ട്രംപ് ഇന്ത്യയിലേക്ക്

ട്രംപ് ഇന്ത്യയിലേക്ക്
  • യുഎസ് പ്രസിഡന്റിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനം ഈ മാസം 24, 25 തിയതികളില്‍
  • വാണിജ്യ കരാര്‍ മുഖ്യ അജണ്ട; വമ്പന്‍ പ്രതിരോധ ഇടപാടുകളും യാഥാര്‍ഥ്യമാകും
  • ഇന്ത്യയും യുഎസും 2.6 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാറില്‍ ഒപ്പുവെച്ചേക്കും

ട്രംപിന്റെ ആദ്യ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം കൂടുതല്‍ കരുത്തുറ്റതാക്കാന്‍ അവസരമൊരുക്കും

-ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

വാഷിംഗ്ടണ്‍: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മാസം ഒടുവില്‍ ഇന്ത്യയിലെത്തും. 24, 25 തിയതികളിലായിരിക്കും സന്ദര്‍ശനം. ഡെല്‍ഹിക്ക് പുറമെ അഹമ്മദാബാദും യുഎസ് പ്രസിഡന്റ് സന്ദര്‍ശിക്കും. ട്രംപിനൊപ്പം പ്രഥമ വനിത മെലാനിയയും ഇന്ത്യയിലെത്തുമെന്ന് വൈറ്റ് ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. യുഎസ് പ്രസിഡന്റ് എന്ന നിലയിലുള്ള ട്രംപിന്റെ ആദ്യത്തെ ഇന്ത്യാ സന്ദര്‍ശനമാണിത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ 2010 ലും 2015 ലുമായി രണ്ട് തവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുദ്ദേശിച്ചുള്ളതാണ് ട്രംപിന്റെ സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും കഴിഞ്ഞയാഴ്ച ടെലഫോണില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. വ്യാപാരം മുതല്‍ ഭീകരവാദ വിരുദ്ധ പോരാട്ടം വരെ വിശാലമായ വിഷയങ്ങളാണ് യുഎസ് പ്രസിഡന്റിന്റെ സന്ദര്‍ശന അജണ്ട. മാസങ്ങള്‍ നീണ്ട വ്യാപാര തര്‍ക്കങ്ങള്‍ക്കൊടുവില്‍ യുഎസുമായുള്ള നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. വ്യാപാര തര്‍ക്കം മൂര്‍ഛിച്ചു നിന്ന ഘട്ടത്തില്‍ ‘ലോകത്തെ താരിഫുകളുടെ രാജാവ്’ എന്ന് ട്രംപ് ഇന്ത്യയെ കുറ്റപ്പെടുത്തിയിരുന്നു. യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന അധിക ഇറക്കുമതി നികുതി കുറയ്ക്കണമെന്ന ആവശ്യത്തോട് ന്യൂഡെല്‍ഹി സകാരാത്മകമായാണ് പ്രതികരിച്ചത്. വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെയും യുഎസ് വ്യാപാര പ്രതിനിധി റോബര്‍ട്ട് ലെയ്‌ത്തൈസറിന്റെയും നേതൃത്വത്തില്‍ ഇന്ത്യ-യുഎസ് വാണിജ്യ കരാറിന് ഏകദേശ രൂപമായിട്ടുണ്ട്. ട്രംപ്-മോദി കൂടിക്കാഴ്ചക്ക് ശേഷം കരാര്‍ പ്രഖ്യാപിക്കപ്പെടുമെന്നാണ് സൂചന. ഭീകര വാദത്തിനെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കുന്നതിനെ സംബന്ധിച്ചും പസഫിക് സമുദ്രത്തിലെ ചൈനാ വിരുദ്ധ തന്ത്രവും, പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍-ഇറാന്‍ വിഷയങ്ങളും മോദി ട്രംപ് കൂടിക്കാഴ്ചയില്‍ നിര്‍ണായക വിഷയങ്ങളാകും.

പ്രതിരോധ ഇടപാട്

വമ്പന്‍ പ്രതിരോധ ഇടപാടുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. യുഎസില്‍ നിന്ന് 24 എംഎച്ച്-60ആര്‍ ഹെലികോപ്റ്ററുകള്‍ ഇന്ത്യ വാങ്ങിയേക്കും. വരുന്ന ആഴ്ചയില്‍ കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി ഈ നീക്കത്തിന് സമ്മതം മൂളുമെന്നാണ് പ്രതിരോധ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നാവിക സേനയുടെ യുദ്ധക്കപ്പലുകളില്‍ വിന്യസിക്കുന്നതിനാണ് യുഎസ് പ്രതിരോധ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിനില്‍ നിന്ന് 2.6 ബില്യണ്‍ ഡോളര്‍ മുടക്കി ഹെലികോപ്റ്ററുകള്‍ വാങ്ങുന്നത്. എംഎച്ച് ഹെലികോപ്റ്ററുകളോടൊപ്പം റഡാര്‍, ടോര്‍പ്പിഡോ, 10 എജിഎം-114 ഹെല്‍ഫയര്‍ മിസൈലുകള്‍ എന്നിവയും ഇന്ത്യയ്ക്ക് വില്‍ക്കുന്നതിന് യുഎസ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയിരുന്നു. സംയോജിത വായു പ്രതിരോധ സംവിധാനം വാങ്ങാന്‍ അനുമതി തേടിയുള്ള ഇന്ത്യയുടെ ആവശ്യം തിങ്കളാഴ്ച അനുവദിക്കപ്പെട്ടു. 1.87 ബില്യണ്‍ ഡോളറിന്റെ ഇടപാടാണ് അത്. നടപ്പ് വര്‍ഷം ഈ കരാറും യാഥാര്‍ത്ഥ്യമായേക്കും.

രണ്ടുണ്ട് കാര്യം

അപ്പാച്ചെ, ചിനൂക്ക് ഹെലികോപ്റ്ററുകള്‍, നിരീക്ഷണ വിമാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ യുഎസ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ വലിയ രീതിയില്‍ വാങ്ങിക്കൂട്ടാനുള്ള നീക്കം, യുഎസുമായുള്ള ബന്ധം ദൃഢപ്പെടുത്താനുള്ള ഇന്ത്യയുടെ വാഞ്ഛയാണ് വെളിപ്പെടുത്തുന്നതെന്നാണ് വ്യാപാര വൃത്തങ്ങള്‍ നിരീക്ഷിക്കുന്നത്. ട്രംപ് ആവര്‍ത്തിച്ച് ആശങ്കപ്പെടുന്ന വാണിജ്യ കമ്മി വന്‍തോതില്‍ കുറയ്ക്കാന്‍ ഈ കരാറുകള്‍ സഹായിക്കുമെന്നതാണ് ആദ്യത്തെ കാര്യം. റഷ്യയില്‍ നിന്ന് എസ്-400 ട്രയംഫ് മിസൈല്‍ പ്രതിരോധ കവചം വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തോട് അമേരിക്ക കടുത്ത എതിര്‍പ്പാണ് ഉയര്‍ത്തിയിരിക്കുന്നത്. ഈ വിഷയത്തില്‍ യുഎസിനെ അനുനയിപ്പിക്കുകയെന്ന ഉദ്ദേശ്യവും ഇന്ത്യയ്ക്കുണ്ട്.

Categories: FK News, Slider