വിവര്‍ക്ക് യുഎഇയിലും; അബുദാബിയിലെ ഹബ്ബ്71മായി സഹകരിച്ച് പ്രവര്‍ത്തനം

വിവര്‍ക്ക് യുഎഇയിലും; അബുദാബിയിലെ ഹബ്ബ്71മായി സഹകരിച്ച് പ്രവര്‍ത്തനം

എഡിജിഎമ്മില്‍ മൂന്നുനിലകളിലായി ആരംഭിച്ച വിവര്‍ക്ക് X ഹബ്ബ് 71 ഓഫീസില്‍ 1,200 ഡെസ്‌കുകളാണ് സജ്ജമാക്കിയിരിക്കുന്നത്

അബുദാബി: പരമ്പരാഗത തൊഴിലിട സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച അമേരിക്കന്‍ പങ്കാളിത്ത തൊഴിലിട കമ്പനിയായ വിവര്‍ക്ക് യുഎഇയില്‍ പ്രവര്‍ത്തനമാരംഭിച്ചു. അബുദാബിയിലെ ടെക് ആവാസവ്യവസ്ഥയായ ഹബ്ബ് 71മായി ചേര്‍ന്നാണ് യുഎഇയില്‍ വിവര്‍ക്കിന്റെ പ്രവര്‍ത്തനം. അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റിന്റെ (എഡിജിഎം) മൂന്ന് നിലകളിലായി പ്രവര്‍ത്തിക്കുന്ന വിവര്‍ക്ക് X ഹബ്ബ് 71 ഓഫീസില്‍ 1,200 ഡെസ്‌കുകളാണ് ഒരുക്കിയിരിക്കുന്നത്.

യുഎഇയില്‍ വിവര്‍ക്കിന്റെ ആദ്യ തൊഴിലിടമാണ് എഡിജിഎമ്മില്‍ ആരംഭിച്ചിരിക്കുന്നത്. പ്രാരംഭദശയിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും തൊഴിലിടം ലഭ്യമാക്കുന്നതിനൊപ്പം പുതിയ കണ്ടുപിടിത്തങ്ങള്‍ക്കും കൂടുതല്‍ വളര്‍ച്ചയ്ക്കുമായി എഡിജിഎമ്മിലെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനും ഹബ്ബ്71, വിവര്‍ക്ക് സംരംഭം അവസരമൊരുക്കുന്നു.

ഹബ്ബ് 71ലെ സ്റ്റാര്‍ട്ടപ്പ് കമ്പനികളും വെന്‍ച്വര്‍ കാപ്പിറ്റല്‍ കമ്പനികളും ടെക് ആക്‌സിലേറ്ററുകളുമടക്കം വിവര്‍ക്ക് കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹബ്ബ് 71ന്റെ ആനുകൂല്യ പദ്ധതിക്ക് അംഗീകാരം നേടിയ നാല് സ്റ്റാര്‍ട്ടപ്പുകള്‍ – ജോര്‍ദാനിയന്‍ കമ്പനിയായ റിസെക്, യുഎഇ ആസ്ഥാനമായുള്ള ഫിന്‍ടെക് കമ്പനികളായ സര്‍വ, ദിനാറി കാഷ്, അമേരിക്ക ആസ്ഥാനമായുള്ള സെകറന്‍സി, ന്യൂയോര്‍ക്കില്‍ സ്ഥാപിതമായ ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി കമ്പനി എന്നിവ കൂടി എത്തുന്നതോടെ ഇവിടെ പ്രവര്‍ത്തിക്കുന്ന ആകെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 39 ആയി ഉയരും.

2010ല്‍ ന്യൂയോര്‍ക്കില്‍ സ്ഥാപിതമായ അമേരിക്കന്‍ കൊമേഴ്‌സ്യല്‍ റിയല്‍എസ്റ്റേറ്റ് കമ്പനിയാണ് വിവര്‍ക്ക്. ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള തൊഴിലിടവും സേവനങ്ങളും ഒരുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 37 രാജ്യങ്ങളിലെ 140 നഗരങ്ങളില്‍ 740 ഇടങ്ങളിലായി വിവര്‍ക്ക് പ്രവര്‍ത്തിക്കുന്നു. ലോകത്താകമാനം വിവര്‍ക്കിന് 662,000 മെമ്പര്‍ഷിപ്പുകളുണ്ട്.

Comments

comments

Categories: Arabia
Tags: UAE, We work