മാന്ദ്യകാലത്തെ ബജറ്റ് പ്രതീക്ഷകള്‍

മാന്ദ്യകാലത്തെ ബജറ്റ് പ്രതീക്ഷകള്‍

അസാധാരണമായ സാമ്പത്തിക സാഹചര്യങ്ങളിലൂടെ രാജ്യം കടന്നുപോകുമ്പോഴാണ് മോദി സര്‍ക്കാരിന്റെ പുതിയ ബജറ്റ് അവതരിപ്പിക്കപ്പെടുന്നത്. പരിമിതികള്‍ക്കുള്ളില്‍ ധന, സാമ്പത്തിക നയങ്ങളിലെ പരിഷ്‌കരണങ്ങളില്‍ നൂതനാത്മകത അനിവാര്യമായിരിക്കുന്നു

ധനമന്ത്രി നിര്‍മല സീതാരാമന്‍ നാളെ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിനെ ഇന്ത്യ ഇന്‍കിനൊപ്പം തന്നെ സാധാരണക്കാരും അത്യന്തം ഉറ്റുനോക്കുന്നുണ്ട്. കാരണം സുവ്യക്തമാണ്. രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ദുര്‍ഘടമായ സാമ്പത്തിക പ്രതിസന്ധി തന്നെ. വ്യക്തിഗത ആദായ നികുതി നിരക്കുകളില്‍ എന്തെങ്കിലും കുറവ് വേണമെന്ന് നികുതി ദായകര്‍ വല്ലാതെ ആഗ്രഹിക്കുമ്പോള്‍ ഉല്‍പ്പന്നങ്ങള്‍ക്കും മറ്റ് സേവനങ്ങള്‍ക്കും മേലുള്ള നികുതിഭാരവും വിലവര്‍ധനയും ഒന്നു കുറയാനാണ് സാധാരണക്കാരന്‍ ആഗ്രഹിക്കുന്നത്. വില്‍പ്പന കുറഞ്ഞതോടെ പ്രതിസന്ധിയിലായ നിരവധി വ്യവസായങ്ങള്‍ ആവശ്യകത എങ്ങനെയെങ്കിലും കൂടാനുള്ള പരിഷ്‌കരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഒരു കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വരവ് ചെലവ് തുകയുടെ കണക്കെടുപ്പ് മാത്രമല്ല ബജറ്റ്. നയപരമായ മാറ്റങ്ങള്‍ക്കും ധനകാര്യരംഗത്തെ പരിഷ്‌കരണങ്ങള്‍ക്കും നികുതി നവീകരണങ്ങള്‍ക്കും സമ്പദ് വ്യവസ്ഥയുടെ മുന്നോട്ടുള്ള കുതിപ്പിനുമെല്ലാമുള്ള മാര്‍ഗരേഖയാണ്. രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യം വല്ലാതെ മോശമായ സമയത്താണ് ഈ ബജറ്റ് അവതരണമെന്നതാണ് നിര്‍മല സീതാരാമന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. നമ്മുടെ വലിയ സമ്പദ് വ്യവസ്ഥയുടെ പ്രധാന ഘടകങ്ങളില്‍ അടവ്ശിഷ്ടം (ബാലന്‍സ് ഓഫ് പേമെന്റ്) ഒഴിക്കെ ബാക്കിയുള്ളതെല്ലാം വലിയ പ്രതിസന്ധിയെ നേരിടുന്നതായാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പണെപ്പെരുപ്പം, വളര്‍ച്ച, നിക്ഷേപം, തൊഴില്‍ തുടങ്ങിയ ഘടകങ്ങളുമായി ബന്ധപ്പെട്ടെല്ലാം നിരാശാജനകമായ കണക്കുകളാണ് അടുത്തിടെ പുറത്തുവന്നത്.

പൊതുകടം കൂട്ടാതെ ആവശ്യകതയില്‍ വര്‍ധനയുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാരിന് എന്ത് ചെയ്യാനാകുമെന്നതാണ് പ്രധാന ചോദ്യം. സര്‍ക്കാരിന്റെ മൊത്തം വരുമാനവും മൊത്തം ചെലവിടലും തമ്മിലുള്ള അന്തരം കൂടി വരികയാണെന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം. ഉയരുന്ന കമ്മി ഇന്ത്യയുടെ പൊതുകടം അസ്ഥിരപാതയിലേക്ക് വീഴാന്‍ കാരണമായേക്കും, ഡെറ്റ്-ജിഡിപി അനുപാതത്തില്‍ വലിയ വിള്ളലുകളായിരിക്കും അത് വീഴ്ത്തുക. നിലവില്‍ സ്വകാര്യ മേഖലയിലെ വായ്പാ ആവശ്യകതയില്‍ കുറവ് വന്നിരിക്കുന്നതിനാല്‍ പലിശ നിരക്ക് വര്‍ധനയ്ക്ക് മേല്‍ അത്ര സമ്മര്‍ദമില്ല. എന്നാല്‍ ആവശ്യകത കൂടിത്തുടങ്ങിയാല്‍ സ്ഥിതി ഇതാകില്ല. ആ സാഹചര്യത്തെ എങ്ങനെ നേരിടുമെന്നതു കൂടി സര്‍ക്കാര്‍ ആലോചിക്കേണ്ടതുണ്ട്. ആവശ്യകത കൂടുകയെന്നത് അനിവാര്യമാണ് താനും.

സാമ്പത്തിക, ധന നയങ്ങള്‍ വിപുലപ്പെടുത്തുകയാണ് ആവശ്യകത കൂട്ടുന്നതിനുള്ള ഏറ്റവും ലളിതമായ മാര്‍ഗങ്ങള്‍. എന്നാല്‍ ഉപഭോക്തൃവില സൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം നിശ്ചയിച്ച നാല് ശതമാനത്തിനപ്പുറം കടന്ന് 7.5 ശതമാനത്തിലെത്തി നില്‍ക്കുകയാണിപ്പോള്‍. ഭക്ഷ്യവിലവര്‍ധനയെ തുടര്‍ന്നുള്ള താല്‍ക്കാലിക പ്രതിഭാസമാണ് ഇതെന്ന് വാദമുണ്ടെങ്കിലും പലിശനിരക്കില്‍ മാറ്റമില്ലാതെ തുടരാന്‍ ഇതൊരുപക്ഷേ കേന്ദ്ര ബാങ്കിനെ പ്രേരിപ്പിച്ചേക്കും. സാമ്പത്തിക നയ പരിഷ്‌കരണങ്ങളിലെ പ്രധാന പരിമിതികളായി വരുന്നത് ജിഡിപി നിരക്കിലെ മന്ദതയും നികുതി പിരിവിലെ ഇടിവും ഓഹരി വിറ്റഴിക്കലിലെ പ്രശ്‌നങ്ങളും ജിഎസ്ടി താളപ്പിഴകളുമാണ്. സര്‍ക്കാര്‍ ചെലവിടല്‍ കൂട്ടുകയെന്നത് അഭികാമ്യമായി തോന്നാമെങ്കിലും നേരത്തെ പറഞ്ഞ പോലെ കമ്മി കൂടതെ അത് പ്രാവര്‍ത്തികമാക്കുന്നതിന് നൂതനാത്മകമായ വഴികള്‍ ആവിഷ്‌കരിക്കേണ്ടി വരും.

നികുതി നിരക്കുകള്‍ എത്രയും ലളിതമാക്കാന്‍ പറ്റുമോ അത്രയും ലളിതമാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും സ്വകാര്യ നിക്ഷേപത്തിലെ ചലനാത്മകതയ്ക്കും അത് വഴിവെക്കും. ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ഭീമമായ പിഴകള്‍ ഒഴിവാക്കണമെന്ന ആവശ്യം വ്യാപാരികള്‍ തുടര്‍ച്ചയായി ഉന്നയിക്കുന്നുമുണ്ട്. ജിഎസ്ടി നിരക്കുകള്‍ കൂട്ടുന്നതിനെകുറിച്ചൊന്നും ഒരു കാരണവശാലും ചിന്തിക്കാതിരിക്കുകയാണ് നിലവിലെ സഹാചര്യത്തില്‍ ഉചിതം.

Categories: Editorial, Slider
Tags: Budget 2020