സ്റ്റാര്‍ട്ടപ്പുകള്‍ നിക്ഷേപ സമാഹരണത്തിന് ഓഹരി വിപണിയിലിറങ്ങണം: ക്രിസ് ഗോപാലകൃഷ്ണന്‍

സ്റ്റാര്‍ട്ടപ്പുകള്‍ നിക്ഷേപ സമാഹരണത്തിന് ഓഹരി വിപണിയിലിറങ്ങണം: ക്രിസ് ഗോപാലകൃഷ്ണന്‍
  • സീഡിംഗ് കേരള നിക്ഷേപക സംഗമത്തിന് കൊച്ചിയില്‍ തുടക്കമായി
  •  അടുത്ത 500 ദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ കുറഞ്ഞത് അഞ്ച് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ ഓഹരി വിപണിയിലേക്കെത്തിക്കാനാണ് പരിശ്രമമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്

കൊച്ചി: രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ നിക്ഷേപ സമാഹരണത്തിന് ഓഹരി വിപണിയിലിറങ്ങണമെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച സീഡിംഗ് കേരള 2020 നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ട്രില്യന്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയ്ക്കുള്ളത്. ഇതില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമേ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നുള്ളൂവെന്ന് ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇന്ന് രാജ്യത്തെ പ്രമുഖ സ്റ്റാര്‍ട്ടപ്പുകളെല്ലാം വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിലാണ്. ഈ സ്ഥിതി മാറി രാജ്യത്തെ പൊതുജനങ്ങളുടെ പക്കല്‍ ഈ കമ്പനികളുടെ ഓഹരി ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ ബിസിനസ് രീതികളില്‍ നിന്ന് വ്യത്യസ്തമായ ആശയങ്ങളും സംരംഭങ്ങളുമാണ് രാജ്യത്തിന് വേണ്ടത്. ആമസോണിന്റെ ബിസിനസിനെ അലോസരപ്പെടുത്തുന്ന സാങ്കേതിക വിദ്യയും ആശയവുമാണ് ഇന്ത്യയിലെ സംരംഭങ്ങള്‍ ഉന്നം വയ്‌ക്കേണ്ടത്. ആധാര്‍ അധിഷ്ഠിത പണം കൈമാറ്റ സംവിധാനമായ യുപിഐ വിപ്ലവാത്മകമാണ്. ലോകത്തെ എല്ലാ പണം കൈമാറ്റ സംവിധാനങ്ങളും യുപിഐയ്ക്ക് അധിഷ്ഠിതമായി ക്രമപ്പെടുത്തേണ്ടി വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങിയ പൂര്‍വ വിദ്യാര്‍ത്ഥികളുടെ നിക്ഷേപ കൂട്ടായ്മ രൂപീകരിക്കാന്‍ ആലോചിക്കുകയാണെന്ന് സംസ്ഥാന ഇലക്ട്രോണിക്‌സ്- ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞു. ഏകദേശം 36,000 കോടി രൂപയുടെ നിക്ഷേപ സാധ്യതയാണ് ഇവരിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ളത്. ഇതില്‍ 10 ശതമാനം ഉപയോഗപ്പെടുത്താനായാല്‍ അത് വലിയ മാറ്റം നിക്ഷേപ അന്തരീക്ഷത്തില്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ആശയം ഏറെ പ്രചോദകരമാണെന്ന് ക്രിസ് ഗോപാലകൃഷ്ണ്‍ പറഞ്ഞു. തന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയിലും ഈ ആശയം അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത 500 ദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ കുറഞ്ഞത് അഞ്ച് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ ഓഹരി വിപണിയിലേക്കെത്തിക്കാനാണ് പരിശ്രമമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ഈ സാധ്യത മുന്നില്‍ കണ്ടു കൊണ്ട് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ തങ്ങളുടെ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 80 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍, 100 നിക്ഷേപക ശേഷിയുള്ളവര്‍, 10 മികച്ച നിക്ഷേപങ്ങള്‍, 14 എയ്ഞ്ചല്‍ ശൃംഖലകള്‍, 30 നിക്ഷേപകര്‍, 30 സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, 30 കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവയാണ് സീഡിംഗ് കേരളയില്‍ പങ്കെടുക്കുന്നത്.

Comments

comments

Categories: FK News