നിയോം മെഗാസിറ്റിയില്‍ സൗരോര്‍ജ ജലശുദ്ധീകരണ പ്ലാന്റ് നിര്‍മിക്കാന്‍ പദ്ധതി

നിയോം മെഗാസിറ്റിയില്‍ സൗരോര്‍ജ ജലശുദ്ധീകരണ പ്ലാന്റ് നിര്‍മിക്കാന്‍ പദ്ധതി
  • കാര്‍ബണ്‍ മലിനീകരണവും ലവണജലവും കുറവ്
  • പരമ്പരാഗത ജലശുദ്ധീകരണ മാര്‍ഗങ്ങളേക്കാള്‍ ചിലവും കുറവ്

റിയാദ്: ചെങ്കടല്‍ തീരത്ത് നിര്‍മാണം പുരോഗമിക്കുന്ന സൗദിയുടെ സ്വപ്‌ന പദ്ധതിയായ നിയോം മെഗാസിറ്റിയില്‍ കടല്‍വെള്ളം ശുദ്ധീകരിക്കുന്നതിനായി സൗര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ പദ്ധതി. ലോകത്തില്‍ ‘സോളാര്‍ ഡോം’ ജലശുദ്ധീകരണ നിലയം ഉള്ള ആദ്യ നഗരമായിരിക്കും നിയോം.

കാര്‍ബണ്‍ മലിനീകരണം ഉണ്ടാകില്ലെന്നതും റിവേഴ്‌സ് ഓസ്‌മോസിസ് (വിപരീത വൃതിവ്യാപനം) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന പരമ്പരാഗത ജലശുദ്ധീകരണ നിലയങ്ങളെ അപേക്ഷിച്ച് ജലശുദ്ധീകരണ പ്രക്രിയയുടെ ഉപോല്‍പ്പന്നമായി ലഭിക്കുന്ന ലവണജലത്തിന്റെ അളവ് കുറവായിരിക്കുമെന്നതുമാണ് സോളാര്‍ ഡോം ജലശുദ്ധീകരണ നിലയത്തിന്റെ പ്രധാന നേട്ടങ്ങള്‍. മാത്രമല്ല, പരമ്പരാഗത ജലശുദ്ധീകരണ നിലയങ്ങളില്‍ ശുദ്ധജലം വേര്‍തിരിച്ചെടുക്കുന്നതിനേക്കാള്‍ കുറഞ്ഞ ചിലവില്‍ (ഘനമീറ്ററിന് 34 സെന്റെന്ന കണക്കില്‍) സൗര സൗങ്കേതിക വിദ്യ ഉപയോഗിച്ച് ജലശുദ്ധീകരണം നടത്താമെന്നതും ഇതിന്റെ നേട്ടമാണ്.

സോളാര്‍ ഡോം ജലശുദ്ധീകരണ നിലയങ്ങളുടെ നിര്‍മാണത്തിമായി നിയോം സിറ്റിയുടെ നിര്‍മാതാക്കള്‍ യുകെ ആസ്ഥാമായി പ്രവര്‍ത്തിക്കുന്ന സോളാര്‍ വാട്ടര്‍ കമ്പനിയുമായി കരാറില്‍ ഒപ്പുവെച്ചു. ഫെബ്രുവരിയോടെ നിലയത്തിനായുള്ള നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും ഈ വര്‍ഷം തന്നെ പദ്ധതി പൂര്‍ത്തിയാകുമെന്നും നിയോം അധികൃതര്‍ അറിയിച്ചു. അതേസമയം പദ്ധതിയുടെ നടത്തിപ്പ് ചിലവോ നിലയത്തിന്റെ ജലശുദ്ധീകരണ ശേഷിയോ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

ഉപ്പ് നീക്കം ചെയ്യുന്നതിനായി കടല്‍വെള്ളം പ്ലാസ്റ്റിക് പാളികളിലൂടെ കടത്തിവിടുന്ന റിവേഴ്‌സ് ഓസ്‌മോസിസ് സാങ്കേതികവിദ്യയില്‍ നിന്നും വ്യത്യസ്തമായി നിയോമില്‍ സമുദ്രജലം ചില്ലും സ്റ്റീലും കൊണ്ട് നിര്‍മിച്ച താഴികക്കുടത്തിന് (ഡോം) സമാനമായ സംവിധാനത്തിലൂടെയാണ് കടത്തിവിടുന്നത്. അവിടെവച്ച് ബാഷ്പീകരിച്ച് ഉപ്പും ശുദ്ധജലവുമായി മാറുന്നത് വരെ ജലം ചൂടാക്കുന്നു.

ആഡംബര റിസോര്‍ട്ടുകളും അത്യാധുനിക നിര്‍മാണ ശാലകളും ഭാവി സാങ്കേതികവിദ്യകളുമെല്ലാം ഉള്‍ക്കൊള്ളുന്ന, ‘ലോകത്തിന്റെ സ്വപ്‌ന പദ്ധതി’യെന്ന് സൗദി വിശേഷിപ്പിക്കുന്ന നിയോം സിറ്റി പദ്ധതിക്കായി 500 ബില്യണ്‍ ഡോളര്‍ ചിലവാണ് പ്രതീക്ഷിക്കപ്പെടുന്നത്. സമ്പദ് വ്യവസ്ഥയ്ക്ക് എണ്ണയിലുള്ള ആശ്രിതത്വം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അവതരിപ്പിച്ച വികസനപദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണിത്. 2017ല്‍ പ്രഖ്യാപിക്കപ്പെട്ടതാണെങ്കിലും വാണിജ്യപരമായും രാഷ്ട്രീയപരവുമായുള്ള റിസ്‌കുകള്‍ മുന്‍നിര്‍ത്തി അന്താരാഷ്ട്ര നിക്ഷേപകര്‍ പ്രതീക്ഷിച്ച രീതിയില്‍ നിയോം പദ്ധതിയോട് പ്രതികരിച്ചിട്ടില്ല.

Comments

comments

Categories: Arabia
Tags: Neom