കൂനന്‍ കുരിശിന്റെ വാസ്തവം

കൂനന്‍ കുരിശിന്റെ വാസ്തവം

കേരളത്തിലെ ക്രൈസ്തവ സഭയുടെ ചരിത്രത്തില്‍ വ്യക്തമായ ചേരിതിരിവുകള്‍ വരുത്തിയ ചരിത്ര സംഭവമാണ് കൂനന്‍ കുരിശ് സമരം. അഹത്തല്ല എന്ന സിറിയന്‍ പാത്രിയര്‍ക്കീസിനെ കൊച്ചി കായലില്‍ കല്ല് കെട്ടി താഴ്ത്തിയതില്‍ മനംനൊന്ത നസ്രാണികള്‍ മട്ടാഞ്ചേരി പള്ളിയുടെ കുരിശില്‍ ആലാത്ത് കെട്ടി റോമന്‍ പാപ്പയെ തള്ളിപ്പറഞ്ഞത് 1653 ജനുവരി മൂന്നിനാണ്. സഭ പല പിരിവുകളായി വിഭജിച്ചത് ഇതോടെയാണ്.

ഇന്ത്യയില്‍ ആദ്യമായി പാശ്ചാത്യ അധിനിവേശത്തിനു എതിരെ നടന്ന ചെറുത്തുനില്‍പ്പായിരുന്നു കൂനന്‍ കുരിശ് സത്യം. 1653 ജനുവരി മൂന്നാം തീയതി സുറിയാനി ക്രിസ്ത്യാനികള്‍ പോര്‍ച്ചുഗീസ് ആധിപത്യത്തിന് എതിരെ നടത്തിയ സമരമായിരുന്നു ഇത്. 1653 ല്‍ മട്ടാഞ്ചേരി പള്ളിയുടെ കുരിശില്‍ വലിയ ഒരു ആള്‍ക്കൂട്ടം ആലാത്ത് കെട്ടി വിദേശ ശക്തിയെ ഉപേക്ഷിച്ചു. അഹത്തല്ല എന്ന സിറിയന്‍ പാത്രിയര്‍ക്കീസിനെ കൊച്ചി കായലില്‍ കല്ല് കെട്ടി താഴ്ത്തിയതില്‍ മനംനൊന്ത നസ്രാണികള്‍ ആലാത്ത് കെട്ടി റോമന്‍ പാപ്പയെ തള്ളിപ്പറഞ്ഞു. പറങ്കികള്‍ക്കും അവരുടെ സഭയ്ക്കുമെതിരായ പ്രക്ഷോഭം തന്നെ ആയിരുന്നു കൂനന്‍ കുരിശ് സമരം. കേരള സഭയുടെ ചരിത്രത്തില്‍ വ്യക്തമായ ചേരിതിരിവുകള്‍ വരുത്തിയ ചരിത്ര സംഭവത്തിന് 2021 ജനുവരി 3 ന് 368 വര്‍ഷം പൂര്‍ത്തിയാകും. മട്ടാഞ്ചേരിയില്‍ AD 1653 ല്‍ നടന്ന ഈ ചരിത്ര പ്രസിദ്ധമായ സംഭവത്തിന്റെ പേരില്‍ രണ്ടു തീര്‍ത്ഥാടനാലയങ്ങളും ഉണ്ട്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള പള്ളിയിലും കൂനന്‍ കുരിശ് സത്യം സംഭവത്തിന് ആസ്പദമായ കുരിശ് കാണാം. തൊട്ടടുത്തായി റോമന്‍ കത്തോലിക്കരുടെ കീഴിലുള്ള കുര്യച്ചന്റെ കപ്പേളയിലും (പ്രാന്താ ക്രൂസ്) ഒരു കുരിശ് കാണാം. ഇതില്‍ ഏതാവും ഒറിജിനല്‍ കൂനന്‍ കുരിശ്?

കൊച്ചി രാജവംശം ഉള്‍പ്പെടെ പല രേഖകളിലും മട്ടാഞ്ചേരിയിലെ മാതാവിന്റെ പള്ളിയുടെ മുന്‍പില്‍ നടന്ന കൂനന്‍കുരിശ് ശപഥത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. കേരളത്തില്‍ പോര്‍ച്ചുഗീസുകാരുടെ വരവോടെ ആണ് റോമന്‍ കത്തോലിക്കാ സഭ അഥവാ ലത്തീന്‍ സഭ വരുന്നത്. അവര്‍ വരുമ്പോള്‍ ഇവിടെ ഉള്ളത് സിറിയ ഇറാക്ക് ഇറാന്‍ ഭാഗങ്ങളില്‍ ഉണ്ടായിരുന്ന കല്‍ദായ ആരാധനാരീതികളും ആയിരുന്നു. നെസ്‌തോറിയന്‍ പക്ഷക്കാര്‍ ആയ കല്‍ദായ മെത്രാന്മാര്‍ ഇവിടെ വന്നിരുന്നു. കത്തോലിക്കാ സഭയെ സംബന്ധിച്ചു നെസ്‌തോറിയാസിന്റെ പ്രബോധനങ്ങള്‍ എഡി 431 ലും 451 ലും തള്ളിക്കളഞ്ഞതാണ്. എന്നാല്‍ പേര്‍ഷ്യയിലെ സസാനിയന്‍ ഭരണകാലത്ത് അവര്‍ക്ക് കിഴക്കന്‍ മേഖലയില്‍ സ്വാധീനം ലഭിച്ചു. ഇസ്ലാം മതവും കുരിശുയുദ്ധങ്ങളും മൂലം അവ നശിച്ചു. എങ്കിലും കേരളത്തില്‍ അത് നിലനിന്നിരുന്നു. ഇവിടെ വന്ന കത്തോലിക്കാ മിഷനറിമാര്‍ അവരെ കത്തോലിക്കാ സഭയിലേക്ക് മാറ്റാനുള്ള വഴികള്‍ ആലോചിച്ചു. ഒരു വിഭാഗം കല്‍ദായ പുരോഹിതന്മാരുടെ പിന്തുണ ലഭിച്ച അവര്‍ ഉദയംപേരൂര്‍ സൂനഹദോസ് വിളിച്ചു കല്‍ദായ ബന്ധം വേര്‍പെടുത്തിക്കുകയും അവരെ കത്തോലിക്കാ സഭയിലേക്ക് മാറ്റുകയും ചെയ്തു. സ്വാഭാവികമായും വിശ്വാസത്തിലേക്കുള്ള കടന്നുകയറ്റം ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചിരുന്നു.

ഇവിടേക്ക് തിരിച്ച സിറിയന്‍ പാതിരിയെ കൊച്ചിയില്‍ ഇറക്കാതെ ഗോവയിലേക്ക് കൊണ്ടുപോകുകയും അവിടെ വച്ച് അദ്ദേഹം മരണപ്പെടുകയും ചെയ്തു എന്ന വാര്‍ത്ത കത്തോലിക്കാ സഭയെ എതിര്‍ക്കുന്നതിലേക്ക് ഒരു വിഭാഗത്തെ എത്തിച്ചു. അവര്‍ മട്ടാഞ്ചേരിയില്‍ വെച്ച് റോമന്‍ പാത്രിയര്‍ക്കീസിനെ അംഗീകരിക്കില്ല എന്ന് കുരിശില്‍ കയറുകെട്ടി പ്രതിജ്ഞ ചെയ്തു. പിന്നീട് ഇവിടേക്ക് വന്ന അന്ത്യോക്യന്‍ പാതിരിയുടെ കീഴില്‍ പുതിയ സഭ തുടങ്ങുകയും ചെയ്തു. അങ്ങനെ സഭ പിരിഞ്ഞു കത്തോലിക്കാ സഭയുടെ കൂടെ പോയവര്‍ ആണ് ഇപ്പോള്‍ സീറോ മലബാര്‍ എന്ന് അറിയപ്പെടുന്നത്. അന്ത്യോഖ്യായിലേക്ക് പോയവര്‍ പിന്നെയും പലവട്ടം വിഭജിക്കപ്പെട്ടു. മെത്രാന്‍ വിഭാഗം, ബാവാ വിഭാഗം എന്നിങ്ങനെ. അത് കൂടാതെ കുറച്ചു പേര്‍ സിഎസ്ഐയില്‍ ലയിച്ചു. കുറെ പേര്‍ സ്വതന്ത്ര കല്‍ദായ സഭ ആയി. അതില്‍ ഒരു വിഭാഗം വീണ്ടും കത്തോലിക്കാ സഭയിലേക്ക് ലയിച്ചു, അത് സീറോ മലങ്കര. റോമന്‍ സഭ ഔദ്യോഗികമായി കേരളത്തില്‍ സ്ഥാപിതമാകുന്നത് കൊച്ചി രൂപതയുടെ സ്ഥാപനത്തോട് കൂടിയാണ്. ഗോവ രൂപതയുടെ സാമന്ത രൂപതയായാണ് കൊച്ചി രൂപത സ്ഥാപിതമാകുന്നത്.

കത്തോലിക്കാ പള്ളിയിലെ കുരിശാണ് ഒറിജിനല്‍ എന്നാണ് ഒരു വാദം (ചരിത്രത്തിന്റെ വിരോധാഭാസം). കൊച്ചി രൂപതയിലെ മട്ടാഞ്ചേരി ജീവമാതാ പള്ളിയിലാണ് ഇത് നടന്നതെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. ഓര്‍ത്തഡോക്‌സ് പള്ളിയിലെ കുരിശ് പോയിട്ട് ആ പള്ളി തന്നെ കൂനന്‍ കുരിശ് സത്യത്തിന് 98 വര്‍ഷം കഴിഞ്ഞു പണിതതാണ് എന്നും പറയപ്പെടുന്നു. ഇവിടുള്ള ദേശീയവാദികള്‍ പണിതതുമല്ല ആ ചാപ്പല്‍. ശക്രള്ള മോര്‍ ബസേലിയോസ് എന്ന സിറിയന്‍ മെത്രാന്‍ (മപ്രിയാന്‍ ) ഇവിടുത്തെ നസ്രാണികള്‍ അപേക്ഷിച്ചത് അനുസരിച്ചു ഇങ്ങോട്ട് കപ്പല്‍ കയറി പോന്നു. ഇവിടെ വന്നപ്പോള്‍ വിളിച്ചവരാണോ പോന്നവരാണോ കപ്പല്‍ കൂലി കൊടുക്കേണ്ടത് എന്ന് ഒരു തര്‍ക്കം നടന്നത്രെ. അന്നത്തെ 12,000 രൂപ കപ്പല്‍ കൂലി തരാതെ ബാവയായാലും മെത്രാനായാലും കൊച്ചി കോട്ട വിടില്ല എന്ന് ഡച്ച് സായിപ്പന്‍മാരും പറഞ്ഞു. അങ്ങനെ കൊച്ചി കോട്ടയില്‍ താമസം നീണ്ടു പോയപ്പോള്‍ വന്നിറങ്ങിയ ബാവ ഒരു കൊച്ചു സ്വകാര്യ പള്ളി പണിതു. അതാണ് ഇപ്പോഴത്തെ കൂനന്‍ കുരിശ് ഓര്‍ത്തഡോക്‌സ് തീര്‍ത്ഥാടന കേന്ദ്രം.

ഉദയംപേരൂര്‍ സൂനഹദോസ് കൊണ്ടുവന്ന മാറ്റങ്ങള്‍ നസ്രാണികള്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ സാധിച്ചില്ല. കൊച്ചി മുതല്‍ അങ്കമാലി വരെയുള്ള നസ്രാണികള്‍ മട്ടാഞ്ചേരി പള്ളിയുടെ പരിസരത്ത് ഒരുമിച്ചുകൂടി ശപഥം ചെയ്തപ്പോള്‍ അതിനെ ഇന്ന് നാം വ്യാഖ്യാനിക്കുന്നത് സ്വാതന്ത്ര്യസമരം ആയിട്ടാണ്. ഉദയംപേരൂര്‍ സൂനഹദോസ് ആയിരുന്നു ഇന്ത്യയിലെ ആദ്യത്തെ സാമൂഹിക പരിഷ്‌കാരം എന്നു പറയാം. പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്ന സമ്പ്രദായം, ചാത്തന്‍ സേവ, ഉച്ചനീചത്വങ്ങള്‍, ബഹു ഭാര്യത്വം, വെപ്പാട്ടി സമ്പ്രദായം, ആയുധധാരികള്‍ ആയി ദേവാലയം പോലുള്ള പൊതു വേദികളില്‍ വരല്‍, ആരാധനാ പുസ്തകങ്ങളിലും മറ്റും ഉള്ള നെസ്‌തോറിയന്‍ പാഷാണ്ഡതാ ആശയങ്ങള്‍ തുടങ്ങിയ ക്രൈസ്തവ അരൂപിക്ക് യോഗ്യമല്ലാത്ത ജീവിത ചുറ്റുപാടുകളില്‍ പെട്ടിരിക്കുകയായിരുന്നു അന്നത്തെ സുറിയാനി ക്രിസ്ത്യാനികള്‍. ഉദയംപേരൂര്‍ സൂനഹദോസ്, സിറിയന്‍ ക്രിസ്ത്യാനികള്‍ മറ്റ് ക്രൈസ്തവരോട് അയിത്തം ആചരിക്കുന്നതിനെ വിലക്കിയിരുന്നു. സൂനഹദോസ് ഇവയെല്ലാം നീക്കം ചെയ്യാന്‍ നിലകൊണ്ടു എന്നുള്ളത് പാരമ്പര്യങ്ങള്‍ കൈയ്യൊഴിയാന്‍ വിഷമിച്ച അന്നത്തെ സുറിയാനി ക്രിസ്ത്യാനികളെ പ്രകോപിപ്പിച്ചു. ഞങ്ങള്‍ അയിത്തം ആചരിക്കും, കോഴി ക്കുരുതി നടത്തും എന്നൊക്കെ പറഞ്ഞാണ് കൂനന്‍ കുരിശ് സമരം നടക്കുന്നത്.

വാസ്തവത്തില്‍ അറബി കച്ചവടക്കാരുടെ മേല്‍ക്കോയ്മയോടെ കച്ചവടത്തില്‍ സുറിയാനി ക്രിസ്ത്യാനികള്‍ക്ക് പ്രാമുഖ്യം നഷ്ടപ്പെട്ടത് മൂലം അവര്‍ ദാരിദ്ര്യത്തിലേക്ക് തള്ളിയിടപ്പെടുകയും പുരോഹിതരടക്കം പട്ടിണിയിലും അരക്ഷിതാവസ്ഥയിലും ആകുകയും ചെയ്ത സന്ദര്‍ഭത്തിലാണ് പോര്‍ച്ചുഗീസുകാരുടെ വരവ്. വെടിക്കോപ്പുകളും പടയുമുള്ള ക്രിസ്ത്യാനികളായ പോര്‍ച്ചുഗീസുകാരില്‍ നിന്നും സംരക്ഷണയും കച്ചവട സാധ്യതയും കണ്ടു കൊണ്ട് അന്നത്തെ സുറിയാനി ക്രിസ്ത്യാനികള്‍ അങ്ങോട്ട് ചെന്ന് സംരക്ഷണം ആവശ്യപ്പെട്ടു കീഴ്പെട്ട് ജീവിച്ചു കൊള്ളാം എന്ന് വാക്ക് നല്‍കി ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയായിരുന്നു. എന്നാല്‍ തങ്ങളുടെ വിശ്വാസ, ജീവിത രീതികളില്‍ പറങ്കികള്‍ കൈ വെക്കുമെന്ന് അവര്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചതേയില്ല.

മട്ടാഞ്ചേരിയില്‍ ഇപ്പോള്‍ ഉള്ള കുരിശ് രണ്ടും അല്ല ഒറിജിനല്‍ കുരിശ്. കൂനന്‍ കുരിശ് സത്യത്തിനു എടുത്ത കുരിശ് പറങ്കികള്‍ (റോമന്‍ കത്തോലിക്കര്‍) കൊണ്ട് പോയി നശിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ടെന്ന് പറയുന്നുണ്ട്. കുരിശ് ആരുടെ പക്കലും ഇല്ല. പക്ഷേ, കൂനന്‍ കുരിശ് സത്യം എടുത്ത സ്ഥലം മലങ്കര സഭയുടെ പള്ളി നില്‍ക്കുന്ന ഇടത്തില്‍ ആണെന്നും വിശ്വസിക്കുന്നു. രണ്ടു പള്ളിയിലും ഉള്ള കുരിശുകളും സ്മാരകങ്ങള്‍ മാത്രം ആണ്.

Categories: FK Special, Slider