വേണ്ടത് ഒരു കായകല്‍പ്പ ചികിത്സ

വേണ്ടത് ഒരു കായകല്‍പ്പ ചികിത്സ

ഡെല്‍ഹി പടരാതിരിക്കാന്‍ കോണ്‍ഗ്രസ് ചെയ്യേണ്ടത്

ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പ്രഖ്യാപനം തച്ചുടച്ചത് കോണ്‍ഗ്രസിന്റെ സ്വപ്‌നങ്ങളെയാണ്. വളരെ ദയനീയമായ തോല്‍വിയാണ് പാര്‍ട്ടിയെ കാത്ത് തലസ്ഥാന നഗരിയില്‍ കാത്തിരുന്നത്. സ്വാഭാവികമായും ഇങ്ങനെയൊരു സാഹചര്യത്തില്‍ ഉണ്ടാകുന്ന പ്രതികരണങ്ങളുടെ ഘോഷയാത്രയാണ് പാര്‍ട്ടി ഇപ്പോള്‍ നേരിടുന്ന കനത്ത വെല്ലുവിളി. കുറ്റപ്പെടുത്തലും വിഴുപ്പലക്കലും തുടങ്ങിക്കഴിഞ്ഞു. ചിലര്‍ ഉത്തരവാദിത്തം ഒഴിയുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ അരങ്ങത്ത് ഉറഞ്ഞുതുള്ളുന്നു. ഇതോടൊപ്പം മറുപ്രതികരണങ്ങളുമായി മറ്റുചില നേതാക്കളും രംഗത്തുവന്നതോടെ യോഗങ്ങള്‍ കൊഴുത്തു. ഇവിടെ പാര്‍ട്ടി യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും മാറി സഞ്ചരിക്കുകയായിരുന്നു. ഒപ്പം ആംആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ ചിലര്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തതോടെ വിചിത്രമായ അവസ്ഥാന്തരങ്ങളിലെത്തുകയായിരുന്നു കോണ്‍ഗ്രസ്.

തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഒരു സീറ്റുപോലും നേടുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയായിരുന്നു. പാര്‍ട്ടിയുടെ വോട്ട് വിഹിതം 4.26 ശതമാനമായി കുറഞ്ഞു. പാര്‍ട്ടിയുടെ മോശംപ്രകടനത്തില്‍ മറുപടിയില്ലാതെ ഡെല്‍ഹി ഇന്‍ചാര്‍ജ് പി സി ചാക്കോയും ഡെല്‍ഹി യൂണിറ്റ് മേധാവി സുഭാഷ് ചോപ്രയും രാജി സമര്‍പ്പിക്കുകയായിരുന്നു. ഇത് സോണിയാഗാന്ധി സ്വീകരിച്ചു. പാര്‍ട്ടിയുടെ പരാജയം സംബന്ധിച്ച് പി സി ചാക്കോ കഴിഞ്ഞദിവസം നടത്തിയ അഭിപ്രായ പ്രകടനം വിവാദമായിരുന്നു. 2013മുതലാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ച ഇവിടെ ആരംഭിച്ചതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. തുടര്‍ന്നുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടി പരാജയപ്പെട്ടു. പുതുതായി രൂപീകരിക്കപ്പെട്ട ആം ആദ്മി പാര്‍ട്ടി (എഎപി) കോണ്‍ഗ്രസ് വോട്ട് ബാങ്ക് സ്വന്തമാക്കുകയായിരുന്നു എന്നാണ് ചാക്കോ അഭിപ്രായപ്പെട്ടത്. അന്ന് ഷീലാ ദീക്ഷിതായിരുന്നു ഡെല്‍ഹി മുഖ്യമന്ത്രി. ഷീലാ ദീക്ഷിതിന്റെ പേര് അദ്ദേഹം പരാമര്‍ശിച്ചിരുന്നില്ല. ആ സമയത്തുതന്നെയാണ് ആംആദ്മി പാര്‍ട്ടി മത്സരരംഗത്തേക്ക് ഇറങ്ങുന്നതും. പക്ഷേ തെറ്റിദ്ധരിക്കപ്പെടാനും വിമര്‍ശനത്തിന്റെ കൂടുതുറന്നു വിടാനും ഈ പ്രതികരണം അധികമായിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് മിലിന്ദ് ദേവ്‌റയും ദീക്ഷിതിന്റെ മുന്‍ സഹായി പവന്‍ ഖേരയും ഈ പരാമര്‍ശത്തിനെതിരെ രംഗത്തുവന്നതോടെ കാര്യങ്ങള്‍ കൈവിട്ടു. ശ്രദ്ധേയയായ രാഷ്ട്രീയ നേതാവും ഭരണാധികാരിയുമായിരുന്നു ഷീല ദീക്ഷിത് എന്ന് ദേവ്‌റ ട്വിറ്ററില്‍ കുറിച്ചു. അവര്‍ മുഖ്യമന്ത്രി ആയിരിക്കെ ഡെല്‍ഹി മാറ്റങ്ങള്‍ക്ക് വിധേയമായി. അന്ന് കോണ്‍ഗ്രസ് എന്നത്തേക്കാളും ശക്തമായിരുന്നു. മരണശേഷം കുറ്റപ്പെടുത്തുന്നത് നിര്‍ഭാഗ്യകരമാണെന്നും ദേവ്‌റ പറഞ്ഞു. തന്റെ പ്രസ്താവനകളെക്കുറിച്ച് ചാക്കോയ്ക്ക് കൂടുതല്‍ വ്യക്തതയുമായി രംഗത്തുവരേണ്ടിവന്നു. 15 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ ഡെല്‍ഹിയുടെ നല്ല ഭരണവും സമഗ്രവികസനവും ഷീലാ ദീക്ഷിത് ഉറപ്പുവരുത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന് നിരാശയും അതേസമയം ആശ്വാസവുമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തെ അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകളായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശര്‍മിഷ്ഠ മുഖര്‍ജി ചിദംബരത്തിന്റെ പരാമര്‍ശത്തെ ചോദ്യം ചെയ്തു. എന്തുകൊണ്ട് ആംആദ്മിപാര്‍ട്ടിയുടെ വിജയത്തില്‍ കോണ്‍ഗ്രസ് ആഹ്ലാദിക്കണം എന്നും ബിജെപിയെ പരാജയപ്പെടുത്താനുള്ള ചുമതല തങ്ങളുടെ പാര്‍ട്ടി മറ്റ് സംസ്ഥാന പാര്‍ട്ടികള്‍ക്ക് പുറംജോലി കരാറായി നല്‍കിയിട്ടുണ്ടോ എന്നും ശര്‍മിഷ്ഠ മുഖര്‍ജി ചോദിച്ചു. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിന്റെ കട അടയ്ക്കുന്നതാണ് നല്ലതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പരസ്പരമുള്ള കുറ്റപ്പെടുത്തലുകള്‍ അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പുമായി അവസാനം കേന്ദ്രനേതൃത്വം പ്രശ്‌നത്തിലിടപെടേണ്ടിവന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അപ്പോഴേക്കും ഈ വാദ പ്രതിവാദങ്ങള്‍ താഴേത്തട്ടിലേക്ക് വരെ പടര്‍ന്നിരുന്നു. ഡെല്‍ഹിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ അവരുടെ സ്വന്തം പങ്ക്, ഉത്തരവാദിത്വം, പാര്‍ട്ടിയോടുള്ള പ്രതിബദ്ധത എന്നിവയെക്കുറിച്ച് ആത്മപരിശോധന നടത്തേണ്ടതുണെന്ന് കേന്ദ്ര നേതൃത്വം കരുതുന്നു. ഡെല്‍ഹിയിലെ പ്രചാരണത്തില്‍ സ്വന്തം കടമ നിര്‍വഹിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു എന്ന സൂചനയും അവര്‍ നല്‍കി. ജനങ്ങളുടെ പിന്തുണ നേടാനായില്ലെങ്കിലും തങ്ങള്‍ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ സമീപത്തേക്ക് പോയി അവരുടെ ആവശ്യങ്ങള്‍ കോള്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. തന്മൂലം, ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ ഡെല്‍ഹിയിലെ കോണ്‍ഗ്രസിന്റെ നേതൃത്വത്തെ പുനര്‍നിര്‍മിക്കും. അവര്‍ ഇത് മനസിലാക്കുന്ന ദിവസം മുതല്‍, കോണ്‍ഗ്രസിന്റെ പുനരുത്ഥാരണ പ്രക്രിയ ആരംഭിക്കും. പരസ്പരം കുറ്റപ്പെടുത്തുകയോ അല്ലെങ്കില്‍ പരസ്യമായി ആരോപണങ്ങള്‍ ഉന്നയിക്കുകയോ ചെയ്യുന്നതിലൂടെ ഇത് സംഭവിക്കുകയില്ല. ഇത് സംഭവിക്കുന്നത് നിങ്ങളുടെ സ്വന്തം പ്രതിബദ്ധതയുടെ പൂര്‍ണമായ വിലയിരുത്തലിലൂടെയാണ്-സുര്‍ജേവാല പറഞ്ഞു.

ഡെല്‍ഹിയില്‍ പാര്‍ട്ടിയുടെ തോല്‍വി നിരാശാജനകമാണെന്ന് നേതാക്കള്‍ വിലയിരുത്തുമ്പോള്‍ തന്നെ ഇത് തിരിച്ചുവരവിനുള്ള ഒരവസരത്തിന്റെ തുടക്കമായിട്ടും കാണുന്നുണ്ട്. ഞങ്ങള്‍ക്ക് യുദ്ധത്തില്‍ തോല്‍വിയില്ല എന്നാണ് അവര്‍ പ്രതികരിച്ചത്.വിഷം നിറഞ്ഞ, വിദ്വേഷ പ്രചാരണം നടത്തരുതെന്ന് ഡെല്‍ഹി തെരഞ്ഞെടുപ്പ് പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പ്രചാരണത്തിന് നേതൃത്വം നല്‍കിയിട്ടും ബിജെപിക്ക് വിജയം നേടാന്‍ കഴിയാത്തതിലുള്ള ആശ്വാസം കോണ്‍ഗ്രസുകാര്‍ മറച്ചുവെക്കുന്നുമില്ല. തോല്‍വിയെ ന്യായീകരിക്കുക, ബിജെപിയുടെ പരാജയത്തില്‍ സന്തോഷം കണ്ടെത്തുക, തെരഞ്ഞെടുപ്പുകളില്‍ വിജയവും നപരാജയവും ചാക്രികമാണെന്ന് സ്വയം പറയുക തുടങ്ങിയ കാര്യങ്ങള്‍ കോണ്‍ഗ്രസ് ഒഴിവാക്കണമെന്ന് ചില നേതാക്കളെങ്കിലും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തില്‍പ്പോലും ആംആദ്മി പാര്‍ട്ടിയെ മറികടന്ന് വേറൊരു കക്ഷിയും ഡെല്‍ഹിയുടെ രാഷ്ട്രീയ നഭസില്‍ ഉയര്‍ന്നിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം കോണ്‍ഗ്രസ് മനപ്പൂര്‍വം മറക്കാന്‍ ശ്രമിക്കാന്‍ ശ്രമിക്കുകയാണ്. അല്ലെങ്കില്‍ അവര്‍ അത് ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. മറ്റാര്‍ക്കും ഇല്ലാത്ത ഇടത്തില്‍ ബിജെപി മികച്ച രീതിയില്‍ പൊരുതി നോക്കുകമാത്രമാണ് ചെയ്തത്. രാഷ്ട്രീയ പാര്‍ട്ടിയാകുമ്പോള്‍ അങ്ങനെയാണ് വേണ്ടത്. ഈ അവസ്ഥയിലും തങ്ങള്‍ക്ക് എത്ര വോട്ടുലഭിച്ചു എന്ന് മനസിലാക്കാനെങ്കിലും പ്രചാരണം ആവേശഭരിതമാക്കേണ്ടതുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് അതിനുപോലും തയ്യാറായിരുന്നില്ല. നിര്‍ണായകമായ ഒരു നഗരിയില്‍ കേവലം ഒരാഴ്ച മാത്രം നീണ്ട ഒരു പ്രചാരണം. ഈ സമയത്ത് ആവശ്യമുള്ള വിഷയങ്ങള്‍ പരാമര്‍ശിക്കാന്‍പോലും സമയം തികയില്ല. സ്ഥാനാര്‍ത്ഥികളെ മണ്ഡലങ്ങളില്‍ പ്രിയമുള്ളവരാക്കുക, നടപ്പാക്കുന്ന കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുക, കേജ്‌രിവാളിന്റെ ഭരണ പരാജയത്തെക്കുറിച്ച് വിശദീകരിക്കുക, അവ ജനങ്ങള്‍ക്ക് ബോധ്യമാകും വിധം അവതരിപ്പിക്കുക, വേറിട്ട പ്രചാരണ രീതികള്‍ പരീക്ഷിക്കുക ഇവയ്‌ക്കൊന്നും കോണ്‍ഗ്രസിന് സമയം ലഭിച്ചിരുന്നില്ല. അല്ലെങ്കില്‍ അവര്‍ അതിന് തയ്യാറായില്ല എന്നുപറയാം. ഇപ്പോള്‍ ബിജെപി പരാജയപ്പെട്ടതിനും ആംആദ്മി പാര്‍ട്ടി വിജയച്ചതിനും സന്തോഷം പ്രകടിപ്പിക്കുന്നവര്‍ സ്വന്തംപാര്‍ട്ടിയെ തള്ളിപ്പറയുകയാണ്. കോണ്‍ഗ്രസിന് വോട്ടുചെയ്തവരെ അപമാനിക്കുന്നതിന് തുല്യമാണിത്. അല്ലെങ്കില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിക്ക് പ്രഖ്യാപിക്കാമായിരുന്നു ബിജെപിയെ പരാജയപ്പെടുത്താന്‍ ആപ്പിന് വോട്ടുചെയ്യൂ എന്ന്. ഇപ്പോള്‍ പറയുന്നത് അടിസ്ഥാനമില്ലാത്ത വെറും സാധാരണ ന്യായീകരണം മാത്രമാണ്. വിശ്വസനീയമായ മുഖത്തിന്റെ അഭാവം, ദുര്‍ബലമായ തന്ത്രം, പരിചിതരല്ലാത്ത സ്ഥാനാര്‍ത്ഥികള്‍ എന്നിവയും ഡെല്‍ഹിയില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായി. അവിടെ പോരാട്ട മനോഭാവം ഇല്ലാത്ത ഒരു വിമുഖതയുള്ള മത്സരാര്‍ത്ഥിയായിട്ടാണ് എല്ലായിടത്തും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പ്രത്യക്ഷപ്പെട്ടത്. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റും നേടാനായില്ലെങ്കിലും 9.7 ശതമാനം വോട്ട് നേടാന്‍ കഴിഞ്ഞിരുന്നു. ഇക്കുറി അതും കുറച്ചുകളയുകയായിരുന്നു. അതും പാര്‍ട്ടിയുടെ സ്വന്തം ചെലവില്‍.

ഇതിനു സമാനമായ എന്തു നടപടികളും പാര്‍ട്ടിയെ ചരിത്രപുസ്തകത്തിലെ ഒരേട് മാത്രമാക്കി മാറ്റും. അതിനാല്‍ കോണ്‍ഗ്രസിന് ഇന്ന് ചികിത്സ ആവശ്യമാണ്. അത് തിരിച്ചറിഞ്ഞ് അടിമുടി മാറി ഇറങ്ങുന്ന പാര്‍ട്ടിയെയാകും ഇന്നത്തെ ജനത കൂടുതല്‍ ഇഷ്ടപ്പെടുക. അതിനായി മികച്ച തയ്യാറെടുപ്പ് ആവശ്യമാണ്. മണ്ണിലേക്കിറങ്ങുക, ജനങ്ങളുമായി സംവദിക്കുക, അവരില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കുക, സമൂഹത്തിന്റെ എല്ലാതലങ്ങളിലും ബന്ധം നിലനില്‍ത്തിക്കൊണ്ടിരിക്കുക, അവരുടെ നിര്‍ദേശങ്ങള്‍ പരിശോധിച്ചു നോക്കുക- ഇവയെല്ലാം പ്രാഥമികമായ കാര്യങ്ങള്‍ മാത്രമാണ്. എന്നാല്‍ ഒരു കായകല്‍പ്പചികിത്സക്കുള്ള മരുന്നുകൂട്ടുകളും വഴികളും അവിടെ നിന്നുതന്നെ ലഭിക്കാം. എല്ലായിടത്തുമുള്ള സാന്നിധ്യംതന്നെയാണ് എന്തും തുടങ്ങാനുള്ള ആദ്യ കാല്‍വെയ്പ്. ജനങ്ങളുമായി സംവദിക്കുമ്പോള്‍തന്നെ പാര്‍ട്ടി എങ്ങനെയാണ് മാറേണ്ടത് എന്നത് അവര്‍ പറഞ്ഞുതരും. ഇത് പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളേക്കാള്‍ ഒരുപക്ഷേ മെച്ചപ്പെട്ടതാകാം.

Comments

comments

Categories: Top Stories