എന്തുകൊണ്ട് കേജ്‌രിവാള്‍….

എന്തുകൊണ്ട് കേജ്‌രിവാള്‍….

ആപ്പിന്റെ മാസ്മരിക വിജയം മറ്റുപാര്‍ട്ടികള്‍ക്ക് ആത്മപരിശോധനക്കുള്ള പാഠപ്പുസത്കമാണ്

ഡെല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആംആദ്മി പാര്‍ട്ടി നേടിയത് വിസ്മയാവഹമായ വിജയമാണ്. തലസ്ഥാന നഗരിയിലെ ജനത അറിഞ്ഞു നല്‍കിയ ഭരണത്തുടര്‍ച്ചയാണത്. ഇന്ത്യയില്‍ സാധാരണ ഒരു സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുമ്പോള്‍ ഭൂരിപക്ഷം സ്ഥലങ്ങളിലും ഭരണവിരുദ്ധ വികാരം ഉയരാറുണ്ട്. ഇതിന്റെ തോത് പലിടത്തും വ്യത്യാസപ്പെട്ടിരിക്കും. സാധാരണയായി ഈ വികാരം കൂടുതല്‍ തീഷ്ണമാകുമ്പോഴാണ് ഭരണകക്ഷി പരാജയപ്പെട്ട് മറ്റൊരു പാര്‍ട്ടി അധികാരത്തിലെത്തുക. മറ്റു പലഘടകങ്ങളും ഭരണ വിരുദ്ധ വികാരത്തെ സ്വാധീനിക്കുകയും ചെയ്യും. ഡെല്‍ഹിയിലെ കാര്യം പരിശോധിക്കുമ്പോള്‍ സാധാരണ ഒരു സര്‍ക്കാരിനെതിരെ ഉണ്ടാകാവുന്ന വെല്ലുവിളികള്‍ കേജ്‌രിവാള്‍ ഫലപ്രദമായി നേരിട്ടതായി മനസിലാക്കാം. എല്ലാറ്റിലുമുപരി ബിജെപിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും വ്യത്യസ്തമായി വേറിട്ട പാത സ്വീകരിക്കുകയാണ് ആംആദ്മി പാര്‍ട്ടി ചെയ്തത്. ഭരണകാലത്തിന്റെ തുടക്കത്തില്‍ നിരവധി പിഴവുകള്‍ സംഭവിച്ചെങ്കിലും കാലക്രമേണ അത് തിരുത്താനുള്ള ആര്‍ജവം കേജ്‌രിവാള്‍ കാണിച്ചു. ഇത് ഡെല്‍ഹി ജനതയ്ക്ക് പുതുമയാണ് സമ്മാനിച്ചത്. വെറും കൈയ്യടി നേടാനുള്ള നീക്കമാണ് ഡെല്‍ഹി മുഖ്യമന്ത്രി നടത്തുന്നതെന്ന ആരോപണമുയര്‍ന്നെങ്കിലും അദ്ദേഹം അതിന് പ്രതികരിച്ചിരുന്നില്ല. പകരം നിരവധി ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പില്‍ വരുത്തിക്കൊണ്ട് വികസനത്തിന്റെ,അല്ലെങ്കില്‍ മാറ്റത്തിന്റെ ഒരു ഡെല്‍ഹി മോഡല്‍ അദ്ദേഹത്തിന് സൃഷ്ടിക്കാനായി. അതിനുദാഹരണമാണ് കോണ്‍ഗ്രസും ബിജെപിയും ഡെല്‍ഹിയില്‍ അവതരിപ്പിച്ച പ്രകടനപത്രികകള്‍. കേജ്‌രിവാള്‍ നയിച്ച വഴിയിലൂടെ മറ്റുപാര്‍ട്ടികള്‍ സഞ്ചരിക്കാന്‍ ശ്രമിച്ചു നോക്കുകയായിരുന്നു. പക്ഷേ ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ വിശ്വാസമായിരുന്നു. പിന്നെന്തിന് മറ്റൊരു തെരഞ്ഞെടുപ്പിന് അവര്‍ശ്രമിക്കണം…

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡെല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി നേരിട്ട തിരിച്ചടിയില്‍നിന്നാണ് ഇപ്പോള്‍ കേജ്‌രിവാള്‍ ഉയര്‍ത്തെഴുനേറ്റിരിക്കുന്നത്. അന്ന് എല്ലാ സീറ്റുകളിലും ബിജെപി മികച്ച വിജയമാണ് നേടിയെടുത്തത്. എന്നാല്‍ ആ വിജയം ആവര്‍ത്തിക്കുന്നതിനോ ആപ്പിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതിനോ അവര്‍ക്കായില്ല. കാരണം അവരുടെ മുമ്പില്‍ കേജ്‌രിവാളില്‍നിന്ന് വ്യത്യസ്തവും കൂടുതല്‍ മെച്ചപ്പെട്ടതുമായ ഒരു പദ്ധതി മുന്നോട്ടുവെക്കാനില്ലായിരുന്നു. തലസ്ഥാന നഗരിയിലെ സാധാരണ വരുമാനക്കാരെ ഉദ്ദേശിച്ച് മുഖ്യമന്ത്രി നടപ്പാക്കിയ എല്ലാ പദ്ധതികളും ജനശ്രദ്ധ പിടിച്ചുപറ്റി. 200 യൂണിറ്റുവരെയുള്ള വൈദ്യുതി സൗജന്യമാക്കിയ നടപടി അതില്‍ പ്രധാനപ്പെട്ടതാണ്. 200 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്ന 14 ലക്ഷം പേര്‍ ഡെല്‍ഹിയില്‍ താമസിക്കുന്നു.അവര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നു. 622 രൂപയുടെബില്ലാണ് മുഖ്യമന്ത്രി സൗജന്യമാക്കിയത്. കൂടാതെ 201മുതല്‍ 400വരെ യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് സബ്‌സിഡിയും പ്രഖ്യാപിച്ചിരുന്നു. ഇത് ജനജീവിതത്തില്‍ നേരിട്ടുബാധിക്കുന്ന നടപടിയായിരുന്നു. കുടിവെള്ളബില്ലുകളുടെ എഴുതിത്തള്ളലും വിവിധ വിഭാഗത്തിലുള്ളവര്‍ക്കുള്ള സബ്‌സിഡികളും സാധാരണക്കാരെ സ്വാധീനിച്ചു. കാരണം ഇതിനായി കാത്തിരിക്കേണ്ടി വരുന്നില്ല. പ്രഖ്യാപനത്തോടൊപ്പം നടപ്പായതാണ് ഇവയെല്ലാം. ഇത് സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ സഹായിക്കുമെന്ന് കേജ്‌രിവാള്‍ പറഞ്ഞിരുന്നു. 13 ലക്ഷത്തില്‍പരം ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമായി. പണം അടക്കേണ്ട ബില്ലുകള്‍ കുറയുമ്പോള്‍ കൂടുതല്‍ പണം ജനങ്ങളുടെ കൈവശം ശേഷിക്കും. അത് അവരുടെ ചെലവഴിക്കാനുള്ള ശേഷി വര്‍ധിപ്പിക്കുമെന്നും ആംആദ്മി പാര്‍ട്ടി വിശ്വസിച്ചു.

വനിതകള്‍ക്കായി ഏര്‍പ്പെടുത്തിയ ബസുകളുലെ സൗജന്യ യാത്രയും ജനങ്ങളില്‍ താല്‍പ്പര്യമുണര്‍ത്തി. ഡെല്‍ഹി നഗരത്തിലെ തൊഴിലാളികളില്‍ 11 ശതമാനം മാത്രമാണ് സ്ത്രീകള്‍. ബസുകളിലും മെേട്രായിലും ദിനവും യാത്രചെയ്യുന്നവരില്‍ 30 ശതമാനം മാത്രമാണ് വനിതകള്‍. അതിനാല്‍ പുരുഷന്‍മാര്‍ക്ക് തുല്യമായി സമ്പദ് വ്യവസ്ഥയില്‍ വനിതകളെ പങ്കാളികളാക്കാന്‍ കവിഞ്ഞാല്‍ ജിഡിപി വളരെ ഉയരത്തിലെത്തിക്കാന്‍ സാധിക്കും. സ്ത്രീകള്‍ക്ക് ആധുനീക സമ്പദ് വ്യവസ്ഥയിലേക്കുള്ള പ്രവേശനം പരിമിതമാണെന്ന് ആംആദ്മി പാര്‍ട്ടി വിലയിരുത്തിയതിനെത്തുടര്‍ന്നാണ് അവര്‍ക്കുള്ള ഗതാഗതം സൗജന്യമാക്കിയതെന്ന് പാര്‍ട്ടി വിശദീകരിച്ചു. എന്തായാലും ഈ പദ്ധതിയും ജനങ്ങളില്‍ സര്‍ക്കാരിനെക്കുറിച്ച് മികച്ച അഭിപ്രായം സ്വരൂപിക്കുന്നതിന് കാരണമായി.

മുതിര്‍ന്നവര്‍ക്ക് സര്‍ക്കാരിനോടുള്ള പ്രിയം വര്‍ധിപ്പിക്കുന്നതിന് മുഖ്യമന്ത്രി തീര്‍ത്ഥ യാത്രാ പദ്ധതി ഏറെ അദ്ദേഹത്തെ സഹായിച്ചു. ഇതിന്‍പ്രകാരം മുതിര്‍ന്നവരെ സര്‍ക്കാരിന്റെ ചെലവില്‍ യാത്രക്ക് അനുവദിച്ചു. തീര്‍ത്ഥാടനത്തിനുള്ള ചെലവു വഹിക്കാന്‍ ശേഷിയില്ലാത്തവര്‍ക്കും സഹായമില്ലാത്തതിനാല്‍ ആഗ്രഹിച്ചിട്ടും പോകാന്‍ കഴിയാത്തവരും എല്ലാം ഇതില്‍ പങ്കാളികളായി. ഡെല്‍ഹിയിലെ എഴുപത് മണ്ഡലങ്ങളില്‍നിന്നും ഇതിനായി യാത്രക്ക് തയ്യാറുള്ളവര്‍എത്തി. ഇത് ഒരു മാതൃകാ പദ്ധതികൂടി ആയിരുന്നു. മുതിര്‍ന്നവര്‍ വീട്ടിനുള്ളില്‍ മാത്രം കഴിയുമ്പോള്‍ അവരെ പുറത്തേക്ക് കൊണ്ടുപോകണമെന്നുള്ള ചിന്ത നല്ലമനസുള്ളവര്‍ക്കാണ് ഉണ്ടാവുക എന്നൊരു സര്‍ട്ടിഫിക്കറ്റും യാത്രക്കാര്‍ നല്‍കി. ചുരുക്കത്തില്‍ ഇതും തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ സഹായിച്ചു എന്നു പറയാം.

ഇതിലെല്ലാമുപരി വിദ്യാഭ്യാസ രംഗത്ത് അദ്ദേഹം നടത്തിയ പരിഷ്‌ക്കരണങ്ങള്‍ ഏതൊരു ഡെല്‍ഹി നിവാസിയുടേയും പിന്തുണ നേടാന്‍ പര്യാപ്തമായിരുന്നു. സാധാരണ ഭരണകര്‍ത്താക്കള്‍ വിദ്യാഭ്യാസത്തെ അതിന്റെ വഴിക്കുവിടുന്ന ഈ കാലത്ത് കേജ്‌രിവാള്‍ അതില്‍നിന്നെല്ലാം ഏറെ വ്യത്യസ്തനായിരുന്നു. ബജറ്റില്‍ നല്ലൊരു വിഹിതമാണ് അദ്ദേഹം ഈ മേഖലക്കായി മാറ്റിവെച്ചത്. സാധാരണ സംസ്ഥാനങ്ങള്‍ ചിന്തിക്കുകപോലും ചെയ്യാത്ത മാര്‍ഗമായിരുന്നു അത്. എല്ലാം പൊതുവിദ്യാഭ്യാസത്തിന്റെ ഉയര്‍ച്ചക്ക് പ്രയോജനപ്പെടുത്തി. വിദ്യാഭ്യാസരംഗത്ത് ലോകത്തിനുതന്നെ മാതൃകയാണ് ഫിന്‍ലാന്‍ഡ്. അവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായം അറിയുന്നതിനും വിലയിരുത്തുന്നതിനും ഒരു സംഘം അധ്യാപകരെ ഡെല്‍ഹി സര്‍ക്കാര്‍ ഫിന്‍ലാന്‍ഡിലേക്ക് അയച്ചു. അവിടുത്തെ പരിശീലനത്തിനുശേഷം ദേശീയതലസ്ഥാനത്ത് മികച്ച വിദ്യാഭ്യാസ രീതി തയ്യാറാക്കുകയായിരുന്നു. ഈ നടപടി പൊതുവിദ്യാഭ്യാസരംഗത്ത് കുതിപ്പിന് വഴിയൊരുക്കി. മുന്‍പുവരെ സ്വകാര്യ സ്‌കൂളുകളാണ് മികച്ച പാഠ്യപദ്ധതി പിന്തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ചിരുന്നത്. അവര്‍ക്ക് രാജ്യത്തെ മികച്ച കോഴ്‌സുകളിലോ സ്ഥാപനങ്ങളിലോ പ്രവേശനം ലഭിക്കുന്നതിനുവേണ്ട പരിശീലനങ്ങളും അവര്‍ നല്‍കിയിരുന്നു. എന്നാല്‍ ഡെല്‍ഹിയില്‍ സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളും ആ നിലവാരത്തിലേക്ക് കേജ്‌രിവാള്‍ ഉയര്‍ത്തി. ഇതാണ് വിദ്യാഭ്യാസരംഗത്ത് അദ്ദേഹം കൊണ്ടുവന്ന മാറ്റം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ക്കും ഐഐടിയില്‍ പ്രവേശനം കിട്ടിത്തുടങ്ങി എന്നതാണ് ഇത് വിശദീകരിക്കുന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണം. ഒരു സമൂഹത്തിന്റെ ഉയര്‍ച്ചയും വികാസവും നിശ്ചയിക്കപ്പെടുന്നത് അവിടുത്തെ വിദ്യാഭ്യാസനിലവാരം അനുസരിച്ചാണ്. ഏറ്റവും മികച്ച നിലവാരത്തില്‍ അറിവുനേടാനായാല്‍ സമൂഹം തനിയെ വളരും. ഇത് മനസിലാക്കിയ വ്യക്തിയായിരുന്നു കേജ്‌രിവാള്‍.

ആപ്പ് നേതാവിനെ സംബന്ധിച്ചിടത്തോളം ഈ കാരണങ്ങള്‍ തന്നെ ഡെല്‍ഹിയിലെ വിജയത്തിന് അടിസ്ഥാനമാണ്. കൂടാതെ അദ്ദേഹം പ്രചാരമതന്ത്രങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ ഒരു ജനതയെ സ്വാധീനിക്കാന്‍ പോന്നതുമാണ്. ഒരിക്കലും അദ്ദേഹം മറ്റുള്ളവരെ വിമര്‍ശിച്ച് തന്റെ മികവ് പുറത്തെടുക്കാന്‍ ശ്രമിച്ചില്ല. തന്റെ പാര്‍ട്ടി നടപ്പാക്കിയ കാര്യങ്ങളും അവയ്ക്കുള്ള ജനങ്ങളുടെ പ്രതികരണങ്ങളും ഇനിയും അധികാരത്തില്‍ എത്തിയാല്‍ എന്തു ചെയ്യുമെന്നും ഉള്ള കര്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചുകൊടുത്തുകൊണ്ടേയിരുന്നു. ഒരിക്കലും വിവാദ വിഷയങ്ങള്‍ക്ക് അദ്ദേഹം കൈകൊടുത്തിരുന്നില്ല. അവയെ അകറ്റി നിര്‍ത്തി. കാരണം നെഗറ്റീവ് പ്രചാരണം ജനം ആഗ്രഹിക്കാറില്ല. അതിനുദാഹരണമാണ് കേജ്‌രിവാളിന്റെ വിജയവും. അസ്വസ്ഥക പടര്‍ത്തുന്ന നിരവധി വിഷയങ്ങള്‍ ഡെല്‍ഹിയില്‍ത്തന്നെ ഉണ്ടായിരുന്നിട്ടും എല്ലാറ്റില്‍നിന്നും അദ്ദേഹം അകലം പാലിച്ചു. മറിച്ച് എവിടെങ്കിലും കേജ്‌രിവാള്‍ നിയന്ത്രണം വിട്ട് ഇടപെട്ടിരുന്നുവെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം ഇതാകുമായിരുന്നില്ല. അങ്ങനെ കേജ്‌രിവാളിനെ ”വഴിതെറ്റിക്കാന്‍” ബിജെപി ആവുന്നത്ര ശ്രമിച്ചെങ്കിലും അദ്ദേഹം പതറിയില്ല. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ആ നിര്‍ദേശങ്ങള്‍ കാണട്ടെ മികച്ചതെങ്കില്‍ പരിഗണിക്കാം എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.

കേജ്‌രിവാളിന് ഒരു മികച്ച എതിരാളി കളത്തില്‍ ഇല്ലായിരുന്നു എന്നതായിരുന്നു യാഥാര്‍ത്ഥ്യം. ബിജെപി നേതാവ് മനോജ് തിവാരി ഒരിക്കലും കേജ്‌രിവാളിന് പോന്ന എതിരാളിയല്ല. അതാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടാതെ ബിജെപി മത്സരിച്ചത്. തലസ്ഥാനത്തെ തട്ടകത്തില്‍ മറ്റുപാര്‍ട്ടികളുടെ പിന്തുണയില്ലാതെയാണ് ഇപ്പോള്‍ ആപ്പ് വിജയിച്ചിരിക്കുന്നത്. ഇനി സര്‍വതും നഷ്ടപ്പെട്ട കോണ്‍ഗ്രസിനൊപ്പം ചേരുകയോ അല്ലെങ്കില്‍ മറ്റൊരു മുന്നണി രൂപീകരിക്കുകയോ ചെയ്താല്‍ ആപ്പിന് ഇന്നുള്ള തിളക്കം നഷ്ടപ്പെടും. വ്യത്യസ്തമായ പാതയും ശൈലിയും സ്വീകരിച്ചവര്‍ അതേരീതിയില്‍ മുന്നോട്ടുപോകുന്നതാകും ജനത്തിന് താല്‍പ്പര്യം. മറ്റു സംസ്ഥാനങ്ങളില്‍ മത്സരിക്കാനിറങ്ങുമ്പോള്‍ ആപ്പിന് ഒരു ഡെല്‍ഹി മോഡല്‍ ഉയര്‍ത്തിക്കാട്ടി വോട്ടു ചോദിക്കാന്‍ കഴിയും. ഏതെങ്കിലും അഴിമതിക്കൂട്ടത്തിലേക്കിറങ്ങിയാല്‍ പാര്‍ട്ടിയുടെ തിളക്കവും നേതാക്കന്‍മാരുടെ വിശ്വാസ്യതയും നഷ്ടമാകും. ഒരു നാട്ടിലെ ജനത്തിനു വേണ്ടത് തിരിച്ചറിഞ്ഞ് അതില്‍ കുറച്ചെങ്കിലും നല്‍കുകയും മറ്റുള്ളവ നല്‍കാന്‍ശ്രമിക്കുകയെങ്കിലും ചെയ്യുന്നവരാണ് യാഥാര്‍ത്ഥ്യത്തിലേക്ക് യാത്രചെയ്യുന്നവര്‍. അവരെ ജനം വളരെ വേഗം തിരിച്ചറിയും. അതുറപ്പാണ്. അതിനാല്‍ ആപ്പിന്റെ ഈ മാസ്മരിക വിജയം മറ്റുപാര്‍ട്ടികള്‍ക്ക് ആത്മപരിശോധനക്കുള്ള ഒരു പാഠപ്പുസത്കമാണ്. തെറ്റുതിരുത്തുന്നവര്‍ വാഴ്ത്തപ്പെടും.

Categories: Top Stories