വിശേഷണം വന്‍ശക്തിയെന്ന് പക്ഷേ, ഒരു വൈറസിനു മുന്നില്‍ എല്ലാം തകര്‍ന്നടിഞ്ഞു

വിശേഷണം വന്‍ശക്തിയെന്ന് പക്ഷേ, ഒരു വൈറസിനു മുന്നില്‍ എല്ലാം തകര്‍ന്നടിഞ്ഞു

ഭാവിയിലെ സാമ്പത്തിക, സൈനിക ശക്തിയെന്നാണു ചൈനയെ വിശേഷിപ്പിക്കുന്നത്. പക്ഷേ, കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതും അതേ തുടര്‍ന്ന് അതിനോടുള്ള അവരുടെ പ്രതികരണവും എത്രത്തോളം ദുര്‍ബലമാണു ചൈന എന്നുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാകുന്നുണ്ട്. ഏതാനും ആഴ്ചകള്‍ക്കു മുന്‍പു വരെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുവാനും സാങ്കേതികവിദ്യാ രംഗത്ത് നേട്ടം കൈവരിക്കുവാനുമുള്ള പദ്ധതികള്‍ പ്ലാന്‍ ചെയ്യുക എന്നതിനായിരുന്നു ചൈന മുന്‍ഗണന കൊടുത്തിരുന്നത്. എന്നാല്‍ കൊറോണ വൈറസ് ബാധ എല്ലാ പദ്ധതികളെയും തകിടം മറിച്ചിരിക്കുന്നു. വൈറസ് സൃഷ്ടിച്ച വെല്ലുവിളിയെ നേരിടാന്‍ ചൈനയ്ക്കു സാധിച്ചില്ലെന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യം കൂടിയായി.

ഏകദേശം രണ്ട് മാസം മുമ്പ് വുഹാനില്‍നിന്നും ഉത്ഭവിച്ചെന്നു കരുതുന്ന വൈറസ് ബാധയെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട ചൈനയുടെ പ്രതികരണം ആ രാജ്യം സ്വീകരിച്ചിരിക്കുന്ന പൊലീസ് സ്റ്റേറ്റ് സമീപനത്തിന്റെ ചില ഗുണങ്ങളും അതോടൊപ്പം ചില പോരായ്മകളും പ്രകടമാക്കുന്നവയാണ്. ഗുണങ്ങളിലൊന്നായി കാണുന്നത്, ചൈനീസ് ഭരണാധികാരികള്‍ക്ക് പത്ത് ദിവസത്തിനുള്ളില്‍ ഒരു ആശുപത്രി നിര്‍മിക്കാന്‍ സാധിച്ചെന്നതാണ്. എന്നാല്‍ പോരായ്മയെന്നു പറയുന്നത് വൈറസ് ബാധയുമായി ബന്ധപ്പെട്ടു മോശം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളെ അടിച്ചമര്‍ത്തുകയും ജാഗ്രത പുലര്‍ത്തുന്ന ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു എന്നതാണ്. അതിലൂടെ ചൈനീസ് ഭരണാധികാരികള്‍ സ്വദേശത്തു മാത്രമല്ല, വിദേശികളുടെ മുന്‍പിലും അവിശ്വാസം സൃഷ്ടിച്ചിരിക്കുകയാണ്. ഡിസംബര്‍ അവസാന ആഴ്ചയില്‍ വുഹാന്‍ സെന്‍ട്രല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ ലി വെന്‍ലിയാങ് സാഴ്‌സ് പോലൊരു വൈറസ് ബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും എല്ലാവരും പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും മുന്നറിയിപ്പ് നല്‍കുകയുണ്ടായി. എന്നാല്‍ ഡിസംബര്‍ 30ന് അദ്ദേഹത്തെ വുഹാനിലെ അന്വേഷണ ഏജന്‍സി ഡോക്ടര്‍ ലി വെന്‍ലിയാങിനെ വിചാരണ ചെയ്തു.

തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവന നടത്തിയെന്ന് ആരോപിച്ചായിരുന്നു ഡോക്ടറെ വിചാരണ ചെയ്തത്. എന്നാല്‍ ഡോക്ടറുടെ മുന്നറിയിപ്പിന് ശേഷം മൂന്നാഴ്ച പിന്നിട്ടപ്പോള്‍ ചൈനയ്ക്കു വൈറസ് ബാധയുടെ പേരില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതായും വന്നു.
ചൈനയിലെ ആളുകള്‍ അവരുടെ സര്‍ക്കാരിനെ വിശ്വസിക്കുന്നില്ലെന്നതാണ് ഒരു യാഥാര്‍ഥ്യം. ചൈനീസ് ഭരണകൂടം പുറത്തുവിട്ടിരിക്കുന്ന ഔദ്യോഗിക സാമ്പത്തിക കണക്കുകള്‍ പോലെ ആരോഗ്യസംബന്ധമായ ഡാറ്റയും സംശയാസ്പദമാണെന്ന് അവര്‍ക്ക് അറിയാം. സമീപകാലത്ത് ഒരു അമേരിക്കന്‍ ബിസിനസ് എക്‌സിക്യൂട്ടീവ് ചൈനയിലുള്ളവരുമായി നടത്തിയ അഭിമുഖങ്ങളില്‍നിന്നും മനസിലാക്കുവാന്‍ സാധിക്കും ചൈനീസ് സര്‍ക്കാരിനോടുള്ള പൊതുജനങ്ങളുടെ അവിശ്വാസം എത്രത്തോളമാണെന്ന്. ഇപ്പോള്‍ കൊറോണ വൈറസ് ബാധിതര്‍ 23,000 ആണെന്നു ചൈനയുടെ ഔദ്യോഗിക കണക്കുകള്‍ പറയുന്നു. മരണം 490 എന്നും. ഈ കണക്കുകളില്‍ പൊതുജനങ്ങളില്‍ പലര്‍ക്കും വിശ്വാസമില്ല. മരണസംഖ്യം 490 ലും കൂടുതലായിരിക്കുമെന്ന് അവര്‍ കരുതുന്നുണ്ട്. 2003 ല്‍ ചൈനയെ ഗ്രസിച്ച സാര്‍സ് രോഗത്തില്‍ നിന്നും ഭരണകൂടം 17 വര്‍ഷം പിന്നിട്ടിട്ടും യാതൊന്നും പഠിച്ചിട്ടില്ലെന്നാണു ജനങ്ങളുടെ പരാതി.

ചൈനയുടെ ആരോഗ്യരംഗവും ദുര്‍ബലം

സുതാര്യത എന്നത് ഒരു പ്രധാന ഘടകമാണ്, പ്രത്യേകിച്ച് എമര്‍ജന്‍സി ഘട്ടത്തില്‍. ചൈനയിലെ 2003-ലെ സാര്‍സ് രോഗത്തില്‍ നിന്നും മനസിലാക്കിയതും ഇക്കാര്യമാണ്. ഒരു പ്രതിസന്ധി ശരിയായി കൈകാര്യം ചെയ്യുന്നതില്‍ സുതാര്യത ഒരു സുപ്രധാന സ്വാധീനം ചെലുത്തുന്നുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ പൗരന്മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഫോണ്‍ കോളിലൂടെയോ മീഡിയ അപ്‌ഡേറ്റുകളിലൂടെയോ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഉതകും വിധമുള്ള ആശയവിനിമയ സംവിധാനം ചൈന സൃഷ്ടിച്ചിട്ടില്ലെന്നതാണ് ഒരു യാഥാര്‍ഥ്യം. പുതുതായി കണ്ടെത്തിയ കൊറോണ വൈറസ് ബാധിച്ചയായളെ 2019 ഡിസംബര്‍ ഒന്നിന് തിരിച്ചറിഞ്ഞിരുന്നെങ്കിലും ഇക്കാര്യം ഒരു മാസത്തിനു ശേഷമാണു ചൈന ലോകാരോഗ്യ സംഘടനയെ അറിയിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. മാത്രമല്ല വൈറസിനെ കുറിച്ച് സൂചന നല്‍കിയ ഡോക്ടറെയും മറ്റുള്ളവരെയും പൊലീസ് നിശബ്ദരാക്കുകയും ചെയ്തു. ഇത്തരത്തില്‍ വിവരങ്ങള്‍ പങ്കുവച്ചവരെ നിശബ്ദരാക്കിയതിലൂടെ വൈറസ് പടര്‍ന്നുപിടിക്കുന്നത് വേഗത്തിലാകാനും കാരണമായെന്നാണ് ഇപ്പോള്‍ വിലയിരുത്തുന്നത്. വിവരങ്ങള്‍ പങ്കുവയ്ക്കാതിരുന്നതു മാത്രമല്ല 2003 ല്‍ സാര്‍സ് പടര്‍ന്നുപിടിക്കാന്‍ കാരണമായത്. അക്കാലത്ത് ചൈനയിലെ ഗ്രാമപ്രദേശങ്ങളിലുള്ള ഭൂരിഭാഗം പേര്‍ക്കും ആരോഗ്യ ഇന്‍ഷ്വറന്‍സ് ഇല്ലാത്തവരായിരുന്നു. ചികിത്സയ്ക്കായി പലര്‍ക്കും പോക്കറ്റില്‍നിന്നും പണം നല്‍കേണ്ടി വന്നു. അതിനു പുറമേ പല ആരോഗ്യപ്രവര്‍ത്തകരും ശരിയായി പരിശീലനം ലഭിച്ചവരായിരുന്നുമില്ല. ഇതെല്ലാം സാര്‍സ് നിരവധി പേര്‍ക്ക് പടരാനുള്ള കാരണമായിരുന്നു. സാര്‍സ് വിതച്ച ദുരന്തത്തെ തുടര്‍ന്നു ചൈന ഗ്രാമവാസികള്‍ക്ക് ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന ഇന്‍ഷ്വറന്‍സ് നടപ്പിലാക്കി. ഇന്ന് ചൈനയിലെ 98 ശതമാനം ഗ്രാമീണരും ഹെല്‍ത്ത് കെയര്‍ ഇന്‍ഷ്വറന്‍സുള്ളവരാണ്. ഇന്‍ഷ്വറന്‍സ് പോളിസിയുടെ വാര്‍ഷിക പ്രീമിയം അടയ്ക്കുന്നത് സര്‍ക്കാരാണ്. പക്ഷേ, ഈ പദ്ധതിക്ക് ഒരു കുഴപ്പമുണ്ട്. ഇത് ഇന്‍പേഷ്യന്റ് ട്രീറ്റ്‌മെന്റുകള്‍ക്കുള്ളതാണ്. അതായത്, ആശുപത്രിയില്‍ അഡ്മിറ്റായി കിടന്ന് ചികിത്സിക്കുന്നവര്‍ക്കു മാത്രമുള്ള പദ്ധതി. മാത്രമല്ല സര്‍ക്കാരിന്റെ ഭാഗമായുള്ള ആശുപത്രികളില്‍ മാത്രമാണു ചികിത്സ ലഭിക്കുന്നതും. ഔട്ട് പേഷ്യന്റ് ട്രീറ്റ്‌മെന്റിന് പോകുന്ന രോഗികള്‍ക്ക് മരുന്നിന്റെ ചിലവ് സ്വന്തമായി വഹിക്കേണ്ടി വരും. ചൈനയുടെ പബ്ലിക് ഹെല്‍ത്ത് കെയര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം ഡോക്ടര്‍മാര്‍ക്കും തുച്ഛമായ ശമ്പളമാണുള്ളത്. മാത്രമല്ല ഇവര്‍ക്ക് ഓവര്‍ ടൈം ജോലി ചെയ്യേണ്ടതായും വരാറുണ്ട്. ഈയൊരു കാരണം കൊണ്ട് പലരും സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യാന്‍ തയാറാകാറില്ല. അതുപോലെ ഗ്രാമപ്രദേശങ്ങളില്‍ സേവനം ചെയ്യാനും പല ഡോക്ടര്‍മാരും തയാറാകാറില്ല. പലര്‍ക്കും പ്രിയം നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ്. കാരണം ഉയര്‍ന്ന വേതനം ലഭിക്കുന്നത് നഗരങ്ങളിലാണ്. വുഹാനില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സമയത്ത്, ചികിത്സ ലഭിക്കാനായി രോഗികള്‍ക്കു മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കേണ്ടതായി വന്നു. കിടക്ക ഇല്ലെന്ന കാരണത്താല്‍ രോഗ ലക്ഷണം കാണിച്ചവര്‍ക്ക് പ്രാദേശിക ആശുപത്രികളില്‍ പ്രവേശനം പോലും നിഷേധിക്കുകയുണ്ടായി. വുഹാനില്‍ വൈറസ് ബാധയുണ്ടായതിനെ തുടര്‍ന്ന് മറ്റ് പ്രദേശങ്ങളുമായി ഗതാഗതം ഉള്‍പ്പെടെയുള്ള ബന്ധം വിച്ഛേദിച്ചതോടെ രോഗികളില്‍ പലര്‍ക്കും ആശുപത്രിയില്‍ ചികിത്സയ്ക്കായി കാല്‍നടയായി പോകേണ്ടി വന്നു.

സമ്പദ്‌രംഗത്ത് മാന്ദ്യം

ചൈനയുടെ പദ്ധതികള്‍, അപൂര്‍വ്വമായി മാത്രമാണു തകര്‍ന്നിട്ടുള്ളത്. അതും വളരെ വേഗത്തിലും ഇത്രയധികം പരസ്യമായും ഒരു പദ്ധതി തകരുന്നത് അപൂര്‍വ്വമാണ്. ഒരു ഉദാഹരണം പറയാം. സാമ്പത്തിക വളര്‍ച്ച കൈവരിക്കുകയെന്ന പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം ഹൂബെയ് പ്രവിശ്യയുടെ ജിഡിപി 7.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നു അധികാരികള്‍ ജനുവരി 12ന് പ്രഖ്യാപിച്ചിരുന്നു. ഹൈടെക് സപ്ലൈ ചെയ്‌നില്‍ അഥവാ അത്യാധുനിക വിതരണ ശൃംഖലയില്‍ പ്രവിശ്യയെ കണ്ണിയാക്കുമെന്നും അവര്‍ പ്രതിജ്ഞയെടുത്തിരുന്നു. ഇതൊക്കെ പ്രഖ്യാപിച്ചപ്പോഴും അവരുടെ നഗരത്തില്‍ ന്യൂമോണിയ ഉണ്ടാക്കുന്ന അജ്ഞാത വൈറസിനെ കുറിച്ച് ഒരു വാക്ക് പോലും അവര്‍ പരാമര്‍ശിച്ചിരുന്നില്ല. ജിഡിപി വളര്‍ച്ച കൈവരിക്കുന്നതിന്റെയും, ഹൈടെക് സപ്ലൈ ചെയ്‌നില്‍ ഭാഗമാക്കുമെന്നതിനെയും കുറിച്ചുള്ള പ്രഖ്യാപനം നടത്തി രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ആദ്യം മറച്ചുപിടിച്ച വൈറസ് ബാധ അവഗണിക്കാനാവാത്ത വിധം വലുതായി കഴിഞ്ഞിരുന്നു. ഇതിനെതിരേ പ്രവര്‍ത്തിക്കാനുള്ള സമ്മര്‍ദ്ദം അതോടെ അധികാരികളില്‍ വന്നു ചേര്‍ന്നു. തുടര്‍ന്ന് പ്രവിശ്യയില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു. അതിന്റെ ഭാഗമായി പ്രവിശ്യയെ ഏകാന്തവാസത്തിലേക്കെന്ന പോലെ മാറ്റി. പകര്‍ച്ചവ്യാധി തടയാനായി ഏകാന്തവാസം ഏര്‍പ്പെടുത്തുന്ന രീതിയുണ്ട്. ആ രീതി പ്രവിശ്യയില്‍ ഏര്‍പ്പെടുത്തി. ഇതോടെ നേരത്തേ പ്രഖ്യാപിച്ച ജിഡിപി വളര്‍ച്ച കൈവരിക്കല്‍ പോലുള്ള സാമ്പത്തിക ലക്ഷ്യങ്ങള്‍ ഈ വര്‍ഷം കൈവരിക്കാനാവില്ലെന്നും അവര്‍ക്കു ബോധ്യപ്പെട്ടു. വൈറസ് ബാധയെ തടയുന്നതിലേക്കും ആളുകള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിലേക്കും മാറി അധികൃതരുടെ ശ്രദ്ധ. ഹൂബെയ് പ്രവിശ്യയിലാണ് കൊറോണ വൈറസ് ഏറ്റവും വലിയ നാശം വിതച്ചത്. ഈ പ്രവിശ്യയില്‍ 479 ഓളം മരണം റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധയേറ്റതാകട്ടെ, 16,678-ാളം പേര്‍ക്കും.
ആത്മവിശ്വാസത്തില്‍നിന്നാണ് ഉത്കണ്ഠയിലേക്കു പെട്ടെന്ന് എത്തിച്ചേര്‍ന്നത്. അത് സൃഷ്ടിച്ച ആഘാതം ചൈനയിലുടനീളം പ്രതിധ്വനിച്ചിരിക്കുന്നു. ചൈനയിലെ ഓഹരി വിപണിയില്‍ ഓഹരികളുടെ വിലയില്‍ ജനുവരി 20നു ശേഷം 10 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.

പുതുവര്‍ഷത്തോടനുബന്ധിച്ച് അടച്ചിട്ടിരിക്കുന്ന ഫാക്ടറികളും ഓഫീസുകളും ഈയടുത്ത ദിവസങ്ങളില്‍ തുറക്കേണ്ടിയിരുന്നതാണെങ്കിലും അവ പലതും ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. ഫെബ്രുവരി പത്ത് വരെ അടച്ചിടാനാണു പല പ്രവിശ്യകളിലെ ഫാക്ടറികളോടും അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. (ചൈനയില്‍ പരമ്പരാഗത പുതുവര്‍ഷം ജനുവരിയിലാണു നടക്കുന്നത്. ഇത് സ്പ്രിംഗ് ഫെസ്റ്റിവല്‍ എന്നും അവിടെ അറിയപ്പെടുന്നു. ഈ വര്‍ഷം ജനുവരി 25നായിരുന്നു സ്പ്രിംഗ് ഫെസ്റ്റിവല്‍ നടത്താന്‍ തീരുമാനിച്ചത്. ഇതിനു മുന്നോടിയായി ജനുവരി ആദ്യ ആഴ്ച കഴിയുമ്പോള്‍ ചൈനയില്‍ ഫാക്ടറികളും ഓഫീസുകളും നീണ്ട ദിവസത്തേയ്ക്ക് അവധി പ്രഖ്യാപിക്കാറുണ്ട്). പല ബിസിനസ് സ്ഥാപനങ്ങള്‍ക്കും അവരുടെ കരുതല്‍ ധനം ഉപയോഗിക്കേണ്ട സാഹര്യമുണ്ട് ഇപ്പോള്‍. ചൈനയില്‍ ഹൂബെയ് പ്രവിശ്യയില്‍ മാത്രമല്ല, ഒട്ടുമിക്ക പ്രവിശ്യകളിലെയും റെസ്റ്റോറന്റുകള്‍ക്കും ഹോട്ടലുകള്‍ക്കും കൊറോണ വൈറസ് ബാധ ദോഷകരമായി തീര്‍ന്നിരിക്കുകയാണ്. കാരണം ആരും തന്നെ പുറത്തുനിന്നും ഭക്ഷണം കഴിക്കാന്‍ ധൈര്യപ്പെടുന്നില്ല ഇപ്പോള്‍. ചൈനയില്‍ നിലനില്‍ക്കുന്ന അനശ്ചിതാവസ്ഥ ഇനിയും തുടരുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ നിരവധി പേര്‍ക്കു തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നാണു വിദഗ്ധര്‍ പറയുന്നത്. അത്തരം സാഹചര്യം ഒരു വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യും. ചൈനയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ സാമ്പത്തിക വളര്‍ച്ച ഇടിയുമെന്നത് ഉറപ്പായിരിക്കുകയാണ്. നേരത്തേ നടത്തിയ പ്രവചനങ്ങള്‍ വെട്ടിക്കുറയ്ക്കാനും അനലിസ്റ്റുകള്‍ തീരുമാനിച്ചു കഴിഞ്ഞു. ആദ്യം പ്രവചിച്ചിരുന്നത് ആദ്യ പാദത്തില്‍, മുന്‍ വര്‍ഷത്തേക്കാള്‍ ജിഡിപി വളര്‍ച്ച ആറ് ശതമാനം കൈവരിക്കുമെന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ പറയുന്നത് ജിഡിപി വളര്‍ച്ച ആറില്‍നിന്നും നാലിലേക്കു താഴുമെന്നാണ്. കൊറോണ വൈറസ് നിയന്ത്രണവിധേയമാകുന്നതോടെ സാമ്പത്തിക വളര്‍ച്ച വീണ്ടെടുക്കുമെന്ന് പ്രതീക്ഷയുണ്ട്. എന്നാല്‍ അത് എപ്പോഴായിരിക്കാമെന്നതിനെ കുറിച്ച് വളരെയധികം അനിശ്ചിതത്വമുണ്ട്. ഇപ്പോഴും ഉറപ്പ് പറയാനാകാത്ത മൂന്ന് ഘടകങ്ങളായിരിക്കും വീണ്ടെടുക്കലിന്റെ സമയം നിര്‍ണ്ണയിക്കുന്നത്. ആ ഘടകങ്ങള്‍ ഇവയാണ്. ഒന്നാമത്തേത് വൈറസിനെ നിയന്ത്രണത്തിലാക്കാന്‍ എത്ര സമയമെടുക്കും ? സര്‍ക്കാര്‍ ഇപ്പോള്‍ ഓരോരുത്തരുടെയും ദൈനംദിന ജീവിതത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കാര്‍ക്കശ്യം നിറഞ്ഞ നിയന്ത്രണങ്ങള്‍ എത്രനാള്‍ കഴിഞ്ഞു പിന്‍വലിക്കും ? ചൈനീസ് സമ്പദ്‌വ്യവസ്ഥയെ ഊര്‍ജ്ജസ്വലമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആളുകള്‍ പുനരാരംഭിക്കുന്നത് എത്ര നാള്‍ കഴിഞ്ഞായിരിക്കും ?

ചൈനയുടെ ഇക്കണോമിക് പോളിസിയെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ കൊറോണ വൈറസ് ബാധ ഒരു വെല്ലുവിളിയാണ്. ചൈനയുടെ ഭാവിയിലേക്ക് ഉറ്റുനോക്കുമ്പോള്‍, അനിശ്ചിതത്വം വര്‍ദ്ധിക്കുന്നതായും കാണുവാനാകും. എങ്കിലും വൈറസ് ബാധ ഉണ്ടാകുന്നതിനു മുന്‍പു സഞ്ചരിച്ചിരുന്ന പാതയിലേക്കു വളര്‍ച്ച തിരിച്ചുവരുമെന്ന ആത്മിവിശ്വാസം ചൈനയ്ക്കുണ്ട്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മന്ദീഭവിച്ച സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കാനായി സര്‍ക്കാര്‍ പുതിയ ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ പ്രൊജക്റ്റുകള്‍ പ്രഖ്യാപിച്ചേക്കുമെന്നു ചിലര്‍ കരുതുന്നുണ്ട്. എന്നാല്‍ ഈ സമയത്ത് ആളുകള്‍ കെട്ടിടവും ഫാക്ടറിയും നിര്‍മിക്കുന്നത് കാണാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നതാണു യാഥാര്‍ഥ്യം. പകരം, വൈറസ് കൂടുതല്‍ പടരാതിരിക്കാനായി ആളുകള്‍ അവരുടെ വീടുകളില്‍ തന്നെ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതോടൊപ്പം വിപണികളില്‍ ഇടപെട്ടും, സഹനശീലം പ്രകടിപ്പിച്ചും പ്രതിസന്ധിയെ നേരിടാനാണു ചൈനയുടെ ശ്രമം. ഫെബ്രുവരി മൂന്നിനു ഫിനാന്‍ഷ്യല്‍ സിസ്റ്റത്തിലേക്കു ചൈനയുടെ കേന്ദ്ര ബാങ്ക് 172 ബില്യന്‍ ഡോളറാണു നല്‍കിയത്.

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് അപ്രത്യക്ഷമായോ ?

ചൈന ഒരു വന്‍പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. രാജ്യം വലിയ പ്രതിസന്ധിയെ നേരിടുമ്പോള്‍ അതിനെ കുറിച്ച് സ്വന്തം ജനങ്ങളോടും ലോകത്തോടും വിശദീകരിക്കാന്‍ തലവനായ ഷീ ജിന്‍പിംഗ് ഇതു വരെ സന്നദ്ധനായിട്ടില്ല. കൊറോണ വൈറസ് പിടിപെട്ട് ചൈനയില്‍ ഇതിനോടകം 500 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിരിക്കുകയാണ്. വൈറസ് ബാധിതരുടെ എണ്ണം 28,000-ത്തിനു മുകളിലെത്തുകയും ചെയ്തു. ചൈനക്കാര്‍ മാത്രമല്ല, ലോകം തന്നെ പരിഭ്രാന്തിയിലുമാണ്. ഈ സമയത്ത് മുന്‍നിരയില്‍ നിന്നും ജനങ്ങള്‍ക്ക് ആത്മവിശ്വാസവും ധൈര്യവും പകരേണ്ട ആളാണു ഷീ ജിന്‍പിംഗ്. ഷീ ജിന്‍പിംഗ് എന്നല്ല, ഏതൊരു രാജ്യത്തിന്റെയും ഭരണാധികാരി ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിക്കും, മാധ്യമങ്ങളുടെ കവറേജുകളില്‍ ആധിപത്യം പുലര്‍ത്തുകയും ചെയ്യും. പക്ഷേ, ഇവിടെ ജിന്‍പിംഗിനെ കുറിച്ച് യാതൊരു വിവരവുമില്ല. ചൈനീസ് ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള പീപ്പിള്‍സ് ഡെയ്‌ലി ദിനപത്രത്തിന്റെ ഒന്നാം പേജിലും ഔദ്യോഗിക ചാനലായ സിസിടിവിയുടെ രാത്രി വാര്‍ത്താ പ്രക്ഷേപണത്തിലും ഇപ്പോള്‍ ഷീ ജിന്‍പിംഗ് പ്രത്യക്ഷപ്പെടുന്നില്ല.

മാവോ സെ തുങ്ങിനു ശേഷം ചൈനയുടെ ഏറ്റവും ശക്തനായ ഭരണാധികാരിയെന്നാണു ഷീ ജിന്‍പിംഗിനെ വിശേഷിപ്പിക്കുന്നത്. ചൈനയുടെ പ്രസിഡന്റ് പദത്തില്‍ അദ്ദേഹം എട്ട് വര്‍ഷമായി തുടരുന്നു. സമ്പൂര്‍ണമായ അധികാരം കൈയ്യാളുന്ന ഭരണാധികാരിയാണു ഷീ ജിന്‍പിംഗ്. സമ്പൂര്‍ണമായ അധികാരം കൈയ്യാളുന്ന ഭരണാധികാരിയെന്നാല്‍ സമ്പൂര്‍ണമായ ഉത്തരവാദിത്വവും കൂടിയുണ്ട്. എല്ലാ അധികാരങ്ങളും തന്നില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ശൈലിയാണ് ഷീ ജിന്‍പിംഗ് തുടര്‍ന്നു പോരുന്നത്. അതിനാല്‍ തന്നെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഷീ വിമര്‍ശനങ്ങള്‍ക്കു വിധേയമാകാനുള്ള സാധ്യതയും കൂടുതലായിരിക്കുകയാണ്.

Comments

comments

Categories: Top Stories

Related Articles