അരവിന്ദ് കേജ്രിവാളിന്റെ വിജയത്തില്‍ നിന്നും ബിജെപി പഠിക്കേണ്ട ചില പാഠങ്ങളുണ്ട്

അരവിന്ദ് കേജ്രിവാളിന്റെ വിജയത്തില്‍ നിന്നും ബിജെപി പഠിക്കേണ്ട ചില പാഠങ്ങളുണ്ട്

സദ്ഭരണത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പലപ്പോഴും വാചാലനായിട്ടുണ്ട്. ആ പാഠം യഥാസമയത്ത് തിരിച്ചറിഞ്ഞുവെന്നതാണ് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിന്റെ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. നെഗറ്റീവ് പൊളിറ്റിക്‌സില്‍ നിന്നും വിദ്വേഷ പ്രചരണങ്ങളില്‍ നിന്നും ബോധപൂര്‍വം മാറി നടന്ന്, തന്റെ ഭരണ നേട്ടങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടിയാണ് അരവിന്ദ് കേജ്രിവാള്‍ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അത് ജനം കണക്കിലെടുത്ത്. ക്ഷുഭിതനായ ആക്റ്റിവിസ്റ്റില്‍ നിന്ന് പാകതയും ദീര്‍ഘവീക്ഷണവുമുള്ള ഭരണാധികാരിയിലേക്ക് കേജ്രിവാള്‍ പരിവര്‍ത്തനപ്പെടുകയാണെന്ന വാദങ്ങളുടെ കൂടി സാധൂകരണമാണ് ഇന്നലെ വന്ന തെരഞ്ഞെടുപ്പ് ഫലം.

ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം മോദിയെ വിമര്‍ശിച്ച് ദേശീയ നേതാവാകാന്‍ ശ്രമിച്ചിരുന്ന ഒരു കേജ്രിവാളുണ്ടായിരുന്നു. കേവല രാഷ്ട്രീയത്തിലേക്ക് ആംആദ്മി രാഷ്ട്രീയം താഴ്ന്ന കാലം. അന്ന് ജനം തിരിച്ചടി നല്‍കിയത് തെരഞ്ഞെടുപ്പിലൂടെയായിരുന്നു.
തുടര്‍ച്ചയായ നെഗറ്റീവിസത്തിലും വ്യക്തിഹത്യയിലും ഊന്നിയുള്ള കേജ്രിവാളിന്റെ ആരോപണ രാഷ്ട്രീയത്തിനേറ്റ ശക്തമായ തിരിച്ചടികളായിരുന്നു അധികാരമേറ്റ് രണ്ട് വര്‍ഷത്തിനിടെ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പും അതിനു ശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുമെല്ലാം. പ്രധാനമന്ത്രിക്കെതിരെ കടുത്ത വ്യക്തിഗത ആരോപണങ്ങള്‍ ഉന്നയിച്ച് വാര്‍ത്തകളില്‍ നിറയാനാണ് കേജ്രിവാള്‍ ശ്രമിച്ചത്. നല്‍കിയ വാഗ്ദാനങ്ങള്‍ പലതും പാലിക്കാനും കഴിഞ്ഞില്ലെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നു.

മോദിയെ പരിധി വിട്ട് ആക്രമിക്കുന്നത് മോദിക്ക് തന്നെ നേട്ടമായും തനിക്ക് കോട്ടമായും ഭവിക്കുന്നത് കേജ്രിവാള്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ മറ്റ് നേതാക്കളില്‍ നിന്ന് ഡെല്‍ഹി മുഖ്യമന്ത്രിയെ വ്യത്യസ്തനാക്കുന്നത് കൃത്യമായ സമയങ്ങളില്‍ തന്റെ പിഴവുകള്‍ തിരിച്ചറിയാനും അതനുസരിച്ച് മാറാനും അദ്ദേഹത്തിനായി എന്നതാണ്.

2013ലാണ് എഎപി ആദ്യമായി അധികാരത്തിലേറിയത്. 15 വര്‍ഷം നീണ്ട കോണ്‍ഗ്രസിന്റെ ഭരണം അവസാനിപ്പിച്ചിട്ടായിരുന്നു അത്. മല്‍സരിച്ച ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ 28 സീറ്റുകള്‍. കോണ്‍ഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ അധികാരമേറിയെങ്കിലും 49 ദിവസത്തിന്റെ ആയുസേ ഭരണത്തിനുണ്ടായിരുന്നുള്ളൂ. 2015ല്‍ 70ല്‍ 67 സീറ്റും നേടി അതിഗംഭീര വിജയമാണ് കേജ്രിവാള്‍ നേടിയത്.

ഷഹീന്‍ബാഗ് സമരങ്ങളിലും സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിലുമെല്ലാം എഎപിയെ വീഴ്ത്താന്‍ മുഖ്യഎതിരാളികള്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും തങ്ങളുടെ ഭരണ നേട്ടങ്ങളിലേക്ക് മാത്രം ഊന്നല്‍ നല്‍കിയായിരുന്നു ആപ്പിന്റെ പ്രചരണങ്ങളെന്നത് ശ്രദ്ധേയമായിരുന്നു. 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, 200-400 യൂണിറ്റിനുള്ളിലെ ഉപഭോഗത്തിന് 50 ശതമാനം ഇളവ്, പ്രതിമാസം 20,000 ലിറ്റര്‍ സൗജന്യ വെള്ളം, വനിതകള്‍ക്ക് സൗജന്യ ബസ്, മെട്രോ യാത്രകള്‍, വൈഫൈ പോയ്ന്റുകള്‍, മൊഹല്ല ക്ലിനിക്കുകള്‍…ഇങ്ങനെ സാധാരണക്കാരെ പ്രത്യക്ഷത്തില്‍ തൊടുന്ന ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ചുള്ള പ്രചരണങ്ങളിലായിരുന്നു എഎപിയുടെ ശ്രദ്ധയത്രയും. അതിന് ആധുനിക സാങ്കേതികവിദ്യയെ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്തു. മറുവശത്ത് കോണ്‍ഗ്രസിനും ബിജെപിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെ പോലും ഉയര്‍ത്തിക്കാണിക്കാന്‍ സാധിച്ചില്ല. ശക്തനായ ഒരു പ്രാദേശിക നേതാവിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കാത്തത് ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ പോരായ്മ തന്നെയായിരുന്നു.

വികസനാത്മകവും പുരോഗമനപരവുമായ ഒരു രാഷ്ട്രീയ മോഡലാണ് എഎപിയിലൂടെ ഡെല്‍ഹിയില്‍ സൃഷ്ടിക്കപ്പെടുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ വികസനത്തിന്റെയും ജനങ്ങളുടെ ജീവിതനിലവാരത്തിന്റെയും പോരായ്മകളില്‍ ഊന്നി തെരഞ്ഞെടുപ്പിനെ നേരിടാന്‍ മറ്റ് പാര്‍ട്ടികള്‍ തയാറാകണം.

Categories: Editorial, Slider