വാവെയ്‌ക്കെതിരായ പോരാട്ടം യുഎസിനു നഷ്ടമാവുകയാണോ ?

വാവെയ്‌ക്കെതിരായ പോരാട്ടം യുഎസിനു നഷ്ടമാവുകയാണോ ?

ഈ വര്‍ഷം ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ടെക്‌നോളജിയാണ് 5ജി നെറ്റ്‌വര്‍ക്ക് ടെക്‌നോളജി. സെല്‍ഫ് ഡ്രൈവിംഗ് കാര്‍ മുതല്‍ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് വരെ 5ജിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഓരോ രാജ്യത്തിന്റെയും പുരോഗതി 5ജിയെ അടിസ്ഥാനമാക്കിയായിരിക്കും. ഇത്തരത്തില്‍ 5ജി പ്രധാനപ്പെട്ടൊരു ടെക്‌നോളജിയാകുമ്പോള്‍ മറുവശത്ത് സുരക്ഷ സംബന്ധിച്ച കാര്യങ്ങളും ഗൗരവമുള്ളതാകും. അമേരിക്ക ആരോപിക്കുന്നത് ചൈനീസ് വാവെയ് കമ്പനിയെ 5ജി സേവനങ്ങള്‍ക്കായി ആശ്രയിക്കുന്നത് അപകടമാണെന്നാണ്. പക്ഷേ, അമേരിക്കയുടെ വാദം തള്ളി യുകെ വാവെയുമായി സഹകരിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരിക്കുന്നു

വാവെയുടെ വിമര്‍ശനത്തിനു വിധേയമാകാത്ത 5ജി നെറ്റ്‌വര്‍ക്ക് ഉപകരണങ്ങള്‍ ഉപയോഗിക്കാനുള്ള യുകെയുടെ തീരുമാനം ചൈനീസ് ടെലികോം കമ്പനിക്കു നിര്‍ണായക വിജയമായി. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ 5ജി നെറ്റ്‌വര്‍ക്കുകളില്‍നിന്നും വാവെയെ ഒഴിവാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെയും യുഎസ് സര്‍ക്കാരിന്റെയും ശ്രമങ്ങള്‍ പരാജയപ്പെട്ടോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. വാവെയെ യുകെ 5ജി നെറ്റ്‌വര്‍ക്കിന്റെ ഭാഗമാക്കുമെന്നു യുഎസ് പ്രതീക്ഷിച്ചിരുന്നതുമാണ്. ബ്രിട്ടീഷ് ടെലികോം എന്ന ബ്രിട്ടീഷ് മള്‍ട്ടിനാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനിയിലൂടെ വാവെയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചതിന്റെ നീണ്ട ചരിത്രമുണ്ട് ബ്രിട്ടന്. വാവെയുമായി സഹകരിക്കുന്നതിലൂടെയുള്ള സുരക്ഷാ അപകടസാധ്യത അംഗീകരിക്കുന്നതിനൊപ്പം അത് ലഘൂകരിക്കാന്‍ ബ്രിട്ടന്‍ ഉത്സാഹപൂര്‍വ്വം നടപടികള്‍ കൈക്കൊള്ളുന്നുമുണ്ട്. യുകെയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ ജിസിഎച്ച്ക്യു, വാവെയുമായി സഹകരിച്ച് ഒരു പ്രത്യേക സൈബര്‍ സുരക്ഷ ലാബ് നടത്തുന്നുമുണ്ട്.

സമീപ ആഴ്ചകളില്‍, ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മാറ്റ് പോറ്റിംഗര്‍ ഉള്‍പ്പെടെയുള്ള യുഎസ് ഉദ്യോഗസ്ഥരുടെ മുതിര്‍ന്ന പ്രതിനിധി സംഘം ലണ്ടനിലേക്കു യാത്ര ചെയ്തിരുന്നു. പ്രവര്‍ത്തനം വിപുലപ്പെടുത്തുന്ന വാവെയുടെ നീക്കത്തിനു തടയിടുന്നതിനു വേണ്ടിയായിരുന്നു യുഎസ് സംഘം ലണ്ടനിലേക്കു യാത്ര ചെയ്തത്. യുഎസിലെ കാബിനറ്റ് നേതാക്കളായ മൈക്ക് പോംപിയോ, സ്റ്റീവന്‍ മ്യുചിന്‍ എന്നിവരും ചൈനീസ് കമ്പനിയായ വാവെയ് ബ്രിട്ടന്റെ ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നു അഭിപ്രായപ്പെടുകയുണ്ടായി.

വാവെയ് ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി ലഘൂകരിക്കുമെന്ന ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ വാദം ഞെട്ടിപ്പിക്കുന്നതായിരുന്നു. ആ വാദത്തില്‍ യുകെ-യുഎസ് ബന്ധത്തിന്റെ ഭാവിയെക്കുറിച്ചുള്ള സൂചനയുണ്ട്. ആശ്ചര്യപ്പെടുത്തുന്നതാണ് ആ സൂചന. കഴിഞ്ഞ രണ്ട് വര്‍ഷമായി ട്രംപ് ഭരണകൂടം തങ്ങളുടെ പ്രധാന സഖ്യകക്ഷികളെ വാവെയ് കമ്പനിയുടെ സേവനം ഒഴിവാക്കാനായി സമ്മര്‍ദ്ദം ചെലുത്തി വരികയാണ്. ഫൈവ് ഐയിസ് (Five Eyes) എന്നു വിശേഷിപ്പിക്കുന്ന, ഇംഗ്ലീഷ് സംസാരിക്കുന്ന ഇന്റലിജന്‍സ് സഖ്യകക്ഷികളായ ന്യൂസിലാന്‍ഡ്, കാനഡ, യുകെ, ഓസ്‌ട്രേലിയ, യുഎസ് എന്നീ രാജ്യങ്ങള്‍ക്കൊപ്പം നാറ്റോ സഖ്യകക്ഷിയായ ജര്‍മനിയെയും അടുത്ത തലമുറ നെറ്റ്‌വര്‍ക്ക് ബിസിനസില്‍നിന്നും വാവെയ് കമ്പനിയെ ഒഴിവാക്കണമെന്നു യുഎസ് നിര്‍ദേശിച്ചിരുന്നു. ചൈനീസ് നിയന്ത്രണത്തിലുള്ള വാവെയ്ക്ക് അടുത്ത തലമുറയിലെ വയര്‍ലെസ് സാങ്കേതികവിദ്യകളില്‍ ചുവടുറപ്പിക്കാന്‍ അവസരമൊരുക്കുന്നത് വിഡ്ഢിത്തമാണെന്നു യുഎസ് ആവര്‍ത്തിച്ചു പറയുകയും ചെയ്തിരുന്നു. വാവെയുമായി 5ജി നെറ്റ്‌വര്‍ക്കില്‍ സഹകരിക്കുന്നതിലൂടെ ചൈനീസ് സര്‍ക്കാരിനു നിരീക്ഷിക്കാനായി പാശ്ചാത്യ രാജ്യങ്ങളെ തുറന്നു കൊടുക്കുന്നതിനു തുല്യമായിരിക്കുമെന്നും അത് പാശ്ചാത്യ രാജ്യങ്ങളിലെ പൗരന്മാരുടെ സുരക്ഷയും സ്വകാര്യതയും ഇല്ലാതാക്കുകയും ചെയ്യുമെന്നാണു യുഎസിന്റെ വാദം. വാവെയ് വിശ്വാസയോഗ്യമായ കമ്പനിയല്ലെന്നു തെളിയിക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായി യുഎസ് ഭരണകൂടം വാവെയ് കമ്പനിയുടെ സിഎഫ്ഒ മെങ് വാങ്‌സുവിനെതിരേ ക്രിമിനല്‍ കുറ്റം ചുമത്തുകയുണ്ടായി. ഉപരോധം ലംഘിക്കുകയും ഇറാനുമായി ബിസിനസ് നടത്തിയതിനുമായിരുന്നു ക്രിമിനല്‍ കുറ്റം ചുമത്തിയത്. ഇതിനു പുറമേ വാവെയ് കമ്പനിക്കെതിരേ ബൗദ്ധിക സ്വത്തവകാശ മോഷണത്തിനു കമ്പനിക്കെതിരേ കുറ്റം ചുമത്തി. വാവെയുമായി ബിസിനസിലേര്‍പ്പെടുന്നതില്‍നിന്നും യുഎസ് കമ്പനികളെ വിലക്കുകയും ചെയ്തു.

ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ യുഎസ് തീരുമാനത്തിനൊപ്പം ഉറച്ചു നില്‍ക്കുമ്പോള്‍ പരമ്പരാഗത പങ്കാളികളില്‍ പലരും കാലുമാറിയത് യുഎസിനെ അത്ഭുതപ്പെടുത്തുകയും നിരാശപ്പെടുത്തുകയും ചെയ്തു. വിപണിയിലെ പ്രധാന എതിരാളികളായ നോക്കിയ, എറിക്‌സണ്‍ തുടങ്ങിയ കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെലവ് തുച്ഛമാണെന്നതാണു വാവെയ് ടെക്‌നോളജിയുടെ ഏറ്റവും വലിയ ആകര്‍ഷണം. എന്നാല്‍ യുഎസ് ആരോപിക്കുന്നത് ചൈനീസ് സര്‍ക്കാര്‍ വാവെയ്ക്ക് വലിയ തോതില്‍ സബ്‌സിഡി നല്‍കുന്നതു കൊണ്ടാണു കുറഞ്ഞ ചെലവില്‍ ടെക്‌നോളജി വില്‍ക്കാന്‍ വാവെയ്ക്കു സാധിക്കുന്നതെന്നാണ്. വാവെയ് കമ്പനിയുടെ പേരില്‍ യുഎസ് ചൈനയും നടത്തുന്ന പോരാട്ടത്തിനിടയില്‍ ഉള്‍പ്പെട്ടെ അവസ്ഥയാണു ജര്‍മനിയെ പോലുള്ള രാജ്യങ്ങള്‍ക്ക്. സഖ്യകക്ഷിയായ യുഎസ് നിര്‍ദേശം അവഗണിക്കാനും വയ്യ, എന്നാല്‍ ചൈനയെ പോലെ സാമ്പത്തിക സൂപ്പര്‍ പവറായി ഉയര്‍ന്നുവരുന്ന രാജ്യത്തെ അകറ്റി നിര്‍ത്താനും സാധിക്കുന്നില്ല. ഇന്റലിജന്‍സ് ഷെയറിംഗ് അഥവാ രഹസ്യങ്ങള്‍ പങ്കിടുന്നത് പരിമിതപ്പെടുത്തി കൊണ്ട് വാവെയ് കമ്പനിയുമായി സഹകരിക്കുന്ന രാജ്യങ്ങളെ ശിക്ഷിക്കുമെന്നു യുഎസ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മറുവശത്ത് ചൈനയും കടുത്ത നിലപാടാണു സ്വീകരിച്ചിരിക്കുന്നത്. വാവെയ് കമ്പനിയെ ഒഴിവാക്കുന്നവര്‍ക്കെതിരേ സാമ്പത്തിക തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്.

വാവെയ് കമ്പനിയുമായി സഹകരിക്കുന്നതിന്റെ പേരില്‍ യുഎസ്-യുകെ സഖ്യത്തിന് മൊത്തത്തില്‍ പരിക്കേല്‍ക്കുമെന്നു വിചാരിക്കുന്നില്ല. പക്ഷേ, അത് ഗുരുതരമായ പുതിയ പിരിമുറുക്കങ്ങള്‍ സൃഷ്ടിക്കുമെന്നത് ഉറപ്പാണ്. യുഎസും യുകെയും തമ്മിലുള്ള സുരക്ഷാ പങ്കാളിത്തം ഉറച്ചതാണ്. 2001 സെപ്റ്റംബര്‍ 12ന് അതായത്, യുഎസില്‍ ഭീകരാക്രമണം നടന്നതിന്റെ പിറ്റേ ദിവസം യുകെയുടെ എംഐ6 ന്റെ തലവന്‍ അമേരിക്കയുടെ സിഐഎയെ സഹായിക്കാന്‍ വാഷിംഗ്ടണില്‍ പറന്നിറങ്ങിയിരുന്നു. 2003 ല്‍ വാഷിംഗ്ടണില്‍ തീവ്രവാദ ഭീഷണി നിലനില്‍ക്കുമ്പോള്‍, വാഷിംഗ്ടണില്‍ എന്തെങ്കിലും സംഭവിച്ചാല്‍, യുകെയിലേക്ക് അധികാരം കൈമാറുമെന്ന് അമേരിക്കയുടെ ദേശീയ ഇന്റലിജന്‍സ് ഏജന്‍സിയായ എന്‍എസ്എയുടെ തലവന്‍ മൈക്കിള്‍ ഹെയ്ഡന്‍ ബ്രിട്ടന്റെ ഇന്റലിജന്‍സ് ഏജന്‍സി തലവനെ വിളിച്ച് പറയുകയുണ്ടായി. സമീപകാലത്തായി, യുഎസ്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, യുകെ, കാനഡ എന്നീ വിശാല ഫൈവ് ഐയിസ് (Five Eyes) സഖ്യം, പൊതുതലത്തില്‍ കൂടുതല്‍ പങ്ക് വഹിക്കാന്‍ തുടങ്ങിയിരുന്നു. അതായത്, വാനാക്രൈ റാന്‍സംവെയര്‍ ആക്രമണം, എന്‍ക്രിപ്ഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ കൂട്ടായി സംസാരിച്ചു. ഇങ്ങനെ സൈബര്‍ ആശങ്കകളെ കുറിച്ച് ഒരുമയോടെ സംസാരിച്ചപ്പോള്‍ ഈ സഖ്യം ‘സൈബര്‍ യുഗത്തിലെ നാറ്റോ സഖ്യമാണോ’ എന്നു തോന്നിപ്പിക്കുകയും ചെയ്തു.

ട്രംപിന്റെ ക്യാംപെയ്ന്‍ ഫലം കണ്ടില്ല

ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ വിലയിരുത്തുമ്പോള്‍ മനസിലാക്കാനാവുന്നത്, ട്രംപ് ഭരണകൂടം നടത്തിയ സുപ്രധാന ജിയോ പൊളിറ്റക്കല്‍ (ഭൗമ രാഷ് ട്രീയം) പ്രചാരണങ്ങളിലൊന്നു പരാജയപ്പെട്ടിരിക്കുന്നു എന്നാണ്. ഇപ്പോള്‍ യുഎസ് ഒരു വിഷമകരമായ ചോദ്യത്തെ അഭിമുഖീകരിക്കുകയാണ്. വാവെയ് കമ്പനിയുമായി സഹകരിക്കുന്ന സഖ്യരാജ്യങ്ങളുമായി ഇന്റലിജന്‍സ് ഷെയറിംഗ് നടത്തില്ലെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ അതിന് അമേരിക്ക പൂര്‍ണമായും സജ്ജമാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇതിന്റെ പേരില്‍ സഖ്യകക്ഷികളെ യുഎസില്‍നിന്നും അടര്‍ത്തിയെടുക്കുമ്പോള്‍ അത് ആത്യന്തികമായി ചൈനയ്ക്കു മറ്റൊരു വിജയം സമ്മാനിക്കുകയല്ലേ ചെയ്യുക ?

Categories: Top Stories