ആന്ധ്രയില്‍ കിയയുടെ പിന്‍മാറ്റം: ചര്‍ച്ച നടത്തിയിട്ടില്ലെന്ന് തമിഴ്‌നാട്

ആന്ധ്രയില്‍ കിയയുടെ പിന്‍മാറ്റം: ചര്‍ച്ച നടത്തിയിട്ടില്ലെന്ന് തമിഴ്‌നാട്
  •  പ്ലാന്റ് മാറ്റാന്‍ പദ്ധതിയിട്ടില്ലെന്ന് കിയ
  • എല്ലാം മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതായി ആന്ധ്ര സര്‍ക്കാര്‍
  •  1.1 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ ഒരു മാസം മുമ്പാണ് പ്ലാന്റ് തുടക്കമിട്ടത്

ന്യൂഡെല്‍ഹി: ദക്ഷിണ കൊറിയന്‍ കമ്പനിയായ കിയ മോട്ടോഴ്‌സ് ആന്ധ്രപ്രദേശിലെ തങ്ങളുടെ പ്ലാന്റ് തമിഴ്‌നാട്ടിലേക്ക് മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച വാര്‍ത്ത തള്ളി ഇരു സംസ്ഥാനങ്ങളും രംഗത്ത്. നയപരമായ മാറ്റങ്ങള്‍ കാരണം പ്ലാന്റ് മാറ്റാന്‍ കിയ ആലോചിക്കുന്നതായി ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം ഒരു പ്രമുഖം മാധ്യമം വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പ്രഖ്യാപിച്ചാണ് ഇരു സംസ്ഥാനങ്ങളിലെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരിക്കുന്നത്.

പ്ലാന്റ് മാറ്റുന്നത് സംബന്ധിച്ച് പദ്ധതിയില്ലെന്ന് വ്യക്തമാക്കിയ കിയ തമിഴ്‌നാട് സര്‍ക്കാരുമായള്ള ചര്‍ച്ചാ വിഷയത്തില്‍ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല. ആന്ധ്രപ്രദേശിലെ വ്യവസായ, നിക്ഷേപ, വാണിജ്യ വിഭാഗം സ്‌പെഷല്‍ ചീഫ് സെക്രട്ടറി രജത് ഭാര്‍ഗവയും മാധ്യമ റിപ്പോര്‍ട്ട് നിരസിച്ചു. ” കഴിഞ്ഞ ദിവസം പുറത്തുവന്ന മാധ്യമ വാര്‍ത്ത സത്യമല്ല. കിയയും ആന്ധ്രപ്രദേശ് സര്‍ക്കാരും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ അതിശക്തമായി വാര്‍ത്തയെ അപലപിക്കുന്നു”, രജത് ഭാര്‍ഗവ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കിയയുമായുള്ള ബന്ധം
മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതായും അറിയിച്ചിട്ടുണ്ട്.

1.1 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള പ്ലാന്റ് ആന്ധ്രയില്‍ പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനുള്ളിലാണ് സംസ്ഥാനത്തു നിന്നും മാറ്റി സ്ഥാപിക്കാന്‍ പദ്ധതിയിടുന്നതായി വാര്‍ത്ത പുറത്തുവന്നത്. രണ്ട് വര്‍ഷത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം കഴിഞ്ഞ ഡിസംബറിലാണ് പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയത്. കിയയുടെ ഏറ്റവും വലിയ അഞ്ചാമത്തെ കാര്‍ വിപണിയായ ഇന്ത്യയില്‍ കമ്പനി സ്ഥാപിച്ച ആദ്യ പ്ലാന്റാണിത്. പ്രതിവര്‍ഷം മൂന്ന് ലക്ഷം കാറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റ് 12000 ആളുകള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരം ഉറപ്പാക്കി. ഓട്ടോ അനുബന്ധ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും വിതരണവും നടത്തുന്ന കമ്പനികള്‍ തമിഴ്‌നാട്ടില്‍ നിരവധിയാണ്. ഇത് കമ്പനിക്ക് തമിഴ്‌നാട്ടിലേക്കുള്ള വാതില്‍ തുറക്കുമോ എന്ന കാത്തിരിപ്പിലാണ് കമ്പനിയെന്നും സൂചനയുണ്ടായി. ആന്ധ്രപ്രദേശില്‍ കമ്പനിക്ക് നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നതിനാലാണ് പ്ലാന്റ് മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാരുമായി പ്രാരംഭതല ചര്‍ച്ച നടത്തിയതായി ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നത്. അടുത്തയാഴ്ച ഈ വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടറി തല ചര്‍ച്ച നടക്കുന്നതായും ഈ ചര്‍ച്ചയില്‍ കൂടുതല്‍ കാര്യങ്ങള്‍ക്ക് വ്യക്തതയുണ്ടാകുമെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചിരുന്നു. എന്നാല്‍ കിയ മോട്ടോഴ്‌സ് മുമ്പ് തന്നെ വാര്‍ത്തയോട് മുഖം തിരിക്കുന്ന സമീപനം സ്വീകരിച്ചു.

ഇന്ത്യന്‍ വിപണിയില്‍ ദീര്‍ഘകാല പ്രതീക്ഷ ഉള്ളതിനാല്‍, ആന്ധപ്രദേശിലെ പ്ലാന്റിന്റെ മുഴുവന്‍ ശേഷിയും പൂര്‍ണമായി വിനിയോഗിക്കാനാണ് തീരുമാനമെന്നും അതിനു ശേഷം മാത്രമേ കമ്പനി തുടര്‍ വിപുലീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് പദ്ധതിയിടുകയുള്ളുവെന്നും കിയ വാര്‍ത്താക്കുറിപ്പില്‍ മുമ്പ് വ്യക്തമാക്കി. നിര്‍മാണ ശാല നിലവിലെ നിര്‍ദിഷ്ട സ്ഥലത്തു നിന്നും മാറ്റി സ്ഥാപിക്കാന്‍ പദ്ധതിയില്ലെന്നു വ്യക്തമാക്കിയ കിയ, സര്‍ക്കാരുമായി നയപരമായ പ്രശ്‌നങ്ങളില്ലെന്നും വ്യക്തമാക്കിയിരുന്നു. കിയ തങ്ങളുടെ സഹോദര സ്ഥാപനമായ, ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഓട്ടോ നിര്‍മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി എക്‌സിക്യൂട്ടിവുകളുമായാണ് ചര്‍ച്ചയ്ക്ക് നടത്തിയതെന്നായിരുന്നു വാര്‍ത്ത. ഹ്യൂണ്ടായിയുടെ ഏറ്റവും വലിയ നിര്‍മാണ സൗകര്യവും തമിഴ്‌നാട്ടിലാണുള്ളത്.

ആന്ധ്രപ്രദേശിലെ അനന്ത്പൂരിലുള്ള പ്ലാന്റ് ആഗോളതലത്തില്‍ കിയയുടെ 15ാമത്തെ പ്ലാന്റാണ്. സംസ്ഥാനത്ത് പ്രാദേശിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ നയപരമായ പ്രശ്‌നങ്ങള്‍ കമ്പനി നേരിട്ടതായാണ് വാര്‍ത്ത പുറത്തു വന്നത്. മാത്രമല്ല തമിഴ്‌നാട്ടിലേക്ക് പ്ലാന്റ് മാറ്റുന്നത് കമ്പനിയുടെ ലോജിസ്റ്റിക്‌സ് ചെലവ് കുറയ്ക്കുമെന്നും ഓട്ടോ നിര്‍മാണ, വിതരണക്കാരുമായി കൂടുതല്‍ അടുക്കാന്‍ ഇടയാകുമെന്നും വിലയിരുത്തപ്പെടുന്നു.

Comments

comments

Categories: FK News
Tags: Kia, kia motors