കാഴ്ചകള്‍ കണ്ട് കണ്ട് പോകാം

കാഴ്ചകള്‍ കണ്ട് കണ്ട് പോകാം

ഒട്ടും തിരക്കില്ലാത്ത, മനം മയക്കുന്ന കാഴ്ചകള്‍ നിറഞ്ഞ ട്രെയ്ന്‍ യാത്ര, അതും വീതി കുറഞ്ഞ ഗേജുള്ള റെയില്‍ പാളത്തിലൂടെ സഞ്ചരിക്കാന്‍ സാധിച്ചാല്‍ അത് ഭാഗ്യമാണെന്നു വിശേഷിപ്പിക്കാനായിരിക്കും നമ്മളില്‍ ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്നത്. എന്നാല്‍ അങ്ങനെയൊരു യാത്ര നടത്താം. ഇന്ത്യന്‍ സംസ്ഥാനമായ ഹിമാചല്‍ പ്രദേശിലെത്തിയാല്‍ മതി. 1903 ല്‍ ആരംഭിച്ച കല്‍ക്ക-ഷിംല പാതയിലാണ് ആരെയും അത്ഭുതപ്പെടുത്തുന്ന ട്രെയ്ന്‍ യാത്ര ചെയ്യാന്‍ സൗകര്യമുള്ളത്. യുനെസ്‌കോയുടെ പൈതൃക പട്ടികയിലിടം പിടിച്ച ട്രെയിന്‍ സര്‍വീസിനെ കുറിച്ച് അറിയാം

വീതി കുറഞ്ഞ ഗേജുള്ള (narrow-gauge) റെയില്‍ ലൈനിലൂടെ, വേഗത കുറഞ്ഞ ട്രെയിന്‍ യാത്രയ്ക്ക് ഒരു ‘റൊമാന്റിക് ‘ ടച്ചുണ്ടാവുമെന്നത് ഉറപ്പാണ്. ലക്ഷ്യ സ്ഥാനത്തെത്താന്‍ ഫ്‌ളൈറ്റുകളിലും ബുള്ളറ്റ് ട്രെയിനുകളിലും തിരക്ക് കൂട്ടി യാത്ര ചെയ്യുന്ന ഇന്നത്തെ യുഗത്തില്‍, ഭൂതകാലത്തിന്റെ ഈ അവശിഷ്ടം തിരക്ക് കൂട്ടാതെ, തികച്ചും ധ്യാനാത്മകമായി യാത്ര ചെയ്യാന്‍ യാത്രക്കാരനു സൗകര്യമൊരുക്കുന്നു എന്നത് കൗതുകകരമായി തോന്നിയേക്കാം. ഇന്ത്യയിലെ കല്‍ക്ക-ഷിംല ടോയ് ട്രെയിന്‍ ഇത്തരത്തിലുള്ള യാത്ര സമ്മാനിക്കുന്ന ഒന്നാണ്. ലോകത്തില്‍ വച്ചു തന്നെ ‘ഏറ്റവും മനോഹരമായ’ യാത്ര പ്രദാനം ചെയ്യുന്ന സര്‍വീസുകളുടെ പട്ടികയില്‍ ഈ ട്രെയിന്‍ യാത്ര പതിവായി ഒന്നാം സ്ഥാനത്ത് എത്താറുമുണ്ട്. അസാധാരണമായ സാങ്കേതിക മികവെന്നു വിശേഷിപ്പിച്ചു കൊണ്ടു യുനെസ്‌കോ 1999 ല്‍ ലോക പൈതൃക പട്ടികയില്‍ (World Heritage list) കല്‍ക്ക-ഷിംല ടോയ് ട്രെയിന്‍ സര്‍വീസിനെ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതോടൊപ്പം ഡാര്‍ജലിംഗ് ഹിമാലയന്‍ റെയില്‍വേയെയും, നീലഗിരി മൗണ്ടന്‍ റെയില്‍വേയെയും യുനെസ്‌കോ പട്ടികയിലുള്‍പ്പെടുത്തി. 20 സ്റ്റേഷനുകളിലായി 103 തുരങ്കങ്ങളും, 917 വളവുകളും, 998 പാലങ്ങളും ഉള്ള 96.6 കിലോമീറ്റര്‍ (60 മൈല്‍) കല്‍ക്ക-ഷിംല പാത തീര്‍ച്ചയായും ഒരു എഞ്ചിനീയറിംഗ് വിസ്മയമാണ്. ഒരു കാലത്ത് ബ്രിട്ടീഷ് സര്‍ക്കാരിന്റെ വേനല്‍ക്കാല വസതി സ്ഥിതി ചെയ്തിരുന്ന മലയോര നഗരമായ ഷിംലയുമായിട്ടു കല്‍ക്കയെ ബന്ധിപ്പിക്കുന്നതാണ് ഈ പാത. അഞ്ച് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയില്‍ കല്‍ക്കയില്‍നിന്നും 2,075 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഷിംലയിലേക്കു യാത്രക്കാരെ കൂട്ടി കൊണ്ടു പോകും ഈ ട്രെയിന്‍ സര്‍വീസ്. യാത്രയ്ക്കിടെ വിദൂര പശ്ചാത്തലത്തില്‍ ഹിമാലയന്‍ പര്‍വ്വതനിരകള്‍ കാണുവാന്‍ സാധിക്കും.

പുള്ളി കുത്തുന്നതു പോലെ കാണപ്പെടുന്ന തീവണ്ടിപ്പാലങ്ങള്‍ (viaduct) ഉള്‍പ്പെടുന്ന, അതിമനോഹരമായ മലയോര ദൃശ്യങ്ങളിലൂടെയാണ് ട്രെയിന്‍ കടന്നുപോകുന്നത്. ഇതിനു പുറമേ യാത്രയ്ക്കിടെ താഴ്‌വരകളും, ഗ്രാമങ്ങളും, പൈന്‍ മരങ്ങളാല്‍ നിറഞ്ഞ വനങ്ങളും, പിക്ചര്‍ പെര്‍ഫെക്റ്റ് ഹില്‍ സ്റ്റേഷനുകളുമൊക്കെ കാണുവാന്‍ സാധിക്കും. ഏകദേശം അഞ്ചര മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണു യാത്ര. അതായത്, തിരുവനന്തപുരം-കൊച്ചി ട്രെയ്ന്‍ യാത്രയ്‌ക്കെടുക്കുന്ന അത്രയും സമയം. അല്ലെങ്കില്‍ കോഴിക്കോട്-കൊച്ചി ട്രെയ്ന്‍ യാത്രയ്‌ക്കെടുക്കുന്ന അത്രയും സമയം.
കല്‍ക്ക-ഷിംല പാതയിലൂടെ സര്‍വീസ് നടത്തുന്ന ട്രെയ്‌നിന്റെ പേരിനൊപ്പം ടോയ് ട്രെയ്ന്‍ എന്നുള്ളത് ടൂറിസത്തിനു ഗുണകരമാണ്. എന്നാല്‍ കല്‍ക്ക-ഷിംല പാതയ്ക്കു മറ്റൊരു രസകരമായ ചരിത്രം കൂടിയുണ്ട്. അത് ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. 1858 മുതല്‍ 1947 വരെയായിരുന്നല്ലോ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ബ്രിട്ടീഷുകാര്‍ ഭരിച്ചത്. ഇന്ത്യയില്‍ ആദ്യമായി ബ്രിട്ടീഷുകാരെത്തിയപ്പോള്‍ അവര്‍ സ്വന്തം നാട്ടിലെ കാലാവസ്ഥയുമായി സാമ്യമുള്ള പ്രദേശം ഇന്ത്യയില്‍ തിരയുന്നുണ്ടായിരുന്നു. കൊല്‍ക്കത്തയിലെയും ഡല്‍ഹിയിലെയും അസഹനീയമായ ചൂടില്‍നിന്നും അഭയം നല്‍കുന്ന ഒരു സ്ഥലം കണ്ടെത്തേണ്ടത് അത്യാവശ്യവുമായിരുന്നു. അങ്ങനെ അവര്‍ ഷിംല കണ്ടെത്തി. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിക്കു മുമ്പ്, കുറച്ചു ക്ഷേത്രങ്ങളുള്ള വിദൂര വനമേഖലയായിരുന്നു ഷിംല. ഇവിടം ബ്രിട്ടന്റെ കാലാവസ്ഥയുമായി സാമ്യമുള്ളതാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് 1863ല്‍ ഇന്ത്യയുടെ വൈസ്രോയി ജോണ്‍ ലോറന്‍സ് വേനല്‍ക്കാല തലസ്ഥാനം ഷിംലയിലേക്കു മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. താമസിയാതെ ഷിംല ഒരു ട്രാവല്‍ ഹോട്ട്‌സ്‌പോട്ടായി മാറി. ജംഗിള്‍ ബുക്ക് എന്ന വിഖ്യാത കൃതിയുടെ എഴുത്തുകാരന്‍ റുഡ്യാര്‍ഡ് കിപ്ലിംഗ് ഷിംലയില്‍ കുറച്ചുകാലം ചെലവഴിച്ചിരുന്നു. ഷിംലയെ അദ്ദേഹം ആനന്ദത്തിന്റെയും ശക്തിയുടെയും കേന്ദ്രമെന്നാണു വിശേഷിപ്പിച്ചത്. പക്ഷേ, ഇതൊക്കെയാണെങ്കിലും വിദൂരവും, കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്നതും കാരണം ഷിംലയിലേക്ക് എത്തിച്ചേരുന്നതിനു വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു.

ആദ്യ കാലങ്ങളില്‍ കുതിര വണ്ടികളായിരുന്ന ഷിംലയിലെത്താനുള്ള പ്രധാന യാത്രാ മാര്‍ഗം. പിന്നീട് 1903 ലാണു കല്‍ക്ക-ഷിംല റെയില്‍ പാത തുറന്നത്. അക്കാലത്തെ അത്യാധുനിക ഗതാഗത പദ്ധതിയെന്നൊക്കെ വിശേഷിപ്പിച്ചിരുന്നു റെയില്‍ പാതയെ. റെയില്‍ പാത വന്നതോടെ ഈ പ്രദേശത്തുള്ള സമൂഹങ്ങളുടെ ജീവിതത്തെ വലിയ തോതില്‍ മാറ്റിമറിക്കുകയും ചെയ്തു.
100 വര്‍ഷത്തിലേറെയായി കല്‍ക്ക-ഷിംല റെയില്‍പാത പ്രവര്‍ത്തനമാരംഭിച്ചിട്ട്. 20-ാം നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് പ്രവര്‍ത്തിച്ചു തുടങ്ങിയ ട്രെയിന്‍ സര്‍വീസ് 21-ാം നൂറ്റാണ്ടിലെത്തുമ്പോഴും ട്രെയിന് സര്‍വീസ് യാതൊരു കേടുപാടുകളും കൂടാതെ സുഗമമായി മുന്നേറുന്നുണ്ടെന്നത് ട്രെയിന്‍ യാത്രയെ ഇഷ്ടപ്പെടുന്നവര്‍ക്കു സന്തോഷം പകരുന്ന കാര്യം തന്നെയാണ്. കല്‍ക്ക-ഷിംല ട്രെയിന്‍ യാത്ര ഒരു അത്ഭുതകരമായ അനുഭവം സമ്മാനിക്കുമെന്നത് ഉറപ്പാണ്. ഈ റൂട്ടില്‍ ഒരിക്കലെങ്കിലും യാത്ര നടത്തിയിട്ടുള്ളവര്‍ ഇത് സാഹസിക ട്രെയിന്‍ യാത്രയുടെ ഒരു സംക്ഷിപ്ത രൂപമാണെന്നു പറയുമെന്നതും ഉറപ്പ്. ആദ്യം മനം മയക്കുന്ന പ്രകൃതിദൃശ്യങ്ങള്‍ സമ്മാനിച്ചു കൊണ്ടാണ് ട്രെയിന്‍ യാത്ര മുന്നേറുന്നത്. തുടര്‍ന്ന് ഓരോ ഹില്‍ സ്‌റ്റേഷനും പിന്നിടുമ്പോള്‍ കൂടുതല്‍ ഉയരങ്ങളിലേക്കാണു യാത്രക്കാരെ ട്രെയിന്‍ കൊണ്ടു പോകുന്നത്. വേനല്‍ക്കാലമായാലും ശൈത്യകാലമായാലും മനോഹരമായ കാഴ്ച ഈ ട്രെയിന്‍ യാത്ര സമ്മാനിക്കുമെന്നത് ഉറപ്പ്. ഒട്ടും തിരക്കില്ലാത്ത ഈ റൂട്ടിലെ യാത്ര വിശാലമായ പ്രകൃതി ദൃശ്യം പകര്‍ത്താനും അവ ആസ്വദിക്കാനുമുള്ള അവസരം കൂടി ലഭ്യമാക്കും. യാത്രയ്ക്കിടെ കാഴ്ചകള്‍ പകരുന്ന അനുഭവത്തിനു പുറമേ ട്രെയിനില്‍ ലഭിക്കുന്ന രുചികരമായ മസാല ചായ യാത്രക്കാരനെ വേറൊരു തലത്തിലേക്കു കൊണ്ടു പോകുമെന്നത് ഉറപ്പ്. എല്ലാ സ്റ്റേഷനുകളിലും ട്രെയ്‌നിനു സ്റ്റോപ്പ് ഉണ്ട്. സ്റ്റേഷനുകളില്‍ എല്ലാം ടീ & സ്‌നാക്ക് സ്റ്റാളുകളുണ്ട്. കല്‍ക്ക-ഷിംല പാതയില്‍ ഏറ്റവും വലിയ തുരങ്കമുണ്ടെന്നത് യാത്രയുടെ ഒരാകര്‍ഷണമാണ്. 1,143.61 മീറ്റര്‍ നീളമുള്ളതാണു തുരങ്കം.

അതുപോലെ ഇരുവശത്തും കുത്തനെയുള്ള കുന്നുകളാല്‍ ചുറ്റപ്പെട്ട താഴ്‌വരയ്ക്കു മുകളിലായി ഒരു പാലമുണ്ട്. പാലത്തിന്റെ നമ്പര്‍ 226 ആണ്. ശരിക്കുമൊരു ആര്‍ക്കിടെക്ചറല്‍ വിസ്മയമാണത്. പക്ഷേ, ട്രെയിനിലിരുന്ന് ഈ പാലം കാണാന്‍ പ്രയാസമാണ്. യാത്രയ്ക്കിടെ കനോ സ്റ്റേഷനെത്താറാകുമ്പോള്‍ കമാന ആകൃതിയിലുള്ള പാലം നമ്പര്‍ 541 പ്രത്യേകം ശ്രദ്ധിക്കുക. ആ പാലത്തിന് ഹാരി പോട്ടര്‍ കഥയില്‍ അവതരിപ്പിച്ച സ്‌കോട്ടിഷ് ഗ്ലെന്‍ഫിന്നന്‍ തീവണ്ടിപ്പാലവുമായി സാമ്യം തോന്നും. ഈ പാലത്തിന് 34 കമാനങ്ങളുണ്ട്. 23 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നതും. ഇത് ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലങ്ങളില്‍ ഒന്നു കൂടിയാണ്. ട്രെയിന്‍ യാത്രയ്ക്കുള്ള ടിക്കറ്റ് കല്‍ക്ക സ്റ്റേഷനില്‍നിന്നും ലഭിക്കും. എന്നിരുന്നാലും ജനപ്രീതിയാര്‍ജ്ജിച്ച ഒരു ട്രെയ്ന്‍ സര്‍വീസായതിനാല്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഉചിതമായിരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കല്‍ക്ക-ഷിംല പാതയുടെ മേല്‍നോട്ടം ഇന്ത്യന്‍ റെയില്‍വേക്കാണ്. ടിക്കറ്റ് വാങ്ങാനുള്ള ഏറ്റവും നല്ല മാര്‍ഗം ഐആര്‍സിടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കുക എന്നതാണ്. മേക്ക് മൈ ട്രിപ്പ്, ക്ലിയര്‍ ട്രിപ്പ് എന്നീ ബുക്കിംഗ് സര്‍വീസുകളിലൂടെയും ടിക്കറ്റ് വാങ്ങിക്കാന്‍ സൗകര്യമുണ്ട്. പല ഹോട്ടലുകളും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യം ചെയ്തു കൊടുക്കുന്നുണ്ട്. ഇപ്പോള്‍ മൂന്ന് ട്രെയിന്‍ സര്‍വീസുകളാണ് കല്‍ക്ക-ഷിംല പാതയിലുള്ളത്. ഓരോ സര്‍വീസുകളിലും ഫസ്റ്റ് ക്ലാസ് സീറ്റിംഗ് ഉണ്ട്. ഒരുവശത്തേയ്ക്ക് മാത്രമുള്ള ട്രിപ്പിന് ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ചാര്‍ജ് 370 രൂപയാണ് ഈടാക്കുന്നത്.

മൂന്ന് വിഭാഗങ്ങളിലുള്ള ട്രെയിന്‍ സര്‍വീസാണ് നടത്തുന്നത്

1) റെയില്‍ മോട്ടോര്‍ കാര്‍

ഗ്ലാസ് മേല്‍ക്കൂരയുള്ള ഒരു ബസ് പോലെ കാണപ്പെടുന്നതാണ് റെയില്‍ മോട്ടോര്‍ കാര്‍. 18 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും ഇതിന്. ഭക്ഷണം വാഗ്ദാനം ചെയ്യുന്നുണ്ട് ഇതില്‍. പക്ഷേ ബരോഗ് എന്ന സ്റ്റേഷനില്‍ മാത്രമാണ് ഇതിന് സ്റ്റോപ്പുള്ളത്. കല്‍ക്കയില്‍നിന്നും പുലര്‍ച്ചെ അഞ്ച് മണിക്ക് സര്‍വീസ് ആരംഭിക്കും. തുടര്‍ന്നു ഷിംലയില്‍ 9.20 ആകുമ്പോഴേക്കും എത്തിച്ചേരും. വൈകുന്നേരം 4.55ന് ഷിംലയില്‍നിന്നും തിരികെ യാത്ര ആരംഭിക്കുന്ന ഈ റെയില്‍ മോട്ടോര്‍ കാര്‍ രാത്ര 9.25 ആകുമ്പോഴേക്കും കല്‍ക്കയിലെത്തിച്ചേരും.

2) ശിവാലിക് ഡീലക്‌സ് എക്‌സ്പ്രസ്

റിവേഴ്‌സിബിള്‍ കുഷ്യന്‍ സീറ്റുകള്‍, കാര്‍പ്പെറ്റ്, ഭക്ഷണം, മ്യൂസിക് എന്നിവ യാത്രയിലുടനീളം പ്രദാനം ചെയ്യുന്ന സൂപ്പര്‍ ഫാസ്റ്റ് ട്രെയിനാണു ശിവാലിക് ഡീലക്‌സ് എക്‌സ്പ്രസ്. ഇതിന് സ്റ്റോപ്പുകളൊന്നുമില്ല. വിശാലമായ ഗ്ലാസ് വിന്‍ഡോകളിലൂടെ വിസ്മയകരമായ കാഴ്ചകള്‍ കാണാന്‍ സൗകര്യമുണ്ട്. പുലര്‍ച്ചെ 5.20ന് കല്‍ക്കയില്‍നിന്നും യാത്ര ആരംഭിക്കുന്ന ട്രെയിന്‍ പത്ത് മണിയോടെ ഷിംലയിലെത്തിച്ചേരും. വൈകുന്നേരം ഷിംലയില്‍നിന്നും 5.50 ന് ഷിംലയില്‍നിന്നും യാത്ര തിരിക്കുന്ന ട്രെയിന്‍ കല്‍ക്കയില്‍ രാത്രി 10.35ന് എത്തിച്ചേരും.

3) ഹിമാലയന്‍ ക്വീന്‍

സ്റ്റാന്‍ഡേര്‍ഡ് കാര്‍ സീറ്റുകളുള്ളതാണ് ഈ ട്രെയിന്‍. ഉച്ചയ്ക്ക് 12.10ന് കല്‍ക്കയില്‍നിന്നും സര്‍വീസ് ആരംഭിക്കുന്ന ട്രെയിന്‍ സിംലയില്‍ വൈകുന്നേരം 5.30 ന് എത്തിച്ചേരും. പിന്നീട് പിറ്റേ ദിവസം 10.25ന് ഷിംലയില്‍നിന്നും യാത്ര തിരിക്കുന്ന ട്രെയിന്‍ കല്‍ക്കയില്‍ വൈകുന്നേരം 4.10ന് എത്തിച്ചേരും. ഇവയ്ക്കു പുറമേ ശിവാലിക് ക്വീന്‍, ശിവാലിക് പാലസ് ടൂറിസ്റ്റ് കോച്ച് എന്നീ പേരുകളില്‍ രണ്ട് ഹെറിറ്റേജ് കാരേജുകളും ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്. ട്രെയ്‌നിനുള്ളില്‍ അടുക്കള, റഫ്രിജറേറ്റര്‍, ഡൈനിംഗ് ടേബിള്‍, മടക്കാവുന്ന കുഷ്യന്‍ ബെഡുകള്‍ എന്നിവ ഉള്‍പ്പെടുന്ന അത്യാധുനിക സൗകര്യങ്ങളുണ്ട് ഇതില്‍. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

കല്‍ക്ക-ഷിംല ട്രെയിന്‍ യാത്ര

  • യാത്രയ്‌ക്കെടുക്കുന്ന സമയം (ഒരു വശത്തേയ്ക്കു മാത്രം) -അഞ്ചര മണിക്കൂര്‍
  • യാത്ര ആരംഭിക്കുന്നത്- ഹരിയാനയിലെ പഞ്ച്കുള ജില്ലയിലുള്ള കല്‍ക്ക സ്റ്റേഷനില്‍നിന്ന്
  • യാത്ര അവസാനിക്കുന്നത്- ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍.
  • യാത്രയ്ക്ക് ഈടാക്കുന്ന തുക- 370 രൂപ

ഐആര്‍സിടിസിയുടെ വെബ്‌സൈറ്റിലൂടെ ടിക്കറ്റ് ബ്ുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്.
മേക്ക് മൈ ട്രിപ്പ്, ക്ലിയര്‍ ട്രിപ്പ് തുടങ്ങിയ ബുക്കിംഗ് സര്‍വീസുകളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.

Comments

comments

Categories: Top Stories