കൂടുവിട്ട് കൂടുമാറുന്നവര്‍ ഇക്കുറി ആര്‍ക്കൊപ്പം…..

കൂടുവിട്ട് കൂടുമാറുന്നവര്‍ ഇക്കുറി ആര്‍ക്കൊപ്പം…..

പൊതു,നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വ്യത്യസ്ത നിലപാടുമായി വോട്ടര്‍

ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചുകഴിഞ്ഞു. ആം ആദ്മി പാര്‍ട്ടി 2015 ലെ നേട്ടം ആവര്‍ത്തിക്കുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകരില്‍ ഇപ്പോള്‍ ആകാംക്ഷ ഉണര്‍ത്തുന്ന ചോദ്യം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ വിടവ് നികത്തുന്നതില്‍ ഭാരതീയ ജനപാര്‍ട്ടിയുടെ പ്രചാരണ പരിപാടി വിജയിച്ചിട്ടുണ്ടോ എന്നതാണ് ഈ ആകാംക്ഷയ്ക്ക് കാരണം. എന്തായാലും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഈ രണ്ടു വസ്തുകളെ ആശ്രയിച്ചാണിരിക്കുന്നത്.

കഴിഞ്ഞ ദശകത്തില്‍ ഡെല്‍ഹിയിലെ തെരഞ്ഞെടുപ്പ് ചരിത്രം രസകരമായ ചില വെളിപ്പെടുത്തലുകളിലേക്ക് വിരല്‍ ചൂണ്ടുന്നു. ഒന്നാമതായി, ഡെല്‍ഹിയില്‍ ബിജെപിക്ക് ഏകദേശം 32 ശതമാനം വോട്ടര്‍മാരുള്ളതായാണ് വിലയിരുത്തല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വന്‍ നേട്ടങ്ങളാണ് ഇവിടെ കൈവരിച്ചത്. 2014 ല്‍ 46 ശതമാനവും 2019 ല്‍ 56 ശതമാനവും വോട്ടുകളാണ് പാര്‍ട്ടിക്ക് ഇവിടെ നേടാനായത്. മറ്റു പാര്‍ട്ടികളുടെ വോട്ടുകളും മോദിക്കനുകൂലമായി ലഭിച്ചു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഈ വര്‍ധിച്ച വോട്ടുകള്‍ അവരുടെ പഴയ നിലപാടുകളിലേക്കു തന്നെ മടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് തകര്‍ന്നുവീഴുന്നു എന്നതാണ് രണ്ടാമത്തെ വസ്തുത. സ്വതന്ത്രരുടെയും മറ്റ് പാര്‍ട്ടികളുടെയും പങ്ക് ഇപ്പോള്‍ വളരെ താഴ്ന്ന നിലയിലുമാണ്. മൂന്നാമതായി, 2015 ലെ ആം ആദ്മി പാര്‍ട്ടിയുടെ നേട്ടം പ്രധാനമായും സംസ്ഥാനത്തെ ബിജെപി ഇതര പാര്‍ട്ടികളുടെ ഇടം കുറയുകയും ലോക്‌സഭയിലെ ബിജെപി വോട്ടര്‍മാരില്‍ നാലിലൊന്ന് അരവിന്ദ് കേജ്രിവാളിനെ പിന്തുണയ്ക്കുകയും ചെയ്തതിന്റെ ഫലമാണ്. നാലാമതായി, 2019 ലെ വോട്ടര്‍മാരുടെ എണ്ണം ആറ് ശതമാനം കുറഞ്ഞു. 2019 ലെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാത്തവരുടെ ജനസംഖ്യാശാസ്ത്രവും പക്ഷപാതപരവുമായ ബന്ധം കൃത്യമായി ചൂണ്ടിക്കാണിക്കാന്‍ പ്രയാസമാണെങ്കിലും, ഈ വോട്ടര്‍മാര്‍ തിരിഞ്ഞാല്‍ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. 2019 ല്‍ ബിജെപിയുടെ വോട്ട് വിഹിതം വന്‍തോതില്‍ വര്‍ധിച്ചതും ആം ആദ്മി പാര്‍ട്ടിയിലെ ഇടിവും കണക്കിലെടുക്കുമ്പോള്‍, ഈ വോട്ടര്‍മാര്‍ ബിജെപി ഇതര പാര്‍ട്ടികള്‍ക്ക് വോട്ടുചെയ്യാനുള്ള സാധ്യത കൂടുതലുമാണ്.

ലോക്നിതി-സിഎസ്ഡിഎസ് സര്‍വേകള്‍ കാണിക്കുന്നത് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടയിലും ധാരാളം ബിജെപി അനുഭാവികള്‍ (വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസും) അരവിന്ദ് കേജ്രിവാളിന് വോട്ടുചെയ്യാനുള്ള സാധ്യത ഉണ്ടെന്നാണ്. ബിജെപിക്കൊപ്പം നിന്ന വോട്ടര്‍മാരുടേയും,മറ്റ് പാര്‍ട്ടികളിലേക്ക് മാറിയവരുടേയും വിവരങ്ങള്‍ അറിയുമ്പോള്‍ രാഷ്ട്രീയ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരും. ആപ്പിലേക്ക് ചേക്കേറിയ ബിജെപി പ്രവര്‍ത്തകര്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നവരായിരിക്കാം എന്ന സൂചന ഇവിടെ ലഭിക്കുന്നുണ്ട്. അവര്‍ അവികസിത കോളനികളില്‍ താമസിക്കുന്നവരുമായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഹരിയാന, ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിലും വോട്ടര്‍മാര്‍ പാര്‍ട്ടി മുന്‍ഗണനകള്‍ മാറ്റുന്നത് ദൃശ്യമായിരുന്നു.

ഹരിയാന, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ മികച്ച ലോക്‌സഭാ വിജയത്തിന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ബിജെപി 20 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ക്ഷേമ ആനുകൂല്യങ്ങള്‍ക്കായി മോദി സര്‍ക്കാരിന് പിന്തുണ നല്‍കുക, ഇന്ത്യയുടെ ദേശീയ സുരക്ഷയെക്കുറിച്ച് കൂടുതല്‍ ശ്രദ്ധാലുവായിരിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. അതിനാല്‍ മോദിക്ക് പിന്തുണയേറി. അല്ലെങ്കില്‍ പഴയ താവളത്തിലേക്ക് മടങ്ങുക എന്നതായിരുന്നു ജനത്തിനുമുന്നിലുള്ള വഴികള്‍. അതോ ഈ വോട്ടര്‍മാര്‍ അവരുടെ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പരമാവധിയാക്കാന്‍ വോട്ടുകള്‍ വിഭജിച്ച് അത്യാധുനിക ശൈലി രൂപീകരിക്കുകയാണോ… ഈ പ്രതിഭാസത്തിന് പിന്നിലെ അടിസ്ഥാന കാരണങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ക്രോസ്-സെക്ഷന്‍ സര്‍വേകള്‍ക്ക് സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ എന്തെങ്കിലും നിഗമനങ്ങളിലെത്താന്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.

ഡെല്‍ഹി തെരഞ്ഞെടുപ്പിന്റെ മുഖ്യധാരയില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. 2015 ലെപോലുള്ള വിജയം നേടാന്‍ ആം ആദ്മി പാര്‍ട്ടി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വരെ പൂര്‍ണ സജ്ജരായിരുന്നു. അവരുടെ നിയന്ത്രണത്തിലായിരുന്നു കാര്യങ്ങളെല്ലാം. ഒപ്പം പ്രചാരണത്തിന്റെ തന്ത്രങ്ങള്‍ മാറ്റിയതും അവര്‍ക്ക് ഗുണകരമായി. അരവിന്ദ് കേജ്രിവാളും സംഘവും പ്രധാനമായും സംസാരിച്ചത് സര്‍ക്കാര്‍ സ്‌കൂളുകള്‍, മൊഹല്ല ക്ലിനിക്കുകള്‍, വെള്ളം, വൈദ്യുതി ബില്ലുകള്‍ എന്നിവയിലെ സബ്‌സിഡി, ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ എന്നിവയാണ്. പ്രധാനമന്ത്രി മോദിക്കെതിരെ എന്തെങ്കിലും ആക്രമണം നടത്തുന്നതില്‍നിന്ന് അവര്‍ പിന്മാറി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ പോലുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

നിരവധി ബിജെപി നേതാക്കളുടെ പ്രകോപനപരമായ പരാമര്‍ശങ്ങളും, ഉന്നത നേതാക്കള്‍ നേതാക്കള്‍ നടത്തിയ വിവിധതരം പ്രചാരണങ്ങളും ഡെല്‍ഹിയില്‍ ബിജെപിയുടെ ഗ്രാഫ് ഉയര്‍ത്തി എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. തന്റെ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പരീക്ഷണമായാണ് ഷഹീന്‍ ബാഗിലും മറ്റ് സ്ഥലങ്ങളിലും നടന്ന പ്രതിഷേധത്തെ മോദി വിശേഷിപ്പിച്ചത്.

എന്തുകൊണ്ടാണ് ഈ തിരഞ്ഞെടുപ്പ് മത്സരാധിഷ്ഠിതമാക്കാന്‍ ബിജെപി പെട്ടെന്ന് എല്ലാശക്തികളും ഉപയോഗിച്ച് രംഗത്തെത്തിയത്? ഒരുപക്ഷേ, പാര്‍ട്ടിക്ക് ഒരു വൈറ്റ്‌വാഷ് ഒഴിവാക്കാന്‍ മാത്രമല്ല, പ്രത്യയശാസ്ത്ര അജണ്ടകള്‍ നല്‍കിക്കൊണ്ട് അത് സൃഷ്ടിച്ച ആക്കം കൂട്ടാനും പാര്‍ട്ടി ആഗ്രഹിച്ചു. വിജയങ്ങളോ പരാജയങ്ങളോ ആണെങ്കിലും, ഓരോ തെരഞ്ഞെടുപ്പ് പ്രചാരണവും ഇന്ത്യയിലെ പാര്‍ട്ടി രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന പ്രത്യയശാസ്ത്ര ചട്ടക്കൂടിനെ മുന്നോട്ട് നയിക്കാനുള്ള അവസരമാണ് ബിജെപി നേതൃത്വത്തിന് നല്‍കുന്നത്. ഇത് പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിന് സങായിക്കുന്നു. കൂടാതെ ഇത് പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനും ഇത് സഹായിക്കുന്നു. കൂടാതെ, ഡെല്‍ഹിയിലെ ബിജെപി ബൂത്ത് ലെവല്‍ പ്രവര്‍ത്തകര്‍ പറയുന്നത് മോദിയുടെയും ഷായുടെയും കീഴിലുള്ള അവരുടെ പാര്‍ട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എളുപ്പ വിജയം നല്‍കാന്‍ സാധ്യതയില്ല എന്നാണ്. ഓരോ വോട്ടിനും മറ്റു പാര്‍ട്ടികള്‍ കഠിനമായി വിയര്‍ക്കേണ്ടിവരും എന്നാണ് അവര്‍ സൂചിപ്പിക്കുന്നത്.

മുന്‍പ് നിരവധി തവണ പ്രധാനമന്ത്രി മോദിയുടെ പ്രചാരണം ബിജെപിയെ മികച്ച വിജയങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. പരാജയം മുന്നില്‍ക്കണ്ടിടത്തുപോലും അദ്ദേഹം വിജയിച്ചുകയറിയിട്ടുണ്ട്. ഒപ്പം ചില തോല്‍വികളും വഴങ്ങി. ഡെല്‍ഹിയിലും മോദി പ്രഭാവം വിജയം കൊണ്ടുവരും എന്നാണ് പാര്‍ട്ടി കരുതുന്നത്. എന്നാല്‍ കേജ്‌രിവാളിന്റെ പൂര്‍ണാധിപത്യത്തില്‍നിന്നാണ് പാര്‍ട്ടിക്ക് തിരിച്ചുവരേണ്ടത്. ഇപ്പോഴും മുന്‍തൂക്കം ആപ്പിനുതന്നെയാണ്. അവസാനനിമിഷം രാമക്ഷേത്ര ട്രസ്റ്റിന് രൂപം കൊടുത്തുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

Comments

comments

Categories: Top Stories