കാര്‍ഷിക മേഖലയുടെ സമഗ്ര നവീകരണത്തിന് സമയമായി

കാര്‍ഷിക മേഖലയുടെ സമഗ്ര നവീകരണത്തിന് സമയമായി

കാര്‍ഷിക മേഖലയിലെ നവീകരണത്തിനായുള്ള മുറവിളിക്ക് അര നൂറ്റാണ്ടിലേറെ പഴക്കമുണ്ടെങ്കിലും ഇന്നും അത് അപൂര്‍ണമായി നില്‍ക്കുകയാണ്. സമയമെത്തുമ്പോള്‍ കാര്‍ഷിക മേഖലയിലും സമഗ്ര പരിഷ്‌കരണം നടക്കുമെന്നത് ഉറപ്പാണ്. എന്നാല്‍, വ്യവസായ മേഖലയെ കൂടി സഹായിക്കുന്ന രീതിയിലുള്ള പരിഷ്‌കരണമാണ് ഇനി ആവശ്യം. പ്രാഥമിക വരുമാനമെന്ന സ്ഥാനത്തുനിന്ന് കൃഷി പുറത്താവുകയും ഉല്‍പ്പാദനവും നിര്‍മാണവും ആ സ്ഥാനത്തേക്കു വരികയും ചെയ്യുന്ന സാഹചര്യമാവും ഇന്ത്യയെ സംബന്ധിച്ച് ഉത്തമം

കഴിഞ്ഞ അര നൂറ്റാണ്ടിനിടെ ഇന്ത്യന്‍ കാര്‍ഷികരംഗത്തിന്റെ സാമ്പത്തികശാസ്ത്രം പഠിച്ചിട്ടുള്ള ആര്‍ക്കും കാര്‍ഷിക പരിഷ്‌കരണം സംബന്ധിച്ചുള്ള ചോദ്യങ്ങളെഅഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാകുമെന്ന് തീര്‍ച്ച. അവയുടെ ഉത്തരങ്ങളില്‍ ചിലത് ഇപ്പോഴും രാഷ്ട്രീയ വ്യാഖ്യാനത്തിലേക്ക് തര്‍ജിമ ചെയ്തിട്ടില്ലെന്നതാണ് വാസ്തവം. അതിനാല്‍ അമിതമായ സര്‍ക്കാര്‍ നിയന്ത്രണത്തിന്റെ ഭാരത്തില്‍ നിന്ന് കര്‍ഷകരെ കൈപിടിച്ചുയര്‍ത്തേണ്ടത് ഇതില്‍ പ്രധാനമാണ്. കാര്‍ഷികമേഖലയില്‍ അധികമായുള്ള തൊഴില്‍ ശക്തിയെ വ്യവസായ മേഖലയിലേക്ക് മാറ്റാന്‍ സാധിച്ചോ എന്നതാണ് ഏറ്റവും വലിയ ചോദ്യം. ദശാബ്ദങ്ങളായി രാജ്യത്തിന് ഈ ചോദ്യത്തെ അഭിമുഖീകരിക്കേണ്ടി വരികയും പഞ്ചവല്‍സര പദ്ധതികള്‍ ഇതിനായുള്ള പരിഹാരം തേടി വിശദമായ ചര്‍ച്ചകള്‍ നടത്തിയിട്ടുമുണ്ട്. എന്നാല്‍ ഇതുവരെ പ്രശ്‌ന പരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ വേണ്ടവിധം തെളിഞ്ഞു വന്നിട്ടില്ല. സങ്കീര്‍ണമായ നിയമ നിയന്ത്രണ സംവിധാനങ്ങള്‍, ഊര്‍ജത്തിന്റെ അഭാവം, പ്രവചനാതീതമായ തീരുവ നയങ്ങള്‍, ഭൂ-തൊഴിലാളി പ്രശ്‌നങ്ങള്‍, ഉയര്‍ന്ന മൂലധന ചെലവ്, വര്‍ധിച്ച നികുതി നിരക്കുകള്‍ എന്നിവയാണ് ചില പ്രധാന തടസങ്ങള്‍. മറ്റൊരുവശത്ത് കാര്‍ഷിക കടം ഇളവ് ചെയ്തുകൊടുക്കല്‍ പോലെയുള്ള കൃത്രിമ ഉത്തേജന മാര്‍ഗങ്ങള്‍ ആവര്‍ത്തിച്ച് പ്രയോഗിക്കുമ്പോള്‍ത്തന്നെ നമ്മുടെ സബ്‌സിഡി പദ്ധതികള്‍ ഇന്ത്യന്‍ കാര്‍ഷികരംഗം ലാഭകരമായ വ്യവസായമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നു.

തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളില്‍ (2014, 2015) നേരിടേണ്ടിവന്ന വരള്‍ച്ചയും അന്താരാഷ്ട്ര വിപണിയിലെ ഉല്‍പ്പന്ന വിലയിടിവും ഇന്ത്യയിലെ ഘടനാപരമായ പരിഷ്‌കരണങ്ങളും കൂടി ചേര്‍ന്നപ്പോള്‍ കാര്‍ഷികമേഖലയ്ക്ക് ഒരു കൂട്ടം വെല്ലുവിളികളെ നേരിടേണ്ടതായി വന്നു. എന്നിരുന്നാലും വിള ഇന്‍ഷുറന്‍സ് പദ്ധതിയായ ഇ-നാം, കര്‍ഷകര്‍ക്ക് നേരിട്ടുള്ള സാമ്പത്തിക പിന്തുണ നല്‍കുന്ന പിഎം-കിസാന്‍ എന്നിവയുടെ രൂപത്തിലുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ ഇത്തരത്തിലുള്ള ചില സമ്മര്‍ദങ്ങളെ ലഘൂകരിക്കാന്‍ സഹായകമായിട്ടുണ്ട്. എന്നാല്‍ ഈ ഇടപെടലുകള്‍ക്കിടയിലും കൃഷിയെ പ്രാഥമിക തൊഴിലവസരമെന്ന രീതിയില്‍ ആശ്രയിക്കുന്ന പ്രവണത കുറയ്‌ക്കേണ്ട ആവശ്യമുണ്ട്. ഇത് നമ്മുടെ മൊത്തം ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്തുകയും കാര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിന് സഹായിക്കുകയും ചെയ്യും.

അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മറ്റി ആക്റ്റ്, അവശ്യ സാധന നിയമം എന്നിവ നീക്കം ചെയ്തും പൊതുവിതരണ സംവിധാനത്തിനും കുറഞ്ഞ താങ്ങുവിലയ്്ക്കും പകരം അടിസ്ഥാന വരുമാനം കൊണ്ടുവന്നുമുള്ള തരത്തിലുള്ള ഇടക്കാല, ദീര്‍ഘകാല പരിഷ്‌കാരങ്ങളാണ് കാര്‍ഷിക മേഖലയ്ക്ക് അവശ്യം വേണ്ടത്. ഇത്തരം പരിഷ്‌കരണങ്ങള്‍ നടക്കുമോയെന്നത് ഇപ്പോള്‍ ഒരു ചോദ്യമേയല്ല. എപ്പോള്‍ ഇതെല്ലാം യാഥാര്‍ഥ്യമാകുമെന്നും ഏതു സര്‍ക്കാരാണ് ഇത് യാഥാര്‍ത്ഥ്യമാക്കുകയെന്നതുമാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. കാര്‍ഷികരംഗത്തെ നവീകരണം രാഷ്ട്രീയപരമായി ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമായി മാറിയേക്കാം. എന്നിരുന്നാലും അത് കര്‍ഷകര്‍ക്ക് ഹ്രസ്വകാലത്തേക്ക് ഗുണകരമാകുകയും ദീര്‍ഘകാലത്തേക്ക് കൂടുതല്‍ കാര്യക്ഷമത നേടുന്നതിനുള്ള മാര്‍ഗം തെളിയിച്ചു കൊടുക്കുകയും ചെയ്യും.

ഒരു ഘട്ടമെത്തുമ്പോഴേക്കും കാര്‍ഷിക പരിഷ്‌കരണങ്ങള്‍ അത്യന്തം അനിവാര്യമായി വരും. അന്തിമമായി, ഇന്ത്യയില്‍ മറ്റെല്ലാ നവീകരണങ്ങളും നടന്നതുപോലെ തന്നെ ഇതും സംഭവിക്കും. നിരവധി പരിഷ്‌കരണങ്ങള്‍ 2014 ല്‍ അധികാരമേറ്റ നരേന്ദ്ര മോദി സര്‍ക്കാരിന് കീഴിലാണ് യാഥാര്‍ത്ഥ്യമായത്. കൂടാതെ മുഖ്യമന്ത്രിമാരുടെ ഒരു സംഘം ഈ പ്രശ്‌നങ്ങള്‍ പരിഗണിക്കുന്നുണ്ട്. അതിനാല്‍ ഇന്ത്യയുടെ പരിഷ്‌കരണ മേധാവി താമസംവിനാ തങ്ങളുടെ പ്രതീക്ഷകള്‍ക്കുപരി കര്‍മപദ്ധതികള്‍ നടപ്പാക്കുമെന്ന ശുഭാപ്തിവിശ്വാസം പൊതുവെയുണ്ട്. എന്നാല്‍ ഈ പരിഷ്‌കരണങ്ങള്‍ക്കിടയിലും കാര്‍ഷികമേഖലയുടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഉണര്‍വിനായി ദ്വിതീയ, ത്രിതീയ മേഖലകളില്‍ ആവശ്യത്തിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടത് ആവശ്യമാണ്.

പ്രധാന തടസം സൃഷ്ടിക്കുന്ന ‘കുപ്പിക്കഴുത്തുകള്‍’ പുതിയതല്ല. മുന്‍കാലങ്ങളില്‍ പല സര്‍ക്കാരുകളും ഇക്കാര്യം പരിശോധിക്കുകയും അവരുടെ കഴിവിന്റെ പരമാവധി നല്‍കികൊണ്ട് അവയ്ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഡോ. മന്‍മോഹന്‍ സിംഗ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാര്‍ പൊതു സൗകര്യങ്ങളില്‍ എല്ലാവര്‍ക്കും അവകാശം നല്‍കുന്ന സമീപനം സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ പ്രത്യേക സാമ്പത്തിക മേഖലകള്‍ (സെസ്) നിര്‍മിക്കാന്‍ ആരംഭിച്ചിരുന്നു. ഇന്ത്യയുടെ നിര്‍മാണ മേഖലയിലെ വിപ്ലവത്തെ ത്വരിതപ്പെടുത്തുന്ന ഉത്തേജകമായി പ്രവര്‍ത്തിക്കുന്നതിനുള്ള നിശ്ചിതമായ ഗുണഗണങ്ങളുള്ള മേഖലകള്‍ എന്നതായിരുന്നു സെസിന്റഎ പിന്നിലെ ആശയം. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം, കുറഞ്ഞ ഊര്‍ജോല്‍പ്പാദനം, ഉയര്‍ന്ന ഊര്‍ജ നിരക്ക് എന്നിവയാണ് സെസ്് പദ്ധതികളുടെ പരിമിതമായ വിജയത്തിന് പ്രധാന കാരണങ്ങള്‍.

രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഗണ്യമായ ഇടപെടല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഇന്ത്യയെ ഊര്‍ജ മിച്ച രാജ്യമാക്കി മാറ്റുന്നതിനും വൈദ്യുതിയുടെ ചെലവ് കുറയ്ക്കുന്നതിനും സര്‍ക്കാരിനായി. തൊഴിലന്വേഷകരെ തൊഴില്‍ ദാതാക്കളാക്കി മാറ്റുന്ന, ഇന്നൊവേഷന്‍ അധിഷ്ഠിതമായ, ആധുനിക സമ്പദ് വ്യവസ്ഥയായി ഇന്ത്യയെ മാറ്റുന്നതിനായി മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍-അപ്പ് ഇന്ത്യ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികളും സര്‍ക്കാര്‍ അവതരിപ്പിച്ചു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി, സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണം പോലെയുള്ള പല മേഖലകളിലും ഭാഗികമായി വിജയിച്ചിരിക്കുന്നു. അഞ്ചു വര്‍ഷം കൊണ്ട് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ യൂണിറ്റുകളുടെ എണ്ണം രണ്ട്്് യൂണിറ്റില്‍ നിന്ന് 120 ലേക്ക് ഉയര്‍ത്താന്‍ രാജ്യത്തിനായി.

എന്നിരുന്നാലും, പ്രവചനാതീതമായ തീരുവ നയങ്ങളുടെയും ഭൂ-തൊഴില്‍ പ്രശ്‌നങ്ങളുടെയും വര്‍ധിച്ച മൂലധന ചെലവിന്റെയും ഉയര്‍ന്ന നികുതിയുടെയുമൊക്കം രൂപത്തില്‍ പല പ്രതിസന്ധികളും തുടര്‍ന്നുകൊണ്ടിരിക്കുന്നു. കോര്‍പ്പറേറ്റ് നികുതി നിരക്കില്‍ വരുത്തിയ കുറവിലൂടെ ഇന്ത്യയെ ലോകത്തിലെ തന്നെ ഏറ്റവും മല്‍സരക്ഷമമായ രാജ്യങ്ങളിലൊന്നാക്കുന്ന നയപരമായ മറ്റൊരു പരിഷ്‌കരണം കൂടി രണ്ടാം മോദി സര്‍ക്കാര്‍ അടുത്തിടെ നടത്തി. അതേ സമയം തന്നെ ജിഎസ്ടി (ചരക്ക് സേവന നികുതി) കൂടുതല്‍ പ്രവചനാത്മകവും കൂടുതല്‍ സ്ഥിരതയുള്ളതായി മാറുകയുമാണ്. ഇത് സര്‍ക്കാരിന് 5, 15, 28 എന്നിങ്ങനെ ലളിതമായ മൂന്നു സ്ലാബ് ജിഎസ്ടി സംവിധാനത്തിലേക്ക് നീങ്ങാന്‍ സാഹചര്യമൊരുക്കും.

ഉയര്‍ന്ന മൂലധന ചെലവ് കുറയ്ക്കുന്നതിനും കൂടുതല്‍ പ്രവചനാത്മകമായ തീരുവ യാഥാര്‍ത്ഥ്യമാക്കുന്നതിനുമായി ചില പരിശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. സ്വതന്ത്ര വ്യാപാര കരാറുകള്‍ ഇന്ത്യയുടെ കയറ്റുമതി, ഇറക്കുമതി രംഗങ്ങള്‍ക്കും മൊത്തത്തിലുള്ള വളര്‍ച്ചയ്ക്കും ഗുണകരമാണ്. അതിനാല്‍ നാം സ്വതന്ത്ര വ്യാപാര കരാറുകളോട് കൂടുതല്‍ തുറന്ന മനസ്ഥിതി വെച്ചുപുലര്‍ത്തേണ്ടതാണ്. അതുപോലെ അവശ്യ അസംസ്‌കൃത സാധനങ്ങളുടെ തീരുവ കുറയ്ക്കുന്നത് രാജ്യത്തെ നിര്‍മാണ മേഖലയ്ക്കും പ്രയോജനം ചെയ്യും. രാഷ്ട്രീയവുമായി ബന്ധമില്ലാത്ത ഭൂ, തൊഴില്‍ പരിഷ്‌കരണങ്ങളും ആവശ്യമാണ്. ഒരുപക്ഷേ പൊതുതെരഞ്ഞെടുപ്പില്‍ ലഭിച്ച 303 സീറ്റുകളുടെ കരുത്തുറ്റ ജനവിധി ഇൗ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുന്നതിന് എന്‍ഡിഎ സര്‍ക്കാരിന് ശക്തിപകര്‍ന്നേക്കാം.

ബിസിനസ് സൗഹൃദ സാഹചര്യമൊരുക്കികൊണ്ടും സമ്പത്ത് സൃഷ്ടിക്കുന്നവരെ തുടര്‍ച്ചയായി പിന്തുണച്ചുകൊണ്ടും ഈ സര്‍ക്കാര്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ സ്വാഭാവിക ഉണര്‍വിനെ സ്വതന്ത്രമാക്കാന്‍ ശ്രമിക്കുകയാണെന്നത് വ്യക്തമാണ്. ഇന്ത്യന്‍ നിര്‍മാണ വിപ്ലവം നേരിടുന്ന ചില പ്രധാന പ്രതിബന്ധങ്ങള്‍ സര്‍ക്കാര്‍ പരിഹരിച്ചിട്ടുണ്ട്, അവശേഷിക്കുന്നവയ്ക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയുമാണ്. നിര്‍മാണമേഖലാ വിപ്ലവത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ കാര്‍ഷക തൊഴിലാളികളായിരിക്കും. കാരണം അവര്‍ക്ക് കൃഷിയിതര മേഖലകളില്‍ ആവശ്യത്തിന് തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിന് അത് സഹായകമാകും. ഇത് അവരുടെ ഉല്‍പ്പാദനക്ഷമതയെ വര്‍ധിപ്പിക്കുകയും അങ്ങനെ അവരുടെ വേതനം വര്‍ധിക്കുകയും അടുത്ത ദശകത്തേക്ക് ഇന്ത്യയുടെ ഉല്‍പ്പാദനക്ഷമതാ വര്‍ധനയിലധിഷ്ഠിതമായ വളര്‍ച്ചയ്ക്ക് ഊര്‍ജമേകുകയും ചെയ്യും.

Categories: FK Special, Slider
Tags: agriculture