ആശങ്കകള്‍ കോര്‍ത്തിട്ട ശൈലിമാറ്റം

ആശങ്കകള്‍ കോര്‍ത്തിട്ട ശൈലിമാറ്റം

പ്രതിപക്ഷം ആംആദ്മി പാര്‍ട്ടിക്ക് വെല്ലുവിളിയല്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്

ഡെല്‍ഹി തെരഞ്ഞെടുപ്പില്‍ ഒരു പടയോട്ടം സ്വപ്‌നം കാണുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ആത്മവിശ്വാസക്കുറവ് സംഭവിച്ചുവോ… കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ചില ട്വീറ്റുകളിലും അങ്ങനെയൊരു ധ്വനി ഉണ്ടായിരുന്നതായാണ് നിരീക്ഷകരുടെ വാദം. പൊതുവേ പ്രചാരണങ്ങളിലെല്ലാംതന്നെ മുഖ്യമന്ത്രി കഴിവതും മറ്റു പാര്‍ട്ടികളുടെ പേരുപോലും പരാമര്‍ശിക്കാറില്ലായിരുന്നു. ആംആദ്മി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വിശദീകരിക്കാനും നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് ജനങ്ങളെ വ്യക്തമായി ധരിപ്പിക്കുന്നതിനും അദ്ദേഹം വേദികള്‍ ഉപയോഗിച്ചു. അതിനുശേഷം അധികാരത്തുടര്‍ച്ച നല്‍കിയാല്‍ നടപ്പാക്കുന്ന ലക്ഷ്യങ്ങള്‍ അദ്ദേഹം പ്രഖ്യാപിച്ചു. അതിന്റെ മഹത്വം അദ്ദേഹം ഇപ്പോള്‍തന്നെ സ്വയം ഏറ്റെടുത്തു. സര്‍ക്കാരിലെ മറ്റുമന്ത്രിമാരും ഇതേ പാത സ്വീകരിച്ചു. ഏറ്റവും പ്രധാനം വിവാദ വിഷയങ്ങളില്‍ അദ്ദേഹം പ്രതികരിക്കുകപോലും ചെയ്തില്ല എന്നതാണ്. ഇത് സംബന്ധിച്ച് ട്വീറ്റുകളും അദ്ദേഹം ചെയ്തിട്ടില്ല. ഈ നടപടികള്‍ വളരെ പോസിറ്റീവായ ഒരു ജനനായകന്‍ എന്ന പ്രതീതിയാണ് ഉണ്ടാക്കിയത്. ഡെല്‍ഹിയിലെ പ്രതിപക്ഷമായ ബിജെപി കേജ്‌രിവാളിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും അത്പരിശോധിച്ച് കഴമ്പുള്ളവ തന്റെ സര്‍ക്കാര്‍ നടപ്പാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇവിടെ പരാജയപ്പെട്ടത് ബിജെപിയായിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രതിപക്ഷത്തിനോട് പ്രതികരിക്കാതിരിക്കാന്‍ അദ്ദേഹത്തിനാകുന്നില്ല. നിലവില്‍ സമൂഹത്തിലുള്ള അദ്ദേഹത്തിന്റെ പ്രതിച്ഛായാ കുപ്പായമഴിച്ചുവെച്ച് ആരോപണങ്ങളിലേക്കും കുറ്റപ്പെടുത്തലുകളിലേക്കും കേജ്‌രിവാള്‍ കടക്കുന്നതാണ് കാണുന്നത്. ഡെല്‍ഹിയിലെ വോട്ടര്‍മാരുടെ സഹാനുഭൂതിയും ആര്‍ദ്രതയും നേടാന്‍ മുഖ്യമന്ത്രി മറ്റൊരു വഴി സ്വീകരിക്കുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

തന്നെ പരാജയപ്പെടുത്താനായി രാജ്യത്തെ എല്ലാ പാര്‍ട്ടികളും ഡെല്‍ഹിയില്‍ ഒത്തുകൂടിയിരിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം കേജ്‌രിവാള്‍ പറഞ്ഞത്. ബിജെപിയുള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഡെല്‍ഹിയുടെ മകനെ പരാജയപ്പെടുത്താന്‍ കച്ചകെട്ടുന്നു എന്ന് അദ്ദേഹം പറഞ്ഞത് പതിവ് രീതികളില്‍നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ഇവിടെ നില്‍ക്കുന്ന സ്ഥലത്തെ മണ്ണ് ഒലിച്ചുപോകുമെന്ന ഭീതി ഡെല്‍ഹി മുഖ്യമന്ത്രിയെ പിടികൂടുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതോടെ മറ്റു പാര്‍ട്ടികള്‍ രംഗത്ത് സജീവമാകുകയാണ്. ഈ സാഹചര്യത്തില്‍ അവര്‍ നേടുന്ന വോട്ട് ആംആദ്മി പാര്‍ട്ടിക്ക് വെല്ലുവിളി ആകുന്നില്ല എന്ന് ഉറപ്പാക്കേണ്ടതും അവരുടെ ആവശ്യമാണ്. എങ്കിലും പൗരത്വ നിയമ ഭേദഗതി, ജനസംഖ്യാ രജിസ്റ്റര്‍, എന്‍ആര്‍സി തുടങ്ങിയ വിഷയങ്ങളില്‍ പ്രതികരിക്കാതിരുന്നവര്‍ ഇന്ന് മറ്റു പാര്‍ട്ടികള്‍ക്കെതിരെ നീങ്ങുമ്പോള്‍ അത് ഡെല്‍ഹിക്കാരുടെ സഹതാപം മാത്രം നേടാനുള്ള ഒരു നീക്കമാകാമെന്ന് വിമര്‍ശകര്‍ വിലയിരുത്തുന്നു.

ഡെല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരവും അത് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ഡെല്‍ഹി മുഖ്യമന്ത്രി പ്രചാരണായുധമാക്കിയിരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളവ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നും അല്ലാത്തവ വികസന അതോറിറ്റിയുടേതാണെന്നും ആംആദ്മി പാര്‍ട്ടി വിശദീകരിച്ചിരുന്നു. മുന്‍പ് കേന്ദ്രത്തെയോ മറ്റ് ഭരണാധികാരികളെയോ മുഖ്യമന്ത്രിയോ പാര്‍ട്ടിയോ നേതാക്കളോ വിമര്‍ശിച്ചിരുന്നില്ല. അവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നില്ല. തങ്ങളുടെ മികവ് എടുത്തുകാട്ടുന്നതിന്റെ ഭാഗമായി ഒരു സ്‌കൂള്‍ സന്ദര്‍ശിക്കുന്നതിന് കേജ്‌രിവാള്‍ ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിക്കുകയും ചെയ്തു. ഡെല്‍ഹിയിലെ എട്ട് ബിജെപി എംപിമാര്‍ സ്‌കൂള്‍തലത്തില്‍ സന്ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ വന്നതിന്റെ അടിസ്ഥാനത്തിലായിരുന്നിരിക്കാം മുഖ്യമന്ത്രിയുടെ ക്ഷണമുണ്ടായത്. എന്നാല്‍ വിദ്യാഭ്യാസ മേഖലയിലെ കെടുകാര്യസ്ഥത ഇവിടെ പ്രതിപക്ഷമായ ബിജെപി ചര്‍ച്ചയാക്കി. തകര്‍ന്ന സ്‌കൂളുകള്‍, സ്ഥലപരിമിതി കാരണം രണ്ട് മണിക്കൂര്‍മാത്രം ഒരു വിദ്യാര്‍ത്ഥിക്ക് പഠനാവസരം ലഭിക്കുന്ന സ്‌കൂള്‍, ആരോഗ്യകരമായ ചുറ്റുപാടുകള്‍ ഇല്ലാതായ വിദ്യാലയം തുടങ്ങി ചിത്രങ്ങളും വീഡിയോകളും ബിജെപി രാഷ്ട്രീയ ആയുധമാക്കി. ഇക്കാര്യത്തില്‍ ആംആദ്മി പാര്‍ട്ടിക്കെതിരെ ബിജെപി നേതാവും ആഭ്യന്തരമന്ത്രിയുമായ അമിത്ഷാ തന്നെ രംഗത്തുവരികയും ചെയ്തു. ഡെല്‍ഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശോച്യാവസ്ഥക്ക് കേജ്‌രിവാള്‍ മാത്രമാണ് ഉത്തരവാദി എന്ന നിലയിക്ക് കാര്യങ്ങള്‍ നീങ്ങി. നേരത്തെ മുഖ്യമന്ത്രിയുടെ മകന്‍ ഒര സ്വകാര്യ സ്‌കൂളില്‍ പഠിച്ച് ഐഐടിയിലെത്തിയപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും പഠിച്ച് അവിടെയെത്തിയവരുടെ കഥ ആംആദ്മി പാര്‍ട്ടി വിശദീകരിച്ചിരുന്നു. സര്‍ക്കാര്‍ സ്‌കൂളുകള്‍ ലോകോത്തര നിലവാരത്തിലേക്ക് കുതിക്കുകയായാണെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അവകാശപ്പെട്ടിരുന്നു.

കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍ ആംആദ്മി പാര്‍ട്ടിക്ക് ഒരു പാഠമാണ്. അതിനാല്‍ പരാജയത്തെക്കുറിച്ച് അവര്‍ ചിന്തിക്കുന്നതേയില്ല. ഏതുവഴിയിലൂടെയും വിജയം നേടി ഭരണത്തുടര്‍ച്ച ഉറപ്പാക്കണം. അതാണ് കേജ്‌രിവാളിനു മുന്നിലുള്ള വെല്ലുവിളി. അതിനായി ഏതുരീതിയും അവലംബിക്കാം എന്നത് ഡെല്‍ഹി മുഖ്യമന്ത്രി അദ്ദേഹത്തിന്റെ സമീപനത്തിലൂടെയും പ്രചാരണത്തിലൂടെയും നടപടികളിലൂടെയും മറ്റുള്ളവര്‍ക്ക് വ്യക്തമാക്കി കൊടുക്കുകയാണ്. ബിജെപിസജീവമായി കളത്തിലിറങ്ങിയപ്പോള്‍ ഗോളടിക്കാനുള്ള അവസരം അവസാനലാപില്‍ അവര്‍ക്ക് ലഭിക്കരുത് എന്നാണ് കേജ്‌രിവാള്‍ ആഗ്രഹിക്കുന്നത്. അതിനാകാം വ്യത്യസ്തമായ നടപടികളിലൂടെ അദ്ദേഹം മുന്നോട്ടു പോകുന്നത്. എന്നാല്‍ ആരോപണ, പ്രത്യാരോപണ പ്രചാരണം ജനങ്ങളില്‍ എല്ലാറ്റി്‌ലുമുപരി അസംതൃപ്തി സൃഷ്ടിക്കാന്‍ മാത്രമാണ് ഉപകരിക്കുക. അവിടെനിന്നും വ്യത്യസ്തമായി മുന്നേറുകയാകും കേജ്‌രിവാളിന്റെ പാര്‍ട്ടിക്ക് ഗുണകരമാകുക.

ബിജെപിയുടെ പ്രതീക്ഷ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലാണ്. അദ്ദേഹം നയിക്കുന്ന റാലികള്‍ അത്ഭുതം സൃഷ്ടിക്കുമെന്ന് അവര്‍ കരുതുന്നു. എപ്പോഴും മോദിയെ മാത്രം ആശ്രയിച്ചാല്‍ പാര്‍ട്ടിക്ക് അത് ഗുണകരമാകില്ല. മറ്റുള്ള നേതാക്കളും മാച്ച് വിന്നറായി ഉയര്‍ന്നുവരണം. പ്രധാനമന്ത്രിയും അതാഗ്രഹിക്കുന്നു. ചുമതലകള്‍ മറ്റൊളില്‍ കെട്ടിവെക്കാന്‍ ആര്‍ക്കും സാധിക്കും. എന്നാല്‍ അത് നേടിയെടുക്കുമ്പോഴാണ് അതിനുവേണ്ടി പ്രവര്‍ത്തിച്ചയാള്‍ യഥാര്‍ത്ഥ നേതാവാകുന്നത്. മോദി അത് തെളിയിച്ചിട്ടുണ്ട്. പക്ഷേ ഡെല്‍ഹിയില്‍ തനിക്കെതിരാളിയായി മോദിയില്ലെന്ന് കേജ്‌രിവാള്‍ മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു. അത് അദ്ദേഹത്തിന്റെ ഒരു തന്ത്രപരമായ നീക്കമായിരുന്നു. രേന്ദ്ര മോദി പ്രധാനമന്ത്രിയാണ്. അദ്ദേഹം ഡെല്‍ഹി മുഖ്യമന്ത്രി പദവിയിലേക്ക് മത്സരിക്കില്ലെന്നാണ് താന്‍ കരുതെന്നതെന്നും കേജ്‌രിവാള്‍ പറഞ്ഞിരുന്നു. ഡെല്‍ഹിയില്‍ പ്രധാനമന്ത്രിക്ക് ജനസ്വാധീനം ഉണ്ട്. ഇത് ഒരു കാരണവശാലും തനിക്കെതിരാകരുതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. കേന്ദ്രത്തില്‍ നരേന്ദ്ര മോദി ഭരിക്കട്ടെ, ഡെല്‍ഹിയില്‍ വിജയിക്കേണ്ടത് ആംആദ്മി പാര്‍ട്ടിയാണെന്നും ജനങ്ങളോട് കേജ്‌രിവാള്‍ ഇതിലൂടെ സൂചിപ്പിക്കുകയായിരുന്നു.

ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രശ്‌നങ്ങളിലേക്കുമാത്രമാണ് ഡെല്‍ഹി മുഖ്യമന്ത്ര കൂടുതലും ശ്രദ്ധകേന്ദ്രീകരിച്ചത് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ മറ്റൊരാളെ കുറ്റപ്പെടുത്തുന്ന നേട്ടങ്ങള്‍ അദ്ദേഹം വിഷയമാക്കിയുമില്ല. ഇപ്പോള്‍ പ്രചാരണത്തിന്റെ അവസാനത്തോട് അടുക്കുമ്പോള്‍, താരപ്രചാരകരുടെ കുത്തൊഴുക്കാണ് ഡെല്‍ഹി കാണാനിരിക്കുന്നത്. ഇവിടെ അടിയൊഴുക്ക് ബാധിക്കാതിരിക്കാനുള്ള നടപടികളാണ് ആംആദ്മി പാര്‍ട്ടി തേടുന്നത് എന്ന് കരുതേണ്ടിവരും.ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും മറ്റു പാര്‍ട്ടികളുടേയും വന്‍തോക്കുകള്‍ക്കുമുന്നില്‍ ചുവടുപിഴക്കരുതെന്ന് കേജ്‌രിവാള്‍ ആഗ്രഹിക്കുന്നു.

അശ്രാന്തപരിശ്രമത്തിനൊടുവില്‍ എതിരാളിക്ക് വിജയം സ്വന്തമാകുക എന്നത് കാവ്യനീതിയാകില്ല എന്ന് ആംആദ്മി പാര്‍ട്ടി ചിന്തിക്കുന്നു. ജനങ്ങള്‍ക്കായി സൗജന്യപദ്ധതികള്‍ വാരി വിതറി, അവരുടെ ചാര്‍ജുകള്‍ സര്‍ക്കാര്‍ തന്നെ അടച്ചു, വിനോദയാത്രകള്‍ സംഘടിപ്പിച്ചു, വനിതകള്‍ക്ക് പ്രത്യേകം പദ്ധതികള്‍ നടപ്പാക്കി. ഇതെല്ലാം ഒന്നുമാത്രം മുന്നില്‍ക്കണ്ടായിരുന്നു- അധികാരത്തുടര്‍ച്ച ഉണ്ടാകണം എന്ന ലക്ഷ്യം. എന്നാല്‍ ജനങ്ങളുടെ ക്ഷേമമായിരുന്നു മുഖ്യമന്ത്രിയുടെ ലക്ഷ്യം എന്നും മറ്റുകാര്യങ്ങള്‍ വിമര്‍ശകരുടെ വാദം മാത്രമാണെന്നും പാര്‍ട്ടി വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ഈ നടപടികള്‍ നടപ്പാക്കിത്തുടങ്ങിയിത് സര്‍ക്കാരിന്റെ അവസാന കാലത്താണ് എന്നത് ആരിലും സംശയം ജനിപ്പിക്കുന്നതാണ്. പ്രകടപത്രികയില്‍ ഉള്ളവ പോലും അവസാനം നടപ്പാക്കുക എന്നാല്‍ വോട്ടുമാത്രമാകും ലക്ഷ്യമെന്നാണ് അതിനുള്ള മറുപടിയെന്ന് നിരീക്ഷകരും വ്യക്തമാക്കുന്നു. എന്തുതന്നെയായാലും അധികാരത്തിലെത്തിയാല്‍ നടപ്പാക്കാനിരിക്കുന്ന പദ്ധതികളിലും സൗജന്യത്തിന്റെ മേമ്പൊടി തൂകിയിട്ടുണ്ട്. ഇനി അവസാനആഴ്ചയിലേക്ക് കടക്കുകയാണ്. ഡെല്‍ഹി ജനതയുടെ തീരുമാനം അറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി.

Comments

comments

Categories: Top Stories