ഗുജറാത്ത് ഫാക്ടറിയില്‍ 1284 കോടി നിക്ഷേപമിറക്കി വോള്‍ട്ട്‌ബെക്

ഗുജറാത്ത് ഫാക്ടറിയില്‍ 1284 കോടി നിക്ഷേപമിറക്കി വോള്‍ട്ട്‌ബെക്
  • ഫാക്ടറിയില്‍ റോബോട്ടിക്‌സ്, ഐഒടി സംവിധാനം
  • ഒരോ 15 സെക്കന്റിലും ഒരു റെഫ്രിജറേറ്റര്‍ വീതം പായ്ക്ക് ചെയ്യും

അഹമ്മദാബാദ്: ഗുജറാത്തിലെ പുതിയ ഗൃഹോപകരണ ഫാക്ടറിയില്‍ 1284 കോടി രൂപയുടെ നിക്ഷേപവുമായി വോള്‍ട്ട്‌ബെക് ഹോം അപ്ലയന്‍സസ് (വോള്‍ട്ടാസ് ബേകോ). രാജ്യത്തെ പ്രമുഖ എയര്‍ കണ്ടീഷനിംഗ് കമ്പനിയായ വോള്‍ട്ടാസും തുര്‍ക്കി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഴ്‌സെലിക്കും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് വോള്‍ട്ട്‌ബെക്ക്.

ഗുജറാത്തിലെ സന്‍സദിലുള്ള പുതിയ ഫാക്ടറിയില്‍ നിലവില്‍ 700 കോടി രൂപ നിക്ഷേപിച്ച കമ്പനി റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, ഡിഷ് വാഷര്‍, മൈക്രോവെവ് അവന്‍, എന്നീ വിഭാഗങ്ങളില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പത്ത് ശതമാനം വിപണി വിഹിതം നേടാനാണ് നീക്കം. പുതിയ സംരംഭം ഒറ്റയ്ക്ക് ഏറ്റെടുത്ത് നടത്താന്‍ വോള്‍ട്ടാസ് ഗ്രൂപ്പിന് ശേഷിയുണ്ടെങ്കിലും യൂറോപ്യന്‍ കമ്പനിയായ ആഴ്‌സെലിക്കിന്റെ സാങ്കേതിക വിദ്യയും ഗവേഷണ വികസനവും മികവുറ്റതായതിനാല്‍ സംരംഭത്തില്‍ പങ്കാളിയാക്കാന്‍ തീരുമാനിച്ചതായി വോള്‍ട്ടാസ് ചെയര്‍മാന്‍ നോയല്‍ എന്‍ ടാറ്റ പറഞ്ഞു. സന്‍സദിലെ ഗൃഹോപകരണ ഫാക്ടറിയില്‍ റോബോട്ടിക്‌സ്, ഐഒടി തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളിലാണ് പ്രവര്‍ത്തനം. ഇടവേളകളില്ലാത്ത റെഫ്രിജറേറ്റര്‍ അസെംബ്ലിംഗില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രവര്‍ത്തന ശൈലിയാണ് സാധ്യമാക്കിയിരിക്കുന്നത്. നിലവില്‍ 500 ജോലിക്കാരുള്ള ഫാക്ടറി പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഒരോ പതിനഞ്ച് സെക്കന്റിലും ഒരു റെഫ്രിജറേറ്റര്‍ വീതം പായ്ക്ക് ചെയ്യും.

ആഗോളതലത്തില്‍ പതിനഞ്ചോളം ഗൃഹോപകരണ നിര്‍മാണ ശാലകള്‍ കെഓസി ഹോള്‍ഡിംഗ്‌സിന്റെ നിയന്ത്രണത്തിലുള്ള ആഴ്‌സെലിക്കിനുണ്ട്. ആഴ്‌സെലിക്, ബേകോ തുടങ്ങിയ ബ്രാന്‍ഡുകളിലാണ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന. വോള്‍ട്ട്‌ബെക്ക് സംരംഭത്തില്‍ വോള്‍ട്ടാസിനും ആഴ്‌സെലിനും 49 ശതമാനം ഓഹരികള്‍ വീതമാണുള്ളത്. ടാറ്റ ഗ്രൂപ്പിനും കെഓസി ഹോള്‍ഡിംഗ്‌സിനുമാണ് ശേഷിക്കുന്ന ഓരോ ശതമാനം ഓഹരികള്‍.

Comments

comments

Categories: Top Stories
Tags: Voltas