മാരുതി വിറ്റത് അഞ്ച് ലക്ഷം ബിഎസ് 6 കാറുകള്‍

മാരുതി വിറ്റത് അഞ്ച് ലക്ഷം ബിഎസ് 6 കാറുകള്‍

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് ആദ്യ ബിഎസ് 6 മോഡലായി ബലേനോ പുറത്തിറക്കിയത്

ന്യൂഡെല്‍ഹി: മാരുതി സുസുകി ഇതുവരെയായി വിറ്റത് അഞ്ച് ലക്ഷത്തിലധികം ബിഎസ് 6 കാറുകള്‍. ഈ വര്‍ഷം ഏപ്രില്‍ ഒന്നിനാണ് ഭാരത് സ്‌റ്റേജ് (ബിഎസ്) 6 ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്നത്. ഏപ്രില്‍ ഒന്നിന് മുമ്പ് ഇത്രയും ബിഎസ് 6 കാറുകള്‍ വില്‍ക്കാന്‍ കഴിഞ്ഞത് ഇന്തോ-ജാപ്പനീസ് കാര്‍ നിര്‍മാതാക്കള്‍ക്ക് വലിയ നേട്ടമായി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് മാരുതിയുടെ ആദ്യ ബിഎസ് 6 മോഡലായി ബലേനോ ഹാച്ച്ബാക്ക് പുറത്തിറക്കിയത്.

ഓള്‍ട്ടോ, സെലെറിയോ, സ്വിഫ്റ്റ്, വാഗണ്‍ആര്‍, ബലേനോ, ഡിസയര്‍, എസ്-പ്രെസോ, എര്‍ട്ടിഗ, എക്‌സ്എല്‍6, ഈക്കോ എന്നീ പത്ത് ബിഎസ് 6 മോഡലുകളാണ് നിലവില്‍ മാരുതി സുസുകി വില്‍ക്കുന്നത്. കമ്പനിയുടെ പെട്രോള്‍ വാഹന വില്‍പ്പനയില്‍ 75 ശതമാനത്തോളം ഈ പത്ത് മോഡലുകളാണ്. ഓള്‍ട്ടോ കെ10, സെലെറിയോ എക്‌സ്, ഇഗ്നിസ് എന്നീ മൂന്ന് മോഡലുകള്‍ ഇനിയും ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്‌കരിച്ചിട്ടില്ല.

വളരെ നേരത്തെ ബിഎസ് 6 കാറുകള്‍ വാങ്ങിയ ഉപയോക്താക്കള്‍ക്ക് നന്ദി അറിയിക്കുന്നതായി മാരുതി സുസുകി ഇന്ത്യ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കെനിച്ചി ആയുകാവ പറഞ്ഞു. അതേസമയം ഓള്‍ട്ടോ, എസ്-പ്രെസോ, വാഗണ്‍ആര്‍, സ്വിഫ്റ്റ്, ബലേനോ, എര്‍ട്ടിഗ, എക്‌സ്എല്‍6 എന്നീ മോഡലുകളുടെ വില 4.7 ശതമാനം വരെ വര്‍ധിപ്പിച്ചു. ഉല്‍പ്പാദന ചെലവുകള്‍ വര്‍ധിച്ചതാണ് കാരണമായി പറയുന്നത്.

Comments

comments

Categories: Auto