അയ്യേ, ഗൂഗിള്‍ മാപ്പ്‌സിനെ പറ്റിച്ചേ !

അയ്യേ, ഗൂഗിള്‍ മാപ്പ്‌സിനെ പറ്റിച്ചേ !

ഗൂഗിള്‍ മാപ്‌സ് ഒന്നിലധികം ഉറവിടങ്ങളില്‍നിന്നുള്ള ഡാറ്റ ശേഖരിച്ചു കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. അതായത്, ഗൂഗിള്‍ മാപ്‌സിലെ ലൊക്കേഷന്‍ ഓണ്‍ ചെയ്ത ഡിവൈസുകളില്‍നിന്നുമുള്ള ഡാറ്റ അടിസ്ഥാനമാക്കി ഒരു റൂട്ടില്‍ ട്രാഫിക് ജാം ഉണ്ടോ ഇല്ലയോ എന്നു യൂസര്‍മാരെ അറിയിക്കും. എന്നാല്‍ കഴിഞ്ഞ ദിവസം 99 സെക്കന്‍ഡ് ഹാന്‍ഡ് സെല്‍ഫോണുകള്‍ ഉപയോഗിച്ച് സിമോണ്‍ എന്ന ബെര്‍ലിനിലെ ആര്‍ട്ടിസ്റ്റ് കൃത്രിമമായി വെര്‍ച്വല്‍ ട്രാഫിക് ജാം ഉണ്ടാക്കി ടെക് ലോകത്തെ, പ്രത്യേകിച്ച് ഗൂഗിള്‍ മാപ്‌സിനെ ഞെട്ടിച്ചിരിക്കുന്നു. ഡിജിറ്റല്‍ ഉപകരണങ്ങളുടെ വിശ്വാസ്യത എത്രത്തോളമുണ്ടെന്ന ലളിതമായ ചോദ്യമാണു സിമോണിന്റെ പരീക്ഷണം ഉയര്‍ത്തുന്നത് ?

സമീപ ദിവസം ഏറ്റവും കൂടുതല്‍ പേരില്‍ കൗതുകം ജനിപ്പിച്ചൊരു വാര്‍ത്തയായിരുന്നു 99 പഴഞ്ചന്‍ ഫോണുകള്‍ ഉപയോഗിച്ചു ഗൂഗിള്‍ മാപ്പിനെ കബളിപ്പിച്ച കഥ. സംഭവം അരങ്ങേറിയത് ജര്‍മനിയിലെ ബെര്‍ലിനില്‍ വച്ചായിരുന്നു. സിമോണ്‍ വെക്കര്‍ട്ട് എന്ന ബെര്‍ലിനിലെ ആര്‍ട്ടിസ്റ്റാണു ഗൂഗിള്‍ മാപ്പിനെ കബളിപ്പിച്ചത്. ഒരു ചെറിയ ട്രേയുടെ വലുപ്പവും, നാല് ചക്രവുമുള്ളൊരു വാഹനത്തില്‍ സിമോണ്‍ 99 പഴയ ഫോണുകള്‍ നിക്ഷേപിക്കുകയും ആ ഫോണുകളിലെ ഗൂഗിള്‍ മാപ്‌സ് ലൊക്കേഷന്‍ ഓണ്‍ ആക്കുകയും ചെയ്തു. തുടര്‍ന്ന് ആ വാഹനം ബെര്‍ലിനില്‍ കൂടി സിമോണ്‍ വലിച്ചു കൊണ്ടു നടക്കുകയും ചെയ്തു. സിമോണ്‍ ഉന്തുവണ്ടിയുമായി സഞ്ചരിച്ച വഴി തിരക്കില്ലാത്തതായിരുന്നു. ഗൂഗിളിന്റെ ബെര്‍ലിന്‍ ഓഫീസിനു മുന്നില്‍ കൂടിയും സിമോണ്‍ നടന്നു. ഇവിടെ സംഭവിച്ചത് എന്താണ് ? 99 ഫോണുകള്‍ ഒരേ ലൊക്കേഷനില്‍നിന്നും കണക്റ്റ് ചെയ്യപ്പെട്ടു എന്നതാണ് അത്. അതോടെ ഈ 99 ഫോണുകളും സഞ്ചരിക്കുന്ന വേഗത കുറവാണെന്ന് അല്‍ഗോരിതത്തിന്റെ സഹായത്തോടെ ഗൂഗിള്‍ മാപിനു മനസിലായി. അങ്ങനെയാണ് അവര്‍ സിമോണ്‍ സഞ്ചരിച്ച റൂട്ടില്‍ ഗതാഗതകുരുക്ക് ഉണ്ടെന്നു മനസിലാക്കി മറ്റുള്ളവര്‍ക്ക് അലെര്‍ട്ട് നല്‍കിയത്. അലെര്‍ട്ട് ലഭിച്ച ഡ്രൈവര്‍മാരാകട്ടെ, വേറെ വഴി കണ്ടെത്തി യാത്ര തിരിച്ചുവിടുകയും ചെയ്തു. ഏതൊക്കെ റൂട്ടില്‍ ഗതാഗതകുരുക്ക് ഉണ്ടെന്ന് അലെര്‍ട്ട് നല്‍കുന്നത് ആ റൂട്ടിലുള്ളവരുടെ ഫോണ്‍ ട്രാക്ക് ചെയ്ത് അതിലെ ലൊക്കേഷന്‍ ഡാറ്റയെയും, സഞ്ചാര വേഗതയെയും കണക്കാക്കിയാണ്. ഗൂഗിള്‍ മാപ്പില്‍ നമ്മള്‍ സഞ്ചരിക്കുന്ന റൂട്ടില്‍ ചുവന്ന വര രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആ റൂട്ടില്‍ ഗതാഗതകുരുക്ക് ഉണ്ടെന്നാണ്. ഇവിടെ സിമോണിന് ഒരു വെര്‍ച്വല്‍ ജാം കൃത്രിമമായി സൃഷ്ടിക്കാന്‍ സാധിച്ചു. ടെക്‌നിക്കലായി പറയുകയാണെങ്കില്‍ സിമോണ്‍ ഗൂഗിള്‍ മാപ്പിനെ ഹാക്ക് ചെയ്തു. സിമോണ്‍ ഒപ്പിച്ച കുസൃതി ഗൂഗിള്‍ പോലൊരു വലിയ ടെക്‌നോളജി കമ്പനിക്ക് ഏല്‍പ്പിച്ച നാണക്കേട് ചില്ലറയല്ല. പ്രത്യേകിച്ച്, ഗൂഗിള്‍ മാപ്‌സ് അതിന്റെ 15-ാം വാര്‍ഷികം ആഘോഷിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ സംഭവിച്ചത്. സിമോണിന്റെ ഈ പരീക്ഷണത്തോടെ, ഗൂഗിള്‍ മാപ് ഈ പ്രശ്‌നത്തിനും പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്ന ആവശ്യവും ഉയര്‍ന്നിരിക്കുകയാണ്.

സിമോണിന്റേത് ക്ലെവര്‍ ട്രിക്കാണ് അഥവാ സമര്‍ഥമായ തന്ത്രം

സിമോണിന്റെ പരീക്ഷണത്തിലൂടെ ഗൂഗിള്‍ മാപ് ട്രാക്ക് ചെയ്യുന്ന രീതി എങ്ങനെയാണെന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അതു പോലെ സാധാരണ ട്രാഫിക് സാഹചര്യങ്ങളില്‍ ശേഖരിക്കുന്ന ഡാറ്റയോട് ഗൂഗിള്‍ മാപ് എങ്ങനെ പ്രതികരിക്കുന്നു എന്നതടക്കമുള്ള ചോദ്യങ്ങളും ഈ സംഭവം ഉയര്‍ത്തുന്നുണ്ട്. 99 ഫോണുകളും ഒരു ചെറിയ ട്രേയുടെ വലുപ്പമുള്ള വാഹനവുമുണ്ടെങ്കില്‍ ഗൂഗിള്‍ മാപ്പിനെ കബളിപ്പിക്കാന്‍ കഴിയുമോ ? അങ്ങനെ കബളിപ്പിക്കപ്പെടുന്നതാണെങ്കില്‍ ഇത്തരം ആപ്പുകളെ ഇനി എങ്ങനെ നമ്മള്‍ വിശ്വസിക്കും അവ ലഭ്യമാക്കുന്ന വിവരങ്ങള്‍ക്ക് എത്രമാത്രം കൃത്യതയുണ്ടാകും ? ഇന്നു ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം ചെറുതല്ലെന്നു നമ്മള്‍ക്ക് അറിയാം. ടാക്‌സി ഡ്രൈവര്‍മാര്‍ തൊട്ട് സൈനിക ആവശ്യങ്ങള്‍ക്കു വരെ ഗൂഗിള്‍ മാപ്പിനെ ഉപയോഗിക്കുന്നുണ്ട്. കൃത്രമായി വഴി അറിയാനും, സഞ്ചരിക്കേണ്ട ദിക്ക് അറിയാനും, ട്രാഫിക് തത്സമയ വിവരങ്ങള്‍ അറിയാനുമൊക്കെയാണു പൊതുവേ ഗൂഗിള്‍ മാപ് ഉപയോഗിക്കുന്നത്. യൂസര്‍ ഡാറ്റ, ട്രാഫിക് സെന്‍സര്‍, സാറ്റ്‌ലൈറ്റ് ഡാറ്റ എന്നിവ ട്രാക്ക് ചെയ്തു കൊണ്ടാണു ഗൂഗിള്‍ മാപ് ഇത്തരം വിവരങ്ങള്‍ ലഭ്യമാക്കുന്നത്. നമ്മള്‍ വാഹനം ഓടിച്ചു പോകുമ്പോള്‍ നമ്മള്‍ സഞ്ചരിക്കാന്‍ സാധ്യതയുള്ള റൂട്ടില്‍ ട്രാഫിക് ജാം ഉണ്ടെന്നു ഗൂഗിള്‍ മാപില്‍ അലെര്‍ട്ട് വരുന്നത് എങ്ങനെയാണ് ? അത് ആ പ്രത്യേക റൂട്ടില്‍ സഞ്ചരിക്കുന്നവരുടെ ഫോണ്‍ ട്രാക്ക് ചെയ്തു കൊണ്ടാണ്. ആ റൂട്ടിലെ ഗൂഗിള്‍ മാപ്പുള്ള ഫോണുകളുടെ ഡാറ്റ പരിശോധിക്കും. മന്ദഗതിയിലാണു സഞ്ചരിക്കുന്നതെങ്കില്‍ ഗൂഗിളിന്റെ അല്‍ഗോരിതം അത് ട്രാഫിക് ജാമായി വിലയിരുത്തും. തുടര്‍ന്നാണ് അവിടെ ട്രാഫിക് ജാമുണ്ടെന്നു യാത്രക്കാര്‍ക്കു മുന്നറിയിപ്പ് കൊടുക്കുന്നത്. ട്രെയ്‌നുകളെ ട്രാക്ക് ചെയ്യുന്ന ആപ്പ്, അവ ഓടുന്നത് വൈകിയാണോ കൃത്യത പാലിച്ചു കൊണ്ടാണോ എന്നൊക്കെ അറിയിക്കുന്നതും മേല്‍ സൂചിപ്പിച്ച സംവിധാനത്തിലൂടെയാണ്, അതായത് ട്രാക്കിംഗിലൂടെയാണു നമ്മള്‍ക്ക് ഓരോരുത്തര്‍ക്കും വിവരം നല്‍കുന്നത്.

ട്രാഫിക് നില

നമ്മള്‍ എപ്പോഴെങ്കിലും ഗൂഗിള്‍ മാപ്‌സ് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍, പച്ച, ഓറഞ്ച് അല്ലെങ്കില്‍ ചുവപ്പ് നിറങ്ങളാല്‍ തെരുവുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടു കാണും. പച്ച റോഡുകള്‍ അര്‍ത്ഥമാക്കുന്നത് ട്രാഫിക് സാധാരണഗതിയില്‍ നീങ്ങുന്നുവെന്നാണ്, എന്നാല്‍ ഓറഞ്ചും ചുവപ്പും നിറങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കില്‍ അവിടെ ട്രാഫിക് മന്ദഗതിയിലാണെന്നാണ് അര്‍ഥം. ഒരു റൂട്ടില്‍ ട്രാഫിക് മന്ദഗതിയിലാണെന്നു ഗൂഗിള്‍ മാപ്‌സ് മുന്നറിയിപ്പ് നല്‍കുന്നത്, ആ റൂട്ടിലെ ഗൂഗിള്‍ മാപ്‌സ് യൂസര്‍മാര്‍ പതിവിലും വേഗത കുറഞ്ഞ നിലയില്‍ സഞ്ചരിക്കുമ്പോഴാണ്. ആ റൂട്ടില്‍ ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ സാധാരണ വേഗതയിലേക്ക് പ്രവേശിച്ചാല്‍ ട്രാഫിക് മന്ദഗതിയിലാണെന്ന സ്റ്റാറ്റസ് നീക്കം ചെയ്യുകയും ചെയ്യും. ഒരു റൂട്ടില്‍ ട്രാഫിക് മന്ദഗതിയിലാണെന്നു രേഖപ്പെടുത്താന്‍ അഥവാ മുന്നറിയിപ്പ് നല്‍കാന്‍ ഗൂഗിള്‍ മാപ്‌സിനു മന്ദഗതിയില്‍ സഞ്ചരിക്കുന്ന എത്രത്തോളം വാഹനങ്ങള്‍ ആവശ്യമാണെന്നത് വ്യക്തമല്ല. എന്നാല്‍ സിമോണിന്റെ വെര്‍ച്വല്‍ ട്രാഫിക് ജാം പരീക്ഷണത്തെക്കുറിച്ചുള്ള 9to5 ഗൂഗിളിന്റെ റിപ്പോര്‍ട്ട് പറയുന്നത്, സിമോണ്‍ 99 ഫോണ്‍ ഉപയോഗിച്ച് സൃഷ്ടിച്ച ട്രാഫിക് ജാം ഇല്ലാതാക്കാന്‍ ഒരു നോര്‍മല്‍ സ്പീഡില്‍ സഞ്ചരിച്ച കാറിനു സാധിച്ചെന്നാണ്. അതായത്, സിമോണ്‍ ഒരു ഉന്തുവണ്ടിയില്‍ 99 ഫോണുകളുമായി സഞ്ചരിച്ചപ്പോള്‍ അയാള്‍ സഞ്ചരിച്ച റൂട്ടില്‍ ട്രാഫിക് ജാമുണ്ടെന്നു ഗൂഗിള്‍ മാപ്‌സ് രേഖപ്പെടുത്തി. എന്നാല്‍ സിമോണ്‍ സഞ്ചരിച്ച അതേ റൂട്ടിലൂടെ നോര്‍മല്‍ സ്പീഡില്‍ ഒരു കാര്‍ സഞ്ചരിച്ചപ്പോള്‍ ഗൂഗിള്‍ മാപ്‌സില്‍ ട്രാഫിക് ജാം ഇല്ലെന്നും രേഖപ്പെടുത്തുകയുണ്ടായി. ഇതില്‍നിന്നും മനസിലാക്കാവുന്ന ഒരു കാര്യം, ധാരാളം യൂസര്‍മാര്‍ ഒരു റൂട്ടില്‍ നിശ്ചലാവസ്ഥയിലാണെങ്കില്‍ അവരുടെ സ്റ്റാറ്റസ് ഗൂഗിള്‍ മാപ്‌സ് അവഗണിക്കുമെന്നാണ്. അതുപോലെ ഒരു റൂട്ടിലെ ട്രാഫിക് നില അറിയുന്നതിന് എല്ലാ വാഹനങ്ങളെയും ഗൂഗിള്‍ മാപ്‌സ് തുല്യമായി പരിഗണിക്കാറുമില്ല എന്നതാണ് ശ്രദ്ധേയം. ഒരു കാറും, മോട്ടോര്‍ സൈക്കിളും, മറ്റ് വാഹനങ്ങളും തമ്മിലുള്ള വ്യത്യാസം ഗൂഗിള്‍ മാപ്‌സിനു പറയാന്‍ കഴിയും. ചില സാഹചര്യങ്ങളില്‍ ചെറുവാഹനങ്ങളുടെ നീക്കങ്ങളെയും ഗൂഗിള്‍ മാപ്‌സ് കണക്കിലെടുക്കാറില്ല.

സിമോണിനു ഗൂഗിളിന്റെ മറുപടി

ആളുകള്‍ കാര്‍ട്ട് (ഉന്തുവണ്ടി), കാമല്‍ (ഒട്ടകം), കാര്‍ എന്നിവ ഉപയോഗിക്കട്ടെ, ഗൂഗിള്‍ മാപ്‌സ് ക്രിയാത്മകമായി ഉപയോഗിക്കുന്നുവെന്നങ്കില്‍ അത് ഇഷ്ടപ്പെടുന്നുവെന്നും ഗൂഗിളിന്റെ സേവനം മികച്ചതാക്കാന്‍ അത് സഹായിക്കുമെന്നുമാണു സിമോണിന്റെ പരീക്ഷണത്തെ കുറിച്ച് ഗൂഗിള്‍ അഭിപ്രായപ്പെട്ടത്.

Categories: Top Stories
Tags: GooGle Map