ഇത്തിഹാദ് 38 വിമാനങ്ങള്‍ വിറ്റു; ഇടപാട് 1 ബില്യണ്‍ ഡോളറിന്

ഇത്തിഹാദ് 38 വിമാനങ്ങള്‍ വിറ്റു; ഇടപാട് 1 ബില്യണ്‍ ഡോളറിന്
  • കെകെആറും അള്‍ട്ടാവെയര്‍ എയര്‍ഫിനാന്‍സുമാണ് വിമാനങ്ങള്‍ വാങ്ങിയത്
  • 22 എയര്‍ബസ് എ330 വിമാനങ്ങളും 16 ബോയിംഗ് 777-300ഇആര്‍എസ് വിമാനങ്ങളും ഉള്‍പ്പെട്ടതാണ് ഇടപാട്
  • ബോയിംഗ് വിമാനങ്ങള്‍ ഇത്തിഹാദ് തന്നെ വാടകയ്‌ക്കെടുക്കും

ദുബായ്: ദീര്‍ഘകാലമായി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അബുദാബിയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്‌സ് 38 വിമാനങ്ങള്‍ വിറ്റു. ഒരു ബില്യണ്‍ ഡോളറിന് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ കെകെആറിനും വിമാനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന അള്‍ട്ടാവെയര്‍ എയര്‍ഫിനാന്‍സിനുമാണ് ഇത്തിഹാദ് വിമാനങ്ങള്‍ വിറ്റത്. ചിലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമാണ് തീരുമാനം.

22 എയര്‍ബസ് എ330 വിമാനങ്ങളും 16 ബോയിംഗ് 777-300ഇആര്‍എസ് വിമാനങ്ങളും ഉള്‍പ്പെട്ടതാണ് ഇടപാട്. ഇതില്‍ ബോയിംഗ് വിമാനങ്ങള്‍ ഇത്തിഹാദിന് തന്നെ വാടകയ്ക്ക് നല്‍കുമെന്ന് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ കെകെആര്‍ അറിയിച്ചു. അതേസമയം എയര്‍ബസ് വിമാനങ്ങള്‍ അന്താരാഷ്ട്ര കമ്പനികള്‍ക്കായിരിക്കും നല്‍കുക.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറുക എന്ന ലക്ഷ്യത്തോടെയുള്ള പരിവര്‍ത്തന പദ്ധതിയുടെ മൂന്നാംവര്‍ഷ കര്‍മപദ്ധതികളുടെ ഭാഗമാണ് നടപടിയെന്ന് ഇത്തിഹാദ് പ്രതികരിച്ചു. സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനൊപ്പം കൂടുതല്‍ ഇന്ധനക്ഷമതയുള്ളതും സാങ്കേതികപരമായി മികച്ചതുമായ വിമാനങ്ങള്‍ സ്വന്തമാക്കുന്നതിനുള്ള അവസരം കൂടിയാണ് ഇടപാട് നല്‍കുന്നതെന്ന് പ്രസ്താവനയിലൂടെ കമ്പനി അറിയിച്ചു.

കമ്പനി വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം 102 വിമാനങ്ങളാണ് നിലവില്‍ ഇത്തിഹാദിനുള്ളത്. എയര്‍ബസിന്റെ എ330 വിമാനങ്ങള്‍ ഇക്കൂട്ടത്തിലില്ല. എ330 വിമാനങ്ങളുടെ നിര്‍മാണം അവസാനിപ്പിക്കുമെന്ന എയര്‍ബസ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്രമേണ എ330 വിമാനങ്ങള്‍ കമ്പനിയില്‍ നിന്നും ഒഴിവാക്കുമെന്ന് ഇത്തിഹാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം വില്‍പ്പനയ്ക്ക് ശേഷം ഇത്തിഹാദ് വാടകയ്ക്ക് എടുക്കാന്‍ ഉദ്ദേശിക്കുന്ന 16 ബോയിംഗ് 777 വിമാനങ്ങള്‍ കമ്പനിയുടെ ഭാഗമായ ആകെ വിമാനങ്ങളുടെ 15 ശതമാനം വരും.

സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിന്റെ ഭാഗമായി 2016 മുതല്‍ വ്യാപകമായ ചിലവ് ചുരുക്കല്‍ നടപടികളിലേക്ക് കമ്പനി കടന്നിരുന്നു. ഇതിന്റെ ഭാഗമായി വിമാനങ്ങള്‍ വാങ്ങുന്നതിനായി എയര്‍ബസുമായും ബോയിംഗുമായുള്ള മുന്‍കരാറുകള്‍ പരിഷ്‌കരിക്കുമെന്ന് കഴിഞ്ഞിടെയാണ് കമ്പനി അറിയിച്ചത്.

2016ന് ശേഷം ഇതുവരെ 4.75 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഇത്തിഹാദ് ഏറ്റുവാങ്ങിയത്്. പശ്ചിമേഷ്യയില്‍ കമ്പനിയുടെ എതിരാളികളായ എമിറേറ്റ്‌സുമായും ഖത്തര്‍ എയര്‍വേയ്‌സുമായും ശക്തമായ മത്സരം കാഴ്ചവെക്കുന്നതിന്റെ ഭാഗമായി യൂറോപ്പിലെയും ഓസ്‌ട്രേലിയയിലെയും വിമാനക്കമ്പനികളുടെ ഓഹരികള്‍ വാങ്ങിയതിലൂടെ വന്‍ബാധ്യതയാണ് കമ്പനി വരുത്തിവെച്ചത്. 2016ല്‍ 1.95 ബില്യണ്‍ ഡോളറും 2017ല്‍ 1.52 ബില്യണ്‍ ഡോളറും 2018ല്‍ 1.28 ബില്യണ്‍ ഡോളറുമായിരുന്നു ഇത്തിഹാദിലെ നഷ്ടം. വെല്ലുവിളി നിറഞ്ഞ വിപണി സാഹചര്യങ്ങളും ഇന്ധവില വര്‍ധിച്ചതിനെ തുടര്‍ന്നുള്ള പ്രത്യാഘാതങ്ങളുമാണ് നഷ്ടത്തിന് കാരണമായി 2018ല്‍ കമ്പനി വിലയിരുത്തിയത്. ഇക്കാലയളവില്‍ ചെറുതല്ലാത്ത വരുമാനനഷ്ടവും കമ്പനിയിലുണ്ടായി. 2017ല്‍ 6 ബില്യണ്‍ ഡോളറായിരുന്ന വരുമാനം 2018ല്‍ 5.86 ബില്യണ്‍ ഡോളറായി കുറഞ്ഞു. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഇടിവും കമ്പനിയുടെ വരുമാനത്തെ ബാധിച്ചു. കഴിഞ്ഞ വര്‍ഷം 17.8 ദശലക്ഷം യാത്രികരെയാണ് ഇത്തിഹാദ് വഹിച്ചത്. മുന്‍വര്‍ഷമിത് 18.6 ദശലക്ഷമായിരുന്നു. 2019ലെ സാമ്പത്തിക റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.

ദുബായ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സിന് വെല്ലുവിളിയായി 2003ലാണ് അബുദാബി ഭരണാധികാരികള്‍ ഇത്തിഹാദിന് രൂപം നല്‍കിയത്. എന്നാല്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കിടെ നഷ്ടത്തിലേക്ക് നീങ്ങിയ ഇത്തിഹാദിന് പിന്നീട് എമിറേറ്റ്‌സുമായി സഹകരിച്ച് പ്രവര്‍ത്തിക്കേണ്ട സ്ഥിതിയും വന്നു.

‘നഷ്ട’ക്കണക്കുകള്‍

വരുമാനം നഷ്ടം
2016 – 5.9 ബില്യണ്‍ ഡോളര്‍ 1.95 ബില്യണ്‍ ഡോളര്‍
2017 – 6 ബില്യണ്‍ ഡോളര്‍ 1.52 ബില്യണ്‍ ഡോളര്‍
2018 – 5.86 ബില്യണ്‍ ഡോളര്‍ 1.28 ബില്യണ്‍ ഡോളര്‍
2019ലെ സാമ്പത്തിക റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല

Comments

comments

Categories: Arabia