ഇടതും വലതുമല്ലാത്ത പാതയിലൂടെ കേജ്രിവാള്‍ നടക്കുമ്പോള്‍

ഇടതും വലതുമല്ലാത്ത പാതയിലൂടെ കേജ്രിവാള്‍ നടക്കുമ്പോള്‍

മൃദു ദേശീയതയിലൂന്നിയ മധ്യമാര്‍ഗവുമായി ആപ്പ്

ഇന്ത്യയില്‍ ബിജെപിയുടെ ആധിപത്യത്തെ ചെറുക്കുന്നതിന് ഇതുവരെ പ്രധാനമായും രണ്ട് രാഷ്ട്രീയ മുന്നേറ്റങ്ങളാണ് നടക്കുന്നത്. അതിലൊന്നാണ് ഇടതുപക്ഷവും പുരോഗമനവാദികളും വിപ്ലവം എന്ന് വിശേഷിപ്പിക്കുന്നത്. മറ്റൊന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സ്വീകരിച്ച നയങ്ങളാണ്. അദ്ദേഹം മൃദു ഹിന്ദുത്വവും ഇടതുപക്ഷത്തിന്റെ അവകാശങ്ങളെയും നീതിയെയും കുറിച്ചുള്ള വാദങ്ങളും ഒന്നിച്ചു ചേര്‍ക്കുക എന്ന വിചിത്രമായ നീക്കത്തിന് ശ്രമിക്കുകയും ചെയ്തു. എന്നാല്‍ അതിനുശേഷം ബിജെപിക്കെതിരായി ഒരു മൂന്നാമത്തെ രാഷ്ട്രീയ പാതയും ഇവിടെ തുറക്കപ്പെട്ടു. ഇത് പ്രധാനമായും മൃദു ദേശീയതയിലൂന്നിയതാണ്. ഇതാണ് ഡെല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍ ഇപ്പോള്‍ പിന്തുടരുന്നത്. ഇതൊരു പുതിയ രാഷ്ട്രീയ പരീക്ഷണമാണ്. ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിലാണ് അതിന്റെ ഫലപ്രാപ്തി തെളിയിക്കപ്പെടുക.

ബാലകോട്ട് വ്യോമാക്രമണത്തെയും കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 നീക്കത്തെയും പിന്തുണയ്ക്കുക, ജെഎന്‍യു, പൗരത്വ ഭേദഗതി നിയമം (സിഎഎ) ഷഹീന്‍ ബാഗിലെ പ്രതിഷേധങ്ങള്‍ ഇവയില്‍നിന്ന് വിട്ടുനില്‍ക്കുക, അല്ലെങ്കില്‍ ഡെല്‍ഹി തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്റെ ഇടപെടലിനെതിരെ മുന്നറിയിപ്പ് നല്‍കുക തുടങ്ങിയ നടപടികളാണ് കേജ്‌രിവാള്‍ പിന്തുടരുന്നത്. ഇവിടെ കേജ്രിവാള്‍ ശ്രദ്ധാപൂര്‍വ്വം മുന്നേറ്റത്തിനുള്ള വഴിയൊരുക്കുകയാണ്. കോണ്‍ഗ്രസിന്റെ മേധാവിത്വമുള്ള നഗരമായിരുന്നു അത്. അവിടെനിന്നും കേജ്‌രിവാള്‍ അത് പിടിച്ചെടുക്കുകയായിരുന്നു. കോണ്‍ഗ്രസ് ഇന്ത്യമുഴുവനായി പടര്‍ന്നു നില്‍ക്കുമ്പോള്‍ ഒരു ചെറിയ സ്ഥലത്തെ മേധാവിത്വം നഷ്ടപ്പെടുന്നത് കാര്യമായി എടുത്തില്ല എന്നുവേണം കരുതാന്‍. ഷീലാ ദീക്ഷിതിനുശേഷം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പാര്‍ട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ജനങ്ങള്‍വോട്ടുചെയ്യും എന്ന വിശ്വാസം ഒരിക്കലും വിജയിത്തിലെത്തിക്കില്ല. അതിന് ഊര്‍ജിതപ്രവര്‍ത്തനങ്ങള്‍ ആവശ്യമുണ്ട്. ഒപ്പം ജനങ്ങള്‍ക്ക് താല്‍പ്പര്യമുള്ള കാര്യങ്ങള്‍ നടപ്പാക്കാനുമാകണം. ഇതില്‍ രണ്ടിലും കേജ്‌രിവാള്‍ ഇന്നു മുന്നിലാണ്.

കേജ്‌രിവാള്‍ തന്റെ ആശയം നിര്‍വചിക്കേണ്ട സമയം ഇപ്പോള്‍ അതിക്രമിച്ചിട്ടുണ്ട്. കാരണം ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു വ്യക്തത വന്നിട്ടില്ല. തങ്ങളുടെ മുഖ്യമന്ത്രി പിന്തുടരുന്ന നയവും അതിന്റെ മെച്ചവും ജനങ്ങള്‍ അറിയേണ്ടതുണ്ട്. അല്ലാത്തപക്ഷം ഓരോ പ്രശ്‌നങ്ങള്‍ക്ക് ഓരോനിലപാട് എന്നവഴി സ്വീകരിച്ചാല്‍ പലപ്പോഴും അണികള്‍ പ്രതികരിച്ചുകഴിഞ്ഞാകും തീരുമാനം ഉണ്ടാകുക. സര്‍ക്കാരിന്റെ പിന്തുടരുന്ന വഴിയെക്കുറിച്ച് ജനങ്ങള്‍ അറിയേണ്ടതുണ്ട് എന്നുതന്നെയാണ് എല്ലാവരുടേയും അഭിപ്രായം. ഇന്നത്തെ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചോദ്യം മോദിസത്തെ എങ്ങനെ നേരിടാം എന്നതാണ്. അതിനാല്‍ താന്‍നില്‍ക്കുന്ന ഇടം വ്യക്തമാക്കേണ്ടതുണ്ട്. അത് തീവ്ര ഇടതുക്ഷത്തോടൊപ്പമാണോ, കോണ്‍ഗ്രസിന്റെ നിലപാടുകളാണോ, അതോ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ആംആദ്മി പാര്‍ട്ടി സ്വീകരിച്ച പുതിയ മധ്യമാര്‍ഗമാണോ.

മിക്ക ഹിന്ദുക്കളെയും ഉള്‍ക്കൊള്ളുന്ന കേന്ദ്രമാണ് കേജ്‌രിവാള്‍ പിന്തുടരുന്ന ഈ മധ്യമാര്‍ഗമെന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ധരും പറയുന്നത്. അവര്‍ സാമൂഹികമായി പുരോഗമനവാദികളായിരിക്കാം, മതവിശ്വാസികളാകാം, അല്ലെങ്കില്‍ സാധാരണക്കാരാകാം. പക്ഷേ ദേശീയ സുരക്ഷയെക്കുറിച്ചോ അല്ലെങ്കില്‍ നിയമവിരുദ്ധമായ കുടിയേറ്റം പോലുള്ള വിഷയങ്ങളെക്കുറിച്ചോ ഉള്ള അവരുടെ നിലപാടുകള്‍ ഏകീകരിക്കപ്പെട്ടതാകാം. അരവിന്ദ് കേജ്രിവാള്‍ തന്റെ രാഷ്ട്രീയത്തെ ഈ പുതിയ കേന്ദ്രത്തിലേക്കാണ് നയിക്കുന്നത്. പ്രായോഗികവും വേഗതയേറിയതുമായ ഈ കേന്ദ്രത്തിന്റെ ഘടകങ്ങള്‍ മൃദുവായ ദേശീയതയിലൂന്നിയതാണ്. ഭൂരിപക്ഷ സമുദായത്തെ അകറ്റാന്‍ ഒന്നും അവര്‍ ഒന്നും പറയുന്നുമില്ല. സൈന്യത്തിനെതിരെ ഒന്നും സംസാരിക്കുന്നില്ല. ഇടതുപക്ഷ വിപ്ലവത്തിനൊപ്പം പോകുന്നുമില്ല. ആം ആദ്മി പാര്‍ട്ടി ആവിഷ്‌ക്കരിച്ച ഈ പ്രത്യേകതരം രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് നല്ല മെയ് വഴക്കം ആവശ്യമാണ്.

മൃദുദേശീയത ആദ്യമായി പരീക്ഷിക്കുന്ന തെരഞ്ഞെടുപ്പല്ല ഡെല്‍ഹിയിലേത്. മുന്‍പ് ഇത് ഹരിയാനയില്‍ പരീക്ഷിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ഭൂപീന്ദറും ദീപേന്ദര്‍ ഹൂഡയും ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തകളഞ്ഞ നടപടിയില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ പിന്തുണച്ചു. അതിനപ്പുറമായി ഹരിയാന തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അവര്‍ ഒരു ഡസന്‍ കോണ്‍ഗ്രസ് യുവാക്കളെ നിരവധി ബിജെപി റാലികളിലേക്ക് അയക്കുമെന്ന് അയക്കുമെന്നുവരെ പറഞ്ഞു. അമിത് ഷാ അല്ലെങ്കില്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ കശ്മീര്‍ ആര്‍ട്ടിക്കിള്‍ 370 വിഷയം ഉന്നയിക്കുമ്പോഴെല്ലാം തങ്ങളുടെ നേതാക്കളും ഇതിനെ പിന്തുണയ്ക്കുന്നു എന്നു വിളിച്ചു പറയും, പക്ഷേ തൊഴിലിന്റെ കാര്യത്തിന്റെ എന്തു പറയുന്നു എന്ന് ചോദിക്കുകയും ചെയ്യും-എന്നായിയിരുന്നു ഹൂഡ പറഞ്ഞത്. അത് നടപ്പായിരുന്നുവെങ്കില്‍ വലിയ വിജയമാകുമായിരുന്നു. കാരണം സംസ്ഥാനത്ത് അവര്‍ക്ക് ഭരണം നഷ്ടപ്പെട്ടത് തലനാരിഴക്കാണ്.

”ആം ആദ്മി പാര്‍ട്ടി വലതുപക്ഷ ഇന്ത്യക്ക് ആവശ്യമുള്ളതും പതറുന്നതുമായ പതാകയാണ്”-എന്ന് ഒരു വിശകലന വിദഗ്ധന്‍ സൂചിപ്പിക്കുന്നു. ഇത് ഭാഗികമായി വാസ്തവമുണ്ടാകാം. എന്നാല്‍ പൂര്‍ണമായും അങ്ങനെ സംഭവിച്ചാല്‍ ഡെല്‍ഹിയില്‍ കാര്യങ്ങള്‍ കുഴയും. കാരണം ആപ്പിന് എതിരാളി ബിജെപിയാണ് ഇവിടെ. രണ്ടുകൂട്ടരും ഒരേ ആംഗിളില്‍ പ്രചാരണവുമായി മുന്നേറിയാല്‍ മുന്‍തൂക്കം ആര്‍ക്കായിരിക്കും.. മൂന്നാമത് നില്‍ക്കുന്ന പാര്‍ട്ടി നേട്ടങ്ങള്‍ ഉണ്ടാക്കികൂടായ്കയില്ല. ഷഹീന്‍ ബാഗിലേക്ക് പോകാതിരിക്കുന്നതിലൂടെ, യോഗി ആദിത്യനാഥ് അവരെ തീവ്രവാദികള്‍ എന്ന് വിളിക്കുന്നതുപോലെ പരസ്യമായി നില്‍ക്കാതെ, പ്രതിഷേധം അവസാനിപ്പിക്കാന്‍ അമിത് ഷായോടും ഡെല്‍ഹി പോലീസിനോടും നിരന്തരം ആവശ്യപ്പെടുന്നതിലൂടെയും പ്രതിഷേധം അവസാനിപ്പിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതിലൂടെയും ആം ആദ്മി പാര്‍ട്ടി ഒരു ഗെയിം കളിക്കുകയാണ്. ഒരു മധ്യമാര്‍ഗം മാത്രം അവലംബിക്കുന്ന ഗെയിം. ഇത് ചില മുസ്ലീം, ചില ലിബറല്‍ വോട്ടുകള്‍ നഷ്ടപ്പെടുത്താം. എന്നാല്‍ ഷഹീന്‍ ബാഗ് സന്ദര്‍ശിക്കുന്നതിലൂടെ നിരവധി ഹിന്ദു വോട്ടുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട് എന്ന് അവര്‍ തിരിച്ചറിയുന്നു. ഇപ്പോള്‍ അരവിന്ദ് കേജ്രിവാള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതില്‍ വിജയിക്കുന്നതില്‍ ഏകമനസോടെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇത്തരത്തിലുള്ള പ്രായോഗിക മൃദു ദേശീയത ഡെല്‍ഹിയില്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍, ബിജെപിയുടെ ഉയര്‍ച്ചയെ പ്രതിരോധിക്കാന്‍ അതിനു കഴിയുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ഇത് വിജയിക്കുകയാണെങ്കില്‍, വലതുപക്ഷത്തുള്ള പാര്‍ട്ടികള്‍ക്കിടയില്‍ രാഷ്ട്രീയം ക്രമീകരിച്ചിരിക്കുന്ന മറ്റൊരു ഇസ്രയേലായി ഇന്ത്യ മാറിയേക്കാം. തെരഞ്ഞെടുപ്പില്‍ ആപ്പ് പരാജയപ്പെട്ടാല്‍, മറ്റ് കക്ഷികളെ ഇടതുപക്ഷത്തിലേക്ക് മാറ്റാനുള്ള അവസരമായി ഇടതുപക്ഷം ഇതിനെ ഉപയോഗപ്പെടുത്തുകയും ചെയ്യും.

സോഷ്യല്‍ മീഡിയയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ഇന്ത്യയിലും ലോകത്തും ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും രാഷ്ട്രീയസ്വാധീനം വര്‍ധിപ്പിക്കുകയുണ്ടായി. പക്ഷേ, ഈ സ്വാധീനം ഇടതുപക്ഷത്തിന് ദേശീയ തലത്തില്‍ തെരഞ്ഞെടുപ്പ് വിജയങ്ങളാക്കി മാറ്റാന്‍ കഴിഞ്ഞില്ല, കുറഞ്ഞപക്ഷം ഇന്ത്യയിലെങ്കിലും. വോട്ടുനേടി തെരഞ്ഞെടുക്കപ്പെടുക എന്നത് തികച്ചും വ്യത്യസ്തമായ ഒരു ഗെയിമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിലാണ് വിജയിക്കേണ്ടത്, അല്ലാതെ കാമ്പസ് സംവാദങ്ങളിലല്ല. ബുദ്ധിജീവികളും പ്രവര്‍ത്തകരും തെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടതില്ല, അവര്‍ പ്രധാനപ്പെട്ടതും ഗുണപരവുമായ വാദങ്ങള്‍ ഉന്നയിക്കട്ടെ.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ എഎഫ്എസ്പിഎ അവലോകനം ചെയ്യാമെന്ന വാഗ്ദാനം ഉള്‍പ്പെടുത്തുന്നത് മാന്യമായിരുന്നു. എങ്കിലും ബാലാക്കോട്ട് വ്യോമാക്രമണത്തിന്റെയും അഭിനന്ദന്‍ വര്‍ധമാന്‍ ആരാധനയുടെയും പശ്ചാത്തലത്തില്‍ തീര്‍ച്ചയായും അത് വോട്ട് നേടുന്ന ഒന്നായിരുന്നില്ല. വാസ്തവത്തില്‍, അത് ഒരു വോട്ട് നഷ്ടപ്പെടുന്ന ആശയമായിരുന്നു. കോണ്‍ഗ്രസ് ഭരണത്തിന്റെ 10 വര്‍ഷത്തിനിടയില്‍ സായുധ സേനാ നിയമം നീക്കം ചെയ്യാനുള്ള എല്ലാ ആഹ്വാനങ്ങളെയും മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ എതിര്‍ത്തതിനാല്‍ ഇത് പ്രത്യേകിച്ചും കപടവുമായിരുന്നു. ബരാക് ഒബാമ പറഞ്ഞതുപോലെ, അവര്‍ ”സിസ്റ്റം തകര്‍ത്ത് റീമേക്ക്” ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

മുന്‍പ് ഇടത്തോട്ടും വലത്തോട്ടുമെല്ലാം മാറിപ്പോയ ഹിന്ദുസമൂഹത്തിനെ കേജ്‌രിവാള്‍ പിന്തുടരുന്ന മധ്യമാര്‍ഗത്തിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ആപ്പ് നടത്തുന്നത്. മുന്‍പ് വഴിപിരിഞ്ഞ ഇടങ്ങളെ ഒരുമിപ്പിക്കുക എന്നതും ലക്ഷ്യമിടുന്നു. ഇങ്ങനെയുള്ള കാരണത്താലാണ് ഡെല്‍ഹി തെരഞ്ഞെടുപ്പിന് പ്രാധാന്യമേറുന്നത്. ആരാണ് വിജയിക്കുക, ആരാണ് തോല്‍ക്കുക എന്നറിയാന്‍ വേണ്ടിമാത്രമല്ല വോട്ടര്‍മാരുടെ പ്രതികരണം ചില ചൂണ്ടുപലകകളാകും. അതുകൂടി മനസിലാക്കേണ്ടതുണ്ട്, പ്രതികരണങ്ങള്‍ എല്ലായ്‌പ്പോഴും ശരിയോ,മികച്ചതോ ആവില്ലെങ്കില്‍പ്പോലും…

Comments

comments

Categories: Top Stories
Tags: AAP, Kejriwal