ബിജെപി ചോദിക്കുന്നു എന്തുകൊണ്ടുതോറ്റു

ബിജെപി ചോദിക്കുന്നു എന്തുകൊണ്ടുതോറ്റു

ചോദ്യത്തിനുത്തരം ലളിതമായി പറയുമ്പോള്‍

നമ്മള്‍ എന്തുകൊണ്ടുതോറ്റു എന്നാണ് ഡെല്‍ഹിയില്‍ ബിജെപി പ്രവര്‍ത്തകരുടെ ചോദ്യം. ദേശീയതലസ്ഥാനംപോലെ പ്രധാനപ്പെട്ട ഒരു മേഖലയില്‍ അധികാരത്തിലെത്തിയില്ലെങ്കിലും ഏറെ മെച്ചപ്പെട്ട പ്രകടനമാണ് പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നത്. ഇത് അരവിന്ദ് കേജ്‌രിവാളിനുമുമ്പില്‍ മറ്റെല്ലാവരും നിഷ്പ്രഭമായതിനു തുല്യമാണ്. ജനം ഏകപക്ഷീയമായി വിധിയെഴുതിയതുപോലെ. ഇന്ന് പരാജയകാരണങ്ങള്‍ മറ്റുപാര്‍ട്ടികള്‍ വിശകലനം ചെയ്യുമ്പോഴാണ് അവര്‍ ആംആദ്മി പാര്‍ട്ടിയില്‍ നിന്നും എത്രയോ വ്യത്യസ്തമായിരുന്നു എന്ന് തിരിച്ചറിയുന്നത്. ജനത്തിന് ആവശ്യമുള്ളതാണ് നല്‍കേണ്ടത് .ഒപ്പം അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതും ആരോഗ്യം കാത്തുസൂക്ഷിക്കാനുമുള്ള വഴികള്‍ നടപ്പാക്കുകയും വേണം. ഇക്കാര്യത്തില്‍ ആപ്പ് ഏറെ മുന്നേറിയപ്പോള്‍ മറ്റെല്ലാവരും തീര്‍ത്തും പരാജയപ്പെടുകയായിരുന്നു.

ബിജെപിയെ സംബന്ധിച്ചിടത്തോളം ഡെല്‍ഹിയില്‍ നിരവധികാര്യങ്ങള്‍ അവരെ വേട്ടയാടിയിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പ്രാദേശിക തലത്തില്‍ മികച്ച ഒരു നേതാവില്ലാതെപോയി എന്നതാണ്. ആ നേതാവില്‍ വിശ്വാസമര്‍പ്പിക്കാന്‍ ജനം തയ്യാറായാല്‍ ഇതിലും മെച്ചപ്പെട്ട പ്രകടനം പാര്‍ട്ടിക്ക് പുറത്തെടുക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അങ്ങനെയൊരാള്‍ ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് ഒരാളെ നേതാവായി പ്രഖ്യാപിച്ചാല്‍ ആ നേതാവിനെ ജനം സ്വീകരിക്കണം എന്നില്ല. അതിനുമുമ്പ് അദ്ദേഹം ജനങ്ങള്‍ക്ക് പരിചിതനാകണം, അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന നേതാവായിരിക്കണം, എതിരാളികളെക്കാള്‍ മികച്ച വ്യക്തിത്വമെന്ന നിലയില്‍ ജനം തിരിച്ചറിയണം. അതിനുശേഷം പ്രചാരണത്തിലൂടെ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ അഭിസംബോധനചെയ്യുകയും അവ പരിഹരിക്കാനുള്ള നിര്‍ദേശം അവതരിപ്പിക്കുകയും ചെയ്യുന്ന നേതാവും ആയിരിക്കണം. ഈ മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍ മാത്രമാണ് ജനത്തിന് പ്രിയമുള്ളവര്‍ ആകുന്നത്. ഇവിടെ അങ്ങനെയുള്ള നേതാക്കളുടെ അഭാവം ബിജെപിയില്‍ പ്രതിസന്ധിയുണ്ടാക്കി. പാര്‍ട്ടിയുടെ ഡെല്‍ഹി അധ്യക്ഷനായ മനോജ് തിവാരിയാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. എന്നാല്‍ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആണെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നില്ല. കാരണം അദ്ദേഹത്തിനെതിരെ ഡെല്‍ഹി ബിജെപിയില്‍തന്നെ എതിര്‍ശബ്ദങ്ങള്‍ ഉണ്ടായിരുന്നു. ഔദ്യോഗികമായി തിവാരിക്ക് അംഗീകാരം നല്‍കിയാല്‍ മറ്റുചില നേതാക്കള്‍തന്നെ ദേശീയ തലസ്ഥാനത്ത് പാര്‍ട്ടിക്കെതിരാകും എന്ന തിരിച്ചറിവിലാണ് കേന്ദ്രനേതൃത്വം അങ്ങനെയൊരു നിലപാട് സ്വീകരിച്ചത്. മറിച്ച് ആംആദ്മി പാര്‍ട്ടിക്ക് വ്യക്തമായ നേതൃത്വമുണ്ടായിരുന്നു. നടപ്പാക്കുന്ന കാര്യങ്ങള്‍ വിശദീകരിക്കാന്‍ അതിനായുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. ഇവിടെ ബിജെപി പരാജയപ്പെട്ടു.

അടുത്തതായി പ്രചാരണവേളയില്‍ പാര്‍ട്ടികള്‍ അഭിസംബോധനചെയ്ത പ്രശ്‌നങ്ങളാണ്. ബിജെപിക്ക് ദേശീയതലത്തിലെ നീക്കങ്ങളും നിലപാടുകളും വിജയങ്ങളും പ്രചാരണങ്ങളില്‍ മുഖ്യവിഷയമായി. ഉദാഹരണത്തിന് കശ്മീരിലെ 370 ാം വകുപ്പിന്റെ റദ്ദാക്കല്‍, തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അത് കൈകാര്യം ചെയ്ത രീതി, മുത്തലാഖ് നിരോധനം, അതിനെത്തുടര്‍ന്ന് മുസ്ലീം വനിതകള്‍ക്ക് ഉണ്ടായ നേട്ടം, ഭീകരരെ തകര്‍ക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത, കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിയ സേവനങ്ങള്‍ എന്നിവയെല്ലാം തെരഞ്ഞെടുപ്പ് വേദികളില്‍ മുഴങ്ങി. എന്നാല്‍ ഇവയെല്ലാം അവര്‍ പത്രങ്ങളിലൂടെയും സോഷ്യല്‍ മീഡിയവഴി അറിയുന്നവയായിരുന്നു. പുതുതായി എന്തെങ്കിലും നിര്‍ദേശം മുന്നോട്ടുവെക്കാന്‍ ഡെല്‍ഹിയിലെ ബിജെപി പ്രാദേശിക നേതൃത്വത്തിന് കഴിഞ്ഞില്ല. ഇതില്‍ അവരുടെ ജീവിതത്തെ നേരിട്ടുബാധിക്കുന്ന പുതിയ നടപടികള്‍ക്കാണ് ജനം കാത്തിരുന്നത്. എന്നാല്‍ പ്രാദേശിക വിഷയങ്ങളെ പരാമര്‍ശിക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടു. അവരുടെ ഗതാഗതസംവിധാനം, ഭക്ഷണം,വെള്ളം, തൊഴില്‍ തുടങ്ങിയവയൊന്നും ബിജെപി പ്രധാനവിഷയമായി പരിഗണിച്ചില്ല. ഇത് പാര്‍ട്ടിക്ക് വന്‍ തിരിച്ചടി നല്‍കുന്നതിന് പര്യാപ്തമായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിക്കേണ്ട പ്രചാരണരീതിയും റാലികളിലെ വിഷയങ്ങളുമാണ് പ്രാദേശിക തലത്തില്‍ പാര്‍ട്ടി ഉപയോഗിച്ചത്. രണ്ടും രണ്ടാണെന്ന് ഇന്നും ബിജെപി തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് കഴിഞ്ഞകാലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും പാര്‍ട്ടിയുടെ പരാജയങ്ങളും വ്യക്തമാക്കുന്നത്. ഇനിയും തിരി്ച്ചറിയുന്നില്ലെങ്കില്‍ പ്രാദേശിക തലത്തില്‍ ബിജെപിയുടെ ശക്തി ക്ഷയിക്കും. കോണ്‍ഗ്രസിന് മുമ്പ് ഇതു സംഭവിച്ചിരുന്നു എന്ന് ഓര്‍ക്കേണ്ടതുണ്ട്.

ഇതുകൂടാതെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമിതമായി ആശ്രയിക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനം. ഇത് ഒരിക്കലും വിജയത്തിലേക്ക് നയിക്കില്ല. മികച്ച പ്രവര്‍ത്തനം നടത്തി ജനങ്ങളില്‍ താല്‍പ്പര്യമുണര്‍ത്തിയാല്‍ മാത്രമാണ് അങ്ങനെയൊരുനീക്കത്തിന് പ്രസക്തി വര്‍ധിക്കുകയുള്ളു. കാരണം ഇത് പ്രാദേശിക തലത്തിലുള്ള തെരഞ്ഞെടുപ്പായിരുന്നു. പലസ്ഥലങ്ങളിലും ബിജെപി അധികാരത്തിലെത്തിയത് കേന്ദ്രനീക്കത്തിന്റെ ഫലമായിട്ടാണ്. എന്നാല്‍ പ്രദേശത്തെ പാര്‍ട്ടിയൂണിറ്റുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് അതിനുള്ള അവസരം ഒരുക്കേണ്ടതുണ്ട്. അടിസ്ഥാന ജനതയുടെ വികാരം മനസിലാക്കിയുള്ള പദ്ധതികള്‍ അവര്‍ നടപ്പാക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമാണ് പാര്‍ട്ടിയെക്കുറിച്ച് ജനത്തിന് ഒരു മികച്ച അഭിപ്രായം ലഭിക്കുക. അവിടെനിന്ന് തുടങ്ങി അധികാരത്തിലേക്ക് എത്തുന്ന വഴിയിലാണ് പ്രചാരണവും തെരഞ്ഞെടുപ്പുമെല്ലാം വരിക. അതിന് ആദ്യം പാര്‍ട്ടി ശരിയായ പാതയില്‍ പ്രവേശിക്കേണ്ടതുണ്ട്. ഡെല്‍ഹിയില്‍ ബിജെപി തെറ്റായപാതയിലാണ് ഏറെദൂരം സഞ്ചരിച്ചത്. തിരിച്ചെത്താന്‍ ശ്രമം നടത്തിയെങ്കിലും കേജ്‌രിവാള്‍ ഏറെദൂരം മുന്നിലെത്തിയിരുന്നു.

കേന്ദ്രനേതാക്കള്‍ പ്രചാരണത്തിന് ഇറങ്ങിയസ്ഥലങ്ങളില്‍ ഒഴികെ മറ്റുപലയിടങ്ങളിലും ചില പ്രാദേശിക നേതാക്കള്‍ കേജ്‌രിവാളിനെതിരെയും ആംആദ്മിപാര്‍ട്ടിക്കെതിരെയും വിദ്വേഷപ്രസംഗങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇത് ബിജെപിക്ക് തിരിച്ചടിയായി. പല ആരോപണങ്ങളും കേജ്‌രിവാളിന് മറിച്ച് ചിലകാര്യങ്ങള്‍ വ്യക്തമാക്കാനുള്ള അവസരമായി ആപ്പ് ഉപയോഗിച്ചു. നേരിട്ടുള്ള ആക്രമണത്തിന് കേജ്‌രിവാള്‍ തയ്യാറാകാനുള്ള എല്ലാ മാര്‍ഗങ്ങളും ബിജെപി പ്രാദേശിക നേതാക്കള്‍ പ്രയോഗിച്ചു. എന്നാല്‍ ആപ്പ് നേതാക്കള്‍ ആരുംതന്നെ ബിജെപിയുടെ കെണിയില്‍ വീണില്ല എന്നതാണ് തെരഞ്ഞെടുപ്പിന്റെ ഐശ്വര്യം എന്ന് പറയുന്നത്. ഇന്ത്യയിലെ മിക്ക പാര്‍ട്ടികളും പിന്തുടരുന്ന പഴയ രാഷ്ട്രീയ തന്ത്രം മാത്രമാണ് പരസ്പരം ചെളിവാരിയെറിയുക എന്നത്. അതില്‍ അല്‍പ്പം മികച്ചവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം ലഭിക്കാം, ജനത്തിന് മറ്റൊരു മാര്‍ഗമില്ലെങ്കില്‍. ആതേ തന്ത്രം ബിജെപി ഉപയോഗിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറിന്റെ നിയന്ത്രണത്തിലുള്ള ആപ്പ് പ്രചാരണത്തില്‍ വിദ്വേഷങ്ങള്‍ കടന്നു വന്നില്ല. പ്രത്യാക്രമണങ്ങള്‍ കടന്നുവന്നില്ല, വിവാദവിഷയങ്ങളും തലപൊക്കിയില്ല. അവിടെ വികസനമായിരുന്നു ചര്‍ച്ചാവിഷയം. ജനജീവിതത്തിനായിരുന്നു പ്രസക്തി, അങ്ങനെ അവര്‍ക്കിടയിലേക്ക് കേജ്‌രിവാള്‍ ഇറങ്ങിവന്നു, ഈ നടപടി അവരില്‍ ഒരാള്‍ എന്ന പ്രതീതിഉണര്‍ത്തി. അദ്ദേഹം അവരുമായി സംവാദത്തിലേര്‍പ്പെട്ടു. ഘോരമായ ഒരു പ്രസംഗത്തിനേക്കാള്‍ മെച്ചം പലപ്പോഴും ഒരു സംവാദമാണെന്ന് ആപ്പും കേജ്‌രിവാളും തിരിച്ചറിഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ സമീപനത്തില്‍ ജനം തൃപ്തരായിരുന്നു. അതാണ് സമാനതകളില്ലാത്ത വിജയത്തിലേക്ക് ആംആദ്മി പാര്‍ട്ടിയെ കൈപിടിച്ചുയര്‍ത്തിയത്.

ഒരു സാധാരണ തെരഞ്ഞെടുപ്പില്‍പ്പോലും ഭരണപക്ഷത്തിന്റെ വീഴ്ചകളെ നേട്ടമാക്കാനാണ് പ്രതിപക്ഷം ആദ്യം ശ്രമിക്കുക. ഇവിടെ ബിജെപി ഇക്കാര്യത്തില്‍ ഒരു പരിപൂര്‍ണ പരാജയമായി എന്നുപറയേണ്ടിവരും. കാരണം കേജ്‌രിവാളിന്റെ ഭരണപരാജയങ്ങള്‍ ഒന്നുപോലും വിശ്വാസയോഗ്യമായി ജനത്തിനുമുമ്പില്‍ അവതരിപ്പിക്കാന്‍ പ്രതിപക്ഷമായ ബിജെപിക്ക് സാധിച്ചില്ല. ആപ്പ് നേതാക്കള്‍ അവരുടെ ഭരണ നേട്ടങ്ങള്‍ എല്ലായിടത്തും വിശദീകരിക്കുമ്പോള്‍ ബിജെപി ചെയ്യേണ്ടിയിരുന്നത് ഡെല്‍ഹിയിലെ ഭരണ പരാജയങ്ങള്‍ പുറത്തുകൊണ്ടുവരിക,അത് ജനങ്ങള്‍ക്കുമുമ്പില്‍ അവതരിപ്പിക്കുക എന്നതായിരുന്നു. ഒപ്പം അധികാരത്തിലെത്തിയാല്‍ താഴേത്തട്ടിലുള്ള ജനതക്ക് ആശ്വാസമായി നടപ്പാക്കാനാകുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശദീകരണവും നല്‍കുക. അതായത് ആംആദ്മി പാര്‍ട്ടിയുടെ കളത്തിലിറങ്ങി ബിജെപി മുന്നോട്ടു നീങ്ങണമായിരുന്നു. അവിടെ അവര്‍ക്ക് തന്ത്രം മാറ്റേണ്ടിവരുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു. എങ്കിലും ബിജെപി പോസിറ്റീവായ പ്രചാരണത്തെ മുറുകെപ്പിടിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. ഇവിടെ ആപ്പ് സൃഷ്ടിച്ച കുഴിയില്‍ ബിജെപി അറിഞ്ഞുകൊണ്ട് ചാടി എന്നുമാത്രമാണ് പറയാന്‍ സാധിക്കുക.

നിഷേധാത്മകമല്ലാത്ത നിലപാടുകള്‍ക്കും പ്രചാരണത്തിനും പ്രാദേശിക പ്രശ്‌നങ്ങള്‍ക്കുള്ള പ്രാമുഖ്യത്തിനുമാണ് ഡെല്‍ഹി പോലൊരു തെരഞ്ഞെടുപ്പില്‍ പ്രസക്തിയുണ്ടാകുക എന്നാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ഡെല്‍ഹിയില്‍ ഒരു ത്രികോണ മത്സരമാണ് പലരും പ്രതീക്ഷിച്ചിരുന്നതെങ്കിലും കോണ്‍ഗ്രസ് ചിത്രത്തില്‍ത്തന്നെ ഇല്ലാതായിപ്പോവുകയായിരുന്നു. ഇതിന് ഉത്തരവാദി അവര്‍തന്നെ ആണ്. കാരണം പ്രചാരണം അവസാനിക്കുന്നതിന് ഒരാഴ്ച മുമ്പ് മാത്രമാണ് കോണ്‍ഗ്രസ് കളത്തിലിറങ്ങിയത്. സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തിയാല്‍ മാത്രം മതി ജയിപ്പിക്കേണ്ടത് ജനങ്ങളുടെ ചുമതലയാണ് എന്നനിലപാടുപോലെയായിരുന്നു അവിടെ പാര്‍ട്ടിയുടെ പ്രവര്‍ത്തനം. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കോണ്‍ഗ്രസ് എവിടെ എന്ന് ഡെല്‍ഹിക്കാര്‍ ചോദിക്കുന്ന എന്നരീതിയില്‍ പലമാധ്യമങ്ങളിലും വാര്‍ത്തകളും വന്നിരുന്നു. അപ്പോഴേക്കും ആപ്പും ബിജെപിയും പ്രചാരണത്തില്‍ ഏറെദൂരം മുന്നോട്ടുപോയിരുന്നു.

ഡെല്‍ഹി നിയമസഭാതെരഞ്ഞെടുപ്പ് ഇന്ത്യയിലെ മറ്റുപാര്‍ട്ടികള്‍ കണ്ടുപഠിക്കേണ്ട ഒന്നുതന്നെയാണ്. 2012ല്‍ മാത്രം രൂപീകരിക്കപ്പെട്ട ആംആദ്മി പാര്‍ട്ടിയാണ് ഈ അല്‍ഭുതം സൃഷ്ടിച്ചത്. അവരുടെ ഭരണരീതികള്‍, വിദ്യാഭ്യാസത്തിനും ആരോഗ്യ രംഗത്തും അവര്‍ സ്വീകരിച്ച നടപടികള്‍, ജനോപകാര പദ്ധതികള്‍ തുടങ്ങിയവയെല്ലാം എങ്ങനെ സാമ്പത്തിക നിലയുമായി ഒത്തുപോകുന്നു എന്ന് പരിശോധിച്ചു നോക്കണം. വീണ്ടും ആപ്പ് ജനങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ അവര്‍ സഞ്ചരിച്ച പാതയും തികച്ചും വ്യത്യസ്തമായിരുന്നു. അവര്‍ നടപ്പാക്കും എന്നു പറയുന്ന പദ്ധതികളും ജനങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ്. ഭരിക്കുന്നത് ജനങ്ങള്‍ക്കുവേണ്ടിയാണ് എന്ന തോന്നല്‍ കൊണ്ടുവരുന്നത് ഇങ്ങനെയുള്ള നേതാക്കളും ഭരണവുമാണ്. അതിനാല്‍ ദന്തഗോപുരങ്ങളിലുള്ളവര്‍ ഒന്നു താഴേക്കുവരണം…കേജ്‌രിവാളിനൊപ്പം അല്‍പ്പം നടക്കണം, പ്ലീസ്..

Comments

comments

Categories: Top Stories
Tags: BJP In Delhi