2034ഓടെ ഗള്‍ഫ് മേഖലയുടെ സമ്പത്ത് ഇല്ലാതാകുമെന്ന് ഐഎംഎഫിന്റെ മുന്നറിയിപ്പ്

2034ഓടെ ഗള്‍ഫ് മേഖലയുടെ സമ്പത്ത് ഇല്ലാതാകുമെന്ന് ഐഎംഎഫിന്റെ മുന്നറിയിപ്പ്
  • 2019ല്‍ ജിസിസിയില്‍ കേവലം 0.7 ശതമാനത്തിന്റെ സാമ്പത്തിക വളര്‍ച്ച മാത്രമാണ് ഉണ്ടായത്
  • 2007-18 കാലഘട്ടത്തില്‍ സമ്പത്തില്‍ 300 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടായി
  • 2014ല്‍ 100 ബില്യണ്‍ ഡോളറായിരുന്ന സാമ്പത്തിക ബാധ്യത 2018ല്‍ 400 ബില്യണ്‍ ഡോളറായി

ദുബായ്: എണ്ണയെ ആശ്രയിച്ച് കഴിയുന്ന ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ ആഴത്തിലുള്ള പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ 15 വര്‍ഷത്തിനുള്ളില്‍ അവരുടെ സമ്പത്ത് ഇല്ലാതാകുമെന്ന് അന്താരാഷ്ട്ര നാണ്യനിധിയുടെ മുന്നറിയിപ്പ്. ഈ രാഷ്ട്രങ്ങളില്‍ നിലവിലുള്ള സാമ്പത്തിക നയങ്ങള്‍ അനുസരിച്ച് 2034ഓടെ സമ്പത്ത് ഇല്ലാതാകാനുള്ള സാധ്യതയാണ് ഉള്ളതെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ ‘എണ്ണയുടെ ഭാവിയും സാമ്പത്തിക സ്ഥിരത’യുമെന്ന പഠനറിപ്പോര്‍ട്ടില്‍ അന്താരാഷ്്ട്ര നാണ്യനിധി അഭിപ്രായപ്പെടുന്നു. വ്യാപകമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുകയല്ലാതെ ദശാബ്ദങ്ങളായി എണ്ണ വ്യാപാരത്തിലൂടെ സമ്പത്ത് കെട്ടിപ്പടുത്ത ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ മറ്റ് വഴികളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗോള എണ്ണവിതരണത്തിന്റെ അഞ്ചിലൊരു ഭാഗം ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ മേഖലയില്‍ നിന്നാണ് വരുന്നത്. ഈ രാജ്യങ്ങളിലെ പൊതുവരുമാനത്തിന്റെ 70-90 ശതമാനം വരെ എണ്ണില്‍ നിന്നാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ, 2014വരെ കനത്ത എണ്ണ വരുമാനത്തെ വന്‍തോതില്‍ ആശ്രയിച്ചുകൊണ്ട് ഈ ആറ് രാജ്യങ്ങള്‍ ഏതാണ്ട് 2.5 ട്രില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ആസ്തിയാണ് സ്വന്തമാക്കിയത്. ഇതില്‍ ഭൂരിഭാഗവും സോവറീന്‍ വെല്‍ത്ത് ഫണ്ടുകളിലൂടെ വിദേശങ്ങളില്‍ നിക്ഷേപിച്ചിരിക്കുകയാണ്.

എന്നാല്‍ 2014ലുണ്ടായ എണ്ണവിലത്തകര്‍ച്ച ഈ രാജ്യങ്ങളുടെ സാമ്പത്തികഭദ്രത തകര്‍ത്തു. വരുമാനം വന്‍തോതില്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് ബജറ്റ് കമ്മി നികത്തുന്നതിനായി വായ്പയെടുക്കാനും ആസ്തികള്‍ പിന്‍വലിക്കാനും ഇവര്‍ നിര്‍ബന്ധിതരായി. പിന്നാലെ ജിസിസിയിലെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം ജിസിസിയില്‍ കേവലം 0.7 ശതമാനത്തിന്റെ സാമ്പത്തികവളര്‍ച്ചയാണ് അന്താരാഷ്ട്രനാണ്യനിധി രേഖപ്പെടുത്തിയത്. 2018ല്‍ ഇത് 2 ശതമാനമായിരുന്നു. എണ്ണവിലത്തകര്‍ച്ചയ്ക്ക് മുമ്പ് 4 ശതമാനം വരെ സാമ്പത്തിക വളര്‍ച്ചയുണ്ടായിരുന്ന സ്ഥാനത്താണിത്.

പുതിയ സാങ്കേതികവിദ്യകളിലൂടെ എണ്ണുല്‍പ്പാദനം കൂടുകയും വിപണിയില്‍ വിതരണം വര്‍ധിക്കുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ ആഗോള എണ്ണവിപണി അനിവാര്യമായ മാറ്റങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ആശങ്കകള്‍ ശക്തമായിക്കൊണ്ടിരിക്കെ, എണ്ണയില്‍ നിന്നും പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളിലേക്ക് ചുവടുമാറ്റം നടത്തുകയാണ് ലോകം. ഇത് ജിസിസി മേഖലയുടെ സാമ്പത്തിക സ്ഥിരതയ്ക്ക് തീര്‍ത്തും വെല്ലുവിളിയാണെന്നും എണ്ണയുടെ ആവശ്യകതയിലും വിലയിലും ദീര്‍ഘകാലത്തേക്ക് ഉണ്ടാകാന്‍ പോകുന്ന ഇടിവുമായി അവര്‍ താദാത്മ്യപ്പെടണമെന്നും അന്താരാഷ്ട്രനാണ്യനിധി അഭിപ്രായപ്പെടുന്നു. എണ്ണയ്ക്ക് മികച്ച വില ഉണ്ടായിരുന്ന 2007-2014 കാലഘട്ടത്തില്‍ പൊതുചിലവിടല്‍ വന്‍തോതില്‍ വര്‍ധിപ്പിച്ച ഇവിടുത്തെ രാജ്യങ്ങളില്‍ എണ്ണവരുമാനം കുത്തനെ ഇടിഞ്ഞതിന് പിന്നാലെ സമ്പദ്‌വ്യവസ്ഥയുടെ താളംതെറ്റി. ധനക്കമ്മിയെ തുടര്‍ന്ന് 2014-18 കാലഘട്ടത്തില്‍ മേഖലയുടെ മൊത്തം ആസ്തി 300 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 2 ട്രില്യണ്‍ ഡോളറിലേക്ക് കൂപ്പുകുത്തി. ഭാവിയില്‍ കൂടുതല്‍ നഷ്ടങ്ങള്‍ക്ക് മേഖല സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് അന്താരാഷ്ട്ര നാണ്യനിധിയുടെ മുന്നറിയിപ്പ്.

2014 100 ബില്യണ്‍ ഡോളറായിരുന്ന ജിസിസി മേഖലയിലുള്ള സര്‍ക്കാരുകളുടെ സാമ്പത്തിക ബാധ്യത 2018ല്‍ 400 ബില്യണ്‍ ഡോളറായി വര്‍ധിച്ചു. സ്ഥിതിഗതികള്‍ ഇതേരീതിയില്‍ തുടര്‍ന്നാല്‍ മേഖലയുടെ മൊത്തം ആസ്തി 2034ഓടെയോ അതിനുമുമ്പായോ പൂര്‍ണമായും ഇല്ലാതാകും. ഇത് ജിസിസിയെ കടക്കെണിയിലേക്ക് വീഴ്ത്തും.

ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തും ഭാവിയിലെ ദുര്‍ഘടസ്ഥിതി മുന്നില്‍ക്കണ്ടും സബ്‌സിഡി വെട്ടിക്കുറയ്ക്കലും വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കലും മൂല്യവര്‍ധിത നികുതിയടക്കമുള്ള നികുതിവ്യവസ്ഥകള്‍ ഏര്‍പ്പെടുത്തലുമടക്കം സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികളും പരിഷ്‌കാരങ്ങളും മിക്ക ജിസിസി രാജ്യങ്ങളിലും തുടങ്ങിക്കഴിഞ്ഞു. നിലവിലെ പരിഷ്‌കാരങ്ങള്‍ മേഖലയെ നേരായ പാതയിലൂടെയാണ് നയിക്കുന്നതെങ്കിലും പരിഷ്‌കാരങ്ങളുടെ വേഗത കൂട്ടേണ്ടത് അത്യാവശ്യമാണെന്ന് അന്താരാഷ്ട്രനാണ്യനിധി പറയുന്നു. പെട്ടന്നുള്ള വൈവിധ്യവല്‍ക്കരണം മാത്രം പോരാ, അതിനൊപ്പം സര്‍ക്കാര്‍ ചിലവുകള്‍ വെട്ടിച്ചുരുക്കുകയും വ്യാപകമായ തോതില്‍ നികുതി ഏര്‍പ്പെടുത്തുകയും വേണം. ചിലവിടല്‍ കാര്യക്ഷമമാക്കിക്കൊണ്ടും വന്‍കിട സിവില്‍ സര്‍വീസ് മേഖലകളില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നും പൊതുമേഖലയിലെ ശമ്പളം വെട്ടിക്കുറച്ചുകൊണ്ടും വരാനിരിക്കുന്ന പ്രതിസന്ധിക്കായി ഒരുങ്ങണം.

സബ്‌സിഡികളും കുറഞ്ഞ നികുതിയും ശീലിച്ച പൗരന്മാരെ നേരിട്ട് ബാധിക്കുന്ന കാര്യമായതിനാല്‍ രാഷ്ട്രീയപരമായ തിരിച്ചടി ഭയന്ന് മിക്ക ഗള്‍ഫ് രാഷ്ട്രങ്ങളും ഇത്തരം പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ മടിക്കുകയാണ്. നിര്‍ദ്ദിഷ്ട പരിഷ്‌കാരങ്ങള്‍ക്ക് പലതരത്തിലുള്ള സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധി തന്നെ സമ്മതിക്കുന്നു. തൊഴില്‍മേഖലയെയും കുടുംബങ്ങളുടെ വരുമാനത്തെയും ബിസിനസ് ശുഭാപ്തിവിശ്വാസത്തെയും നിക്ഷേപങ്ങളെയും അത് ദോഷകരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട് ശരിവെക്കുന്നു.

അന്താരാഷ്ട്രനാണ്യനിധിയുടെ നിര്‍ദ്ദേശങ്ങള്‍

  • നിലവിലെ സാമ്പത്തിക നയങ്ങള്‍ തുടര്‍ന്നാല്‍ 15 വര്‍ഷത്തിനുള്ളില്‍ സമ്പത്ത് പൂര്‍ണമായും ഇല്ലാതാകും
  • എണ്ണയുടെ ആവശ്യകതയിലും വിലയിലും ഉണ്ടാകുന്ന ഇടിവുമായി പൊരുത്തപ്പെടണം
  • ആഴത്തിലുള്ള പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുകയല്ലാതെ മുന്നില്‍ വേറെ വഴികളില്ല
  • സര്‍ക്കാര്‍ ചിലവുകള്‍ വെട്ടിച്ചുരുക്കണം, വ്യാപകമായി നികുതി ഏര്‍പ്പെടുത്തണം

Comments

comments

Categories: Arabia
Tags: uae economy