മാതാക്കളെന്ന നിലയില്‍ പേരെടുക്കുകയും ചെയ്തു. മെക്കാനിക്കല്‍ ഗിയര്‍, ഇലക്‌ട്രോണിക് സര്‍ക്യൂട്ട്, സിലിക്കണ്‍ ചിപ്പുകള്‍, സോഫ്റ്റ്‌വെയറുകള്‍ എന്നിവയും കമ്പനി നിര്‍മിച്ചിരുന്നു. 2018 ല്‍ കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചു. ക്രിപ്‌റ്റോ എജി എന്ന എന്‍ക്രിപ്ഷന്‍ കമ്പനിയെ ശീതയുദ്ധ കാലത്താണു യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ ഏറ്റെടുത്തത്. അന്ന് പശ്ചിമജര്‍മനിയുടെ (West Germany) ചാര ഏജന്‍സിയായ ബിഎന്‍ഡിയുമായുള്ള ഒരു രഹസ്യ കൂട്ടുകെട്ടിലൂടെ ക്രിപ്‌റ്റോ എജി എന്ന കമ്പനി പ്രവര്‍ത്തിക്കുകയും ചെയ്തു.

ക്രിപ്‌റ്റോ എജി എന്ന കമ്പനിയുടെ ഉപകരണങ്ങള്‍ നിരവധി രാജ്യങ്ങള്‍ ഉപയോഗിച്ചിരുന്നു. ഈ രാജ്യങ്ങള്‍ അഥവാ ക്രിപ്‌റ്റോ എജിയുടെ ക്ലൈന്റുകള്‍ അവരുടെ സൗഹൃദ രാജ്യങ്ങള്‍ക്കും മറ്റ് രാജ്യങ്ങള്‍ക്കും അയച്ച എല്ലാ സന്ദേശങ്ങളും എളുപ്പത്തില്‍ ഡീക്രിപ്റ്റ് ചെയ്യാനും അത് വായിക്കാനും സാധിക്കുന്ന തരത്തിലുള്ള എന്‍ക്രിപ്ഷന്‍ ഉപകരണങ്ങള്‍ സിഐഎ രൂപകല്‍പന ചെയ്തു എന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഇന്ത്യയും, പാകിസ്ഥാനും, ഇറാനും, വത്തിക്കാനും, ലാറ്റിനമേരിക്കയിലെ നിരവധി രാജ്യങ്ങളും ഉള്‍പ്പെടെ 120 ഓളം രാജ്യങ്ങള്‍ ക്രിപ്‌റ്റോ എജി എന്ന കമ്പനിയുടെ ക്ലൈന്റുകളായിരുന്നു. പക്ഷേ, ഈ കസ്റ്റമേഴ്‌സിനൊന്നും അറിയില്ലായിരുന്നു ക്രിപ്‌റ്റോ എജി എന്ന കമ്പനിയുടെ ഉടമസ്ഥര്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയും ജര്‍മനിയുടെ ബിഎന്‍ഡി ആയിരുന്നെന്നും. പതിറ്റാണ്ടുകളോളം യുഎസിന്റെയും ജര്‍മനിയുടെയും രഹസ്യാന്വേഷണ എജന്‍സികള്‍ അവരുടെ സഖ്യകക്ഷികളുടെയും ശത്രുക്കളുടെയും സുരക്ഷിതമായ ആശയവിനിമയങ്ങള്‍ ചോര്‍ത്തിയിരുന്നു.

ക്രിപ്‌റ്റോ എജി

യുഎസ് ഇന്റലിജന്‍സ് ഏജന്‍സിയായ സിഐഎയുടെ ഓപറേഷനു വേണ്ടിയോ സിഐഎക്ക് ചാരപ്രവര്‍ത്തനം നടത്തുന്നതിനു വേണ്ടിയോ ആരംഭിച്ചതല്ല ക്രിപ്‌റ്റോ എജി എന്ന കമ്പനി. റഷ്യന്‍ വംശജനായ ബോറിസ് ഹഗേലിന്റെ ആശയമായിരുന്നു സത്യത്തില്‍ ക്രിപ്‌റ്റോ എജി. റഷ്യയില്‍ ബോള്‍ഷെവിക്കുകള്‍ അധികാരമേറ്റപ്പോള്‍ സ്വീഡനിലേക്കു പലായനം ചെയ്ത വ്യക്തിയാണു ബോറിസ് ഹഗേല്‍. പിന്നീട് 1940 ല്‍ സ്വീഡനെ നാസികള്‍ കീഴടക്കിയപ്പോള്‍ ബോറിസ് ഹഗേല്‍ അമേരിക്കയിലേക്കും താമസം മാറ്റി. യുഎസിലായിരുന്നപ്പോള്‍ രണ്ടാം ലോകമഹായുദ്ധ കാലത്ത് യുഎസ് സേനയ്ക്കായി എം-209 എന്‍ക്രിപ്ഷന്‍ മെഷീന്‍ വികസിപ്പിക്കാന്‍ ബോറിസ് ഹഗേല്‍ യുഎസ് സേനയെ സഹായിച്ചു. യുദ്ധമുഖത്ത് ഉപയോഗിക്കാന്‍ കഴിയുന്ന ഒരു പോര്‍ട്ടബിള്‍ മെക്കാനിക്കല്‍ എന്‍ക്രിപ്ഷന്‍ മെഷീനു ബോറിസ് ഹഗേല്‍ രൂപം കൊടുത്തു. പിന്നീട് യുദ്ധം കഴിഞ്ഞപ്പോള്‍ ക്രിപ്‌റ്റോ എജി പുനസ്ഥാപിക്കുന്നതിനായി ബോറിസ് ഹഗേല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലേക്കു മടങ്ങുകയും ചെയ്തു. അവിടെയെത്തിയ ബോറിസ് യുഎസ് സേനയുടെ എന്‍ക്രിപ്ഷന്‍ മെഷീനായ എം-209 ല്‍ ഉപയോഗിച്ച പിന്‍-ആന്‍ഡ്-ലഗ് ടൈപ്പ് (pin-and-lug type) എന്‍ക്രിപ്ഷന്റെ കൂടുതല്‍ നൂതന പതിപ്പുകള്‍ വികസിപ്പിച്ചെടുത്തു. യുഎസിലായിരുന്നപ്പോള്‍ ബോറിസ് ഹഗേല്‍ വില്യം ഫ്രീഡ്മാനുമായി അടുത്ത സൗഹൃദം സ്ഥാപിച്ചിരുന്നു. അമേരിക്കന്‍ ക്രിപ്‌റ്റോളജിയുടെ പിതാവെന്ന് അറിയപ്പെടുന്ന വ്യക്തിയാണ് ഫ്രീഡ്മാന്‍. അമേരിക്കന്‍ സേനയ്ക്കു വേണ്ടി ക്രിപ്‌റ്റോ ഡിവൈസുകള്‍ വികസിപ്പിക്കുന്നതില്‍ ഫ്രീഡ്മാന്‍ വലിയ പങ്കുവഹിച്ചിട്ടുമുണ്ട്. 1951 ല്‍ വാഷിംഗ്ടണിലെ കോസ്‌മോസ് ക്ലബ്ലില്‍ വച്ച് ഫ്രീഡ്മാനും ബോറിസ് ഹഗേലും ഒരു കരാറിലേര്‍പ്പെട്ടു. ബോറിസ് ഹഗേല്‍ വികസിപ്പിക്കുന്ന അത്യാധുനിക എന്‍ക്രിപ്ഷന്‍ ഉത്പന്നങ്ങള്‍ യുഎസിന്റെ അനുമതിയില്ലാത്ത രാജ്യങ്ങള്‍ക്ക് വില്‍പ്പന നടത്തില്ലെന്ന് ഉറപ്പാക്കുന്നതായിരുന്നു കരാര്‍. അതിന് ബോറിസ് ഹഗേലിന് അമേരിക്ക പ്രതിഫലം വാഗ്ദാനം ചെയ്യുകയുമുണ്ടായി. 1960 കളില്‍ എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ മെക്കാനിക്കലില്‍നിന്നും ഇലക്‌ട്രോണിക് ആയി പരിണമിച്ചപ്പോള്‍ ക്രിപ്‌റ്റോ ഡിവൈസുകള്‍ ഉപയോഗിക്കുന്ന അല്‍ഗോരിഥത്തെ അമേരിക്കയുടെ എന്‍എസ്എ മാനിപുലേറ്റ് ചെയ്തു. അങ്ങനെ ചെയ്യുന്നതിലൂടെ ക്രിപ്‌റ്റോ ഡിവൈസുകളെ വേഗത്തില്‍ ഡീകോഡ് ചെയ്യാന്‍ സാധിക്കും. അതിനു വേണ്ടിയായിരുന്നു മാനിപുലേഷന്‍ നടത്തിയത്. ക്രിപ്‌റ്റോ എജി രണ്ട് തരം മെഷീനുകളാണു പുറത്തിറക്കിയത്. ഒന്ന് അമേരിക്കയുടെയും ജര്‍മനിയുടെയും ഭരണകൂടവുമായി സൗഹൃദത്തിലുള്ള രാജ്യങ്ങള്‍ക്കുള്ള സുരക്ഷിത മോഡലുകള്‍. രണ്ടാമത്തേത് എളുപ്പം ഹാക്ക് ചെയ്യാവുന്ന മോഡലുകളുമായിരുന്നു.

വിശ്വാസ്യതയില്‍ സംശയം വര്‍ധിച്ചപ്പോള്‍

ലോകത്തിലെ ഏറ്റവും വിജയകരമായ സുരക്ഷിത ആശയവിനിമയ സ്ഥാപനങ്ങളിലൊന്ന് എന്ന നിലയില്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ പേരെടുത്തിരുന്നു ക്രിപ്‌റ്റോ എജി. എന്നാല്‍ 80-കളുടെ അവസാനത്തില്‍ ബെര്‍ലിനില്‍ നടന്നൊരു തീവ്രവാദ ആക്രമണത്തെത്തുടര്‍ന്ന് ലിബിയയുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ആഹ്ലാദം പ്രകടിപ്പിച്ചതിന്റെ പേരില്‍ യുഎസ് പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ ലിബിയയ്‌ക്കെതിരേ കടുത്ത വിമര്‍ശനമാണു നടത്തിയത്. റീഗന്റെ ഈ വിമര്‍ശനം നിരവധി രാജ്യങ്ങളില്‍ ക്രിപ്‌റ്റോ എജി എന്ന കമ്പനിയുടെ വിശ്വാസ്യതയില്‍ സംശയം വര്‍ധിപ്പിക്കാനിടയായെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നയതന്ത്ര കേബിളുകളെ (ഒരു എംബസി അവരുടെ മാതൃരാജ്യവുമായി നടത്തുന്ന രഹസ്യസ്വഭാവമുള്ള സന്ദേശം) കുറിച്ച് റീഗന്‍ പരാമര്‍ശിച്ചതാണ് ക്രിപ്‌റ്റോ എജിയുടെ വിശ്വാസ്യതയില്‍ സംശയം തോന്നാന്‍ കാരണമായത്. ക്രിപ്‌റ്റോ എജിയുടെ സി52 മെഷീന്‍ ഉപയോഗിച്ചു നയതന്ത്ര വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നുണ്ടെന്നും ഇതോടെ സംശയം ഉയര്‍ന്നു.

എന്‍ക്രിപ്ഷന്‍ ഡിവൈസുകള്‍ ഉപയോഗിച്ചു നടത്തിയ ചാരപ്രവര്‍ത്തനത്തിനു തെസാറസ് (Thesaurus)എന്ന പേരാണു നല്‍കിയിരുന്നത്. ഇതിനു പിന്നീട് 1980-കളില്‍ റൂബികോണ്‍ (Rubicon) എന്ന പേരും നല്‍കി. എന്നാല്‍ ക്രിപ്‌റ്റോ എജി എന്ന കമ്പനിയുടെ ഉത്ഭവത്തെ കുറിച്ചു സംശയമുണ്ടായിരുന്ന ചൈനയോ, സോവിയറ്റ് യൂണിയനോ അക്കാലത്ത് ക്രിപ്‌റ്റോ എന്‍ക്രിപ്ഷന്‍ ഉപകരണങ്ങള്‍ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല. അതുകൊണ്ടു തന്നെ യുഎസിന്റെ എതിരാളികളായ ഈ രാജ്യങ്ങള്‍ക്കു മേല്‍ ‘ഓപറേഷന്‍ തെസാറസിന് ‘ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നുമില്ല. ക്രിപ്‌റ്റോ എജി കമ്പനിയില്‍നിന്നും 1990 കളുടെ ആരംഭത്തില്‍ ജര്‍മന്‍ ചാര ഏജന്‍സിയായ ബിഎന്‍ഡി വിട്ടുപോകാന്‍ തീരുമാനിച്ചിരുന്നു. അതോടെ ജര്‍മനിക്കു കമ്പനിയിലുള്ള ഓഹരി കൂടി അമേരിക്ക സ്വന്തമാക്കി. 2018 വരെ ക്രിപ്‌റ്റോ എജി എന്ന കമ്പനി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഈ കമ്പനി അടച്ചുപൂട്ടി. ടെക്‌നോളജി കൂടുതല്‍ ആധുനികമായതും, അത്യാധുനിക എന്‍ക്രിപ്്ഷന്‍ ആപ്പുകള്‍ രംഗപ്രവേശം ചെയ്തതോടെയുമാണ് ക്രിപ്‌റ്റോ എജി കമ്പനിയുടെ പ്രാധാന്യം നഷ്ടമായത്. ക്രിപ്‌റ്റോ എജി പുറത്തിറക്കിയിരുന്ന എന്‍ക്രിപ്ഷന്‍ ഡിവൈസുകളെക്കാള്‍ ശക്തമായ എന്‍ക്രിപ്ഷന്‍ ആപ്പുകള്‍ ഇപ്പോള്‍ ഉണ്ടെന്നതും ഒരു കാരണമായിരുന്നു.

Categories: Top Stories