ട്രംപ് വരുമ്പോള്‍ ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഒപ്പുവെച്ചേക്കും

ട്രംപ് വരുമ്പോള്‍ ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഒപ്പുവെച്ചേക്കും

ന്യൂഡെല്‍ഹിക്ക് പുറമേ മറ്റൊരു ഇന്ത്യന്‍ നഗത്തിലും ട്രംപ് സന്ദര്‍ശനം നടത്തിയേക്കും

ന്യൂഡെല്‍ഹി: ഈ മാസം അവസാന ആഴ്ചയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തുമ്പോള്‍ ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ വ്യാപാരക്കരാര്‍ ഒപ്പിട്ടേക്കും. വിവിധ കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിര്‍ദിഷ്ട ഇടപാടില്‍ ഏറക്കുറേ ധാരണയായെന്നു ഇന്ത്യയിലെയും യുഎസിലെയും ട്രേഡ് ഓഫീസര്‍മാര്‍ അന്തിമമായി ചില ക്രമീകരണങ്ങള്‍ നടത്തുകയാണെന്നുമാണ് വിവരം.
ഫെബ്രുവരി 23നും 26നും ഇടയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലേക്ക് ട്രംപ് എത്തുമെന്നാണ് യുഎസ് അറിയിച്ചിട്ടുള്ളത്. ഇരു രാജ്യത്തെയും അധികൃതര്‍ അദ്ദേഹത്തിന്റെ ഷെഡ്യൂള്‍ ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ന്യൂഡെല്‍ഹിയായിരിക്കും പ്രധാനമായും ട്രംപിന്റെ സന്ദര്‍ശന കേന്ദ്രം എങ്കിലും മറ്റൊരു പ്രധാന നഗരത്തിലേക്ക് കൂടി ഒരു ഹ്രസ്വ സന്ദര്‍ശനം നടത്താനും ആലോചന നടക്കുന്നുണ്ട്. ആഗ്രയും അഹമ്മദാബാദും ഉള്‍പ്പടെയുള്ള നഗരങ്ങളാണ് ഇതിന് പരിഗണിക്കപ്പെടുന്നത്.

ട്രംപിന്റെ വിദേശയാത്രകള്‍ കൈകാര്യം ചെയ്യുന്ന വാഷിംഗ്ടണില്‍ നിന്നുള്ള ഒരു ഉന്നതതല ലോജിസ്റ്റിക് സംഘം കഴിഞ്ഞ ആഴ്ച ഇന്ത്യ സന്ദര്‍ശിച്ചു. വ്യാപാര ഇടപാടിനു പുറമേ പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള കരാറും അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശന വേളയില്‍ ഉറപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ചില സ്റ്റീല്‍, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ചുമത്തിയ ഉയര്‍ന്ന തീരുവയില്‍ നിന്ന് ഒഴിവാക്കാന്‍ ഇന്ത്യ ചര്‍ച്ചകളില്‍ ശ്രമിക്കുകയാണ്. യുഎസിന്റെ പൊതുവായ മുന്‍ഗണനാ പട്ടികയില്‍ (ജിഎസ്പി) ഒഴിവാക്കപ്പെട്ട ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി ഉല്‍പ്പന്നങ്ങളെ തിരികെ പട്ടികയില്‍ എത്തിക്കുന്നതിനും ഇന്ത്യ ആവശ്യപ്പെടുന്നു. കൃഷി, ഓട്ടോമൊബീല്‍, ഓട്ടോ ഘടകങ്ങള്‍, എന്‍ജിനീയറിംഗ് തുടങ്ങിയ മേഖലകളിലെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസിലെ കൂടുതല്‍ വിപണി പ്രവേശനം സാധ്യമാക്കാനും ഇന്ത്യ ശ്രമിക്കുന്നു.

തങ്ങളുടെ കാര്‍ഷിക, മാനുഫാക്ചറിംഗ ഉല്‍പന്നങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ വിപണി പ്രവേശനം ഇന്ത്യയില്‍ നേടുന്നതിനാണ് യുഎസിന്റെ ശ്രമം. ഇതിനു പുറമേ ചില തീരുവകളിലെ മാറ്റവും യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്.
2018-19ല്‍ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 52.4 ബില്യണ്‍ ഡോളറും യുഎസില്‍ നിന്നുള്ള ഇറക്കുമതി 35.5 ബില്യണ്‍ യുഎസ് ഡോളറുമായിരുന്നു. വ്യാപാരക്കമ്മി 2017-18ലെ 21.3 ബില്യണ്‍ ഡോളറില്‍ നിന്ന് 2018-19ല്‍ 16.9 ബില്യണ്‍ ഡോളറായി കുറഞ്ഞു. 2018-19ല്‍ യുഎസില്‍ നിന്ന് 3.13 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം ഇന്ത്യക്ക് ലഭിച്ചു. 2017-18ല്‍ 2 ബില്ല്യണ്‍ യുഎസ് ഡോളറായിരുന്നു യുഎസില്‍ നിന്നുള്ള എഫ്ഡിഐ.

Comments

comments

Categories: FK News

Related Articles