ഗള്‍ഫിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഊരാളുങ്കല്‍

ഗള്‍ഫിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഊരാളുങ്കല്‍

യുഎല്‍ ടെക്‌നോളജി സൊലൂഷന്‍സിന്റെ ആദ്യ ഓഫീസ് ദുബായ് നഗരത്തില്‍ സ്ഥാപിക്കും

ദുബായിയും അബുദാബിയും പ്രധാന സാമ്പത്തിക കേന്ദ്രങ്ങളായതിനാല്‍ ഈ മേഖലയിലെ ബ്ലോക്ക്‌ചെയിന്‍, എഐ, മറ്റ് സാങ്കേതികവിദ്യകളിലധിഷ്ഠിതമായ പദ്ധതികള്‍ എന്നിവ കമ്പനിക്ക് ലഭിക്കുമെന്നാണ് കരുതുന്നത്

-ടി എസ് രവികുമാര്‍, യുഎല്‍സിസിഎസ് സിഒഒ

ദുബായ്: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര സഹകരണ അടിസ്ഥാന വികസന സ്ഥാപനമായ യുഎല്‍സിസിഎസിന് (ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി) കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി കമ്പനിയായ യുഎല്‍ടിഎസ് (യുഎല്‍ ടെക്‌നോളജി സൊലൂഷന്‍സ്) അന്താരാഷ്ട്ര തലത്തിലേക്ക് ചുവടുവെക്കുന്നു. ഗള്‍ഫ് മേഖലയിലേക്കാണ് (ജിസിസി) ആദ്യ ഘട്ടത്തില്‍ കമ്പനി എത്തുക. ഇതിനായി സ്ഥാപനത്തിന്റെ ആദ്യ ഓഫീസ് ദുബായില്‍ ആരംഭിക്കും. പിന്നാലെ മധ്യ പൂര്‍വേഷ്യ-കിഴക്കന്‍ ആഫ്രിക്ക (എംഇഎന്‍എ) മേഖലയിലേക്കും യുഎല്‍ടിഎസ് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് യുഎല്‍സിസിഎസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ടി എസ് രവി കുമാര്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റിന് ശേഷം, യുഎസില്‍ ഒരു ഓഫീസ് സ്ഥാപിച്ച് അവിടുത്തെ വിപണിയില്‍ പ്രവേശിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ മിക്ക കമ്പനികളും അന്താരാഷ്ട്ര വിപുലീകരണത്തിന്റെ ആദ്യ ഘട്ടമായി മിഡില്‍ ഈസ്റ്റ് ആണ് തെരഞ്ഞെടുക്കാറ്. ഇതേ പാത പിന്തുടര്‍ന്നു തന്നെയാണ് യുഎസ്ടിഎല്ലിന്റെ ആദ്യ വിദേശ കേന്ദ്രം ദുബായില്‍ അരംഭിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള ഫ്രഷ് മറൈന്‍ ആന്‍ഡ് മീറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഫ്രെഷ് ടു ഹോം, ഫിറ്റ്‌നസ് ആന്‍ഡ് വെല്‍നസ് കമ്പനിയായ ക്യൂര്‍ ഫിറ്റ് എന്നിവയാണ് സമീപകാലത്ത് ദുബായിയില്‍ അരങ്ങേറ്റം കുറിച്ച ഇന്ത്യന്‍ കമ്പനികള്‍. കമ്പനിയുടെ ദുബായിലെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യക്കാരെയും ഏതാനും പ്രാദേശിക ജീവനക്കാരെയും ഉള്‍പ്പെടുത്തിക്കൊണ്ട് ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക്‌ചെയ്ന്‍, ജിഐഎസ് തുടങ്ങിയ മേഖലകളില്‍ പ്രാവീണ്യമുള്ള യുഎല്‍ടിഎസ്, യുഎഇയിലെയും ഗള്‍ഫ് മേഖലയിലെയും പ്രമുഖ എണ്ണ, സാമ്പത്തിക കമ്പനികളുമായി വമ്പന്‍ മൂല്യമുള്ള പദ്ധതികള്‍ നടപ്പാക്കാനുള്ള കരാറുകള്‍ ഒപ്പിടാനായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഖര മാലിന്യ നിര്‍മാര്‍ജന പദ്ധതി സംബന്ധിച്ച ചര്‍ച്ചകളാണ് യുഎഇയുമായി നടക്കുന്നത്. കാര്‍ബണ്‍ മാലിന്യം ബഹിര്‍ഗമിപ്പിക്കാതെ മാലിന്യ സംസ്‌കരണം സാധ്യമാക്കുന്ന സാങ്കേതിക വിദ്യ ജപ്പാനില്‍ നിന്ന് യുഎല്‍സിസിഎസ് സ്വന്തമാക്കിയിട്ടുണ്ട്.

Comments

comments

Categories: FK News
Tags: ULCCS, Uralungal