ടാറ്റ ടെലി സര്‍വീസസിന്റെ മൊബീല്‍ ബിസിനസ് എയര്‍ടെല്ലുമായി ലയിപ്പിക്കുന്നതിന് അംഗീകാരം

ടാറ്റ ടെലി സര്‍വീസസിന്റെ മൊബീല്‍ ബിസിനസ് എയര്‍ടെല്ലുമായി ലയിപ്പിക്കുന്നതിന് അംഗീകാരം

ട്രെബ്യൂണല്‍ നിര്‍ദേശിച്ച പ്രകാരം ലയനത്തിനായി ഭാരതി എയര്‍ടെല്‍ 644 കോടി രൂപ മാത്രമാണ് സമര്‍പ്പിച്ചത്

ന്യൂഡെല്‍ഹി: തങ്ങളുടെ ഉപഭോക്തൃ മൈബീല്‍ ബിസിനസ്സ് ഭാരതി എയര്‍ടെല്ലുമായി ലയിപ്പിക്കാന്‍ ടെലികോം വകുപ്പ് (ഡിഒടി) അംഗീകാരം നല്‍കിയതായി ടാറ്റ ടെലി സര്‍വീസസ് അറിയിച്ചു. ഫെബ്രുവരി 6 തീയതി രേഖപ്പെടുത്തിയ കത്തിലൂടെ ലയനത്തിന് അനുമതി നല്‍കിയ കാര്യം ഡിഒടി അറിയിച്ചതായി ടാറ്റ ടെലി സര്‍വീസസ് ഓഹരിവിപണിയില്‍ നടത്തിയ ഫയലിംഗില്‍ പറയുന്നു.
നേരത്തേ ലയനം രേഖപ്പെടുത്തിയിട്ടില്ലെന്നും എയര്‍ടെല്ലിന്റെയും ടാറ്റയുടെ ഉപഭോക്തൃ മൈബീല്‍ ബിസിനസിന്റെയും ലയനം രേഖപ്പെടുത്തുന്നതിനു മുമ്പ് 7,000 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റിയും 1,287.97 കോടി രൂപ തിരിച്ചടവും നല്‍കണമെന്നും ഡിഒടി എയര്‍ടെലിനോട് ആവശ്യപ്പെട്ടു. എന്നാല്‍ 2019 മേയ് 2 ന് ടെലികോം തര്‍ക്ക പരിഹാര ഉന്നത ട്രൈബ്യൂണല്‍ 8,287 കോടി രൂപ അടയ്ക്കുന്നതില്‍ എയര്‍ടെലിന് ഭാഗികമായി സ്റ്റേ അനുവദിക്കുകയും ലയനം അഗീകരിക്കുകയും ചെയ്തു.

ലയനം രേഖപ്പെടുത്താനും നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ (എന്‍സിഎല്‍ടി) ഡെല്‍ഹി, മുംബൈ ബെഞ്ചുകള്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാനും ടെലികോം വകുപ്പിന് ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കി. എന്നാല്‍ ട്രൈബ്യൂണലിന്റെ വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ഡിഒടി. ഈ കേസ് നിലനില്‍ക്കെ തന്നെയാണ് ലയനത്തിന് അംഗീകാരം നല്‍കിയിട്ടുള്ളത്. ലയനം പൂര്‍ത്തിയാക്കാന്‍ ട്രൈബ്യൂണല്‍ നിര്‍ദേശിച്ച പ്രകാരം ഭാരതി എയര്‍ടെല്‍ 644 കോടി രൂപ മാത്രമാണ് സമര്‍പ്പിച്ചത്.

ലയനത്തിന്റെ ഭാഗമായി 19 ടെലികോം സര്‍ക്കിളുകളില്‍ ടാറ്റ ടെലി സര്‍വീസസിന്റെ മൊബീല്‍ സേവന പ്രവര്‍ത്തനങ്ങള്‍ എയര്‍ടെലിന്റെ ഭാഗമായി. ടാറ്റ ടെലി സര്‍വീസസിന്റെ അടയ്ക്കാത്ത സ്‌പെക്ട്രം ബാധ്യതയുടെ ഒരു ചെറിയ ഭാഗം ഏറ്റെടുക്കാനും എയര്‍ടെല്‍ സമ്മതിച്ചു. 4 ജിക്ക് വ്യാപകമായി ഉപയോഗിക്കുന്ന 1800, 2100, 850 മെഗാഹെര്‍ട്‌സ് ബാന്‍ഡുകളില്‍ 178.5 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം സ്വന്തമാക്കാന്‍ ലയനത്തിലൂടെ എയര്‍ടെലിന് സാധിച്ചു.

Comments

comments

Categories: FK News