രാത്രിജോലിക്കാരില്‍ ജീവിതശൈലീരോഗങ്ങള്‍ക്കു സാധ്യത

രാത്രിജോലിക്കാരില്‍ ജീവിതശൈലീരോഗങ്ങള്‍ക്കു സാധ്യത

ഹൃദ്രോഗം, പ്രമേഹം എന്നിവ കൂടുതലുണ്ടാകാനുള്ള സാധ്യത രാത്രി ഷിഫ്റ്റ് തൊഴിലാളികള്‍ക്കിടയിലാണെന്ന് റിപ്പോര്‍ട്ട്

ഷിഫ്റ്റ് വര്‍ക്കര്‍മാര്‍ക്ക് ഉറക്ക തകരാറുകള്‍, ഉപാപചയപ്രശ്‌നം എന്നിവയ്ക്കുള്ള സാധ്യത വളരെ കൂടുതലാണെന്ന് യുഎസ് ഗവേഷകര്‍ കണ്ടെത്തി, ഇത് ഹൃദ്രോഗം, പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം എന്നിവ വര്‍ദ്ധിപ്പിക്കും. നൈറ്റ്-ഷിഫ്റ്റ് തൊഴിലാളികള്‍ക്കാണ് ഉറക്കക്കുറവും ദഹനപ്രശ്വങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍. ക്രമരഹിതമോ ഊഴമനുസരിച്ചോ ആയ ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് രോഗസാധ്യതകള്‍ വര്‍ദ്ധിക്കുന്നതായി അമേരിക്കന്‍ ഓസ്റ്റിയോപതിക് അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

സമ്പദ്വ്യവസ്ഥയുടെ ശക്തിയും സമൂഹത്തിന്റെ സുരക്ഷയും രാത്രി ഷിഫ്റ്റ് തൊഴിലാളികളെയാണ് വളരെയധികം ആശ്രയിച്ചിരിക്കുന്നതെന്ന് ഗവേഷണസംഘത്തിലെ ഇന്ത്യന്‍ വംശജനായ ടൂറോ സര്‍വകലാശാലയിലെ ക്ഷമ കുല്‍ക്കര്‍ണി ചൂണ്ടിക്കാട്ടുന്നു. ഈ ജോലിയില്‍ ആളുകള്‍ അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് നിര്‍ണായകമാണെന്ന് അദ്ദേഹം പറയുന്നു.  പഠനത്തില്‍ നൈറ്റ് ഷിഫ്റ്റ് നഴ്‌സുമാരില്‍ ഒമ്പത് ശതമാനത്തിന് മെറ്റബോളിക് സിന്‍ഡ്രോം വികസിപ്പിച്ചതായി കണ്ടെത്തി, ഡേ ഷിഫ്റ്റ് നഴ്‌സുമാരില്‍ ഇത് 1.8 ശതമാനം മാത്രമാണെന്നു കൂടി ഓര്‍ക്കണം. വര്‍ഷങ്ങളോളം ഷിഫ്റ്റ് ജോലികള്‍ ചെയ്യുന്നവരില്‍ അപകടസാധ്യതകള്‍ ക്രമേണ വര്‍ദ്ധിക്കുന്നതായി നിരവധി പഠനങ്ങള്‍ പറയുന്നു.

ഗവേഷകര്‍ പറയുന്നതനുസരിച്ച്, രാത്രിയില്‍ ജോലി ചെയ്യുന്ന വ്യക്തികളുടെ ജൈവഘടികാര (സിര്‍കാഡിയന്‍) താളത്തെ തടസ്സപ്പെടുത്തുന്നു, ഇത് ന്യൂറല്‍, ഹോര്‍മോണ്‍ സിഗ്‌നലിംഗിന് കാരണമാകുന്ന ശരീരത്തിന്റെ ആന്തരിക ഘടികാരത്തിന്റെ പ്രവര്‍ത്തനം കുഴച്ചു മറിക്കുന്നു. ഒരു വ്യക്തിയുടെ സിര്‍കാഡിയന്‍ റിഥം അവരുടെ ഉറക്കമുണരല്‍ചാക്രികത്തെ സമന്വയിപ്പിക്കുന്നു. എത്രത്തോളം നന്നായി ഉറങ്ങുന്നുവെന്നതിനെയും എത്രനേരം ഉറങ്ങാന്‍ കഴിയുന്നുവെന്നതിനെയും ആശ്രയിച്ചാണ് ഒരാളുടെ ഉറക്കത്തെ വിലയിരുത്തേണ്ടത്. മറ്റൊന്ന് തലച്ചോറിലെ ജൈവ ഘടികാരത്തിന്റെ പ്രവര്‍ത്തനമാണ്. കണ്ണിലടിക്കുന്ന പ്രകാശസിഗ്‌നലുകളോട് പ്രതികരിക്കുകയും ഉണര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന കോശക്കൂട്ടമാണ് ജൈവ ഘടികാരം. ഈ ക്ലോക്കിന്റെയും മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങളുടെയും ഫലമാണ് അര്‍ദ്ധരാത്രി മുതല്‍ രാവിലെ വരെയും ഉച്ചയ്ക്ക്ശേഷവും നമുക്ക് ഉറക്കം വരുന്നത്.

ഉറക്കം തടസപ്പെടുന്നതോടെ ഹോര്‍മോണിന്റെ അളവില്‍ അസ്വസ്ഥതകള്‍ അനുഭവപ്പെടാം, അതില്‍ കോര്‍ട്ടിസോള്‍, ഗ്രെലിന്‍, ഇന്‍സുലിന്‍ എന്നിവ വര്‍ദ്ധിക്കുകയും സെറോടോണിന്‍ കുറയുകയും ചെയ്യും. ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ ഈ അണമുറിയാപ്രവാഹം, ഉപാപചയ വൈകല്യങ്ങളുടെ വികാസത്തെ പ്രചോദിപ്പിക്കുകയും ഒന്നിലധികം മാറാവ്യാധികള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. സിര്‍കാഡിയന്‍ തടസ്സങ്ങള്‍ കുറയ്ക്കുന്നതിന് ഓരോ 24 മണിക്കൂറിലും ഏഴു മുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറങ്ങുക, എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാന്‍ കിടക്കുക, ഉറക്കത്തിന്റെ പ്രധാന സമയ ം സന്ധ്യയോട് കഴിയുന്നത്ര അടുത്ത് ഷെഡ്യൂള്‍ ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഗവേഷകര്‍ ശുപാര്‍ശ ചെയ്യുന്നത്.
ക്ഷീണം ഒഴിവാക്കാന്‍ 20 മുതല്‍ 120 മിനിറ്റ് നേരത്തേക്ക് അധിക നിദ്ര എടുക്കുക. പ്രകാശമടിക്കുന്നത് പൊതുവേ ഉണര്‍വിനെ പ്രോത്സാഹിപ്പിക്കുന്നു, അതിനാല്‍ രാത്രി ഷിഫ്റ്റ് തൊഴിലാളികള്‍ ഷിഫ്റ്റിന് മുമ്പും ശേഷവും നന്നായി വെട്ടം കൊള്ളണമെന്ന് ഗവേഷകര്‍ ശുപാര്‍ശ ചെയ്യുന്നു.

പ്രോട്ടീനും പച്ചക്കറികളും കുറവായതിനാല്‍ ഷിഫ്റ്റ് തൊഴിലാളികള്‍ പഞ്ചസാരയും പൂരിത കൊഴുപ്പും കൂടുതലുള്ള ലഘുഭക്ഷണം കഴിക്കാനും ഭക്ഷണം ഒഴിവാക്കാനും സാധ്യത കൂടുതലാണെന്നും മുന്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വേണ്ടത്ര ഉറക്കം, ശരിയായ ഭക്ഷണം, വ്യായാമം എന്നിവ എല്ലാവരുടെയും ആരോഗ്യത്തിന് നിര്‍ണായകമാണ്, നൈറ്റ് ഷിഫ്റ്റുകാരുടെ കാര്യത്തില്‍ പ്രത്യേകിച്ചും എന്ന് കുല്‍ക്കര്‍ണി പറഞ്ഞു. ഷിഫ്റ്റ് ജോലിയുടെ സ്വഭാവം ഇത്തരം ആരോഗ്യ ശീലങ്ങളെ വഴിതെറ്റിക്കുന്നതും വിരുദ്ധവുമാണ്. അത്തരം ജോലിക്കാരെ അനുയോജ്യമായ പാതകളിലേക്ക് ആസൂത്രണം ചെയ്യാന്‍ സഹായിക്കേണ്ടതുണ്ടെന്നും കുല്‍ക്കര്‍ണി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Health