നാലാം തലമുറ ഔഡി എ8 എല്‍ ഇന്ത്യയില്‍

നാലാം തലമുറ ഔഡി എ8 എല്‍ ഇന്ത്യയില്‍

ഇന്ത്യ എക്‌സ് ഷോറൂം വില 1.56 കോടി രൂപ

ന്യൂഡെല്‍ഹി: നാലാം തലമുറ ഔഡി എ8 എല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.56 കോടി രൂപയാണ് ഇന്ത്യയിലെങ്ങും എക്‌സ് ഷോറൂം വില. ലോംഗ് വീല്‍ബേസ് (എല്‍ഡബ്ല്യുബി) വേര്‍ഷന്റെ ബുക്കിംഗ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആരംഭിച്ചിരുന്നു. മെഴ്‌സേഡസ് ബെന്‍സ് എസ്-ക്ലാസ്, ബിഎംഡബ്ല്യു 7 സീരീസ് എന്നിവയാണ് പ്രധാന എതിരാളികള്‍. ഔഡിയുടെ ഏറ്റവും മുന്തിയ സെഡാനാണ് എ8.

ഔഡി പ്രോലോഗ് കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയാണ് പുതിയ എ8 നിര്‍മിച്ചിരിക്കുന്നത്. ബോള്‍ഡ് & സ്‌പോര്‍ട്ടി ഡിസൈന്‍, പരന്ന റൂഫ്, നേരെ നിവര്‍ന്ന മുന്‍ഭാഗം, ഉയര്‍ന്ന ഷോള്‍ഡര്‍ ലൈന്‍, ചെറുതായി ചെരിഞ്ഞിറങ്ങിയ പിന്‍വശം എന്നിവയോടെയാണ് പുതിയ ഔഡി എ8 വരുന്നത്. ക്രോം നിറഞ്ഞ ഗ്രില്‍, ഹൈ-ഡെഫിനിഷന്‍ മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഒഎല്‍ഇഡി സാങ്കേതികവിദ്യയോടെ ടെയ്ല്‍ലാംപുകള്‍ എന്നീ സ്മാര്‍ട്ട് ഫീച്ചറുകള്‍ സെഡാന്റെ പുറം രൂപകല്‍പ്പന കൂടുതല്‍ മഹത്തരമാക്കുന്നു.

കാബിനില്‍, പുതിയതും മെച്ചപ്പെടുത്തിയതുമായ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, വിര്‍ച്വല്‍ കോക്പിറ്റ് എന്നിവ പുതിയ എ8 സെഡാന്റെ സ്റ്റാന്‍ഡേഡ് ഫീച്ചറുകളാണ്. കാറിനകത്ത് നോബുകളും ബട്ടണുകളും കാണാന്‍ കഴിയില്ല. മിക്കവാറും എല്ലാ ഫംഗ്ഷനുകള്‍ക്കുമായി സെന്റര്‍ കണ്‍സോൡ രണ്ട് സ്‌ക്രീനുകള്‍ നല്‍കിയിരിക്കുന്നു. പ്രധാനമായും ഷോഫര്‍ ഡ്രൈവ് വാഹനമാണ് ഔഡി എ8. അതുകൊണ്ടുതന്നെ എ8എല്‍ വേരിയന്റിന് പ്രത്യേകിച്ചും ഓപ്ഷണലായി റിലാക്‌സേഷന്‍ സീറ്റ് ലഭിക്കും. ഈ സീറ്റ് ക്രമീകരിക്കാന്‍ കഴിയും. ഫൂട്ട്‌റെസ്റ്റ് ഉണ്ടായിരിക്കും. പിന്‍ സീറ്റ് യാത്രക്കാരുടെ കാല്‍പ്പാദം തിരുമ്മുന്നതിനും സൗകര്യമുണ്ടായിരിക്കും.

ബിഎസ് 6 പാലിക്കുന്ന 3.0 ലിറ്റര്‍, 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറുമാണ് ഇന്ത്യയില്‍ ഔഡി എ8 എല്‍ സെഡാന് കരുത്തേകുന്നത്. ആകെ 336 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 5.7 സെക്കന്‍ഡ് മതി.

Comments

comments

Categories: Auto
Tags: Audi A8 L