റൂറല്‍ മാനേജ്‌മെന്റ് പാഠ്യപദ്ധതിയുമായി സിക്കിം

റൂറല്‍ മാനേജ്‌മെന്റ് പാഠ്യപദ്ധതിയുമായി സിക്കിം

ഗാങ്‌ടോക്: ബിരുദ, ബിരുദാനന്തര ബിരുദ തലത്തിലുള്ള പാഠ്യപദ്ധതിയില്‍ റൂറല്‍ മാനേജ്‌മെന്റ് വിഷയം ഉള്‍പ്പെടുത്താന്‍ സിക്കിം തീരുമാനിച്ചിരുന്നു. തീരുമാനം സിക്കിം വിദ്യാഭ്യാസമന്ത്രി കംഗ നിമ ലെപേചയുടെ സാന്നിധ്യത്തില്‍ ഔദ്യോഗികമായി ബുധനാഴ്ച നടപ്പിലാക്കുകയും ചെയ്തു.

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള മഹാത്മഗാന്ധി നാഷണല്‍ റൂറല്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലുമായി (എംജിഎന്‍സിആര്‍ഇ) സഹകരിച്ചാണു പാഠ്യപദ്ധതിക്ക് രൂപം കൊടുത്തത്. വിദ്യാര്‍ഥികളുടെ പ്രയോജനത്തിനായുള്ള നൂതന പാഠ്യപദ്ധതിക്ക് രൂപം കൊടുത്തതിന് എംജിഎന്‍സിആര്‍ഇയോട് നന്ദി അറിയിക്കുന്നതായി മന്ത്രി ലെപേച പറഞ്ഞു. ഗ്രാമീണ മാനേജ്‌മെന്റ് പാഠ്യപദ്ധതി ഒരു ബിബിഎ/എംബിഎ പ്രോഗ്രാം ആണ്. ഇത് ഗ്രാമീണ പഠനത്തെയും ഗ്രാമീണ മാനേജ്‌മെന്റിനെയും പ്രോത്സാഹിപ്പിക്കുന്നതിനു സഹായിക്കുമെന്ന് എംജിഎന്‍സിആര്‍ഇ ചെയര്‍മാന്‍ ഡോ. വി.ജി. പ്രസന്നകുമാര്‍ പറഞ്ഞു. ഗ്രാമീണ യുവാക്കളെ മാനേജ്‌മെന്റ് കഴിവുകള്‍ കൊണ്ട് സജ്ജമാക്കുകയെന്നതാണ് ഈ സവിശേഷ പാഠ്യപദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മികച്ച സ്ഥാപനങ്ങളുമായി കൂടിയാലോചിച്ചാണു പാഠ്യപദ്ധതി തയാറാക്കിയതെന്നു ഡോ. പ്രസന്നകുമാര്‍ പറഞ്ഞു. ഉപഭോക്താക്കളെന്ന നിലയില്‍ മാത്രമല്ല, ഉത്പാദകരും, സമ്പദ് വ്യവസ്ഥയിലേക്കു സംഭാവന ചെയ്യുന്നവരും എന്ന നിലയില്‍ ഗ്രാമീണ മേഖലകളെ മനസിലാക്കുന്നതില്‍ ഈ പാഠ്യപദ്ധതി മാതൃകാപരമായ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷയെന്നു ഡോ. പ്രസന്നകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: World