പ്രതിനായകന്‍ ഓസ്‌കറിലെ ഹീറോ ആയപ്പോള്‍

പ്രതിനായകന്‍ ഓസ്‌കറിലെ ഹീറോ ആയപ്പോള്‍

സൂപ്പര്‍ ഹീറോ സിനിമകളുടെ മാമൂലുകളെ അഥവാ സമ്പ്രദായങ്ങളെ ധിക്കരിച്ച ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണു ജോക്കര്‍. ജോക്കറിലൂടെ അഭിനയത്തിലൂടെ വാക്വിന്‍ ഫീനിക്‌സിനു മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചിരിക്കുന്നു.

വേറിട്ടു നിന്നൊരു നടനായിരുന്നു മര്‍ലോണ്‍ ബ്രാന്‍ഡോ. 1960-കളിലും 70-കളിലും പ്രതിഭയുള്ളൊരു നടന്‍ എന്ന നിലയില്‍ അദ്ദേഹം തിളങ്ങി. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു നടനെന്ന നിലയില്‍ ബ്രാന്‍ഡോ ഒന്നാമനായിരുന്നു. അല്‍ പസിനോയും, റോബര്‍ട്ട് ഡി നിരോയും പിന്നീടുള്ള വര്‍ഷങ്ങളില്‍ ഉയര്‍ന്നുവന്നെങ്കിലും അഭിനേതാക്കളുടെ മികവിനെ നാല് പതിറ്റാണ്ടോളം കാലം അളന്നിരുന്നത് ബ്രാന്‍ഡോയുമായി സാമ്യപ്പെടുത്തി കൊണ്ടായിരുന്നു. അതായത്, അഭിനേതാക്കളുടെ മികവിനെ അളക്കാന്‍ ലോകം ഉപയോഗിച്ചിരുന്ന ഒരു സ്റ്റാന്‍ഡേര്‍ഡ് ഉപകരമായി വര്‍ത്തിച്ചു ബ്രാന്‍ഡോ എന്നു ചുരുക്കം. മര്‍ലോണ്‍ ബ്രാന്‍ഡോയ്ക്കു ശേഷം ആ ശ്രേണയിലേക്കു നിസംശയം പ്രതിഷ്ഠിക്കാവുന്നൊരു നടനാണു വാക്വിന്‍ ഫീനിക്‌സ് എന്ന് ചലച്ചിത്ര ലോകം പറയുന്നു. പോള്‍ തോമസ് ആന്‍ഡേഴ്‌സന്റെ ‘ദ മാസ്റ്റര്‍’ (2012)എന്ന ചിത്രത്തിലെ ഫീനിക്‌സിന്റെ അഭിനയം അതിന് അടിവരയിടുകയും ചെയ്യുന്നുണ്ട്. ഈ ചിത്രത്തിലെ അഭിനയ മികവിന് ഫീനിക്‌സിന് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിക്കുകയുണ്ടായി. പക്ഷേ ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കാന്‍ ഫീനിക്‌സിന് പിന്നെയും എട്ട് വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു. അങ്ങനെ 2020 ഫെബ്രുവരി ഒന്‍പതിന് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം ജോക്കര്‍ സിനിമയിലൂടെ ഫീനിക്‌സ് സ്വന്തമാക്കിയിരിക്കുന്നു.

2000-ലായിരുന്നു ഫീനിക്‌സിന് ആദ്യമായി ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചത്. ഗ്ലാഡിയേറ്റര്‍ എന്ന ചിത്രത്തിലെ സഹനടന്‍ എന്ന നിലയിലായിരുന്നു നോമിനേഷന്‍ ലഭിച്ചത്. പിന്നീട് വാക്ക് ദ ലൈന്‍ (2005), ദ മാസ്റ്റര്‍ (2012) തുടങ്ങിയ ചിത്രങ്ങളിലും നോമിനേഷന്‍ ലഭിച്ചു. പക്ഷേ 2019 ല്‍ പുറത്തിറങ്ങിയ ജോക്കര്‍ എന്ന സിനിമയിലെ അഭിനയത്തിലൂടെയാണു ഫീനിക്‌സ് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം ആദ്യം സ്വന്തമാക്കിയിരിക്കുന്നത്. 45 കാരനായ താരം നേരത്തെ ബാഫ്റ്റ, ഗോള്‍ഡന്‍ ഗ്ലോബ്, സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ് അവാര്‍ഡ് എന്നിവ നേടിയിരുന്നു. ആര്‍തര്‍ ഫ്‌ളെക്ക് എന്ന സ്റ്റാന്‍ഡ് അപ് കൊമേഡിയന്റെ (സദസ്യരുടെ മുന്നില്‍ നേരിട്ടുനിന്നു തമാശ പറയുന്ന കോമാളി) കഥയാണു ജോക്കര്‍ എന്ന ചിത്രം പറയുന്നത്. ഫീനിക്‌സാണ് ആര്‍തര്‍ ഫ്‌ളെക്കായി വേഷമിട്ടിരിക്കുന്നത്. ജീവിതത്തിലുടനീളം പരിഹാസവും പീഡനവും അപമാനവും ഏറ്റുവാങ്ങിയ ആര്‍തര്‍ ഫ്‌ളെക്ക് എന്ന ജോക്കര്‍ ഗോഥം നഗരത്തെ വിറപ്പിക്കുന്ന വില്ലന്‍ ജോക്കറായി തീരുന്നു. ഗോഥം നഗരത്തിലെ ധനികര്‍ക്കെതിരേയാണ് ആര്‍തര്‍ ഫ്‌ളെക്ക് എന്ന പരാജിത കൊമേഡിയന്റെ പോരാട്ടം. ടോഡ് ഫിലിപ്‌സാണു ജോക്കര്‍ എന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ സംവിധാനം ചെയ്തത്.

ജോക്കറിലെ ആര്‍തര്‍ ഫ്‌ളെക്ക് എന്ന കഥാപാത്രമായി തീരുക എന്നത് ഫീനിക്‌സിനെ സംബന്ധിച്ചു നിസാരമായിരുന്നില്ല. ശരീരത്തിലും, മനസിലും ജോക്കറിന്റെ ഭാവവും, കിറുക്കന്‍ ബുദ്ധിയും (മാനിയാക്കല്‍ സ്പിരിറ്റ്) ഉള്‍ക്കൊള്ളുക എന്നത് തീര്‍ത്തും വെല്ലുവിളി തന്നെയായിരുന്നു. ആര്‍തര്‍ ഫ്‌ളെക്ക് എന്ന ജോക്കറിന്റെ രൂപം തോന്നിപ്പിക്കാന്‍ ഫീനിക്‌സ് 52 പൗണ്ട് ഭാരം കുറയ്ക്കുകയുണ്ടായി. പ്യൂര്‍ട്ടോ റിക്കോയിലെ സാന്‍ ജുവാനിലാണ് വാക്വിന്റെ ജനനം. വാക്വിന്‍ ബോട്ടം എന്നായിരുന്നു പേര്. 1986-ലെ സ്‌പേസ് ക്യാംപ് എന്ന ചിത്രത്തിലൂടെ ആദ്യമായി അഭിനേതാവായി. പിന്നീട് ഒരു വര്‍ഷത്തിനു ശേഷം പുറത്തിറങ്ങിയ റസ്‌കീസ് എന്ന ചിത്രത്തില്‍ ഫീനിക്‌സ് മികച്ച അഭിനയം കാഴ്ചവച്ചു. ഫീനിക്‌സ് വാക്വിമിന്റെ ആദ്യകാല അഭിനയ ജീവിതത്തില്‍ ലീഫ് ഫീനിക്‌സ് എന്നാണു സ്വയം വിശേഷിപ്പിച്ചിരുന്നത്. കാരണം അദ്ദേഹത്തിന്റെ സഹോദരന്റെ പേര് റിവര്‍ ഫീനിക്‌സ് എന്നായിരുന്നു. ഇംഗ്ലീഷില്‍ റിവര്‍ എന്നാല്‍ നദി എന്നാണല്ലോ അര്‍ഥം. സഹോദരന്റെ പോലെ തനിക്കും പ്രകൃതിയുമായി ബന്ധപ്പെട്ടൊരു പേര് വേണമെന്നു ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് അദ്ദേഹം ഇല എന്ന അര്‍ഥമുള്ള ലീഫ് എന്നു സ്വന്തം പേരിനൊപ്പം കൂട്ടി ചേര്‍ത്തത്. എന്നാല്‍ 1995-ല്‍ ടു ഡൈ ഫോര്‍ എന്ന ചിത്രത്തിനു വേണ്ടി അദ്ദേഹം വാക്വിന്‍ ഫീനിക്‌സ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. വാക്വിന്‍ ഫീനിക്‌സിന്റെ സഹോദരന്‍ റിവര്‍ ഫീനിക്‌സിന്, ദ മൊസ്‌കിറ്റോ കോസ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് 1986ല്‍ ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു. റിവര്‍ ഫീനിക്‌സ് മയക്ക്മരുന്ന് അമിതമായി കഴിച്ച് 1993-ല്‍ 23 ാം വയസില്‍ മരിക്കുകയായിരുന്നു. ഹോളിവുഡില്‍ ഇന്നു വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ ചെയ്യുന്ന അപൂര്‍വ്വം അഭിനേതാക്കളില്‍ ഒരാളാണു വാക്വിന്‍ ഫീനിക്‌സ്. ആക്ഷന്‍ അല്ലെങ്കില്‍ ത്രില്ലര്‍ വേഷമാകട്ടെ, ഉജ്ജ്വലമായ ശൈലിയും, സ്റ്റൈലുമുള്ള റൊമാന്റിക് വേഷങ്ങളാകട്ടെ, വാക്വിമിന്റെ കൈയ്യില്‍ അവയെല്ലാം ഭദ്രം. അതു കൊണ്ടു തന്നെ ഒരു തവണ ഫീനിക്‌സിന്റെ അഭിനയത്തിനു സാക്ഷ്യം വഹിച്ച പ്രേക്ഷകര്‍ക്ക് ഈ നടനെ പെട്ടെന്നു വിസ്മരിക്കാനുമാവില്ല. സംഗീത രംഗത്തെ ഐക്കണ്‍ എന്നു വിശേഷിപ്പിക്കുന്ന ജോണി ക്യാഷിനെയാണു ഫീനിക്‌സ് വാക്ക് ദ ലൈനില്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ ജോണി ക്യാഷിന്റെ വ്യതിരിക്തമായ ആലാപന ശബ്ദം വളരെ മനോഹരമായി അവതരിപ്പിക്കാന്‍ ഫീനിക്‌സിനു സാധിച്ചു. അതു പോലെ ഗ്ലാഡിയേറ്ററിലെ കൊമോഡസ് ചക്രവര്‍ത്തിയുടെ ക്രൂരമായ സാഡിസത്തെ ഫീനിക്‌സ് അവതരിപ്പിച്ചത് എത്ര ഉജ്ജ്വലമായിട്ടാണ്. ഈ രണ്ട് വേഷങ്ങളും മതി ഫീനിക്‌സിനെ സമാനതകളില്ലാത്ത നടനെന്നു വിശേഷിപ്പിക്കാന്‍. അഭിനയ ലോകത്ത് നേട്ടങ്ങളുടെ നെറുകയിലെത്തിയ ഫീനിക്‌സിന്റെ ബാല്യം പക്ഷേ, വെല്ലുവിളി നിറഞ്ഞതായിരുന്നു. 17 വയസുള്ളപ്പോള്‍, കൗമാരപ്രായത്തില്‍ ഫീനിക്‌സിന് സ്വന്തം ജ്യേഷ്ഠനെ നഷ്ടപ്പെട്ടു. മാതാപിതാക്കള്‍ ഒരു മിഷനറി ഗ്രൂപ്പിലെ അംഗങ്ങളായിരുന്നതിനാല്‍ ഫീനിക്‌സിനു ബാല്യകാലത്ത് നാടോടിയുടേതു പോലൊരു ജീവിതം നയിക്കേണ്ടിയും വന്നിരുന്നു. കാരണം മിഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാതാപിതാക്കള്‍ നാടുകള്‍ തോറും സഞ്ചരിക്കുമായിരുന്നു. ബാല്യകാലത്ത് ഫീനിക്‌സ് കൂടുതലും ചെലവഴിച്ചത് സൗത്ത്, സെന്‍ട്രല്‍ അമേരിക്കയിലായിരുന്നു. ഫീനിക്‌സിന്റെ മാതാപിതാക്കള്‍ അംഗങ്ങളായിരുന്ന പ്രാര്‍ഥനാ ഗ്രൂപ്പ് ചില ദുഷിച്ച രീതികള്‍ പിന്തുടര്‍ന്നപ്പോള്‍ അവര്‍ ആ ഗ്രൂപ്പില്‍നിന്നും പിന്മാറുകയും തിരിച്ച് ലോസ് ഏഞ്ചല്‍സിലേക്ക് താമസം മാറ്റുകയും ചെയ്തു.

ഫീനിക്‌സ് അഭിനയരംഗത്തേയ്ക്ക് പ്രവേശിച്ചത് ടിവി ഷോകളിലൂടെയായിരുന്നു. പിന്നീട് സിനിമകളിലും അഭിനയിച്ചു തുടങ്ങി. 1989-ലെ സ്റ്റീവ് മാര്‍ട്ടിന്റെ പാരന്റ്ഹുഡ് എന്ന ചിത്രത്തിലെ അഭിനയത്തിനു ഫീനിക്‌സ് നിരവധി പ്രശംസ നേടുകയുണ്ടായി. അഭിനയലോകത്ത് ഉയരങ്ങള്‍ കീഴടക്കാന്‍ തുടങ്ങിയപ്പോളായിരുന്നു ഫീനിക്‌സിന്റെ സഹോദരന്റെ മരണം. അത് ഫീനിക്‌സിനെ കടുത്ത നിരാശയിലാഴ്ത്തി. രണ്ട് വര്‍ഷത്തോളം അഭിനയത്തില്‍നിന്നും ഫീനിക്‌സ് വിട്ടുനിന്നു. ഇതിനിടെ ഫീനിക്‌സിന്റെ മാതാപിതാക്കള്‍ വേര്‍പിരിയുകയും ചെയ്തു. 1995ല്‍ ടു ഡൈ ഫോര്‍ എന്ന ചിത്രമാണു ഫീനിക്‌സിന്റെ കരിയറില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്തത്. ഈ ചിത്രം വലിയ വിജയം നേടി. പിന്നീട് ഒലിവര്‍ സ്‌റ്റോണിനൊപ്പം യു ടേണ്‍ ചെയ്തു. റിഡ്‌ലി സ്‌കോട്ടിന്റെ ഗ്ലാഡിയേറ്ററാണു ഫീനിക്‌സിന്റെ അഭിനയ മികവിനെ ലോകത്തിന്റെ ശ്രദ്ധയില്‍ പതിപ്പിച്ചത്. ഇക്കാലത്ത് ഫീനിക്‌സ് മനോജ് നൈറ്റ് ശ്യാമളന്റെ സൈന്‍സ്, ദ വില്ലേജ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

ഫീനിക്‌സിന്റെ ആദ്യകാല വേഷങ്ങളെല്ലാം ഓരോന്നും വൈകാരിക ആഴത്തെ പ്രതിഫലിപ്പിക്കുന്നവയായിരുന്നു. എന്നാല്‍ 2005-ല്‍ പുറത്തിറങ്ങിയ വാക്ക് ദ ലൈന്‍ എന്ന ചിത്രത്തോടെ അദ്ദേഹം അഭിനയത്തെ പുതിയ തലത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു. ജോണി ക്യാഷ് എന്ന സംഗീത രംഗത്തെ കുലപതിയെ ആധാരമാക്കിയായിരുന്നു ചിത്രം. ചിത്രത്തില്‍ ജോണി ക്യാഷിന്റെ വേഷമിട്ട ഫീനിക്‌സ് അദ്ദേഹത്തിന്റെ ആലാപന ശൈലിയെ നല്ല പോലെ ആവിഷ്‌കരിക്കുകയും ചെയ്തു. ഇതിനു ശേഷം പോള്‍ തോമസ് ആന്‍ഡേഴ്‌സന്റെ ദ മാസ്റ്ററിലെ ഫ്രെഡി ക്വല്‍ എന്ന കഥാപാത്രത്തിലൂടെ ഫീനിക്‌സ് പ്രേക്ഷകരെയും നിരൂപകരെയും ഒരു പോലെ അമ്പരപ്പിച്ചു. ഈ ചിത്രത്തിലൂടെ അദ്ദേഹത്തിന് മൂന്നാമത്തെ ഓസ്‌കാര്‍ നോമിനേഷനും നേടാന്‍ സാധിച്ചു. ജോണി ക്യാഷിനെയും അദ്ദേഹത്തിന്റെ ജീവിതത്തെയും കരിയറിനെയും രൂപപ്പെടുത്തിയ ചില ആസക്തികളുണ്ടായിരുന്നു. അവ വൈകാരികമായും ശാരീരികമായും ഉള്‍ക്കൊള്ളാന്‍ ഫീനിക്‌സ് പരിശീലിച്ചിരുന്നു. അത് പക്ഷേ, ഫീനിക്‌സിന്റെ യഥാര്‍ഥ ജീവിതത്തെ സ്വാധീനിക്കാന്‍ തുടങ്ങി. ഒരു ഇരുണ്ട ജീവിതം ഫീനിക്‌സിനു സമ്മാനിക്കുകയും ചെയ്തു. ജോണി ക്യാഷിന്റെ ജീവിതം ശരിക്കും അറിയാനായി ഫീനിക്‌സും ഒരു മുഴുക്കുടിയനായി (മദ്യപാനി) മാറുകയുണ്ടായി. 2009 – 2010 വരെ പൊതുജനങ്ങള്‍ക്കു ഫീനിക്‌സിനെ കുറിച്ച് ആശങ്കയുണ്ടായിരുന്നു. കാരണം ഈ സമയത്ത് അദ്ദേഹം അഭിനയത്തില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയും റാപ്പറാകാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നെന്ന് പറയുകയുണ്ടായി. ഈ പ്രഖ്യാപനം വന്നതോടെ ചിലര്‍ ആശങ്കപ്പെട്ടത് ഫീനിക്‌സ് മയക്കുമരുന്നിന് അടിമയായി മാറിയോ എന്നായിരുന്നു.

രണ്ടാം വരവില്‍ ഓസ്‌കര്‍ തിളക്കം

ഗായികയും സിനിമാ താരവുമായിരുന്ന ജൂഡി ഗാര്‍ലാന്‍ഡിന്റെ വേഷമിട്ട റെനി സെല്‍വെഗറിനെയാണ് ഓസ്‌കറിലെ മികച്ച നടിയായി തെരഞ്ഞെടുത്തത്. ജൂഡി എന്ന ചിത്രത്തിലാണ് റെനി ഈ വേഷം ചെയ്തത്. 2000-കളുടെ ആരംഭകാലത്തുള്ള നടിമാരെ കുറിച്ച് ഒരു സിനിമ പ്രേമി ചിന്തിച്ചാല്‍ തീര്‍ച്ചയായും റെനി സെല്‍വെഗറിനെ കുറിച്ചു ചിന്തിക്കാതിരിക്കില്ലെന്നത് തീര്‍ച്ചയാണ്. ബ്രിജിറ്റ് ജോണ്‍സസ് ഡയറി, ജെറി മാഗ്വെയര്‍, മി, മൈസെല്‍ഫ് & ഐറിന്‍ പോലുള്ള കള്‍ട്ട് ക്ലാസിക്കുകളിലൂടെ താന്‍ ഒരു റോം-കോം (റൊമാന്റിക്-കോമഡി) നടിയാണെന്നു തെളിയിച്ച അഭിനേത്രിയാണ് റെനി സെല്‍വെഗര്‍. ഇതു മാത്രമല്ല, സിന്‍ഡ്രെല്ല മാന്‍, മിസ് പോട്ടര്‍ എന്നീ ചിത്രങ്ങളിലൂടെ റെനി സെല്‍വെഗര്‍ അവരുടെ അഭിനയശേഷിയുടെ റേഞ്ച് എത്രയാണെന്നും തെളിയിച്ചിട്ടുള്ളതാണ്. പക്ഷേ ഇതൊക്കെയാണെങ്കിലും അഭിനയരംഗത്തുനിന്നും വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു റെനി സെല്‍വെഗറിന്. 2010-ലായിരുന്നു അത്. മോശം സ്വീകാര്യത നേടിയ നിരവധി സിനിമകള്‍ക്കു ശേഷം ഹോളിവുഡില്‍നിന്നും വിട്ടു നില്‍ക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ താന്‍ വിഷാദത്തിലാണെന്നു മനസിലാക്കിയതോടെ റെനി സെല്‍വെഗര്‍ തെറാപ്പി തേടാനും തീരുമാനിച്ചു.
‘ഞാന്‍ ആരോഗ്യവതിയായിരുന്നില്ല. ഞാന്‍ എന്നെ തന്നെ പരിപാലിക്കുന്നില്ലെന്നും എനിക്ക് തോന്നി’ അക്കാലത്ത് ഒരു മാധ്യമവുമായുള്ള അഭിമുഖത്തിനിടെ റെനി സെല്‍വെഗര്‍ പറഞ്ഞു. 1990-കളുടെ ആരംഭത്തിലാണ് സെല്‍വെഗര്‍ അഭിനയരംഗത്തേയ്ക്ക് പ്രവേശിച്ചത്. 1996-ല്‍ പുറത്തിറങ്ങിയ ജെറി മാഗ്വെയറിനു ശേഷം റെനി ഹോളിവുഡ് സെന്‍സേഷനായി മാറുകയും ചെയ്തു. 2010 മുതല്‍ അഭിനയരംഗത്തുനിന്നും മാറിനിന്ന സെല്‍വെഗര്‍ 2014-ലായിരുന്നു ആദ്യമായി ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. എല്ലേ വിമന്‍ ഇന്‍ ഹോളിവുഡ് അവാര്‍ഡ്‌സ് ചടങ്ങിലായിരുന്നു അത്. പിന്നീട് 2016 ല്‍ അഭിനയ രംഗത്തേയ്ക്കു തിരിച്ചുവരികയും ചെയ്തു.

ചരിത്രം കുറിച്ച് ‘പാരസൈറ്റ്’

ഇപ്രാവിശ്യം ഓസ്‌കറില്‍ ദക്ഷിണ കൊറിയന്‍ ചിത്രമായ പാരസൈറ്റ് ചരിത്രം കുറിച്ചു. മികച്ച സിനിമ, സംവിധായകന്‍, തിരക്കഥ, വിദേശഭാഷാ ചിത്രം തുടങ്ങിയ വിഭാഗങ്ങളിലായി നാല് അവാര്‍ഡുകളാണു പാരസൈറ്റിന് ലഭിച്ചത്. ബോങ് ജൂങ് ഹോ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ബോങ് ജൂങ് ഹോയും, ഹാന്‍ ജിന്‍ വോനുമാണു തിരക്കഥയൊരുക്കിയത്. പാരസൈറ്റ് എന്ന ഇംഗ്ലീഷ് വാക്കിനര്‍ഥം പരാന്നഭോജി, പരാശ്രയി എന്നൊക്കെ അര്‍ഥമുണ്ട്. സമൂഹത്തില്‍ ഒരു വിഭാഗം അധ്വാനിക്കാന്‍ തയാറാകാതെ പരാന്നഭോജികളായി നിലനില്‍ക്കുന്നുണ്ടെന്ന ആക്ഷേപം ഈ ചിത്രത്തിലൂടെ സംവിധായകന്‍ ഉന്നയിക്കുകയാണ്. ഒരു ദരിദ്ര കുടുംബം ഒരു സമ്പന്ന കുടുംബത്തില്‍ കയറിക്കൂടുകയും ഉയര്‍ന്ന ജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നതും അതേ തുടര്‍ന്നുണ്ടാകുന്ന കുഴപ്പങ്ങളുമാണു ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നത്.

Categories: Top Stories
Tags: oscar awards