തിരുത്തലുകള്‍ അത്യാവശ്യം; അത് അധികം വൈകുകയുമരുത്

തിരുത്തലുകള്‍ അത്യാവശ്യം; അത് അധികം വൈകുകയുമരുത്

അധികാരത്തിലേറിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുന്നോട്ടുവെച്ച, സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ഏറ്റവും സമഗ്രമായ രൂപരേഖയാണ് ഈ മാസം ഒന്നാം തിയതി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റെന്ന് നിസംശയം പറയാം. അതേസമയം സാന്ദര്‍ഭികമായി പരിശോധിക്കുമ്പോള്‍ ഏതാനും മേഖലകളില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ബജറ്റിന് സാധിച്ചിട്ടില്ലെന്നും കാണാനാവും

രണ്ട് മണിക്കൂറും 46 മിനിറ്റും നീണ്ടുനിന്ന മാരത്തോണ്‍ ബജറ്റവതരണത്തിനിടെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച ഏറെ പ്രതീക്ഷാ നിര്‍ഭരമായ ഒരു ചിത്രമാണ് വരച്ചുകാട്ടിയത്. രാജ്യത്തെ ജനങ്ങളുടെ വരുമാനവും വാങ്ങല്‍ ശേഷിയും വര്‍ധിപ്പിക്കാനാണ് തന്റെ ലക്ഷ്യമെന്ന് തുടക്കത്തില്‍ തന്നെ ധനമന്ത്രി വ്യക്തമാക്കി. ‘ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് കൈവരിച്ചാലേ ഈ ലക്ഷ്യം സാധ്യമാവൂ. നമ്മുടെ യുവജനതയ്ക്ക് അര്‍ത്ഥപൂര്‍ണവും നേട്ടമുണ്ടാക്കുന്നതുമായ തൊഴിലുകള്‍ സൃഷ്ടിക്കാനാവൂ,’ നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

ഉയര്‍ന്ന വ്യക്തിഗത വരുമാനത്തിന്റെയും വര്‍ധിച്ച ഉപഭോക്തൃ ശേഷിയുടെയും പൂര്‍വാവശ്യക വസ്തുക്കളാണ് ഉയര്‍ന്ന വളര്‍ച്ചയും തൊഴില്‍സൃഷ്ടിയുമെന്ന ധനമന്ത്രിയുടെ വിലയിരുത്തലിന് നൂറുമാര്‍ക്ക്. അവരുടെ ശുഭാപ്തി വിശ്വാസവും മനസിലാക്കാവുന്നതാണ്. മൂന്ന് ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ബൃഹദ് സമ്പദ്‌വ്യവസ്ഥയുടെ കലവറ സൂക്ഷിപ്പുകാരിയെന്ന നിലയില്‍ സ്വന്തം നയങ്ങളില്‍ അവര്‍ക്ക് അപാരമായ ആത്മവിശ്വാസമുണ്ടെന്ന് പ്രതീക്ഷിക്കാം.

എന്നിരുന്നാലും അധികാരത്തിലേറിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുന്നോട്ടുവെച്ച, സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ഏറ്റവും സമഗ്രമായ രൂപരേഖയാണ് ഈ മാസം ഒന്നാം തിയതി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റെന്ന് നിസംശയം പറയാം. അതേസമയം സാന്ദര്‍ഭികമായി പരിശോധിക്കുമ്പോള്‍ ഏതാനും മേഖലകളില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ബജറ്റിന് സാധിച്ചിട്ടില്ലെന്നും കാണാനാവും.

ഏതാനും വര്‍ഷങ്ങളായി ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും പ്രോജ്വലമായ ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ് ഇന്ത്യ. എന്നിരുന്നാലും, നിലവില്‍, ഗണ്യമായ മാന്ദ്യത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ് രാജ്യം. 11 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു കഴിഞ്ഞ സാമ്പത്തിക പാദത്തിലെ (ഡിസംബര്‍) വളര്‍ച്ചാ നിരക്ക്. കഴിഞ്ഞ മാസം അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ആഗോള വളര്‍ച്ചാ പ്രവചനം വെട്ടിക്കുറച്ചപ്പോള്‍ പഴി ചാരിയത് ഇന്ത്യയുടെ മേലാണ്. ഇന്ത്യയുടെ കഷ്ടകാലം ലോക സമ്പദ് വ്യവസ്ഥയെയും പിന്നോട്ടു വലിക്കുന്നെന്നാണ് ഐഎംഎഫ് അഭിപ്രായപ്പെട്ടത്.

45 വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശം തൊഴിലില്ലായ്മാ നിരക്കാണ് ഇന്ത്യയെ ഇപ്പോള്‍ ആശങ്കയിലാക്കിയിരിക്കുന്നത്. സാമ്പത്തിക, റിയല്‍ എസ്റ്റേറ്റ്, ഓട്ടോമൊബീല്‍ നിര്‍മാണ മേഖലകളടക്കം വിവിധ വിഭാഗങ്ങളില്‍ മോശം സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ലോകത്തെ ആറാമത്തെ വലിയ ഉപഭോക്തൃ വിപണിയിലെ സ്വകാര്യ ഉപഭോഗത്തിന്റെ വളര്‍ച്ചാ മാന്ദ്യവും സമീപകാലത്ത് ആശങ്കകള്‍ ജനിപ്പിച്ചിട്ടുണ്ട്.

ഈ സാഹചര്യങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍, സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും മാന്ദ്യം പിടിമുറുക്കുന്നെന്ന ആശങ്കയെ തുടച്ചുനീക്കാനും ഉതകുന്ന തരത്തില്‍ വമ്പന്‍ നയ പ്രഖ്യാപനങ്ങളും ഗണ്യമായ പരിഷ്‌കാര നടപടികളും ബജറ്റ് മുന്നോട്ടുവെക്കുമെന്ന പ്രതീക്ഷയാണ് നിലനിന്നിരുന്നത്. കഴിഞ്ഞ മേയ് മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച കൂറ്റന്‍ ജനവിധി, സര്‍ക്കാരിന് ആവശ്യമാണെങ്കില്‍ ചെലവഴിക്കാന്‍ പര്യാപ്തമായ ‘രാഷ്ട്രീയ മൂലധനം’ നല്‍കിയിട്ടുണ്ടെന്നിരിക്കെ ഇത് പ്രതീക്ഷിച്ചതുമാണ്.

എന്നിരുന്നാലും, 13,000 പദങ്ങള്‍ നിറഞ്ഞുതുളുമ്പിയ നിര്‍മല സീതാരാമന്റെ ബജറ്റ് പ്രസംഗത്തില്‍ ധീരമായ, വമ്പന്‍ പ്രഖ്യാപനങ്ങളൊന്നും ഉള്‍പ്പെടുത്തപ്പെട്ടില്ല. തൊലിപ്പുറത്തെ ചികിത്സയെന്ന പ്രയോഗത്തിന്റെ ക്ലാസിക് ഉദാഹരണമാണ് ബജറ്റെന്ന് അതിനാല്‍ പറയാനാകും.

ബജറ്റിനോടുള്ള നിരാശ ആദ്യമായി പ്രകടമാക്കിയവരില്‍ രാജ്യത്തെ നിക്ഷേപക സമൂഹവുമുണ്ടായിരുന്നെന്നതില്‍ അതിശയിക്കാനില്ല. ബജറ്റ് ദിവസ വ്യാപാരത്തില്‍ സെന്‍സെക്‌സിന് 1,000 പോയന്റിലേറെ നഷ്ടപ്പെട്ടത് നിക്ഷേപകരുടെ നിരാശയുടെ പ്രതിഫലനമായി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വിപണി തിരികെയെത്തുന്നതും നഷ്ടം നികത്തുന്നതും ദൃശ്യമായി.

സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ടോടിക്കുന്ന മൂന്ന് പ്രധാന ചാലകശക്തികള്‍, നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ), പൊതു-സ്വകാര്യ ഉപഭോഗം, കയറ്റുമതി എന്നിവയാണ്. ഈ മൂന്ന് മേഖലകളെയും ഉത്തേജിപ്പിക്കാനുള്ള കാര്യമായ അധ്വാനമൊന്നും നിര്‍മല സീതാരാമന്റെ ബജറ്റില്‍ കണ്ടില്ല. അതേസമയം, വിദേശ നിക്ഷേപത്തിന്റെ വര്‍ധിച്ചുവരുന്ന ഒഴുക്കിലും ചരിത്രത്തിലെ തന്നെ റെക്കോഡ് വിദേശ കറന്‍സി ശേഖരത്തിലും (ഡിസംബറില്‍ 457.5 ബില്യണ്‍ ഡോളറായിരുന്നു വിദേശ കറന്‍സി കരുതല്‍ നിക്ഷേപം) ലോകബാങ്കിന്റെ ബിസിനസ് സൗഹാര്‍ദ്ദ റാങ്കിംഗിലെ മുന്നേറ്റത്തിലും (നിലവില്‍ ഇന്ത്യയുടെ റാങ്ക് 63) താന്‍ വളര്‍ച്ച സംബന്ധിച്ച വിശ്വാസം അര്‍പ്പിക്കുന്നെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.

വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള ചില പരിപാടികള്‍ ബജറ്റ് തീര്‍ച്ചയായും മുന്നോട്ടു വെച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യമടക്കം നിര്‍ണായക മേഖലകളില്‍ നിക്ഷേപിക്കുന്ന സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍ക്ക് നികുതി ഇളവ് നല്‍കിയത് ഇതിന് ഉദാഹരണമാണ്. പക്ഷേ അത് മാത്രം മതിയാവില്ല.

ലോകത്തില്‍ തന്നെ ഏറ്റവുമധികം നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിക്കുന്ന രാജ്യമാണെങ്കിലും ഇന്ത്യയിലെ അടിസ്ഥാന സൗകര്യ മേഖലകളില്‍ വിദേശ നിക്ഷേപം പരിമിതമാണെന്ന് കാണാനാവും. ഇന്ത്യയുടെ ദുര്‍വഹമായ ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങളാണ് അടിസ്ഥാന സൗകര്യ പദ്ധതികളിലേക്ക് വമ്പന്‍ തുക നിക്ഷേപിക്കുന്നതില്‍ നിന്ന് വിദേശ നിക്ഷേപകരെ പ്രതിരോധിക്കുന്ന പ്രാഥമിക കാരണം. ഈ വിഷയത്തിലെ തല്‍സ്ഥിതി തുടരുന്നിടത്തോളം കാലം അടിസ്ഥാന സൗകര്യ മേഖലയില്‍ കാര്യമായ വിദേശ നിക്ഷേപം പ്രതീക്ഷിക്കേണ്ട.

ശരിയായ നയങ്ങള്‍ നടപ്പാക്കിയാല്‍ അന്താരാഷ്ട്ര നേതാക്കളിലൊന്നായി ഇന്ത്യയെ പരിവര്‍ത്തനം ചെയ്യാന്‍ ശേഷിയുള്ള മറ്റൊരു മേഖലയാണ് കയറ്റുമതി. കുഞ്ഞന്‍ രാഷ്ട്രങ്ങളായ ഹോങ്കോംഗിനും സിംഗപ്പൂരിനും പിന്നിലാണ് നിലവില്‍ ഇന്ത്യയുടെ സ്ഥാനം. ഈ സാഹചര്യത്തിന് മാറ്റമുണ്ടാവണമെങ്കില്‍ ഇന്ത്യയുടെ ഉല്‍പ്പാദന ശേഷി ഗണ്യമായി ഉയര്‍ത്തേണ്ടതുണ്ട്.

റിയല്‍ എസ്റ്റേറ്റ്, ധനകാര്യം, ഓട്ടോമൊബീല്‍ തുടങ്ങി പ്രതിസന്ധിയിലായ മേഖലകളെ പുനരുദ്ധരിക്കാനുള്ള വ്യക്തമായ പദ്ധതികളൊന്നും ബജറ്റ് അനാവരണം ചെയ്യുന്നില്ല. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് തിരികെ പിടിക്കാന്‍ ഈ മേഖലകളെല്ലാം മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്, അതും വളരെ വേഗം തന്നെ. ഈ വിഭാഗങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടാല്‍ ആനുപാതികമായി പൊതു-സ്വകാര്യ ഉപഭോഗവും ഉയരും.

അടുത്തയിടെ പ്രഖ്യാപിച്ച കോര്‍പ്പറേറ്റ് നികുതി ഇളവുകള്‍ രാജ്യത്തിന്റെ നികുതി വരുമാനത്തില്‍ ഗണ്യമായ കുറവ് വരുത്തിയതും സമ്പദ് വ്യവസ്ഥ നേരിടുന്ന ഞെരുക്കത്തിന് ഒട്ടും ഗുണകരമായിട്ടില്ല. നികുതി ദായകരുടെ വ്യാപ്തി വര്‍ധിപ്പിച്ചുകൊണ്ട് ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് ധനമന്ത്രിയുടെ ശ്രമം. പ്രവാസി ഭാരതീയര്‍ ഇന്ത്യയില്‍ ആര്‍ജിക്കുന്ന വരുമാനത്തിന് മേല്‍ നികുതി ഈടാക്കാനുള്ള തീരുമാനം ഇതിന്റെ ചുവടുപിടിച്ചുള്ളതാണ്.

എന്നാല്‍, ഈ നീക്കം പ്രവാസി സമൂഹത്തിന് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിദേശത്തു നിന്നുള്ള പ്രതികരണങ്ങളില്‍ നിന്ന് മനസിലാവുന്നത്. പരമ്പരാഗതമായി, കേന്ദ്രം ഭരിക്കുന്ന ബിജെപിയെ പിന്തുണക്കുന്നവരാണ് ഈ പ്രവാസി സമൂഹം. ഈ തീരുമാനം ഇന്ത്യയില്‍ നിക്ഷേപിക്കുന്നതില്‍ നിന്ന് പ്രവാസികളെ നിരുല്‍സാഹപ്പെടുത്തിയേക്കുമെന്നുള്ള അപകടം കൂടിയുണ്ട്.

ബജറ്റില്‍ ഗുണാത്മകമായ കാര്യങ്ങള്‍ കൂടിയുണ്ടെന്ന് വിസ്മരിക്കുന്നില്ല. രാജ്യത്തെ ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ 1.7 ട്രില്യണ്‍ രൂപ ചെലവഴിക്കാനുള്ള പ്രഖ്യാപനം ഇത്തരത്തില്‍ ഒന്നാണ്. സുപ്രധാന ഹൈവേകള്‍ തയാറാക്കാനും 27,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയ്ല്‍വേ ട്രാക്കുകളുടെ വൈദ്യുതവല്‍ക്കരണം പൂര്‍ത്തിയാക്കാനും 100 പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ വകയിരുത്തല്‍.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി വളര്‍ത്തുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് നേടിയെടുക്കാവുന്നതാണെന്ന് കഴിഞ്ഞ വര്‍ഷം നടത്തിയ യുഎസ് സന്ദര്‍ശനത്തിനിടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍ ആ ലക്ഷ്യം നേടിയെടുക്കാനുള്ള ആദ്യ പടവ് ഒരുക്കുന്നതിന് മതിയാകുന്നതല്ല നിര്‍മലയുടെ ആദ്യ പൂര്‍ണ ബജറ്റ്.

‘അയഞ്ഞു തൂങ്ങുന്നു’, ‘ഇടറുന്നു’, ‘പിടയുന്നു’ തുടങ്ങിയ പദപ്രയോഗങ്ങളാണ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ നേരിടുന്ന സാഹചര്യം ദ്യോതിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര മാധ്യമങ്ങള്‍ പലതും തുടര്‍ച്ചയായി ഉപയോഗിച്ചത്. ഈ വിവരങ്ങള്‍ പുതുവര്‍ഷത്തിലും അവര്‍ ആവര്‍ത്തിക്കുന്നുണ്ട്. ‘ഇളകുന്ന സമ്പദ്‌വ്യവസ്ഥയെയും പരാജയപ്പെടുന്ന ബാങ്കുകളെയും താങ്ങി നിര്‍ത്താന്‍ കാര്യമായ നടപടികളൊന്നുമില്ല,’ എന്നാണ് ജറ്റ് പ്രസംഗത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ‘ദി ഇക്കണോമിസ്റ്റ്’ പ്രതികരിച്ചത്.

മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം മുന്‍നിര്‍ത്തി, സാമ്പത്തിക സ്ഥിതി സംബന്ധിച്ച കാഴ്ചപ്പാടിനെ തന്നെ മാറ്റിമറിക്കാനും ക്രിയാത്മകവും അടിയന്തരവുമായ നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിക്കാനുമുള്ള മികച്ച അവസരം ധനമന്ത്രി നഷ്ടപ്പെടുത്തിയെന്ന് ഉപസംഹരിക്കാനാകും. അതൊരു ശുഭ വാര്‍ത്തയല്ല.

അതേസമയം, അടുത്ത 12 മാസം മുന്നില്‍ കണ്ടുള്ള പദ്ധതി രേഖയാണ് ബജറ്റെന്നതാണ് ശുഭ വാര്‍ത്ത. വര്‍ഷത്തിലുടനീളം സര്‍ക്കാരിന് ഈ പദ്ധതിയില്‍ ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകളും പരിവര്‍ത്തനങ്ങളും തിരുത്തലുകളും നടപ്പാക്കാനാവും. അധികം വൈകാതം തന്നെ ഈ ബജറ്റില്‍ ചില തിരുത്തലുകള്‍ ആവശ്യമാണ്. ശരിയായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിലൂടെ സമ്പദ്‌വ്യവസ്ഥയെ നേര്‍വഴിക്ക് നയിക്കാനും രാജ്യത്തെ ജനങ്ങള്‍ക്കും മോദി സര്‍ക്കാരിനും ലോക സമ്പദ്‌വ്യവസ്ഥക്ക് തന്നെയും നേട്ടങ്ങളുണ്ടാക്കാനും സാധിക്കും.

(വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വംശജനായ സംരംഭകനും സാമൂഹ്യ ചിന്തകനുമാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

Categories: FK Special, Slider
Tags: Budget 2020