ബോഡോ ഉടമ്പടി ലക്ഷ്യമിടുന്ന ശാശ്വത സമാധാനം

ബോഡോ ഉടമ്പടി ലക്ഷ്യമിടുന്ന ശാശ്വത സമാധാനം

ബോഡോ ഇതര സമൂഹങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമോ…

ചരിത്രപരമായ ബോഡോ കരാര്‍ 2020 ഒപ്പിട്ടുകഴിഞ്ഞു. ബോഡോ പ്രതിനിധികളും കേന്ദ്രസര്‍ക്കാരും അസമും തമ്മില്‍ എത്തിച്ചേര്‍ന്ന കരാറാണ് യാഥാര്‍ത്ഥ്യമായത്. ഈ ഉടമ്പടി കലാപ സാധ്യതയുള്ള പ്രദേശത്ത് ശാശ്വത സമാധാനം കൈവരുത്തുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ഒരു പ്രധാന വംശീയ സമൂഹത്തിന്റെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി മൂന്ന് പതിറ്റാണ്ടിനുള്ളില്‍ ഒപ്പുവച്ച മൂന്നാമത്തെ ബോഡോ ഉടമ്പടിയാണിത്. ഇതിനെ സ്വാഗതം ചെയ്ത് സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ ബോഡോലാന്‍ഡ് ടെറിറ്റോറിയല്‍ ഏരിയ ഡിസ്ട്രിക്റ്റ്‌സ് (ബിടിഎഡി) പ്രദേശത്തെ ബോഡോ ഇതര സമൂഹങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ കരാറിന് സാധിക്കില്ല. മറിച്ച് ഇവിടെ കൂടുതല്‍ പ്രശ്നങ്ങള്‍ കരാര്‍ സൃഷ്ടിക്കാനും ഇടയുണ്ട്. ഇന്ന് ബോഡോ പ്രദേശങ്ങളില്‍ ഭൂരിപക്ഷം ജനങ്ങള്‍ ഇതരവിഭാഗക്കാരാണ്. 2003 ലെ കരാര്‍ പ്രകാരം രണ്ടാം ക്ലാസ് പൗരന്മാരായി മാറിയ ബിടിഎഡിയിലെ ബോഡോ ഇതര സമൂഹങ്ങളുടെ നില കൂടുതല്‍ വഷളാക്കുന്നതിന് ഈ കരാര്‍ വഴിയൊരുക്കും എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.ബോഡോസിന്റെ ക്ഷേമത്തിനായി മാത്രം സൃഷ്ടിച്ച ബോഡോലാന്‍ഡ് ടെറിറ്റോറിയല്‍ കൗണ്‍സില്‍ കഴിഞ്ഞ 17 വര്‍ഷമായി അതിന്റെ പ്രവര്‍ത്തനത്തില്‍ മറ്റ് സമൂഹങ്ങള്‍ക്കിടയില്‍ ശക്തമായ വിവേചനം സൃഷ്ടിച്ചതായും ചിലര്‍ ആരോപിക്കുന്നു. മറ്റ് വിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പട്ടികവര്‍ഗ പദവിയിലുള്ള ബോഡോകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്.

ബിടിസിയുടെ അധികാരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുപകരം, 2003 ല്‍ സ്ഥാപിതമായ കൗണ്‍സിലിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ നിര്‍ദേശം. ഈ കൗണ്‍സില്‍ സ്ഥാപിതമായതിനുശേഷം തദ്ദേശീയരായ ബോഡോ ഇതര ജനസംഖ്യ രണ്ടാം ക്ലാസ് പൗരന്മാരായി ചുരുങ്ങിയിരിക്കുന്നു. കൗണ്‍സിലിലെ 40 സീറ്റുകളില്‍ 25 എണ്ണം 27 ശതമാനം മാത്രമുള്ള ബോഡോകള്‍ക്കായി റിസര്‍വ് ചെയ്തിരിക്കുന്നു. 14 അംഗ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ രണ്ട് ഗോത്രേതര അംഗങ്ങള്‍ മാത്രമാണ് ഉള്ളത്. ഗോത്രേതര ജനവിഭാഗങ്ങള്‍ക്ക് അവരുടെ സ്വന്തം കാര്യങ്ങളുടെ നടത്തിപ്പില്‍ പങ്കാളിത്തം ഫലപ്രദമായി നഷ്ടപ്പെടുകയാണ്. അവര്‍ക്ക് തുല്യ അവകാശങ്ങള്‍ നല്‍കേണ്ടത് കാലത്തിന്റെ ആവശ്യമാണ് എന്ന് കരാറിന്റെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇന്ത്യയിലെ 525 വംശീയ സമുദായങ്ങളില്‍ 115 എണ്ണം മാത്രം അസമിലാണ്. ഇക്കാര്യത്തില്‍ വേണ്ട ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ അത് വീണ്ടും അക്രമത്തിലേക്ക് വഴുതാം. ഇക്കാര്യം വ്യക്തമായി തിരിച്ചറിഞ്ഞാണ് മൂന്നാം ഉടമ്പടി തയ്യാറാക്കിയത്. കൂടാതെ ബോഡോ വിഭാഗക്കാര്‍ പ്രദേശത്ത് ന്യൂനപക്ഷമായതിന് അനധികൃത കുടിയേറ്റവും ഒരു കാരണമായിത്തീര്‍ന്നിരിക്കാം. ഏതെങ്കിലും ഒരു സമുദായത്തിന്റെമാത്രം പുരോഗതി ലക്ഷ്യമിട്ടുള്ള ഏതൊരു നയവും മറ്റുള്ളവരെ സാരമായി ബാധിക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

വടക്കുകിഴക്കന്‍ മേഖലയിലെ ഏറ്റവും പുരോഗമിച്ച വിഭാഗങ്ങളിലൊന്നാണ് ബോഡോകള്‍. സര്‍ക്കാരിലെ പ്രാതിനിധ്യം, കായികരംഗത്തെ മികവ്, മികച്ച നേതൃത്വം എന്നിവയിലെല്ലാം അവര്‍ വളരെ മുന്നിലാണ്. ഇതോടൊപ്പം മേഖലയിലെ മറ്റ് വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാനും സര്‍ക്കാര്‍ ശ്രമിക്കണമെന്ന് കരാറിന്റെ വിമര്‍ശകര്‍ പറയുന്നു. ഭൂരിപക്ഷ ജനതയുടെ അന്യവല്‍ക്കരണം ഒരു പരിഹാരമല്ല. എങ്കിലും മുപ്പത്തിനാല് വര്‍ഷം നീണ്ട സായുധ സമരപാതക്കാണ് ഇപ്പോള്‍ പരാഹാരമാകുന്നത്. അത് ഒരു ചെറിയ കാര്യമല്ല. ഈ കാലയളവിലുണ്ടായ ആക്രമണങ്ങളിലും തിരിച്ചടികളിലും നാലായിരത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇപ്പോള്‍ സൃഷ്ടിക്കപ്പടുന്നത് കൂടുതല്‍ സ്വയംഭരണത്തിനും വികസനത്തിനുമുള്ള സാഹചര്യമാണ്. ഇവിടെ ബോഡോകള്‍ പ്രത്യേക സംസ്ഥാനം എന്ന ആവശ്യം ഉപേക്ഷിക്കുകയാണ്.

പുതിയ കരാറനുസരിച്ച് ബോഡോ ഇതരവിഭാഗക്കാരുടെ ആശങ്കകള്‍ അകറ്റാനുള്ള ശ്രമവും ഉണ്ടാകും. ഇക്കാര്യം വിമര്‍ശകര്‍ കണക്കിലെടുത്തിട്ടില്ല. പുതിയ ബോഡോ ആധിപത്യമുള്ള ഗ്രാമങ്ങള്‍ ഉള്‍പ്പെടുത്തിയും ഗോത്രേതര ജനസംഖ്യ കൂടുതലുള്ളവരെ ഒഴിവാക്കി ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ ഏരിയ ഡിസ്ട്രിക്റ്റ് (ബിടിഎഡി) പുനര്‍നിര്‍മിക്കാനാണ് തീരുമാനം. പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയില്ലെങ്കിലും ഇതരവിഭാഗങ്ങള്‍ക്ക് ഈ നടപടി ആശ്വാസകരമാകുമെന്ന് കരാറിനെ അനുകൂലിക്കുന്നവര്‍ വ്യക്തമാക്കുന്നു.ബോഡോ ഭാഷയെ ഒരു അസോസിയേറ്റ് ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കും. ഈ പ്രദേശങ്ങള്‍ക്കായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 1,500 കോടി രൂപയുടെ പദ്ധതിയും ഒരുക്കിക്കഴിഞ്ഞു.ഇതെല്ലാം വളരെ പോസിറ്റീവാണ്. പക്ഷേ
നിയുക്ത ബോഡോ പ്രദേശങ്ങളിലെ ഭൂരിപക്ഷവും മറ്റുവിഭാഗക്കാരായിരിക്കും എന്നത് മാറ്റാന്‍ കഴിയില്ല. ബിടിഎഡി വീണ്ടും ക്രമീകരിക്കുമെങ്കിലും ഈ വസ്തുത മാറാന്‍ സാധ്യതയില്ല. ബോഡോ ഇതര ജനതയെ പരിഗണിക്കാത്തത് പുതിയ വംശീയ സംഘര്‍ഷത്തിന് വഴിയൊരുക്കുമോ എന്നും അധികൃതര്‍ ആശങ്കപ്പെടുന്നുണ്ട്.

കരാര്‍ വാഗ്ദാനം ചെയ്യുന്ന കാര്യങ്ങള്‍ നല്‍കുന്നുവെങ്കില്‍, അത് വടക്കുകിഴക്കന്‍ മേഖലയിലെ ദീര്‍ഘകാല കലാപത്തിന്റെ അവസാനത്തിലേക്കാകും നയിക്കുക. എന്നാല്‍ വടക്കുകിഴക്കന്‍ സമാധാനത്തിന്റെയും വികസനത്തിന്റെയും ഫലങ്ങള്‍ ആസ്വദിക്കാനും ന്യൂഡെല്‍ഹിയുടെ ആക്റ്റ് ഈസ്റ്റ് നയപ്രകാരം ഇന്ത്യയ്ക്കും തെക്കുകിഴക്കന്‍ ഏഷ്യയ്ക്കും ഇടയിലുള്ള ഒരു പാലമായി ഈ മേഖലയെ മാറ്റാനും മറ്റ് കലാപ പ്രസ്ഥാനങ്ങളുമായും ഒത്തുതീര്‍പ്പിലെത്തേണ്ടതുണ്ട്. നാഗ സമാധാന ചര്‍ച്ചകളാണ് ഏറ്റവും പ്രധാനമെന്ന് വിലയിരുത്തപ്പെടുന്നു.

Comments

comments

Categories: Top Stories

Related Articles