ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണ്‍ യുഗം അവസാനിക്കുകയാണോ ?

ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണ്‍ യുഗം അവസാനിക്കുകയാണോ ?

ടച്ച് സ്‌ക്രീന്‍ ഫോണുകളുടെ കാലമാണല്ലോ ഇത്. ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് മൊബൈല്‍ ഫോണ്‍ ആഡംബര വസ്തുവായി കണക്കാക്കിയിരുന്ന കാലത്ത് വിപണിയില്‍ ആധിപത്യം നേടിയിരുന്ന ഫോണ്‍ ആണ് ബ്ലാക്ക്‌ബെറി. ആഗോള മൊബൈല്‍ ഫോണ്‍ വിപണിയുടെ 20 ശതമാനവും ബ്ലാക്ക്‌ബെറിയാണു കൈവശപ്പെടുത്തിയിരുന്നത്. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രിയ ഫോണും ബ്ലാക്ക്‌ബെറിയായിരുന്നു. എന്നാല്‍ ആപ്പിള്‍ ഐ ഫോണും, ആന്‍ഡ്രോയ്ഡുമൊക്കെ രംഗപ്രവേശം ചെയ്തതോടെ ബ്ലാക്ക്‌ബെറിക്ക് ആധിപത്യം നഷ്ടപ്പെട്ടു

ഒരുകാലത്ത് പ്രതാപത്തോടെ വിപണിയില്‍ വാണിരുന്നു ബ്ലാക്ക്‌ബെറി ഫോണുകള്‍. കൃത്യമായി പറഞ്ഞാല്‍ 2007 ല്‍ ഐ ഫോണ്‍ പുറത്തിറങ്ങുന്നതിനു മുന്‍പ് വരെ വിപണിയിലെ രാജാവ് ആയിരുന്നു ബ്ലാക്ക്‌ബെറി ഫോണ്‍. ക്വവര്‍ട്ടി (QWERTY) കീ ബോര്‍ഡ് എന്ന സവിശേഷതയുമായെത്തിയ ഫോണ്‍ സുരക്ഷിതമായ വാര്‍ത്താവിനിമയത്തിനു പേരെടുത്തവയാണ്. അമേരിക്കയിലെ 2001 ലെ സെപ്റ്റംബര്‍ ഭീകരാക്രമണത്തിനു ശേഷം ന്യൂയോര്‍ക്കിലെ നിരവധി കമ്പനികള്‍ ബ്ലാക്ക്‌ബെറിയുടെ ഡാറ്റ ടിഎസി പ്ലാറ്റ്‌ഫോമിനെ (DataTAC platform) അഭിനന്ദിച്ചിരുന്നു. കാരണം ആ പ്രദേശത്തുള്ള മറ്റ് റെഗുലര്‍ സെല്‍ സര്‍വീസുകള്‍ തടസപ്പെട്ടപ്പോള്‍ ബ്ലാക്ക്‌ബെറിയുടെ ടിഎസി പ്ലാറ്റ്‌ഫോമുകളാണ് പ്രവര്‍ത്തന സജ്ജമായിരുന്നത്. ബ്ലാക്ക്‌ബെറിയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് അവര്‍ സ്വന്തമായി ഹാര്‍ഡ്‌വെയര്‍ നിര്‍മിച്ചിരുന്നു എന്നതാണ്. അതുപോലെ 2000-ന്റെ ആരംഭകാലഘട്ടങ്ങളില്‍ ലാപ്‌ടോപ്പില്ലാതെ എപ്പോഴും ഒരു വ്യക്തിയെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരുന്നതും ബ്ലാക്ക്‌ബെറി ഫോണുകളായിരുന്നു. 2007-ല്‍ ഐ ഫോണ്‍ ആദ്യമായി വിപണിയില്‍ ലോഞ്ച് ചെയ്യുമ്പോള്‍ ബ്ലാക്ക്‌ബെറിക്ക് എട്ട് ദശലക്ഷം കസ്റ്റമേഴ്‌സുണ്ടായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ബ്ലാക്ക്‌ബെറി കസ്റ്റമേഴ്‌സിന്റെ എണ്ണത്തില്‍ പത്ത് മടങ്ങ് വര്‍ധനയോടെ 80 ദശലക്ഷത്തിലെത്തുകയും ചെയ്തു. എന്നാല്‍ 2013 മുതല്‍ 2017 വരെയുള്ള കാലയളവിനിടെ ബ്ലാക്ക്‌ബെറിയുടെ യൂസര്‍മാരുടെ എണ്ണം 80 ദശലക്ഷത്തില്‍നിന്നും 11 ദശലക്ഷമായി ചുരുങ്ങി.

1997-ലാണു കനേഡിയന്‍ കമ്പനിയായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) ബ്ലാക്ക്‌ബെറി ഫോണ്‍ വിപണിയിലെത്തിച്ചത്. റിം പില്‍ക്കാലത്ത് ബ്ലാക്ക്‌ബെറി എന്ന് റീബ്രാന്‍ഡ് ചെയ്യുകയുണ്ടായി. 2000-ത്തിന്റെ തുടക്കം ബ്ലാക്ക്‌ബെറി ഫോണിന്റെ സുവര്‍ണ കാലഘട്ടമായിരുന്നു. ഇന്ന് ഡാറ്റ ചോര്‍ത്തലും, ഫോണ്‍ ഹാക്കിംഗുമൊക്കെ വാര്‍ത്തകളില്‍ നിറയുമ്പോഴാണു ബ്ലാക്ക്‌ബെറി വാഗ്ദാനം ചെയ്ത സുരക്ഷയുടെ വില അറിയുന്നത്. ബ്ലാക്ക്‌ബെറി ഫോണില്‍നിന്നും സന്ദേശം പുറത്തുപോകില്ലെന്നത് നൂറു തരമായിരുന്നു. അത്രയ്ക്കും സുരക്ഷ പ്രദാനം ചെയ്തിരുന്നു കമ്പനി. പക്ഷേ, ഐ ഫോണിന്റെ കടന്നുവരവോടെയും പിന്നീട് ആന്‍ഡ്രോയ്ഡിന്റെ ആധിപത്യവും ബ്ലാക്ക്‌ബെറിയുടെ വിപണിയിലെ പ്രതാപം നഷ്ടപ്പെടാന്‍ കാരണമായി. ഐ ഫോണിനും ആന്‍ഡ്രോയ്ഡിനും മുന്‍പില്‍ നഷ്ടപ്പെട്ടു പോയ പ്രതാപം വീണ്ടെടുക്കാന്‍ 2016 മുതല്‍ ചൈനീസ് കമ്പനിയായ ടിസിഎല്‍ കമ്മ്യൂണിക്കേഷനു ബ്ലാക്ക്‌ബെറി ഡിവൈസുകളുടെ നിര്‍മാണ ചുമതല ഏല്‍പ്പിച്ചു. 14 വര്‍ഷക്കാലം സ്വന്തമായി ഫോണ്‍ നിര്‍മിച്ചതിനു ശേഷമായിരുന്നു ബ്ലാക്ക്‌ബെറി 2016 ല്‍ ടിസിഎല്ലിന് പ്രൊഡക്ഷന്‍ ഔട്ട്‌സോഴ്‌സ് ചെയ്തത്. ആന്‍ഡ്രോയ്ഡ് അധിഷ്ഠിത ബ്ലാക്ക്‌ബെറി ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ചൈനീസ് കമ്പനിയാണു ടിസിഎല്‍. ബ്ലാക്ക്‌ബെറി ഇവോള്‍വ്, ഇവോള്‍വ് എക്‌സ്, കീ വണ്‍, കീ-2, കീ2 എല്‍ഇ എന്നിവ ടിസിഎല്ലാണു നിര്‍മിച്ചത്. എന്നാല്‍ ഇവ വിപണിയില്‍ കാര്യമായ ചലനങ്ങളുണ്ടാക്കിയില്ല. ക്വവര്‍ട്ടി എന്നത് ബ്ലാക്ക്‌ബെറി ഫോണുകളുടെ സിഗ്‌നേച്ചര്‍ ഫീച്ചറായിരുന്നു. എന്നാല്‍ ഐ ഫോണ്‍ ടച്ച് സ്‌ക്രീന്‍ വിപ്ലവം തീര്‍ത്തപ്പോള്‍ ബ്ലാക്ക്‌ബെറി അവരുടെ സിഗ്‌നേച്ചര്‍ ഫീച്ചറെന്നു വിശേഷിപ്പിച്ച ക്വവര്‍ട്ടിക്ക് പ്രാധാന്യം കൊടുക്കാതെ ടച്ച് സ്‌ക്രീനില്‍ പരീക്ഷണം നടത്തി നോക്കി. ബ്ലാക്ക്‌ബെറി സ്റ്റോം എന്ന മോഡലിലാണ് ടച്ച് സ്‌ക്രീനുമായി വന്നത്. പക്ഷേ, ബ്ലാക്ക്‌ബെറി സ്റ്റോമിന് നിലം തൊടാന്‍ പോലും സാധിച്ചില്ലെന്നതാണു വസ്തുത.

2020 ഓഗസ്റ്റ് 31 -മുതല്‍ ബ്ലാക്ക്‌ബെറി ഡിവൈസുകള്‍ ഡിസൈന്‍ ചെയ്യുവാനോ, നിര്‍മിക്കാനോ, വില്‍ക്കുവാനോ ടിസിഎല്ലിന് അനുമതിയില്ല. എന്നാല്‍ 2022 ഓഗസ്റ്റ് 31 വരെ ബ്ലാക്ക്‌ബെറി ഡിവൈസുകള്‍ക്കുള്ള വാറന്റികളെ സപ്പോര്‍ട്ട് ചെയ്യുമെന്നു ടിസിഎല്‍ അറിയിച്ചിട്ടുണ്ട്. അതു മാത്രമാണ് ബ്ലാക്ക്‌ബെറി ഫോണിന്റെ ആരാധകര്‍ക്ക് ആശ്വസിക്കാന്‍ ഇപ്പോള്‍ വക നല്‍കുന്ന ഒരേയൊരു കാര്യ. പക്ഷേ, 2022 വരെ നിലവിലുള്ള ഡിവൈസുകള്‍ക്ക് പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ വാഗ്ദാനം ചെയ്യുമോ എന്നു ടിസിഎല്‍ സ്ഥിരീകരിച്ചിട്ടില്ല. ഈ വര്‍ഷം ഓഗസ്റ്റ് 31നു ശേഷം ബ്ലാക്ക്‌ബെറി ലിമിറ്റഡില്‍നിന്നും ബ്രാന്‍ഡ് നാമം ഏറ്റെടുക്കാന്‍ മറ്റ് കമ്പനികളൊന്നും മുന്നോട്ടുവരുന്നില്ലെങ്കില്‍ ഈ ബ്രാന്‍ഡില്‍ ഭാവിയില്‍ ഡിവൈസുകളൊന്നും വിപണിയിലെത്തില്ലെന്നു കരുതേണ്ടി വരും. അങ്ങനെ വന്നാല്‍ അത് ബ്ലാക്ക്‌ബെറി യുഗത്തിന്റെ തന്നെ അവസാനമായിരിക്കുകയും ചെയ്യും. സ്മാര്‍ട്ട്‌ഫോണുകളേക്കാള്‍ കൂടുതലായി മറ്റ് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയാണു ബ്ലാക്ക്‌ബെറി ലിമിറ്റഡ്. കുറച്ചു വര്‍ഷങ്ങളായി കമ്പനി സ്വന്തമായി ഹാന്‍ഡ്‌സെറ്റുകളും നിര്‍മിച്ചിട്ടില്ല.

ബ്ലാക്ക്‌ബെറി മെസഞ്ചര്‍ സേവനം

ഇന്നു ഫോണുകളിലൂടെ തല്‍ക്ഷണം ടെക്സ്റ്റ് മെസേജും, വോയ്‌സ് മെസേജും, ചിത്രങ്ങളും, വീഡിയോ, മ്യൂസിക് ഉള്‍പ്പെടെയുള്ള ഫയലുകളും അയയ്ക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍ ആദ്യകാലത്ത് ടെക്സ്റ്റ് സന്ദേശങ്ങള്‍ മാത്രമാണ് അയയ്ക്കാന്‍ സാധിച്ചിരുന്നത്. ഇങ്ങനെ തത്ക്ഷണം സന്ദേശം അയയ്ക്കാന്‍ സാധിച്ചിരുന്ന ആദ്യകാല ആപ്പുകളില്‍ ഒന്നായിരുന്നു ബ്ലാക്ക്‌ബെറി മെസഞ്ചര്‍ സര്‍വീസ്. ഇത് ബിബിഎം എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടത്. 2005-ലാണ് ബിബിഎം ആപ്പ് ആദ്യമായി പുറത്തിറക്കിയത്. അക്കാലത്ത് ലഭ്യമായിരുന്ന മറ്റൊരു സേവനമായിരുന്നു എസ്എംഎസ്. വ്യാപകമായി എസ്എംഎസ് ഉപയോഗിക്കുകയും ചെയ്തിരുന്നു. ബിബിഎം മൊബൈല്‍ ഡിവൈസുകളില്‍ ഗ്രൂപ്പ് ചാറ്റ് അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ന് വാട്‌സ് ആപ്പ് കളം വാഴുന്ന ഈ യുഗത്തില്‍ മൊബൈല്‍ ഡിവൈസുകളില്‍ ഗ്രൂപ്പ് ചാറ്റ് പുതുമയുള്ള കാര്യമല്ല. എന്നാല്‍ അക്കാലത്ത് ബിബിഎം ഗ്രൂപ്പ് ചാറ്റ് അവതരിപ്പിച്ചപ്പോള്‍ അത് പലര്‍ക്കും പുതുമ സമ്മാനിച്ചിരുന്നു. ആധുനിക ചാറ്റ് ആപ്പുകളുടെ പിറവിക്ക് കാരണമായി തീര്‍ന്നത് ബിബിഎം എന്ന ബ്ലാക്ക്‌ബെറിയുടെ ആപ്പ് ആയിരുന്നു. ബിബിഎമ്മിലൂടെ ബ്ലാക്ക്‌ബെറി ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇമോജി, സ്റ്റിക്കര്‍, ഫോട്ടോ, ടെക്സ്റ്റ് എന്നിവ ഷെയര്‍ ചെയ്യാന്‍ സാധിച്ചിരുന്നു. 2016 ല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ബിബിഎം വോയ്‌സ് കോളിംഗ് ഉള്‍പ്പെടെയുള്ള പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചെങ്കിലും അവയ്ക്ക് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ സാധിച്ചില്ല.

ബ്ലാക്ക്‌ബെറി കമ്പനിയുടെ ഭാവി പരിപാടികള്‍

ബ്ലാക്ക്‌ബെറിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നു ടിസിഎല്‍ കമ്പനി അറിയിച്ചതോടെ, ബ്ലാക്ക്‌ബെറിയുടെ ഭാവി പരിപാടികള്‍ എന്തായിരിക്കുമെന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. 2016 മുതല്‍ ബ്ലാക്ക്‌ബെറി ഫോണുകള്‍ നിര്‍മിക്കുന്നത് ടിസിഎല്ലായിരുന്നു. എന്നാല്‍ ടിസിഎല്‍ കമ്പനി ഫോണ്‍ നിര്‍മാണം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ബ്ലാക്ക്‌ബെറി കമ്പനി സോഫ്റ്റ്‌വെയര്‍ കമ്പനിയായി തുടരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 2013 മുതല്‍ ബ്ലാക്ക്‌ബെറി കമ്പനിയുടെ സിഇഒയായി പ്രവര്‍ത്തിക്കുന്നത് ജോണ്‍ ചെന്‍ ആണ്. ഇദ്ദേഹം കമ്പനിയുടെ സ്മാര്‍ട്ട്‌ഫോണ്‍ പദ്ധതികള്‍ റദ്ദാക്കിയിരുന്നു. അതേ തുടര്‍ന്നാണ് 2016 ല്‍ ബ്ലാക്ക്‌ബെറി ഫോണ്‍ ലൈസന്‍സ് ടിസിഎല്ലിനു കൈമാറിയത്. തുടര്‍ന്നു ബ്ലാക്ക്‌ബെറി കമ്പനി മൊബൈല്‍ സെക്യൂരിറ്റി സോഫ്റ്റ്‌വെയറിലും, ക്യുഎന്‍എക്‌സ് ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയറിലും ശ്രദ്ധ കേന്ദ്രീകരിച്ചു വരികയാണ്.

Categories: Top Stories