ആഗോള കമ്പനികള്‍ക്ക് പ്രിയം ഇന്ത്യന്‍ വംശജര്‍ സിഇഒ ആകുന്നത്

ആഗോള കമ്പനികള്‍ക്ക് പ്രിയം ഇന്ത്യന്‍ വംശജര്‍ സിഇഒ ആകുന്നത്

അടുത്ത കാലം വരെ ദാരിദ്രത്തിന്റെയും പട്ടിണിയുടെയുമൊക്കെ പര്യായമായി കണക്കാക്കപ്പെട്ടിരുന്ന ഇന്ത്യ ലോകത്തെ ആഗോള കമ്പനികളില്‍ ചീഫ് എക്‌സിക്യൂട്ടീവുകളെ ഉല്‍പാദിപ്പിക്കുന്ന രാജ്യമായി മാറിയെന്നത് ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ വക നല്‍കുകയാണ്.

യോഗ, രുചികരമായ ഭക്ഷ്യവിഭവങ്ങള്‍, ബോളിവുഡ് സിനിമകള്‍ എന്നിവയുടെ കയറ്റുമതിക്കു പേരുകേട്ട രാജ്യമാണ് ഇന്ത്യ. എന്നാല്‍ മറ്റൊരു കാര്യത്തിന്റെ കയറ്റുമതിക്കു കൂടി ഇന്ത്യ ഇപ്പോള്‍ പേരെടുത്തിരിക്കുകയാണ്; അത് പ്രമുഖ ബഹുരാഷ്ട്ര കമ്പനികളിലേക്ക് പ്രത്യേകിച്ച് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളിലേക്കു ചീഫ് എക്‌സിക്യൂട്ടീവുകളെ സമ്മാനിക്കുന്ന രാജ്യമെന്ന നിലയിലാണ് ഇന്ത്യ പേരെടുത്തിരിക്കുന്നത്. ഗൂഗിള്‍, മൈക്രോസോഫ്റ്റ് ഐടി കമ്പനികള്‍ക്കു പുറമേ ഇപ്പോള്‍ മറ്റൊരു മുന്‍നിര ഐടി കമ്പനിയായ ഐബിഎമ്മിന്റെ സിഇഒ സ്ഥാനത്തേയ്ക്ക് ഒരിന്ത്യന്‍ വംശജനെ നിയമിച്ചിരിക്കുകയാണ്. 57-കാരനായ അരവിന്ദ് കൃഷ്ണയെയാണു ഐബിഎമ്മിന്റെ സിഇഒയായി നിയമിച്ചിരിക്കുന്നത്. ഇദ്ദേഹം ഏപ്രില്‍ ആറിനു ചുമതലയേല്‍ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഐബിഎം വൈസ് പ്രസിഡന്റും ക്ലൗഡ് ആന്‍ഡ് കോഗ്നിറ്റീവ് സോഫ്റ്റ്‌വെയര്‍ വിഭാഗം തലവനുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അരവിന്ദ് കൃഷ്ണ. ഐബിഎമ്മിന്റെ തലപ്പത്തേയ്ക്ക് അരവിന്ദ് കൃഷ്ണയെ നിയമിച്ച വാര്‍ത്തയുടെ ചൂടാറും മുന്‍പു തന്നെ മറ്റൊരു പ്രമുഖ അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ വീ വര്‍ക്ക് (WeWork) അവരുടെ തലവനായി ഇന്ത്യന്‍ വംശജനായ സന്ദീപ് മത്ത്‌രാനിയെ നിയമിച്ചതായി പ്രഖ്യാപിക്കുകയുണ്ടായി.

ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ സിഇഒ സുന്ദര്‍ പിച്ചെ മുതല്‍ മൈക്രോസോഫ്റ്റിന്റെ സിഇഒ സത്യ നദെല്ലയും, മാസ്റ്റര്‍ കാര്‍ഡിന്റെ സിഇഒ അജയ് പാലും, അഡോബിയുടെ സിഇഒ ശന്തനു നാരായണ്‍ വരെയുള്ളവര്‍ ഇന്ത്യന്‍ വംശജരാണ്. ഇവര്‍ക്കു പുറമേ ഡിലോയ്റ്റ്, നൊവാരിറ്റിസ്, വേ ഫെയ്ര്‍, മൈക്രോണ്‍, നെറ്റ്ആപ്പ്, പാലോ ആള്‍ട്ടോ നെറ്റ്‌വര്‍ക്ക്‌സ്, ഡിയാജിയോ, ഹര്‍മാന്‍ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനിയുടെ തലവന്മാര്‍ ഇന്ത്യന്‍ വംശജരാണ്. സത്യ നദെല്ലയും, സുന്ദര്‍ പിച്ചെയുമൊക്കെ ഇന്ത്യന്‍ വംശജരാണെന്നു പറയാമെങ്കിലും അവരൊക്കെ അമേരിക്കയിലെ മികച്ച സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും നിന്നാണു ബിരുദാനന്തര ബിരുദ പരിശീലനവും മാനേജ്‌മെന്റ് വൈദഗ്ധ്യവും നേടിയത്. എന്നാല്‍ ഒരു കാര്യത്തില്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ സാധിക്കും. ഇന്ത്യയുടെ അയല്‍രാജ്യവും ടെക്‌നോളജിയില്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ചൈനയെ അപേക്ഷിച്ച് ഇന്ത്യന്‍ വംശജരെയാണ് അമേരിക്കന്‍ കമ്പനികള്‍ തലപ്പത്തേയ്ക്കു നിയമിക്കാന്‍ ആഗ്രഹിക്കുന്നു എന്നത് ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നു. എന്നാല്‍ ഇന്ത്യന്‍ വംശജരുടെ നേട്ടങ്ങള്‍ നമ്മളുടേതായി കൂടി ആഘോഷിക്കുന്നതിനു മുമ്പ്, അത്തരം കഴിവുള്ളവര്‍ എന്തു കൊണ്ടാണ് ഇന്ത്യ വിട്ടുപോകുന്നത് എന്നതിനെ കുറിച്ചു ഇന്ത്യക്കാര്‍ ചിന്തിക്കേണ്ടതുണ്ടെന്നു പൊതുവേ ഒരു അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. അതു പോലെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും എത്തിച്ചേരാന്‍ കഴിയുന്ന ഒരു രാജ്യത്തിന് ഒരു ലോകോത്തര സര്‍വകലാശാല കെട്ടിപ്പടുക്കാന്‍ കഴിയാത്തത് എന്തു കൊണ്ടാണെന്നും ആഗോള സിഇഒമാരെ പോലെ കഴിവുള്ള ഇന്ത്യയില്‍ വസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ കമ്പനികളെ ആഗോള നിലവാരത്തിലേക്കു പരിവര്‍ത്തനപ്പെടുത്താന്‍ കഴിയാത്തത് എന്തു കൊണ്ടാണെന്നും ചോദ്യമുയര്‍ന്നിരിക്കുന്നു.

മൈക്രോസോഫ്റ്റിന്റെ സത്യ നദെല്ലയും, അഡോബിയുടെ ശന്തനുവും ആന്ധ്ര സ്വദേശികളാണ്. ആല്‍ഫബെറ്റിന്റെ സുന്ദര്‍ പിച്ചെ തമിഴ്‌നാട്ടുകാരനും. എന്നാല്‍ ഇവരൊക്കെ ഇന്ത്യയില്‍ ഇവരുടെ ബിരുദപഠനം പൂര്‍ത്തിയാക്കി കഴിഞ്ഞ് ഉപരിപഠനത്തിനായി അമേരിക്കയിലേക്കു പോയവരാണ്. അതിനര്‍ഥം ഉന്നത വിദ്യാഭ്യാസത്തിനുള്ള ലോഞ്ചിംഗ് പാഡ് ഒരുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമാണ് ഇന്ത്യയ്ക്ക് ഇതുവരെ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുള്ളത് എന്നാണ്. റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനാകട്ടെ, 2019 ല്‍ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച അഭിജിത് ബാനര്‍ജിയാകട്ടെ, അവരുടെ വിജയം പ്രധാനമായും അടിസ്ഥാനമാക്കിയിരിക്കുന്നത് അമേരിക്കയിലെ അവരുടെ അക്കാദമിക് പാരമ്പര്യത്തെയാണ്. ലോകത്തെ മികച്ച 300 സര്‍വകലാശാലകളുടെ പട്ടികയെടുത്താല്‍ അതില്‍ ഒരെണ്ണം പോലും ഇന്ത്യയിലില്ല. അതു കൊണ്ടു തന്നെ സത്യ നദെല്ലയെയും, സുന്ദര്‍ പിച്ചെയെയും, ശന്തനുവിനെയും പോലുള്ള അസാധാരണ പ്രതിഭകള്‍ ഇന്ത്യയില്‍നിന്നും ഉപരിപഠനത്തിനായി അമേരിക്കയിലേക്കു പോയതില്‍ അതിശയപ്പെടാനുമില്ല. ഇവരെല്ലാം മധ്യവര്‍ഗ കുടുംബ പശ്ചാത്തലമുള്ളവര്‍ കൂടിയായിരുന്നു എന്നതും ഇവിടെ ശ്രദ്ധേിക്കേണ്ടതുണ്ട്. മധ്യവര്‍ഗ കുടുംബത്തിന് അമേരിക്കയില്‍ ഉപരിപഠനം നടത്താന്‍ സാമ്പത്തികമായി ശേഷിയുള്ളവരല്ല. എന്നിട്ടും അവര്‍ അമേരിക്കയിലേക്കു പോകാനും അവിടെ ഉപരിപഠനം നടത്തുവാനും തീരുമാനിക്കുകയായിരുന്നു. ഇനിയും ഒരു സത്യ നദെല്ലയും, സുന്ദര്‍ പിച്ചെയും ഇന്ത്യ വിട്ടു പോകാന്‍ ഇടവരരുത്. ഇക്കാര്യം ഇന്ത്യയിലെ പോളിസി മേക്കേഴ്‌സും, അധികാരികളും ഗൗരവമായി കാണേണ്ടതുണ്ടെന്നു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

സിലിക്കണ്‍ വാലിയുടെ പ്രിയങ്കരര്‍

ഇന്ന് ഭൂരിഭാഗം സിലിക്കണ്‍ വാലി കമ്പനികളുടെയും തലപ്പത്ത് ഇന്ത്യക്കാരുണ്ട്. മുന്‍നിര ഐടി കമ്പനികളുടെ തലപ്പത്ത് മാത്രമല്ല, നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ക്കു തുടക്കമിട്ടതും ഇന്ത്യക്കാരാണ്. യുഎസിലെ 261 യൂണികോണുകളില്‍ (പ്രവര്‍ത്തനം തുടങ്ങി 10 വര്‍ഷത്തിനുള്ളില്‍ ഒരു ബില്യന്‍ ഡോളറിന്റെ മൂല്യം, കൈവരിച്ച സ്റ്റാര്‍ട്ട് അപ്പുകളെയാണു യൂണികോണ്‍ എന്നു വിശേഷിപ്പിക്കുന്നത്) 14 എണ്ണത്തിന് നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ വംശജരായ സ്ഥാപകരാണ്. ഈ 14 സ്റ്റാര്‍ട്ട് അപ്പുകളുടെയും മൊത്തം മൂല്യം 35.17 ബില്യന്‍ ഡോളര്‍ വരും. യുഎസിലെ ഐടി മേഖലയില്‍ ഇന്നു ജോലി ചെയ്യുന്ന ഭൂരിഭാഗം എന്‍ജിനീയര്‍മാരും ഇന്ത്യന്‍ വംശജരാണ്. കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുമെന്നതാണ് ഇന്ത്യന്‍ വംശജരെ നിയമിക്കാന്‍ സിലിക്കണ്‍ വാലി കമ്പനികളെ പ്രേരിപ്പിക്കുന്നത്. ജോലിക്കാര്‍ മാത്രമല്ല, അമേരിക്കയിലെ നിരവധി ബിസിനസ് സ്ഥാപനങ്ങളുടെയും ഫൗണ്ടര്‍മാരായും ഇന്ത്യക്കാര്‍ മാറിയിട്ടുണ്ട്. ഹാര്‍ഡ്‌വെയര്‍ നിര്‍മാതാക്കളായ സണ്‍ മൈക്രോസിസ്റ്റംസ് മുതല്‍ ഇ-മെയ്ല്‍ ഭീമനമായിരുന്ന ഹോട്ട്‌മെയ്‌ലിന്റെ വരെ സ്ഥാപകരും ഇന്ത്യന്‍ വംശജരാണ്. സുന്ദര്‍ പിച്ചെയും, സത്യ നദെല്ലയുമൊക്കെ ഇന്നു സുപരിചിത നാമങ്ങളാണ്. എന്നാല്‍ ഇവര്‍ക്ക് ഉന്നതങ്ങളിലേക്കു നടന്നു കയറാനുള്ള പാത പതിറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ ഇന്ത്യന്‍ വംശജര്‍ ചേര്‍ന്ന് ഒരുക്കിയിരുന്നു എന്നതാണു യാഥാര്‍ഥ്യം.

1980 കളുടെ തുടക്കത്തില്‍ ഇന്ത്യന്‍ എന്‍ട്രപ്രെണേഴ്‌സിന്റെ ആദ്യ തലമുറ യുഎസില്‍ എത്തിയിരുന്നു. നരേന്‍ ഗുപ്ത, സുഹാസ് പാട്ടീല്‍, പ്രഭു ഗോയല്‍, വിനോദ് ഖോസ്‌ല എന്നിവര്‍ അവരില്‍ ചിലരായിരുന്നു. ഇവരാണു സണ്‍ മൈക്രോസിസ്റ്റംസ് (ഇത് പിന്നീട് ഒറാക്കിള്‍ ഏറ്റെടുത്തു) എക്‌സലന്‍, സിറസ് ലോജിക് പോലുള്ള ശ്രദ്ധേയമായ കമ്പനികള്‍ സ്ഥാപിച്ചത്. അമേരിക്കയിലേക്ക് ആദ്യ കാലങ്ങളില്‍ കുടിയേറിയ ഇന്ത്യന്‍ എന്‍ട്രപ്രെണേഴ്‌സില്‍ പലര്‍ക്കും ഗ്ലോബല്‍ എക്‌സ്‌പോഷര്‍ അല്ലെങ്കില്‍ ആഗോള പരിചയം ഇല്ലാത്തവരായിരുന്നു. അതു പോലെ ഉപഭോക്താവിന്റെ പെരുമാറ്റത്തെ കുറിച്ചുള്ള അവരുടെ ധാരണ പരിമിതവുമായിരുന്നു. അതു കൊണ്ട് അവര്‍ ഉപഭോക്തൃ-അധിഷ്ഠിത കമ്പനികള്‍ക്കു പകരം എന്‍ജിനീയറിംഗ് ഹെവി സിസ്റ്റംസ്, നെറ്റ്‌വര്‍ക്കിംഗ് കമ്പനികള്‍ സ്ഥാപിക്കുന്നതിനു മുന്‍ഗണന കൊടുത്തു. പിന്നീട് കൂടുതല്‍ ഇന്ത്യക്കാര്‍ സംരംഭങ്ങള്‍ക്കു തുടക്കമിട്ടതോടെയും, യുഎസിലേക്കുള്ള വാതിലുകള്‍ വിദേശ വിദ്യാര്‍ഥികള്‍ക്കായി കൂടുതല്‍ തുറക്കുകയും ചെയ്തതോടെയും ഇന്ത്യന്‍ വംശജരായ സംരംഭകര്‍ അവരുടെ ശ്രദ്ധ ഉപഭോക്തൃ-അധിഷ്ഠിതമായ കമ്പനികള്‍ തുടങ്ങുന്നതിലേക്കു കേന്ദ്രീകരിച്ചു. ഈ പരിണാമത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 1996 ല്‍ സബീര്‍ ഭാട്ടിയ ഹോട്ട്‌മെയ്ല്‍.കോം സ്ഥാപിച്ചത്. ബിറ്റ്‌സ് പിലാനിയില്‍ പഠിച്ചിട്ടുള്ള ഭാട്ടിയ, അമേരിക്കയിലെ സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍നിന്നാണ് മാസ്റ്റര്‍ ബിരുദമെടുത്തത്. ഹോട്ട്‌മെയ്ല്‍.കോം ആരംഭിക്കുന്നതിനു മുമ്പ് ഭാട്ടിയ ആപ്പിള്‍ കമ്പനിയില്‍ ജോലി ചെയ്തിട്ടുണ്ട്. സിലിക്കണ്‍ വാലിയില്‍ ഇന്ത്യന്‍ വംശജര്‍ക്ക് പ്രധാന സ്ഥാനങ്ങള്‍ കൈവന്നു തുടങ്ങിയത് 1990-കളോടെയാണ്. സംരംഭകനായ ബി.വി. ജഗദീഷ്, സാന്‍ജോസ് ആസ്ഥാനമായ നെറ്റ് സ്‌കേലര്‍ ആരംഭിക്കാനായി പണം സമാഹരിക്കുകയും 2000-ല്‍ അതിന്റെ സിഇഒ ആവുകയും ചെയ്തു. വെന്‍ച്വര്‍ ക്യാപിറ്റലിസ്റ്റായ രാം ശ്രീറാം ഗൂഗിളിന്റെ ആദ്യകാല നിക്ഷേപകരിലൊരാളാണ്. വളര്‍ന്നുവരുന്ന നിരവധി സ്റ്റാര്‍ട്ടപ്പുകളുടെ മെന്റര്‍ അഥവാ ഉപദേശകനായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. 2000-ത്തോടെ ഇന്ത്യന്‍ സംരംഭകരുടെ നേതൃത്വത്തിലുള്ള കമ്പനികള്‍ കൂടുതല്‍ നൂതന സാങ്കേതികവിദ്യകളിലേക്കു നീങ്ങി. യുഎസ് ജനസംഖ്യയുടെ ഒരു ശതമാനത്തോളം മാത്രമാണ് ഉള്ളതെങ്കിലും 2012-ഓടെ അമേരിക്കയിലെ എട്ട് ശതമാനം ടെക്‌നോളജി, സ്റ്റാര്‍ട്ടപ്പുകളുടെ സ്ഥാപകര്‍ ഇന്ത്യന്‍ വംശജരായി മാറി.

Categories: Top Stories

Related Articles