വിറ്റാര ബ്രെസ ഇപ്പോള്‍ പെട്രോള്‍ ഹൈബ്രിഡ്

വിറ്റാര ബ്രെസ ഇപ്പോള്‍ പെട്രോള്‍ ഹൈബ്രിഡ്

ഒടുവില്‍ വിറ്റാര ബ്രെസയില്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കി

ഗ്രേറ്റര്‍ നോയ്ഡ: കാത്തിരിപ്പിന് വിരാമം. ഫേസ്‌ലിഫ്റ്റ് ചെയ്ത മാരുതി സുസുകി വിറ്റാര ബ്രെസ ഓട്ടോ എക്‌സ്‌പോയില്‍ അനാവരണം ചെയ്തു. പെട്രോള്‍ ഹൈബ്രിഡ് വിറ്റാര ബ്രെസയാണ് പുതുതായി വിപണിയിലെത്തുന്നത്. ഒടുവില്‍ വിറ്റാര ബ്രെസയില്‍ പെട്രോള്‍ എന്‍ജിന്‍ ലഭിച്ചിരിക്കുന്നു. എസ്എച്ച്‌വിഎസ് (സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കിള്‍ ബൈ സുസുകി) ലഭിക്കുന്ന ഏറ്റവും പുതിയ മോഡലാണ് വിറ്റാര ബ്രെസ.

ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, കെ15 പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറുമാണ് സബ്‌കോംപാക്റ്റ് എസ്‌യുവിക്ക് കരുത്തേകുന്നത്. ഈ മോട്ടോര്‍ 6,000 ആര്‍പിഎമ്മില്‍ 102 ബിഎച്ച്പി കരുത്തും 4,400 ആര്‍പിഎമ്മില്‍ 134 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സിയാസില്‍ അരങ്ങേറ്റം നടത്തിയ എന്‍ജിനാണിത്. പിന്നീട് പുതിയ എര്‍ട്ടിഗയിലും നല്‍കിയിരുന്നു. മറ്റ് മോഡലുകളിലേതുപോലെ, വിറ്റാര ബ്രെസയിലും 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് കൂട്ട്. 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഓപ്ഷണലായി ലഭിക്കും.

പുതിയ വിറ്റാര ബ്രെസയുടെ കാഴ്ച്ചയിലും ചെറിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. പുതിയ ക്രോം ഗ്രില്‍ കൂടാതെ ബുള്‍ബാര്‍, സ്‌കിഡ് പ്ലേറ്റ് എക്‌സ്റ്റെന്‍ഷന്‍ എന്നിവ നല്‍കി ബംപര്‍ മെച്ചപ്പെടുത്തി. ഹെഡ്‌ലാംപുകള്‍ നവീകരിച്ചു. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി പ്രൊജക്റ്റര്‍ ലാംപുകള്‍ എന്നിവ നല്‍കി പരിഷ്‌കരിച്ചു. വശങ്ങളിലും പിറകിലും മാറ്റമില്ല. എന്നാല്‍ പുതിയ 16 ഇഞ്ച് അലോയ് വീലുകളും എല്‍ഇഡി ടെയ്ല്‍ലാംപുകളും നല്‍കി. കാബിന്‍ പരിഷ്‌കാരങ്ങള്‍ പരിമിതമാണ്. അപ്‌ഹോള്‍സ്റ്ററി പുതുക്കി. 7.0 ഇഞ്ച് ‘സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ 2.0’ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ലഭിച്ചു.

പുതിയ വിറ്റാര ബ്രെസയില്‍ ഡീസല്‍ എന്‍ജിന്‍ പിന്നീട് നല്‍കുമോയെന്ന് സ്ഥിരീകരണമില്ല. വിപണിയില്‍നിന്ന് പുറത്തുപോകുന്ന വിറ്റാര ബ്രെസ ഉപയോഗിച്ചിരുന്നത് ഫിയറ്റില്‍നിന്ന് വാങ്ങിയ 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനായിരുന്നു. ഈ മോട്ടോറിന്റെ ഉല്‍പ്പാദനം ഫിയറ്റ് ഈയിടെ അവസാനിപ്പിച്ചിരുന്നു. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ നല്‍കുമോയെന്ന് കാത്തിരുന്ന് കാണാം.

Comments

comments

Categories: Auto