ഡസ്റ്ററില്‍ 1.3 ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ നല്‍കി

ഡസ്റ്ററില്‍ 1.3 ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ നല്‍കി

നിലവിലെ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഒഴിവാക്കും

ഗ്രേറ്റര്‍ നോയ്ഡ: റെനോ ഡസ്റ്റര്‍ എസ്‌യുവിയില്‍ 1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍! ഓട്ടോ എക്‌സ്‌പോയില്‍ റെനോ ഏവരെയും ഞെട്ടിച്ചു. ബിഎസ് 6 പാലിക്കുന്ന 1.3 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഡസ്റ്റര്‍ എസ്‌യുവിയില്‍ നല്‍കിയത്. പുതിയ മോഡല്‍ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു. ഡസ്റ്റര്‍ സമഗ്രമായി പരിഷ്‌കരിച്ച് മാസങ്ങള്‍ കഴിയുമ്പോഴാണ് പുതിയ മോട്ടോര്‍ കൂടി ലഭിക്കുന്നത്. സ്വാഗതാര്‍ഹം തന്നെ. കോംപാക്റ്റ് എസ്‌യുവിയില്‍ വേറെ മാറ്റങ്ങളില്ല. പുതിയ ഡസ്റ്റര്‍ ഈ വര്‍ഷം രണ്ടാം പാദത്തില്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്നീ രണ്ട് പുതിയ ടര്‍ബോ എന്‍ജിനുകള്‍ ഓട്ടോ എക്‌സ്‌പോയില്‍ അരങ്ങേറുമെന്ന് റെനോ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വരാനിരിക്കുന്ന എച്ച്ബിസി സബ്‌കോംപാക്റ്റ് എസ്‌യുവിയില്‍ നല്‍കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

ബിഎസ് 6 പാലിക്കുന്ന 1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ 153 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. നിലവിലെ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായി താരതമ്യം ചെയ്യുമ്പോള്‍ 48 ബിഎച്ച്പി കരുത്തും 108 എന്‍എം ടോര്‍ക്കും കൂടുതല്‍. പുതിയ എന്‍ജിനുമായി 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെയ്ക്കും. സിവിടി (കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) ഓപ്ഷണലായിരിക്കും. 1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ നല്‍കുന്നതോടെ നിലവിലെ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഒഴിവാക്കുമെന്ന് സ്ഥിരീകരണം ലഭിച്ചു. 1.5 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ പോലെ ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്‌കരിക്കില്ല.

Comments

comments

Categories: Auto