ചൈനയിലേക്ക് യുഎസ് ഡോക്റ്റര്‍മാര്‍

ചൈനയിലേക്ക് യുഎസ് ഡോക്റ്റര്‍മാര്‍
  • കൊറോണ വൈറസ് പിടിതരാത്ത സാഹചര്യത്തിലാണ് യുഎസ് സഹായം സ്വീകരിക്കുന്നത്
  • യുഎസ് അനാവശ്യ ആധി കാണിക്കുകയാണെന്ന് ചൈന നേരത്തെ കുറ്റപ്പെടുത്തിയിരുന്നു

ബെയ്ജിംഗ്: നോവല്‍ കൊറോണ വൈറസ് (എന്‍സിഒവി) ബാധിതരുടെയും അതുമൂലം മരണപ്പെടുന്നവരുടെയും എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ ആരോഗ്യ വിദഗ്ദ്ധര്‍ക്ക് രാജ്യത്തേക്ക് കടന്നുവരാന്‍ ചൈന അനുവാദം നല്‍കി. ലോകാര്യോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) നടപടികളുടെ ഭാഗമായാണ് ചൈനയുടെ സമ്മതം. രോഗപ്രതിരോധ വിദഗ്ദ്ധരുടെ സംഘം ചൈനയിലേക്ക് പോകുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ചൈനയില്‍ 20,438 ആളുകള്‍ രോഗം ബാധിച്ച് ചികിത്സയിലാണ്. ഇവരില്‍ 2,500 ഓളം പേരുടെ നില ഗുരുതരാവസ്ഥയിലാണ്. ചൈനയില്‍ മാത്രം രേഗം ബാധിച്ച് 425 പേര്‍ മരിച്ചു.

ഡബ്ല്യുഎച്ച്ഒ സംഘത്തിന്റെ ഭാഗമായിട്ടാവും യുഎസ് വിദഗ്ധരും ചൈനയിലേക്കെത്തുക. മധ്യ ചൈനയിലെ ഹൂബെയ് പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട എന്‍സിഒവി ചൈനയുടെ ഉല്‍പ്പാദനവും സാമ്പത്തികവുമടക്കം സകല മേഖലകളെയും ബാധിച്ചു കഴിഞ്ഞു. വുഹാന്‍ ഉള്‍പ്പടെയുള്ള ഏതാനും നഗരങ്ങള്‍ അടച്ചുപൂട്ടിയ അവസ്ഥയിലാണ്. ചൈനീസ് ഓഹരി വിപണിയാവട്ടെ 8% ഇടിവാണ് നേരിട്ടിരിക്കുന്നത്.

നിലവില്‍ 23 രാജ്യങ്ങളിലേക്ക് വൈറസ് പടര്‍ന്നിട്ടുണ്ട്. 190 ആളുകള്‍ക്കാണ് വിവിധ രാജ്യങ്ങളില്‍ വൈറസ് ബാധിച്ചിരിക്കുന്നത്. ഇതില്‍ കേരളത്തില്‍ നിന്നുള്ള മൂന്നുപേരും ഉള്‍പ്പെടും. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിന് വിരുദ്ധമായി, യാത്രാ ബന്ധങ്ങള്‍ വിച്ഛേദിച്ച് യുഎസ് അനാവശ്യ ആധി പരത്തുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം നേരത്തെ ആരോപിച്ചിരുന്നു.

  • ഇതുവരെയുള്ള മരണങ്ങള്‍ 425
  • കൊറോണ രോഗബാധിതര്‍ 20,438
  • വുഹാനിലെ മരണ നിരക്ക് 3.1%

Comments

comments

Categories: FK News