രണ്ട് വര്‍ഷത്തിനുള്ളില്‍ റെനോ കെ-ഇസഡ്ഇ

രണ്ട് വര്‍ഷത്തിനുള്ളില്‍ റെനോ കെ-ഇസഡ്ഇ

ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 271 കിമീ സഞ്ചരിക്കാം

ഗ്രേറ്റര്‍ നോയ്ഡ: ഇലക്ട്രിക് വാഹനമായ റെനോ കെ-ഇസഡ്ഇ ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു. റെനോ ക്വിഡ് അടിസ്ഥാനമാക്കി അതേ സിഎംഎഫ്-എ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ഇലക്ട്രിക് ഹാച്ച്ബാക്കാണ് കെ-ഇസഡ്ഇ. രണ്ട് വര്‍ഷത്തിനുള്ളില്‍ കെ-ഇസഡ്ഇ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റെനോ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ വെങ്കട്‌റാം മാമില്ലാപള്ളി പറഞ്ഞു. ഇലക്ട്രിക് ഹാച്ച്ബാക്ക് ഇന്ത്യയില്‍ അസംബിള്‍ ചെയ്യാനാണ് റെനോയുടെ പദ്ധതി.

26.8 കിലോവാട്ട് അവര്‍ ലിഥിയം അയണ്‍ ബാറ്ററി പാക്കാണ് റെനോ കെ-ഇസഡ്ഇ ഉപയോഗിക്കുന്നത്. ഇലക്ട്രിക് മോട്ടോര്‍ 33 കിലോവാട്ട് (44 എച്ച്പി) കരുത്തും 125 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ചൈനീസ് വിപണിക്കായി നിര്‍മിച്ച റെനോ സിറ്റി ഇ-ഇസഡ്ഇ ഇലക്ട്രിക് വാഹനത്തിലും സ്‌പെസിഫിക്കേഷനുകള്‍ ഇതുതന്നെയാണ്. എന്‍ഇഡിസി സാക്ഷ്യപ്പെടുത്തിയത് അനുസരിച്ച്, ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 271 കിലോമീറ്റര്‍ സഞ്ചരിക്കാം.

പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന ക്വിഡ് ഹാച്ച്ബാക്കും കെ-ഇസഡ്ഇ ഇലക്ട്രിക് ഹാച്ച്ബാക്കും തമ്മില്‍ സ്‌റ്റൈലിംഗ് സംബന്ധിച്ച് വലിയ മാറ്റങ്ങള്‍ കാണാന്‍ കഴിയില്ല. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സഹിതം 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, പകുതി ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മുന്നില്‍ ഇരട്ട എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, പിറകില്‍ പാര്‍ക്കിംഗ് കാമറ എന്നിവ റെനോ കെ-ഇസഡ്ഇയിലെ ഫീച്ചറുകളാണ്. ക്വിഡ് എഎംടിയില്‍ കാണുന്നതു തന്നെയാണ് ഗിയര്‍ സെലക്റ്റര്‍ നോബ്.

Comments

comments

Categories: Auto
Tags: Renault KZE