എന്നാലും ഇങ്ങനെയുണ്ടോ ഒരു റീസൈക്ലിംഗ്!

എന്നാലും ഇങ്ങനെയുണ്ടോ ഒരു റീസൈക്ലിംഗ്!

വീട്ടിനുള്ളില്‍ ഉപയോഗശൂന്യമായി കിടക്കുന്ന തുണികള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല. ഉപയോഗിക്കാന്‍ കഴിയാത്തത്ര പഴയതായി, ട്രെന്‍ഡ് മാറി.. എന്നാല്‍ മെറ്റിരിയല്‍ നല്ലതായതിനാല്‍ കളയാനും മനസ് വരുന്നില്ല.പല വീടുകളിലും പണത്തിന്റെ മൂല്യമറിയാവുന്നവര്‍ അനുഭവിക്കുന്ന ഒരു പ്രശ്‌നമാണിത്. ഇത്തരത്തില്‍ പഴന്തുണികള്‍ തലവേദനയാകുമ്പോഴാണ് അവ റീസൈക്കിള്‍ ചെയ്യാനുള്ള മാര്‍ഗ്ഗത്തെപ്പറ്റി നാം ചിന്തിക്കേണ്ടത്. പഴയ തുണികള്‍ രൂപമാറ്റം വരുത്തി ഉപയോഗിക്കുക എന്നതാണ് പ്രധാനം

വിദേശരാജ്യങ്ങളിലെല്ലാം ഏറെ ശ്രദ്ധേയമായ വേസ്റ്റ് ക്‌ളോത്ത് റീസൈക്ലിംഗ് എന്ന മാതൃക കേരളത്തിനും പരിഗണിക്കാവുന്നതാണ്.അതോടെ പഴന്തുണികള്‍ തലവേദനയാകില്ല എന്ന് മാത്രമല്ല ഉപയോഗപ്രദമായ നിരവധി വസ്തുക്കള്‍ നിര്‍മിക്കാനും കഴിയുന്നു. വീടുകളില്‍ ഒഴിവാക്കപ്പെടുന്ന വസ്ത്രങ്ങളുടെ പട്ടികയെടുത്താല്‍ മുന്‍പന്തിയില്‍ സാരികള്‍, ജീന്‍സുകള്‍, ലേഡീസ് ടോപ്പുകള്‍ എന്നിവയായിരിക്കും ഉണ്ടാകുക. സാരികളും ജീന്‌സുകളും ഏറെക്കാലം ഉപയോഗിച്ച ശേഷമാണു ഒഴിവാക്കുക. എങ്കില്‍ പോലും ഇനിയും ഏറെക്കാലം കേടുകൂടാതെ നിലനില്‍ക്കാന്‍ കഴിയുന്ന തുണികളാവും അവ. ഇവക്ക് രൂപമാറ്റം വരുത്തിയാലോ? സാരികളില്‍ നിന്നും കര്‍ട്ടനുകളും കസവ് സാരികളില്‍ നിന്നും കുഷ്യന്‍ കവറുകളുമൊക്കെ നിര്‍മിക്കാന്‍ എളുപ്പമാണ്.

സാരികളില്‍ നിന്നും കര്‍ട്ടനുകള്‍

വലിയ രൂപ മാറ്റമൊന്നും വരുത്താതെ സാരി നീളത്തിനനുസരിച്ച് മുറിച്ചാണ് കര്‍ട്ടണുകളായി ഉപയോഗിക്കുന്നത് . പ്രിന്റഡ് , ഡിസൈന്‍ഡ് കര്‍ട്ടന്‍ ഫാബ്രിക്കുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ.ഇത്തരം സാരികള്‍ ചുവരിലെ നിറത്തിനു മാച്ചായി തെരെഞ്ഞെടുത്താണ് കര്‍ട്ടനുകള്‍ ഒരുക്കുന്നത്. ഒരു സാരിയില്‍ നിന്നും പരമാവധി മൂന്ന് ഡോര്‍ കര്‍ട്ടനുകളും ആറ് വിന്‍ഡോ കര്‍ട്ടനുകളും നിര്‍മിക്കാം. സാരികളില്‍ നിന്നും നിര്‍മിക്കുന്ന കര്‍ട്ടനുകള്‍ ആയതിനാല്‍ വീട് മുഴുവന്‍ ഒരേ പാറ്റേണിലുള്ള കര്‍ട്ടനുകള്‍ ഉപയോഗിക്കാനാവില്ല. അതിനാല്‍ ഏതെങ്കിലും ഒരു മുറിയിലോ സ്വീകരണ മുറിയില്‍ മാത്രമോ ഇത്തരം കര്‍ട്ടനുകള്‍ ഉപയോഗിക്കാം. വെറുതെ സാരി മുറിച്ച് അരികടിച്ച് കര്‍ട്ടന്‍ ആക്കുന്ന പഴയ രീതിയില്‍ നിന്നും വിഭിന്നമായി പൈപ്പിംഗുകള്‍ ഘടിപ്പിച്ചും ബോര്‍ഡര്‍ വെട്ടിയെടുത്ത് കാര്‍ട്ടന്റെ മുകള്‍ ഭാഗമോ ഫ്രില്ലോ ആയി മാറ്റിയും കര്‍ട്ടന്‍ ആകര്‍ഷകമാക്കാം. ആവശ്യമെങ്കില്‍ ബീഡുകള്‍, ഹാംഗിങ് എന്നിവയും കൂടെ ചേര്‍ക്കാം.

കുഷ്യന്‍ കവര്‍ നിര്‍മിക്കാം

പട്ടു സാരികള്‍ എങ്ങനെ ഒഴിവാക്കും എന്ന് ചിന്തിക്കുന്നവര്‍ക്ക് കുഷ്യന്‍ കവര്‍ നിര്‍മാണത്തിലേക്ക് തിരിയാം. വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റു പോകുന്നത് കഌസിക് , ട്രഡീഷണല്‍ വര്‍ക്കുകളോട് കൂടിയ കുഷ്യന്‍ കവറുകളാണ്. ഇത് നിര്‍മിക്കാന്‍ അത്യാവശ്യം നല്ല കസവുള്ള ഒരു പട്ടു സാരി ധാരാളം. ഇരുണ്ട നിറത്തിലുള്ള പട്ടുസാരികളാണ് ഇതിനായി വേണ്ടത്. ബോഡി മുഴുവന്‍ വര്‍ക്കുള്ള സാരിയാണെങ്കില്‍ ഏത് ഭാഗവും ഇതിനായി ഉപയോഗിക്കാം. സെറ്റികളിലും സോഫകളിലും ഒരു ആകര്ഷണീയതയുടെ ഭാഗത്തെയാണ് ഇത്തരം കുഷ്യനുകള്‍ വക്കുന്നത് . സമചതുരാകൃതിയില്‍ വാങ്ങാന്‍ ലഭിക്കുന്ന കുഷ്യനുകള്‍ക്കാണ് ഇത് ചേരുന്നത്. കൃത്യം ആകൃതിയില്‍ വെട്ടിയശേഷം കൈകൊണ്ടു പോലും ഇത് തുന്നിയെടുക്കാം.

ജീന്‍സില്‍ നിന്നും ബാഗ്

ജീന്‍സിന്റെ ഇരു കാലുകളും മുറിച്ചെടുത്ത് പരസ്പരം തുന്നിച്ചേര്‍ത്തും ബാഗുകള്‍ നിര്‍മിക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ ഏത് ആകൃതിയില്‍ വേണമെങ്കിലും ബാഗുകള്‍ നിര്‍മിക്കാം. ഷോപ്പിംഗ് ആവശ്യത്തിനായി നിര്‍മിക്കുന്ന ബാഗുകള്‍ ഡബിള്‍ സ്റ്റിച്ച് ചെയ്താല്‍ ഏറെ കാലം നിലനില്‍ക്കും. മാത്രമല്ല , കഴുകി ഉപയോഗിക്കാം എന്നതും ഇതിന്റെ ഏറ്റവും വലിയ ഗുണം. തയ്യല്‍ മെഷീന്റെ സഹായത്തോടെ മാത്രമേ നിര്‍മിക്കാവൂ.

കീറിപ്പോയ പഴയ തുണികള്‍ കൂട്ടിക്കെട്ടി തറ തുടയ്ക്കുന്ന ഉപകരണം, ഡസ്റ്റര്‍, ടേബിള്‍ ക്‌ളോത്ത്, സര്‍ഫേസ് ക്‌ളീനര്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളും നിര്‍മിക്കാം.

വളര്‍ത്തു മൃഗങ്ങള്‍ക്ക് കിടക്ക

പഴയ തുണിത്തരങ്ങളില്‍ നിന്നും വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള കിടക്കകള്‍ നിര്‍മിക്കാം. തണുപ്പില്‍ നിന്നും രക്ഷ നേടുന്നതിനും തറയില്‍ രോമം വീഴാതിരിക്കുന്നതിനും ഇത് സഹായിക്കും. കോട്ടണ്‍ സാരി, പുതപ്പ് എന്നിവയാണ് ഇതിനു ഉചിതം. ഇവ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുത്ത് അതില്‍ സ്‌പോന്‍ജോ മറ്റ് തുണികളുടെ വെട്ടുകഷ്ണങ്ങളോ നിറക്കുക. പഴയ തുണികള്‍ മൂലം സ്ഥലം നഷ്ടപ്പെടുകയുമില്ല, നിങ്ങളുടെ ഓമന മൃഗങ്ങള്‍ക്ക് കിടക്കാന്‍ സുഖകരമായ കിടക്ക ലഭിക്കുകയും ചെയ്യും

Categories: FK Special, Slider