ലോസ് ഏഞ്ചല്‍സിലെ ഓസ്‌കര്‍ തിളക്കം നാളെ

ലോസ് ഏഞ്ചല്‍സിലെ ഓസ്‌കര്‍ തിളക്കം നാളെ

നാളെ ലോസ് ഏഞ്ചല്‍സിലെ ഹോളിവുഡിലുള്ള ഡോള്‍ബി തിയേറ്ററില്‍ 92-ാമത് ഓസ്‌കര്‍ പുരസ്‌കാര ദാന ചടങ്ങ് അരങ്ങേറും. 24 വിഭാഗങ്ങളിലാണ് പുരസ്‌കാരം പ്രഖ്യാപിക്കുക. എബിസി എന്ന ടിവിയിലൂടെ ചടങ്ങ് തത്സമയം സംപ്രേക്ഷണം ചെയ്യും.

92-ാമത് ഓസ്‌കര്‍ പുരസ്‌കാരം (അക്കാദമി അവാര്‍ഡ്‌സ്) ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ നാളെയാണ് (ഫെബ്രുവരി 9) പ്രഖ്യാപിക്കുന്നത്. ഇപ്രാവിശ്യം ഏറ്റവും കൂടുതല്‍ ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചത് ജോക്കര്‍ എന്ന ചിത്രത്തിനാണ്.11 നോമിനേഷനാണു ചിത്രത്തിന് ലഭിച്ചത്. 10 നോമിനേഷനുകള്‍ ലഭിച്ച ദ ഐറിഷ്മാന്‍, 1917, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്നിവയാണ് ജോക്കറിനു തൊട്ടു പിന്നിലായി സ്ഥാനം പിടിച്ചത്.

അഞ്ച് മാസങ്ങള്‍ക്കു മുമ്പ് തന്നെ വെനീസിലെ പ്രീമിയറോടെ ‘ജോക്കര്‍’, ‘മ്യാരേജ് സ്റ്റോറി ‘ തുടങ്ങിയ ചിത്രങ്ങള്‍ ഓസ്‌കറിലേക്കുള്ള യാത്ര ആരംഭിച്ചിരുന്നു. എന്നാല്‍ സാം മെന്‍ഡസിന്റെ വാര്‍ മൂവിയായ 1917 ന് പ്രചരണത്തിനു കുറച്ചു സമയം മാത്രമാണ് ലഭിച്ചത്. ഈ പ്രാവിശ്യം ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ മികച്ച ചിത്രം, മികച്ച സംവിധായകന്‍ തുടങ്ങിയ വിഭാഗത്തിലെ സമ്മാനം 1917 നേടുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ 1917ന് ശക്തമായ മത്സരം തീര്‍ത്തു കൊണ്ട് ജോക്കറും, പാരസൈറ്റും, ദ ഐറിഷ്മാനുമൊക്കെ രംഗത്തുണ്ട്. മികച്ച ചിത്രത്തിനുള്ള ബാഫ്റ്റ, മികച്ച ഡ്രാമയ്ക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് എന്നീ പുരസ്‌കാരങ്ങള്‍ 1917ന് ലഭിച്ചിരുന്നു.
വൈവിധ്യം നിറഞ്ഞതല്ല ഓസ്‌കര്‍ ചടങ്ങെന്നു പൊതുവേ ഒരു ആരോപണം വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്. ഈ വര്‍ഷവും ആ ആരോപണം ശരിവയ്ക്കുന്ന വിധമാണു കാര്യങ്ങള്‍. മികച്ച സംവിധായകരുടെ വിഭാഗത്തിലേക്ക് ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച ഒരു സ്ത്രീ പോലും ഇപ്രാവിശ്യത്തെ പട്ടികയില്‍ ഇല്ല. ലിറ്റില്‍ വിമണ്‍ എന്ന ചിത്രത്തിനു മികച്ച ചിത്രം എന്ന വിഭാഗത്തിലേക്ക് നോമിനേഷന്‍ ലഭിച്ചെന്നതു മാത്രമാണ് സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന ഒരേയൊരു ഘടകം. ലിറ്റില്‍ വിമണ്‍ സംവിധാനം ചെയ്തത് ഗ്രേറ്റ ഗേര്‍വിഗ് എന്ന സ്ത്രീയാണ്. ക്യാമറയ്ക്ക് പിന്നിലും മുന്നിലും ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ചരിത്രപരമായ ഉയരങ്ങളിലെത്തിയ സമയത്താണു നോമിനേഷന്‍ ലഭിക്കുന്ന സ്ത്രീകളുടെ കുറവുണ്ടാകുന്നത് എന്നതും പ്രത്യേകം ശ്രദ്ധേയമായി. സംവിധാനം, എഴുത്ത്, ഫിലിം എഡിറ്റിംഗ്, ഛായാഗ്രഹണം തുടങ്ങിയ വിഭാഗങ്ങളിലേക്കു നോമിനേഷന്‍ ലഭിക്കുന്ന സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യ അംഗീകാരം നല്‍കുന്നതില്‍ ഹോളിവുഡ് ഇപ്പോഴും പരാജയപ്പെടുന്നുണ്ടെന്നു വീണ്ടും വീണ്ടും അടിവരയിടുകയാണ്. ഇപ്രാവിശ്യം ശ്രദ്ധേയമായ മറ്റൊരു കാര്യം നെറ്റ്ഫഌക്‌സ് എന്ന ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്ത, പ്രദര്‍ശിപ്പിച്ച ദ ഐറിഷ്മാന് നിരവധി വിഭാഗങ്ങളില്‍ നോമിനേഷന്‍ ലഭിച്ചു എന്നതാണ്.
അവതാരകരില്ലാതെയാണ് ഇപ്രാവിശ്യവും ഓസ്‌കര്‍ പുരസ്‌കാര ദാന ചടങ്ങ് നടക്കുക. സിനിമാ പ്രേമികള്‍ ഏവരും ഉറ്റുനോക്കുന്ന ചടങ്ങാണ് ഓസ്‌കര്‍ പുരസ്‌കാര ദാനം. സംവിധാനം, തിരക്കഥ, എഡിറ്റിംഗ്, ഛായാഗ്രഹണം, അഭിനയം ഉള്‍പ്പെടെയുള്ള നിരവധി വിഭാഗത്തിലെ മികവിനെ ആദരിക്കുന്നതിനായി അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് നല്‍കുന്ന പുരസ്‌കാരമാണ് ഓസ്‌കര്‍ അവാര്‍ഡുകള്‍. ഈ വര്‍ഷത്തെ ഓസ്‌കര്‍ പുരസ്‌കാര ദാന ചടങ്ങിന് 44 ദശലക്ഷം ഡോളര്‍ ചെലവാകുമെന്നാണു കരുതുന്നത്. ചടങ്ങ് സംഘടിപ്പിക്കുന്ന വേദിയിലെ 16,500 ചതുരശ്രയടി വരുന്ന പരവതാനിക്ക് മാത്രം 24,700 ഡോളറാണു ചെലവഴിക്കുന്നത്. ഓസ്‌കര്‍ അവാര്‍ഡ് എന്നാല്‍ അര്‍ഥമം വന്‍തുക എന്നാണ്. അതു കൊണ്ടു തന്നെ ഓസ്‌കര്‍ അവാര്‍ഡ് സീസണില്‍ ഹോളിവുഡ് ലോബിയിംഗിനായി ചെലവഴിക്കുന്നത് 100 ദശലക്ഷം ഡോളറാണെന്നു പറയപ്പെടുന്നു. ഓസ്‌കര്‍ പ്രഖ്യാപന ചടങ്ങിനിടെ പ്രത്യക്ഷപ്പെടുന്ന 30 മിനിറ്റ് പരസ്യത്തിന് ഈടാക്കുന്നത് 2.6 ദശലക്ഷം ഡോളറാണ്.

ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച ചിത്രങ്ങള്‍

പാരസൈറ്റ്
1917
ദ ഐറിഷ്മാന്‍
ജോജോ റാബിറ്റ്
ജോക്കര്‍
ലിറ്റില്‍ വിമണ്‍
മ്യാരേജ് സ്റ്റോറി
വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്

ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച സംവിധായകര്‍

ബോംഗ് ജൂണ്‍-ഹോ, പാരസൈറ്റ്
സാം മെന്‍ഡസ്-1917
ടോഡ് ഫിലിപ്‌സ്- ജോക്കര്‍
മാര്‍ട്ടിന്‍ സ്‌കോര്‍സെസി- ദ ഐറിഷ്മാന്‍
ക്വിന്റിന്‍ ടാരന്റിനോ- വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്

ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച നടന്മാര്‍

ജോവാക്വീന്‍ ഫീനിക്‌സ്- ജോക്കര്‍
ലിയോനാര്‍ഡോ ഡികാപ്രിയോ- വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്
അന്റോണിയോ ബാന്‍ഡെരാസ്- പെയ്ന്‍ ആന്‍ഡ് ഗ്ലോറി
ആദം ഡ്രൈവര്‍- മാര്യേജ് സ്റ്റോറി
ജൊനാഥന്‍ പ്രൈസ്- ദ ടു പോപ്‌സ്

ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച നടിമാര്‍

സിന്തിയ എര്‍വിയോ- ഹാരിയറ്റ്
സ്‌കാര്‍ലെറ്റ് ജൊഹാന്‍സന്‍-മ്യാരേജ് സ്‌റ്റോറി
സൊയേര്‍സ് റോണന്‍- ലിറ്റില്‍ വിമണ്‍
ചാര്‍ലിസ് തെറോണ്‍- ബോംബ് ഷെല്‍
റെനി സെല്‍വെഗര്‍- ജൂഡി

1917

ഒന്നാം ലോകമഹായുദ്ധത്തിന്റെ കഥ പറയുന്ന സാം മെന്‍ഡസിന്റെ 1917 എന്ന ചിത്രം വളരെ പ്രതീക്ഷയുള്ള ഒന്നാണ്.

പാരസൈറ്റ്

ബോംഗ് ജൂണ്‍-ഹോ സംവിധാനം ചെയ്ത ദക്ഷിണ കൊറിയന്‍ ബ്ലാക്ക് കോമഡി ത്രില്ലര്‍ ചിത്രമാണ് പാരസൈറ്റ്. ഒരു ദരിദ്ര കുടുംബത്തിലെ അംഗങ്ങള്‍ ഒരു സമ്പന്ന വീട്ടിലേക്ക് നുഴഞ്ഞു കയറുകയും ബന്ധമില്ലാത്ത ഉയര്‍ന്ന യോഗ്യതയുള്ള വ്യക്തികളായി കാണിക്കുകയും ചെയ്തു കൊണ്ട് ജോലി ചെയ്യാന്‍ പദ്ധതിയിടുന്നതാണു ചിത്രത്തിന്റെ പ്രമേയം. പാം ഡി ഓര്‍ നേടിയ ആദ്യ കൊറിയന്‍ ചിത്രം കൂടിയാണിത്. 2019 കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്

ക്വിന്റിന്‍ ടാരന്റിനോ സംവിധാനം നിര്‍വഹിച്ച ചിത്രമാണു വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്. ലിയോനാര്‍ഡോ ഡികാപ്രിയോ, ബ്രാഡ് പിറ്റ്, മാര്‍ഗോട്ട് റോബ്ബീ തുടങ്ങിയ മികച്ച അഭിനേതാക്കളുടെ ഒരു നിരതന്നെയുണ്ട് ഈ സിനിമയില്‍. 1969 ലെ ലോസ് ഏഞ്ചല്‍സിനെ പശ്ചാത്തലമാക്കിയാണു സിനിമയുടെ കഥ. ടാരന്റിനോയുടെ ഒന്‍പതാമത് ചിത്രം കൂടിയാണിത്. സാങ്കല്‍പ്പിക, യാഥാര്‍ഥ്യമുള്ള കഥാപാത്രങ്ങളുടെ സമന്വയമാണ് ഈ ചിത്രം.

ദ ഐറിഷ്മാന്‍

ഹോളിവുഡിലെ വിഖ്യാത സംവിധായകനായ മാര്‍ട്ടിന്‍ സ്‌കോര്‍സെസി സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ചിത്രമാണ് ദ ഐറിഷ്മാന്‍. ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിനു മികച്ച പ്രതികരണം ലഭിച്ചിരുന്നു. റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ തന്നെ നെറ്റ്ഫഌക്‌സില്‍ രണ്ടര കോടി എക്കൗണ്ടുകള്‍ ചിത്രം വീക്ഷിച്ചതായി റിപ്പോര്‍ട്ടുണ്ട്. ‘ ഐ ഹേര്‍ഡ് യു പെയ്ന്റ് ഹൗസസ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമെടുത്തിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ബ്രദര്‍ഹുഡ് ഓഫ് ടീംസ്റ്റേഴ്‌സ് പ്രസിഡന്റായിരുന്ന ജിമ്മി ഹോഫ കാണാതാവുന്നു. പിന്നീട് ഹോഫയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഫ്രാങ്ക് ഷീരന്‍ ഏറ്റെടുക്കുന്നു. ഹോഫയുടെയും ഷീരന്റെയും കഥയാണു ചിത്രം പറയുന്നത്. മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ളൊരു ഗ്യാങ്‌സ്റ്റര്‍ മൂവിയാണ്. ദ ഐറിഷ്മാന്‍ 2019 നവംബര്‍ ഒന്നിനാണ് തിയേറ്റര്‍ റിലീസ് ചെയ്തത്. തിയേറ്റര്‍ റിലീസ് വളരെ പരിമിതവുമായിരുന്നു. പിന്നീട് നവംബര്‍ 27ന് നെറ്റ്ഫഌക്‌സില്‍ സ്ട്രീം ചെയ്യുകയായിരുന്നു. നെറ്റ്ഫഌക്‌സ് തന്നെയാണു ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തത്.

ജോക്കര്‍

നിരവധി പ്രദര്‍ശന വേദികളില്‍ കൈയ്യടി നേടിയ ചിത്രമായ ജോക്കറാണ് ഓസ്‌കര്‍ പ്രതീക്ഷയുള്ള മറ്റൊരു ചിത്രം. ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത് ജോവാക്വീന്‍ ഫീനിക്‌സ് മുഖ്യവേഷത്തിലെത്തിയ ചിത്രമാണു ജോക്കര്‍.

Categories: Top Stories