ബിറ്റ്‌കോയിന് തിളക്കം നഷ്ടപ്പെടുന്നുവോ ?

ബിറ്റ്‌കോയിന് തിളക്കം നഷ്ടപ്പെടുന്നുവോ ?

2020 ന്റെ ആരംഭത്തില്‍ തന്നെ ബിറ്റ്‌കോയിന് തിളക്കം നഷ്ടപ്പെട്ടെന്ന റിപ്പോര്‍ട്ടാണു പുറത്തുവന്നിരിക്കുന്നത്. ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകളില്‍ ബിറ്റ്‌കോയിന്‍ വ്യാപാരം മന്ദഗതിയിലാണ്. 2019 ന്റെ അവസാന മാസങ്ങളിലാണു ബിറ്റ്‌കോയിന് തിളക്കം നഷ്ടപ്പെട്ടു തുടങ്ങിയത്. പക്ഷേ, ബിറ്റ്‌കോയിന്‍ ഉപയോഗിച്ചുള്ള അനധികൃത വ്യാപാരത്തിന്റെ എണ്ണം വര്‍ധിച്ചതായും കണ്ടെത്തിയിരിക്കുന്നു.

ബിറ്റ്‌കോയിനു കഴിഞ്ഞ കുറച്ചു മാസങ്ങളായി നല്ല കാലമല്ല. ബിറ്റ്‌കോയിനിന്റെ മൂല്യം ക്രമാനുഗതമായി കുറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകളിലെ ബിറ്റ്‌കോയിന്‍ വ്യാപാരം മന്ദഗതിയിലാവുകയും ചെയ്തു. ചില നിയമപരമായ ഇനങ്ങള്‍ ബിറ്റ്‌കോയിന്‍ ഉപയോഗിച്ചു വാങ്ങാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും കുറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ബിറ്റ്‌കോയിന്‍ സമ്പദ്‌വ്യവസ്ഥയുടെ ഒരു കോണില്‍ ഇൗ ഡിജിറ്റല്‍ ടോക്കണ്‍ ഇപ്പോഴും ശക്തമായി തന്നെ തുടരുകയാണ്. അത് പക്ഷേ, നിയമവിരുദ്ധ മരുന്നുകളുടെ വില്‍പ്പനയ്ക്കും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായിട്ടാണ് ഉപയോഗിക്കുന്നതെന്നു മാത്രം.

ഡാര്‍ക്ക്‌നെറ്റ് മാര്‍ക്കറ്റുകളില്‍ ചെലവഴിക്കുന്ന ക്രിപ്‌റ്റോകറന്‍സി 2019 ലെ അവസാന മൂന്ന് മാസങ്ങളില്‍ 60 ശതമാനം ഉയര്‍ന്ന് 601 മില്യന്‍ ഡോളറിലെത്തിയെന്നു ജനുവരി 28ന് (ചൊവ്വാഴ്ച) പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ചെയ്ന്‍ അനാലിസിസ് എന്ന ബിറ്റ്‌കോയിന്‍ ഇടപാടുകളെ ട്രാക്ക് ചെയ്യുന്ന സ്ഥാപനമാണു കണക്കുകള്‍ പുറത്തുവിട്ടത്. ഡാര്‍ക്ക്‌നെറ്റുകളില്‍ ക്രിപ്‌റ്റോകറന്‍സി ഉപയോഗിച്ച് പ്രധാനമായും വാങ്ങുന്നത് മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും അനധികൃത മരുന്നുകളുമാണ്. കുറ്റവാളികള്‍ ബിറ്റ്‌കോയ്ന്‍ ഉപയോഗിക്കുന്നത് അതിനു ദുഷ്‌കീര്‍ത്തി വരാന്‍ കാരണമായിരുന്നു. വാള്‍ സ്ട്രീറ്റിലെ ധനകാര്യസേവന സ്ഥാപനങ്ങള്‍ ബിറ്റ്‌കോയ്ന്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തതോടെ, ബിറ്റ്‌കോയ്‌നിന്റെ ദുഷ്‌കീര്‍ത്തി ഇല്ലാതാകുമെന്നു കരുതിയിരുന്നു. പക്ഷേ, ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്, ബിറ്റ്‌കോയിന്‍ ഉപയോഗിച്ചുള്ള നിയമവിരുദ്ധ ഇടപാടുകള്‍ തുടര്‍ച്ചയായി വളര്‍ച്ച പ്രാപിക്കുന്നതായിട്ടാണ്. ക്രിപ്‌റ്റോകറന്‍സികളെ അടിസ്ഥാനപ്പെടുത്തിയുള്ള മോശം പ്രവണതകളെ നിയന്ത്രിക്കുന്നതില്‍ അധികൃതര്‍ക്കുള്ള വെല്ലുവിളികളെ ചൂണ്ടിക്കാണിക്കുന്നതാണ് ബിറ്റ്‌കോയ്‌നിനെ കൂട്ടുപിടിച്ചിട്ടുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍.

റാന്‍സംവെയര്‍ ആക്രമണങ്ങളുടെ സമീപകാല വളര്‍ച്ചയില്‍ ബിറ്റ്‌കോയിന്‍ ഒരു നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. റാന്‍സംവെയര്‍ ആക്രമണങ്ങളിലൂടെ ഒരു ഹാക്കര്‍ അല്ലെങ്കില്‍ ഒരു കൂട്ടം ഹാക്കര്‍മാര്‍ കമ്പ്യൂട്ടര്‍ ഫയലുകള്‍ മോഷ്ടിക്കുകയോ എന്‍ക്രിപ്റ്റ് ചെയ്യുകയോ ചെയ്യുന്നു. തുടര്‍ന്നു ഹാക്ക് ചെയ്ത സ്വന്തമാക്കിയ കമ്പ്യൂട്ടര്‍ ഫയലുകള്‍ തിരികെ നല്‍കണമെങ്കില്‍ ബിറ്റ്‌കോയ്ന്‍ ഉപയോഗിച്ച് പണമടയ്ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. ഊഹ കച്ചവടക്കാര്‍ക്കിടയില്‍ ബിറ്റ്‌കോയ്‌നിന് ഇപ്പോഴും ജനപ്രീതിയുണ്ട്. ബിറ്റ്‌കോയിന്‍ ഇടപാടുകളുടെ ഒരു ശതമാനം മാത്രമായിരുന്നു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ ഇത് 2018 നെ അപേക്ഷിച്ച് ഇരട്ടിയായതായിട്ടാണ് ഇപ്പോള്‍ പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ബിറ്റ്‌കോയ്ന്‍ ഇടപാടുകളെ ട്രാക്ക് ചെയ്യുന്ന ചെയ്ന്‍ അനാലിസിസ് എന്ന സ്ഥാപനമാണു കണക്കുകള്‍ പുറത്തുവിട്ടതെന്നു സൂചിപ്പിച്ചുവല്ലോ. ഇവരുടെ കണക്കുകളില്‍ പക്ഷേ, നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍, റാന്‍സംവെയര്‍ ആക്രമണത്തിലൂടെ നേടിയ മോചനദ്രവം എന്നിവയുടെ കണക്കുകള്‍ കൃത്യമാകാന്‍ സാധ്യതയില്ലെന്നാണു വിദഗ്ധര്‍ പറയുന്നത്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്ന്‍ അനാലിസിസിനു തിരിച്ചറിയാന്‍ കഴിയാറില്ല. അതു കൊണ്ടു തന്നെ നിയമവിരുദ്ധ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ബിറ്റ്‌കോയിന്‍ ഇടപാടുകളുടെ എണ്ണം ചെയ്ന്‍ അനാലിസിസിന്റെ കണക്കില്‍ കുറവാകാനാണു സാധ്യതയെന്നും വിദഗ്ധര്‍ പറയുന്നു. ദ സില്‍ക്ക് റോഡ് എന്നൊരു ഓണ്‍ലൈന്‍ ബ്ലാക്ക് മാര്‍ക്കറ്റുണ്ട്. ഇവിടെ 2011 മുതല്‍ ബിറ്റ്‌കോയിന്‍ ഉപയോഗിക്കാനുള്ള അവസരമൊരുക്കി. അതാകട്ടെ, ബിറ്റ്‌കോയിന്‍ ഉപയോഗിച്ച് അനധികൃത ഇടപാടുകള്‍ ഓണ്‍ലൈനില്‍ നടത്താനുള്ള സാഹചര്യമുണ്ടാക്കി. പിന്നീട് ഇടപാടുകളുടെ എണ്ണം വര്‍ധിക്കാനും കാരണമായി. സില്‍ക്ക് റോഡ് പോലൊരു ഓണ്‍ലൈന്‍ കരിഞ്ചന്തയ്ക്കു വളരെ ഉപയോഗപ്രദമായി തീര്‍ന്നിരുന്നു ബിറ്റ്‌കോയ്ന്‍. കാരണം ബിറ്റ്‌കോയ്‌നിന് ഒരു സെന്‍ട്രല്‍ അതോറിറ്റി ഇല്ല. അതായത് കറന്‍സി നോട്ടുകള്‍ പുറത്തിറക്കാന്‍ അധികാരപ്പെട്ടത് കേന്ദ്ര ബാങ്കാണ്. എന്നാല്‍ ബിറ്റ്‌കോയ്‌നിന് അത്തരത്തിലൊരു അധികാരകേന്ദ്രമില്ല. ഒരാള്‍ക്ക് അയാളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെ ബിറ്റ്‌കോയിന്‍ വാലറ്റ് സൃഷ്ടിക്കാനും പിന്നീട് വാലറ്റിലൂടെ ഡിജിറ്റല്‍ ടോക്കണ്‍ ഉപയോഗിക്കാനും സാധിക്കും. ക്രിപ്‌റ്റോ കറന്‍സിയെ ഭാവിയില്‍ ഇലക്‌ട്രോണിക് ക്യാഷായി ഉപയോഗിക്കാനാകുമെന്നു ബിറ്റ്‌കോയ്ന്‍ ഉപയോഗിക്കുന്നവരുടെ കൂട്ടായ്മ കരുതിയിരുന്നു. ബിറ്റ്‌കോയിന്‍ കണ്ടുപിടിച്ചയാള്‍ക്കും ഈയൊരു ആശയമായിരുന്നു മനസിലുണ്ടായിരുന്നത്. ബിറ്റ്‌കോയിനിന്റെ മൂല്യം വര്‍ധിച്ച സമയത്ത് എക്‌സ്പീഡിയ, സ്‌ട്രൈപ്പ് തുടങ്ങിയ വന്‍കിട കമ്പനികള്‍ ബിറ്റ്‌കോയ്‌നുകള്‍ അംഗീകരിക്കുമെന്ന് വരെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മധ്യത്തോടെ ലിബ്ര എന്ന ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കാന്‍ പോവുകയാണെന്നു ഫേസ്ബുക്ക് പ്രഖ്യാപിച്ചതോടെ ബിറ്റ്‌കോയിന്‍ വിലയും വ്യാപാരവും കുത്തനെ വര്‍ധിച്ചു. ബിറ്റ്‌കോയിനിന്റെ വില ഏകദേശം 4000 ഡോളറില്‍നിന്നും 12,000 ഡോളറായി ഉയരുകയും ചെയ്തു. സ്വര്‍ണം പോലെ ഒരു പുതിയ തരം ബദല്‍ ആസ്തിയാണു (alternative asset) ക്രിപ്‌റ്റോകറന്‍സിയെന്നു ബിറ്റ്‌കോയിനിന്റെ നിരവധി ആരാധകര്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. അമേരിക്കയിലെ ഓഹരിവിപണി സ്ഥിതി ചെയ്യുന്ന വാള്‍സ്ട്രീറ്റിലെ നിരവധി സ്ഥാപനങ്ങള്‍ ബിറ്റ്‌കോയിന്‍ എന്ന ആശയത്തോട് മമത പ്രകടിപ്പിക്കുന്നുമുണ്ട്. ചിക്കാഗോ മെര്‍ക്കന്റൈല്‍ എക്‌സ്‌ചേഞ്ചും ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചും വ്യാപാരികളെ ബിറ്റ്‌കോയ്‌നിനെ അടിസ്ഥാനമാക്കി ഡെറിവേറ്റീവുകള്‍ വാങ്ങാനും വില്‍ക്കാനും അനുവദിക്കുന്നു. എന്നിരുന്നാലും, ഇപ്പോള്‍ ബിറ്റ്‌കോയിന്‍ ഉപയോഗിച്ചുള്ള വ്യാപാരം വളരെ മോശമാണെന്നതു മറ്റൊരു യാഥാര്‍ഥ്യം. വെനസ്വേല, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളില്‍ ബിറ്റ്‌കോയ്ന്‍ ജന പ്രീതിയാര്‍ജ്ജിക്കുമെന്നു കരുതിയിരുന്നു. അവിടെ കറന്‍സികളെക്കാള്‍ സ്ഥിരത പുലര്‍ത്താന്‍ ബിറ്റ്‌കോയ്‌നിനു സാധിക്കുന്നുണ്ടെന്നതായിരുന്നു കാരണം. എന്നാല്‍ ആ രാജ്യങ്ങളില്‍ ബിറ്റ്‌കോയ്‌നിനോടുള്ള താത്പര്യം അടുത്തിടെ കുറഞ്ഞെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ബ്ലോക്ക്‌ചെയിന്‍

ബിറ്റ്‌കോയിന്‍ ഇടപാടുകളുടെ സകല വിവരങ്ങളും അറിയാന്‍ സാധിക്കുന്ന സംവിധാനമാണ് ബ്ലോക്ക്‌ചെയിന്‍. ബിറ്റ്‌കോയിന്‍ ശൃംഖലയിലുള്ള ഓരോ കണ്ണിയും ബ്ലോക്ക്‌ചെയിനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ബിറ്റ്‌കോയിന്‍ ഇടപാടും ബ്ലോക്ക്‌ചെയിന്‍ അടുക്കുകള്‍ ആയി രേഖപ്പെടുത്തി സൂക്ഷിക്കുന്നു.

ക്രിപ്‌റ്റോകറന്‍സി

സാമ്പത്തിക ഇടപാടുകള്‍ സുരക്ഷിതമാക്കാനുള്ള ഒരു ഡിജിറ്റല്‍ ആസ്തിയാണ് ക്രിപ്‌റ്റോകറന്‍സി. ഒരു കറന്‍സി നോട്ട് പുറത്തിറക്കുന്നത് സെന്‍ട്രല്‍ ബാങ്കിംഗ് സംവിധാനത്തിലൂടെയാണ്. എന്നാല്‍ ഇവിടെ ക്രിപ്‌റ്റോകറന്‍സിയില്‍ വികേന്ദ്രീകൃത നിയന്ത്രണ സംവിധാനം ഉപയോഗിക്കുന്നു. 2009 ല്‍ പുറത്തിറക്കിയ ആദ്യത്തെ വികേന്ദ്രീകൃത ക്രിപ്‌റ്റോകറന്‍സിയായിട്ടാണു ബിറ്റ്‌കോയിനെ വിശേഷിപ്പിക്കുന്നത്. ബിറ്റ്‌കോയിന്‍ ആദ്യം ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയറായിട്ടാണ് റിലീസ് ചെയ്തത്.

ബിറ്റ്‌കോയിന്‍

ഇന്റര്‍നെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ നാണയമാണു ബിറ്റ്‌കോയിന്‍. ഇത് കറന്‍സി നോട്ട് അല്ലെങ്കില്‍ കോയിന്‍ പോലെ ലോഹ നിര്‍മ്മിതമോ കടലാസില്‍ അച്ചടിക്കുന്നതോ അല്ല. പകരം, കമ്പ്യൂട്ടര്‍ ഭാഷയില്‍ തയാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കില്‍ സോഫ്റ്റ്‌വെയര്‍ കോഡാണ്. എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ ഇവയെ ‘ക്രിപ്‌റ്റോ കറന്‍സി’ എന്നും വിളിക്കുന്നു.

Comments

comments

Categories: Top Stories
Tags: Bitcoin