ഓട്ടോ മേഖലയിലെ പ്രതിസന്ധി ഭയപ്പെടുത്തുന്നത്

ഓട്ടോ മേഖലയിലെ പ്രതിസന്ധി ഭയപ്പെടുത്തുന്നത്

ഈ വര്‍ഷം വളര്‍ച്ച തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്താണെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കയുളവാക്കുന്നു

രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ദുരിതാവസ്ഥയിലൂടെയാണ് ഓട്ടോമൊബീല്‍ മേഖല കടന്നുപോകുന്നത്. മാന്ദ്യം ഉടന്‍ തീരുമെന്ന് ഇടയ്ക്കിടെ പ്രതീക്ഷകള്‍ ഉയരാറുണ്ടെങ്കിലും അതെല്ലാം നിരര്‍ത്ഥകമാകുന്ന കാഴ്ച്ചയാണുണ്ടാകുന്നത്. പുതിയ മോദി സര്‍ക്കാര്‍ ചുമതലയേറ്റ് കഴിഞ്ഞുള്ള ആദ്യ പൂര്‍ണ ബജറ്റിലും അതിന് മുമ്പുള്ള ഇടക്കാല ബജറ്റിലുമൊന്നും ഓട്ടോ മേഖലയുടെ പ്രതിസന്ധി പരിഹരിക്കാന്‍ മാത്രമുള്ള പദ്ധതികളുണ്ടായിരുന്നില്ല.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന മേഖല അതിനാല്‍ തന്നെ ഇപ്പോഴും ദുര്‍ഘടപാതയിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ റിപ്പോര്‍ട്ട് പ്രകാരം ആവശ്യകതയില്‍ ഇതുവരെ 16 ശതമാനത്തിന്റെ ഇടിവാണത്രെ ഉണ്ടായിരിക്കുന്നത്. ലക്ഷക്കണക്കിന് തൊഴിലുകളാണ് ഓട്ടോ രംഗത്ത് നഷ്ടമായിരിക്കുന്നത്. കഴിഞ്ഞ 18 മാസത്തിനിടെ തൊഴിലുമായും വളര്‍ച്ചയുമായും മേഖലയില്‍ നിന്നുയരുന്ന വാര്‍ത്തകളത്രയും ശുഭകരമല്ലാത്തതുമാണ്.

പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ഇന്ത്യ റേറ്റിംഗ്‌സ് 2020-21ലേക്കുള്ള ഓട്ടോ മേഖലയുടെ അവസ്ഥ നെഗറ്റീവ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ പറഞ്ഞ പോലെ ആവശ്യകതയിലെ പ്രശ്‌നങ്ങളാണ് മൂല കാരണം. ഒപ്പം സര്‍ക്കാരിന്റെ നയപരമായ മാറ്റങ്ങളും മേഖലയെ ബാധിക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റവും ബിഎസ് 6 നടപ്പാക്കലുമെല്ലാം വാഹന വില്‍പ്പനയില്‍ നിഴലിക്കുന്നത് നെഗറ്റീവായാണ്. 2020-21ല്‍ ഒറ്റയക്ക വളര്‍ച്ച മാത്രം പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് ഗവേഷണ സ്ഥാപനങ്ങളുടെ മുന്നറിയിപ്പ്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ പാസഞ്ചര്‍ വാഹനവില്‍പ്പനയില്‍ പ്രതീക്ഷിക്കാവുന്ന വളര്‍ച്ച 2-4 ശതമാനം വരെ മാത്രമാണ്, ഇരുചക്രവാഹന വില്‍പ്പന കുറയാനാണ് സാധ്യത.

പാസഞ്ചര്‍ വാഹന വില്‍പ്പനയുടെ കണക്കുകള്‍ ഇന്നലെ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് (സിയാം) പുറത്തുവിട്ടിരുന്നു. മുകളില്‍ പറഞ്ഞ ആശങ്കകള്‍ അടിവരയിടുന്നതാണ് അവരുടെയും കണക്കുകള്‍. പോയ മാസത്തെ വാഹന വില്‍പ്പന കേവലം 2,62,714 യൂണിറ്റുകള്‍ മാത്രമാണ്. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കാര്‍ വില്‍പ്പനയിലുണ്ടായിരിക്കുന്നത് 8.1 ശതമാനം ഇടിവാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 1,79,324 കാറുകള്‍ വിറ്റുപോയിടത്ത് ഈ വര്‍ഷം 1,64,793 കാറുകളാണ് വിറ്റുപോയത്. കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ കണക്കുകള്‍ വീണ്ടും താഴോട്ട് പോകുന്ന അവസ്ഥയാണുണ്ടാകുന്നത്. ബിഎസ് മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ കര്‍ക്കശമാക്കിയതോടെ വാഹന നിര്‍മാണത്തിന്റെ ചെലവ് കൂടുന്നുണ്ട്. അതനുസരിച്ച് നിര്‍മാതാക്കള്‍ മോഡലുകളുടെ വില കൂട്ടുകയും ചെയ്യുന്നു. എന്നാല്‍ ഇതനുസരിച്ച് വിപണിയിലേക്ക് പണമൊഴുകുന്നില്ല. സ്വാഭാവികമായും ഉപഭോക്താക്കളുടെ ഭാഗത്തുനിന്ന് ആവശ്യകതയില്‍ കുറവുണ്ടാകുകയും ചെയ്യുന്നു. ഈ പ്രശ്‌നം എങ്ങനെ സുഗമമായി പരിഹരിക്കാമെന്നത് സര്‍ക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. പ്രഖ്യാപിച്ച അടിസ്ഥാനസൗകര്യ, ഗ്രാമീണ വികസന പദ്ധതികള്‍ മാറ്റമുണ്ടാക്കുമെന്നാണ് മോദി സര്‍ക്കാരിന്റെ പ്രതീക്ഷയെങ്കിലും അത് കണ്ടറിയേണ്ടതുണ്ട്. വില്‍പ്പനയിലെ ഇടിവ് പരിഹരിക്കണമെങ്കില്‍ ജനങ്ങളുടെ വരുമാനം ഉയരുകയും വായ്പാ വിതരണം ശക്തിപ്പെടുകയും വേണം.

Categories: Editorial, Slider