ഗോള്‍ സെറ്റിംഗ്: സംരംഭക വിജയത്തിന് അത്യന്താപേക്ഷിതം

ഗോള്‍ സെറ്റിംഗ്: സംരംഭക വിജയത്തിന് അത്യന്താപേക്ഷിതം

വ്യക്തമായ ലക്ഷ്യം മനസ്സില്‍ കൊണ്ട് നടക്കുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ഉദ്ദിഷ്ട കാര്യം നേടിയെടുക്കുന്നതിലും ഉറപ്പായും വിജയിക്കാറുണ്ട്. ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നര്‍ത്ഥം. സംരംഭക മേഖലയിലെ ഗോള്‍ സെറ്റിംഗ് അഥവാ ലക്ഷ്യ നിര്‍ണയത്തെ കുറിച്ചാണ് ഇത്തവണ

ഒരു സോഷ്യല്‍ മീഡിയ പ്രചാരണത്തിന്റെ ഭാഗമായി അടുത്ത കാലത്ത് പല നവ സംരംഭകരേയും കാണുവാന്‍ ഇടയായി. അതില്‍ വലിയ ഒരു വിഭാഗത്തിന് അവരുടെ ജീവിതത്തില്‍ അടുത്ത അഞ്ചു വര്‍ഷം കൊണ്ട് എവിടെ എത്തണം എന്നോ അല്ലെങ്കില്‍ എന്ത് നേടിയെടുക്കണം എന്നതിനെ കുറിച്ചോ ഒരു വ്യക്തമായ ധാരണ ഇല്ല എന്നത് എന്നെ ശരിക്കും ഞെട്ടിച്ചു. ഞാന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഒരു ഘടനയുമായാണ് അവരോട് ഈ ചോദ്യങ്ങള്‍ ചോദിച്ചത്. അതില്‍ പലര്‍ക്കും എവിടെ എത്തണം എന്നതിനെ കുറിച്ച് 20 ശതമാനം പോലും വ്യക്തത ഇല്ല എന്ന് മനസ്സിലായി.

ഗോളുകളെ അല്ലെങ്കില്‍ ലക്ഷ്യത്തെ മൂന്നായി തിരിക്കാം

• തുടക്കക്കാരുടെ ലക്ഷ്യങ്ങള്‍
• ഹ്രസ്വകാല ലക്ഷ്യങ്ങള്‍
• ദീര്‍ഘകാല ലക്ഷ്യങ്ങള്‍

തുടക്കക്കാരുടെ ലക്ഷ്യങ്ങളില്‍ വ്യക്തത കുറവായിരിക്കും. അതുകൊണ്ട് തന്നെ ഈ ലക്ഷ്യങ്ങള്‍ പല പ്രാവശ്യം എഴുതി മൂര്‍ച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. സമയബന്ധിതമല്ലാത്ത ലക്ഷ്യങ്ങള്‍ എഴുതി വെച്ചിട്ട് ഒരു കാര്യവും ഇല്ല. ദീര്‍ഘ കാല ലക്ഷ്യങ്ങള്‍ എഴുതുമ്പോള്‍ വളരെ പെട്ടെന്ന് എത്തിപിടിക്കാന്‍ പറ്റാത്ത എന്നാല്‍ പ്രാപ്യമായ ലക്ഷ്യങ്ങള്‍ കണ്ടെത്തി എഴുതുക. ഹ്രസ്വകാല ലക്ഷ്യങ്ങളും ദീര്‍ഘകാല ലക്ഷ്യങ്ങളും പരസ്പര പൂരകങ്ങള്‍ ആയിരിക്കണം. അതായത് ചെറിയ ലക്ഷ്യങ്ങളിലൂടെ വലിയ ലക്ഷ്യങ്ങളിലേക്ക് പ്രയാണം ചെയ്യുക.

ഒരു ലക്ഷ്യവും ഇല്ലാതെ കഠിനമായി ജോലി മാത്രം ചെയ്യുന്നവരേക്കാള്‍ വ്യക്തമായ ലക്ഷ്യത്തോടെ ആ ചിന്തയെ മനസ്സില്‍ കൊണ്ട് നടക്കുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ഉദ്ദിഷ്ട കാര്യം നേടിയെടുക്കുന്നതില്‍ 275% മുന്നിലാണ്. അതായത് ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നര്‍ത്ഥം. ലക്ഷ്യത്തിലേക്ക് എത്തുന്നതിനു വേണ്ടി വളരെ വലിയ കാര്യങ്ങള്‍ ഒന്നും ചെയ്യേണ്ട ആവശ്യം ഇല്ല. ഓരോ ദിവസവും ചെയ്യുന്ന കാര്യങ്ങളില്‍ 1% എങ്കിലും കൂടുതല്‍ ചെയ്യുവാന്‍ ശ്രമിക്കുക.

ഗോള്‍ സെറ്റിംഗില്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യം, ലക്ഷ്യത്തില്‍ എത്തുമെന്നതിനെ സംബന്ധിച്ച് അണുവിട വ്യതിചലിക്കാത്ത വിശ്വാസമാണ്. സ്വന്തം കഴിവില്‍ വിശ്വാസം ഇല്ലാതെ, ആത്മവിശ്വാസം വെച്ച് പുലര്‍ത്താതെ വെറുതെ ലക്ഷ്യം ഒരു കഷ്ണം കടലാസില്‍ എഴുതിയിട്ട് കാര്യമില്ല. ഗോളുകള്‍ എഴുതുമ്പോള്‍ അതുമായി അനുബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങളും വ്യക്തമായി എഴുതിയിരിക്കണം. ഉദാഹരണത്തിന് ഇന്ന തിയതിക്ക് നിങ്ങളുടെ സേവിംഗ്‌സ് എക്കൗണ്ടില്‍ ഇത്ര രൂപ ഉണ്ടായിരിക്കണം എന്നതാണ് ഒരു ലക്ഷ്യം എന്ന് വെക്കുക. അപ്പോള്‍ അതിനു അനുബന്ധമായി ഇന്ന തിയതി മുതല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കില്ല എന്ന് തീരുമാനിക്കുക. ക്രെഡിറ്റ് കാര്‍ഡില്‍ എന്തെങ്കിലും അടവ് ഉണ്ടെങ്കില്‍ മുകളില്‍ പറഞ്ഞ തിയതിക്ക് ഒരു മാസം മുന്‍പ് തന്നെ അടച്ചു തീര്‍ക്കുവാന്‍ ആവശ്യമായ തുക എഴുതി അത് കണ്ടെത്തുവാന്‍ ഉള്ള ഉപാധിയും മാസ ചെലവില്‍ ചേര്‍ക്കുക.

ഗോള്‍ സെറ്റിംഗില്‍ സാധാരണ വരുന്ന ഒരു ചോദ്യമാണ് എത്ര ഗോളുകള്‍ വരെ സെറ്റ് ചെയ്യാം എന്നത്. വളരെ കുറഞ്ഞാലും വളരെ കൂടിയാലും പ്രശ്‌നമാണ്. സാധാരണ രീതിയില്‍ അഞ്ചോ ആറോ ഗോളുകള്‍ വരെ ലക്ഷ്യം വെക്കാം. കുറഞ്ഞത് മൂന്ന് ഗോളുകള്‍ എങ്കിലും ലക്ഷ്യം വെക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക. ഗോളുകളെ അല്ലെങ്കില്‍ ലക്ഷ്യങ്ങളെ വേണമെങ്കില്‍ രണ്ടായി തിരിച്ചും സെറ്റ് ചെയ്യാം. വ്യക്തിപരമായ ലക്ഷ്യങ്ങള്‍ ഔദ്യോഗികമായ ലക്ഷ്യങ്ങള്‍. ഇങ്ങനെ ചെയ്യുമ്പോള്‍ കൂടുതല്‍ വ്യക്തത കൈവരും.

ഇവ കട്ടിയുള്ള 300 GSM പേപ്പറില്‍ ഇരു പുറവുമായി പ്രിന്റ് ചെയ്ത്, ലാമിനേറ്റ് ചെയ്ത് പോക്കറ്റില്‍ അല്ലെങ്കില്‍ പഴ്‌സില്‍ വെക്കുകയും ദിവസവും രണ്ടോ മൂന്നോ അതില്‍ കൂടുതല്‍ തവണയോ എടുത്ത് വായിക്കുകയും ചെയ്യുക. അതായത് നമ്മുടെ ഉപബോധ മനസ്സിലേക്ക് ഈ ഗോളുകള്‍ ആഴ്ന്നു ഇറങ്ങുവാന്‍ സഹായിക്കുക എന്നത് വളരെ പ്രധാനമാണ്. സംരംഭങ്ങളില്‍ വലിയ വിജയം കൈവരിച്ചവരും ജോലിയില്‍ ഉയര്‍ന്ന നിലയില്‍ എത്തിയവരും ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് ഗോള്‍ സെറ്റിംഗിനു തന്നെയാണ്. വായനക്കാര്‍ ഇതില്‍ കാര്യമായ ശ്രദ്ധ പതിപ്പിക്കും എന്ന് വിശ്വസിക്കുന്നു.

(കല്യാണ്‍ജി സ്റ്റാര്‍ട്ടപ്പ് സ്ട്രാറ്റജിസ്റ്റും സ്റ്റാര്‍ട്ടപ്പ് സ്ട്രാറ്റജി പ്രാസംഗികനുമാണ്. അദ്ദേഹത്തെ https://www.facebook.com/startupconsultingindia/ എന്ന ഫേസ്ബുക് ഐഡിയില്‍ ബന്ധപ്പെടാം. Whatsapp: +91-9497154400)

Categories: FK Special, Slider