വിജയങ്ങള്‍ക്കു പിന്നിലെ തന്ത്രജ്ഞന്റെ മാന്ത്രികത

വിജയങ്ങള്‍ക്കു പിന്നിലെ തന്ത്രജ്ഞന്റെ മാന്ത്രികത

അടിത്തറയും സ്വാധീനമുള്ളവരെയുമാണ് വിജയം തേടിയെത്തുന്നത്

പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറും തമ്മിലുണ്ടായ പരസ്യ കലഹം എല്ലാവര്‍ക്കും അറിവുള്ളതാണ്. അതിനുശേഷം ജനതാദള്‍ യുണൈറ്റഡിന്റെ ഉപാധ്യക്ഷനായിരുന്ന കിഷോറിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കുകയും ചെയ്തു. ഈ അവസരത്തില്‍ ഈ നടപടി കിഷോറിനെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കേണ്ടതുണ്ട്. കിഷോര്‍ പല തരത്തില്‍ പല രീതിയില്‍ വ്യാഖ്യാനിക്കാവുന്ന ഒരു സമസ്യയാണെന്ന് ചിലര്‍ കരുതുന്നു. ഒരു ബഹുജന അടിത്തറയില്ലാതെയാണ് തെരഞ്ഞെടുപ്പുകള്‍ വിജയിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നത്. ഈ അടിത്തറ സൃഷ്ടിക്കുന്നത് പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളുമാണ്. ജനസ്വാധീനമില്ലാത്തവരെ വിജയിപ്പിച്ചെടുക്കുക അസാധ്യമാണ്. അങ്ങനെയൊരു മാജിക് കിഷോര്‍ എവിടെയും കാഴ്ചവെച്ചിട്ടില്ല. എന്നിട്ടും ആവശ്യക്കാര്‍ അദ്ദേഹത്തെ തേടിയെത്തുന്നു. അദ്ദേഹം പ്രാവീണ്യം നേടിയ ഒരു കലയാണിത്. ബിസിനസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അടിസ്ഥാനപരമായി, കിഷോര്‍ ഒരു നല്ല വില്‍പ്പനക്കാരനാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മികച്ചതാകാന്‍ ജനങ്ങള്‍ക്കിടയില്‍ വില്‍ക്കുന്ന ഉല്‍പ്പന്നവും (ഇവിടെ പാര്‍ട്ടി,നേതാക്കള്‍)മെച്ചപ്പെട്ടതായിരിക്കണം. നരേന്ദ്ര മോദി, അമരീന്ദര്‍ സിംഗ്, ജഗന്‍ മോഹന്‍ റെഡ്ഡി തുടങ്ങിയവര്‍ക്കുവേണ്ടി കിഷോര്‍ ജോലിചെയ്തു. ഇവിടെ നേതാക്കള്‍ക്കും പാര്‍ട്ടിക്കും മികച്ച മുന്‍തൂക്കം ഉണ്ടായിരുന്നു. അല്ലാതെ ദുര്‍ബലരായ നേതാക്കളെ ശക്തരാക്കി മാറ്റാന്‍ കിഷോറിനാകില്ല എന്നാണ് ചരിത്രം വ്യക്തമാക്കുന്നത്.

കിഷോര്‍ വിജയസാധ്യത ഉള്ളവരോടൊപ്പമുള്ളപ്പോള്‍ അവര്‍ നന്നായി പ്രവര്‍ത്തിച്ച് തിളക്കമാര്‍ന്ന മികവുകൊയ്യുകയാണ്. എന്നാല്‍ മറിച്ചാണെങ്കില്‍ അദ്ദേഹം വിജയിക്കാന്‍ സാധ്യതയില്ല. ഉദാഹരണത്തിന്, വോട്ടര്‍മാരെ ബോധ്യപ്പെടുത്താനും രാഹുല്‍ ഗാന്ധിയെ ഒരു ബ്രാന്‍ഡായി ഉയര്‍ത്തിക്കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ 2021 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയെ സഹായിക്കാന്‍ കിഷോര്‍ പദ്ധതികളാവിഷ്‌ക്കരിക്കുകയാണ്. ഇതും മികച്ച സാധ്യത മുന്നില്‍ക്കണ്ടാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. ഈ മാസം എട്ടിന് നടക്കാനിരിക്കുന്ന ഡെല്‍ഹി സംസ്ഥാന തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ പ്രചാരണവും കിഷോറിന്റെ നിയന്ത്രണത്തിലാണ്.

ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിച്ച മുന്‍ പൊതുജനാരോഗ്യ വിദഗ്ധനായിരുന്നു കിഷോര്‍. 2011ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതിനുശേഷമാണ് അദ്ദേഹം തന്റെ പ്രവര്‍ത്തന മേഖല രാഷ്ട്രീയത്തിലേക്ക് മാറ്റിയത്. മോദിയുടെ 2014 ലോക്സഭാ കാമ്പെയ്നില്‍ കാഷോര്‍ നടത്തിയത് സജീവമായ ഇടപെടലാണ്. എല്ലാം മികച്ച രീതിയില്‍ ചെയ്ത ഒരു പാഠപുസ്തകംപോലെ ആയിരുന്നു ആ തെരഞ്ഞെടുപ്പ്. മോദിയുടെ മികച്ച വിജയം കിഷോറിനെ പ്രശസ്തിയിലേക്ക് നയിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആഗ്രഹിക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി അദ്ദേഹം മാറി. പഞ്ചാബ് മുതല്‍ പശ്ചിമ ബംഗാള്‍ വരെയും ഉത്തര്‍പ്രദേശ് മുതല്‍ ആന്ധ്ര വരെയും ഡെല്‍ഹി മുതല്‍ തമിഴ്നാട് വരെയും – കിഷോറിന്റെ ആവശ്യകത വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അദ്ദേഹത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു ശക്തി കേന്ദ്രമാക്കി മാറ്റി.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലൂടെ കിഷോര്‍ ശ്രദ്ധേയമായ നിരവധി ഫലങ്ങള്‍ നല്‍കി . 2014 ല്‍ മോദി, 2015 ല്‍ ബീഹാറിലെ മഹാഗത്ബന്ധന്‍, 2017 ല്‍ അമരീന്ദര്‍ സിംഗ്, 2019 ല്‍ ജഗന്‍ റെഡ്ഡി എന്നിവര്‍ഉദാഹരണങ്ങളാണ്. എന്നിട്ടും ചോദിക്കേണ്ട ചോദ്യം ഈ വിജയങ്ങള്‍ക്ക് ഒരു വോട്ടെടുപ്പ് തന്ത്രജ്ഞന്‍ കാരണമാകുമോ എന്നതാണ്. 2014 ല്‍ വോട്ടര്‍ ഒരു മാറ്റത്തിനായി മോഹിക്കുകയും ഭരണകക്ഷിയായ കോണ്‍ഗ്രസ് അഴിമതി ആരോപണങ്ങളില്‍ മുങ്ങി നില്‍ക്കുകയുമായിരുന്നു. ഇവിടെ മോദി മികച്ചതും തന്ത്രപരവുമായ പ്രചാരണം നടത്തി. കിഷോര്‍ കഠിനാധ്വാനം ചെയ്തിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ ഇല്ലാതെ മോദി ആ തിരഞ്ഞെടുപ്പില്‍ വിജയിക്കുമായിരുന്നില്ലേ-എന്നത് പ്രസക്തമായ ചോദ്യമാണ്. അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ ബിജെപിയുടെ പ്രകടനത്തിന് ഉത്തരമുണ്ട്. കിഷോര്‍ ഇല്ലാതെ ഉത്തര്‍പ്രദേശ്, അസം, ത്രിപുര എന്നീ നിരവധി വിഷമകരമായ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി വിജയിച്ചു. ഏറ്റവും പ്രധാനമായി, അഞ്ചുവര്‍ഷത്തെ ഭരണത്തിന്റെ ഭാരം വകവെയ്ക്കാതെ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി ഇതിലും വലിയ നേട്ടത്തില്‍ വിജയിച്ചു. അമിത്ഷായും അവരുടെ ടീമും മികച്ച തന്ത്രങ്ങളൊരുക്കി. പാര്‍ട്ടി അതൊരു ടീം വര്‍ക്കാക്കി വിപുലപ്പെടുത്തി. മോദി അതിന് നേതൃത്വം നല്‍കി.

2017 ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കിഷോറില്ലാതെയാണ് ബിജെപി മൃഗീയ ഭൂരിപക്ഷം നേടിയത്. ഇവിടെ ബിജെപി വിജയിക്കുക മാത്രമല്ല കിഷോറിന്റെ തന്ത്രങ്ങളെ പരാജയപ്പെടുത്തുകയും ചെയ്തു. വോട്ടെടുപ്പ് തന്ത്രജ്ഞന്‍ കോണ്‍ഗ്രസ് പ്രചാരണത്തിനായാണ് യുപിയില്‍ ഉണ്ടായിരുന്നത്. ഒന്നിനുപുറകെ ഒന്നായി വിനാശകരമായ ആഹ്വാനങ്ങള്‍ നടത്തി. ഷീലാ ദീക്ഷിത്തിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതു മുതല്‍ രാഹുല്‍ ഗാന്ധിയെ അമിതമായി ഉപയോഗപ്പെടുത്തുന്നതുവരെയും ഇതിന്റെ ഭാഗമായിരുന്നു. ഫലം കോണ്‍ഗ്രസ്-സമാജ്വാദി പാര്‍ട്ടിയെ സഖ്യത്തിന്റെ തകര്‍ച്ചയായിരുന്നു. ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചതാകട്ടെ കോണ്‍ഗ്രസും. അതേസമയത്തുതന്നെ കിഷോര്‍ പഞ്ചാബില്‍ ഒരു വിജയം നേടി. അവിടെ അമരീന്ദര്‍ സിംഗ് അധികാരത്തില്‍ കയറിയത് സമര്‍ത്ഥവും ബന്ധിതവുമായ പ്രചാരണത്തിലാണ്. തെരഞ്ഞെടുപ്പിനുമുമ്പുതന്നെ അമരീന്ദര്‍ സിംഗിന് അവിടെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നു.

ബീഹാറില്‍ ഏറ്റവും പ്രചാരമുള്ളതും വേരുറപ്പിച്ചതുമായ രണ്ട് രാഷ്ട്രീയ നേതാക്കളായ നിതീഷ് കുമാറും ലാലു യാദവും ചേര്‍ന്ന സഖ്യത്തിനെയാണ് കിഷോര്‍ സഹായിച്ചത്. തന്ത്രജ്ഞനായ കിഷോര്‍ ഇപ്പോള്‍ ശ്രദ്ധാപൂര്‍വ്വം ശക്തമായ ചേരികള്‍ മാത്രമാണ് തെരഞ്ഞെടുക്കുന്നത്. ഇത് തന്നെയാണ് അദ്ദേഹത്തിന്റെ വിവവേകം. ഉദാഹരണത്തിന്, താന്‍ ആര്‍ക്കുവേണ്ടിയാണോ ജോലിചെയ്യുന്നത് അവരെ മാര്‍ക്കറ്റ് ചെയ്യുന്നതിലുപരി കിഷോറിന് സ്വയം എങ്ങനെ വില്‍ക്കാമെന്നും അറിയാം. ഇതിലൂടെ നേതാക്കളെ തനിക്ക് ആവശ്യമാണെന്ന് വിശ്വസിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. തന്റെ ക്ലയന്റുകള്‍ക്ക് നിരസിക്കാന്‍ കഴിയാത്ത ആശയങ്ങള്‍ അദ്ദേഹത്തിന് ഉണ്ടാകും. ഇത് വോട്ടര്‍മാരെ ആകര്‍ഷിക്കുന്നു. മോദിക്കായി ചായ് പെ ചര്‍ച്ച, അമരീന്ദര്‍ സിംഗിനായി കോഫി വിത്ത് ക്യാപ്റ്റന്‍, മമതാ ബാനര്‍ജിക്കായി ദിദി കെ ബോലോ, ഫിര്‍ ഏക് ബാര്‍ നിതീഷ് കുമാര്‍ തുടങ്ങിയവ ഇതില്‍ പ്രധാനമാണ്. എന്നാല്‍ രാഹുല്‍ ഗാന്ധിക്കുള്ള ഖാത് പെ ചര്‍ച്ച നനഞ്ഞ പടക്കമായി. ഉല്‍പ്പന്നത്തിന് (ഇവിടെ നേതാവിന്) പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടെങ്കില്‍ മാത്രമേ ബ്രാന്‍ഡിംഗ് ഫലപ്രദമാകൂ എന്ന് ഇവിടെ തെളിയുകയാണ്.

പ്രശാന്ത് കിഷോറിന് ബ്രാന്‍ഡിംഗിന്റെ പ്രാധാന്യവും കലയും അറിയാം. ഇന്ത്യന്‍ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു വിപ്ലവകരമായ ആശയമായിരുന്നു. സ്വീകരിക്കുന്ന ജോലികളില്‍ അദ്ദേഹം വ്യത്യസ്തത പുലര്‍ത്തുന്നു. കിഷോര്‍ മോദിക്കൊപ്പം കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിച്ചു, പക്ഷേ യുപിയില്‍ മോദിക്കെതിരെ കോണ്‍ഗ്രസിനൊപ്പവും പ്രവര്‍ത്തിച്ചു. പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിക്കെതിരെ അദ്ദേഹം കോണ്‍ഗ്രസിന് വേണ്ടി തന്ത്രങ്ങളൊരുക്കി. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഡെല്‍ഹിയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും എതിരായ ആം ആദ്മി പോരാട്ടത്തെ സഹായിക്കുന്നു. ജെഡി (യു) യില്‍ ചേരുന്നതിലൂടെയാണ് അദ്ദേഹം ഔദ്യോഗികമായി ഒരു രാഷ്ട്രീയക്കാരനാകുന്നത്. പക്ഷേ നിതീഷ് ഉള്‍പ്പെടുന്ന എന്‍ഡിഎ ക്യാമ്പിന്റെ എതിരാളികളായ പാര്‍ട്ടികളെ ഉപദേശിക്കുന്നത് അദ്ദേഹം തുടരുന്നു- ഉദാഹരണത്തിന് തൃണമൂല്‍ കോണ്‍ഗ്രസ്, വൈ എസ് ആര്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നിവര്‍. ഇതിലൂടെ ഒരു പ്രീമിയം ബ്രാന്‍ഡായി സ്വയം ശ്രദ്ധാപൂര്‍വ്വം രൂപകല്‍പ്പന ചെയ്യുകയാണ് കിഷോര്‍. രാഷ്ട്രീയത്തിലെ പ്രശാന്ത് കിഷോറിന്റെ പാത ഇന്ത്യയിലെ സ്ഥാപിത രാഷ്ട്രീയക്കാരെ പഠിപ്പിക്കുന്നത് എല്ലായ്‌പ്പോഴും എങ്ങനെ പ്രസക്തമായി തൂടരാം എന്നാണ്. അങ്ങനെ സംഭവിക്കാതിരുന്നാല്‍ ഏതുതന്ത്രവും പരാജയപ്പെടും. വില്‍ക്കപ്പെടുന്ന ഉല്‍പ്പന്നം മികച്ചതാണെങ്കില്‍ മാത്രമെ മികച്ച ഫലം കൊയ്യാനാവു എന്നും അദ്ദേഹത്തിന്റെ ചരിത്രം നമ്മോടു പറയുന്നു.

Categories: Top Stories